Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202220Friday

ദുഃഖകരമായ വാർത്ത പുറത്ത്; പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു; മൃതദേഹങ്ങൾ കണ്ടെടുത്തത് ആർക്കും അപകടം ഇല്ലെന്ന് ആശ്വസിച്ചിരിക്കെ; മരണമടഞ്ഞത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജോലിക്കാർ; തീപിടുത്തം നിയന്ത്രണവിധേയം; വാക്‌സിൻ നിർമ്മാണ യൂണിറ്റ് സുരക്ഷിതം

ദുഃഖകരമായ വാർത്ത പുറത്ത്; പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു; മൃതദേഹങ്ങൾ കണ്ടെടുത്തത് ആർക്കും അപകടം ഇല്ലെന്ന് ആശ്വസിച്ചിരിക്കെ; മരണമടഞ്ഞത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജോലിക്കാർ; തീപിടുത്തം നിയന്ത്രണവിധേയം; വാക്‌സിൻ നിർമ്മാണ യൂണിറ്റ് സുരക്ഷിതം

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: കോവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്ന പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ ആർക്കും അപകടം ഇല്ലെന്ന് ആശ്വസിച്ചിരിക്കെ, അഞ്ച് പേർ മരിച്ചതായി പുതിയ വിവരം. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജോലിക്കാരാണ് മരിച്ചത്. ഇക്കാര്യം സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാലയും, പൂണെ മേയറും സ്ഥിരീകരിച്ചു. തീ നിയന്ത്രണവിധേയമായപ്പോൾ നാല് പേരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, ജവാന്മാർ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് പുനെ മേയർ മുരളീധർ മൊഹോൽ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അദാർ പൂണെവാലെ അനുശോചനം നേർന്നു. വളരെ ദുഃഖകരമായ വാർത്തയാണ് വന്നിരിക്കുന്നത്. ദൗർഭാഗ്യകരമായ ഈ അപകടത്തിന് കാരണം കണ്ടുപിടിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് മരണവിവരം പുറത്തുവന്നത്. നഗരത്തിൽ ഹദസ്പറിലെ നിർമ്മാണ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. എന്നാൽ, കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന നിർമ്മാണ കേന്ദ്രത്തെ തീ ബാധിച്ചില്ല. ഇവിടെ സുരക്ഷിതമായിരുന്നതുകൊണ്ട്തന്നെ വാക്‌സിനുകൾക്കും കേടുപാടില്ല

റോട്ടാവൈറസ് നിർമ്മാണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സിആഒയുമായ അദാർ പൂണെവാല അറിയിച്ചു. കുഞ്ഞുങ്ങൾക്കും കൊച്ചുകുട്ടികൾക്കും വയറിളക്ക രോഗങ്ങൾ ഉണ്ടാകുന്നതിന് മുഖ്യകാരണക്കാരാണ് റോട്ടാവൈറസുകൾ.

കോവിഡ് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സുരക്ഷിതമായിരുന്നെങ്കിലും, റോട്ടാവൈറസ് വിതരണം 30 മുതൽ 40 ശതമാനം വരെ കുറയുമെന്നത് സങ്കടപെടുത്തുന്ന കാര്യമാണ്, സംഭവത്തിന്റെ പേരിൽ കോവിഷീൽഡ് വാക്‌സിൻ ഉത്പാദനത്തിൽ കുറവുണ്ടാകില്ലെന്നും അദാർ പൂണെവാല പറഞ്ഞു. അറിയിച്ചു.

തീ നിയന്ത്രണവിധേയമായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മഞ്ച്രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45 ഓടെയാണ് സംഭവം. ടെർമിനൽ-I ൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.

അഗ്‌നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തി. തീപ്പിടിത്തത്തിന്റെ യഥാർഥകാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തുകയും ചെയ്തു. മഞ്ചരി ക്യാമ്പസിലെ പുതിയ കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഈ കെട്ടിടം കോവിഷീൽഡ് നിർമ്മാണ യൂണിറ്റുമായി നേരിട്ട് ബന്ധമുള്ളതല്ല. 4.15 ഓടെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. 9 പേർ അകത്ത് കുടുങ്ങിയെങ്കിലും അവരെ രക്ഷിക്കാൻ സാധിച്ചുവെന്ന് ഫയർ ബ്രിഗേഡ് വക്താക്കൾ അറിയിച്ചു.

തീപിടുത്തമുണ്ടായ റോട്ടാ വൈറസ് ലാബിൽ ഇലക്ട്രിക്-പൈപ്പ് ഫിറ്റിങ് പണി നടക്കുകയായിരുന്നു. ഇതിൽ പെട്ട ജീവനക്കാരാണ് അകത്ത് കുടുങ്ങിയത്. 10 ഫയർ ടെൻഡറുകളാണ് തീ കെടുത്താൻ ഉപയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP