Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 45 പേർ; ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പൈൻസിൽ; 27 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടും മരുന്ന് കണ്ടെത്താനാവാതെ ലോകം; വിവിധ രാജ്യങ്ങളിലായി ഒരു ലക്ഷത്തിലേറേപ്പേർ നിരീക്ഷണത്തിൽ; ഫ്രഞ്ച് വിമാനത്തിൽ കയറി രക്ഷപ്പെട്ട് സ്വീഡനിലെയും ബ്രിട്ടനിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ജനങ്ങൾ: മരണ സംഖ്യയിൽ ഓരോ ദിവസവും റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ചൈന: ആശങ്കയോടെ ലോകം

ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 45 പേർ; ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പൈൻസിൽ; 27 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടും മരുന്ന് കണ്ടെത്താനാവാതെ ലോകം; വിവിധ രാജ്യങ്ങളിലായി ഒരു ലക്ഷത്തിലേറേപ്പേർ നിരീക്ഷണത്തിൽ; ഫ്രഞ്ച് വിമാനത്തിൽ കയറി രക്ഷപ്പെട്ട് സ്വീഡനിലെയും ബ്രിട്ടനിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ജനങ്ങൾ: മരണ സംഖ്യയിൽ ഓരോ ദിവസവും റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ചൈന: ആശങ്കയോടെ ലോകം

സ്വന്തം ലേഖകൻ

ബീജിങ്: കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 45 പേർ. ഇതോടെ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 305 ആയി ഉയർന്നു. അതേസമയം കൊറോണ വൈറസ് ബാധയേറ്റുള്ള ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പൈൻസിൽ റിപ്പോർട്ട് ചെയ്തു. വുഹാനിൽ നിന്നും എത്തിയ 44കാരനായ ചൈനീസ് പൗരനാണ് ഇന്നലെ മരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി ജനുവരി 25നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ ഇന്നലെ മരണത്തിന് കീഴടങ്ങുക ആയിരുന്നു.

ന്യുമോണിയ ബാധിച്ചിരുന്ന ഇയാളുടെ നില കുറച്ച് ദിവസമായി മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ വീണ്ടും ആരോഗ്യ നില വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇയാളുടെ കൂടെ എത്തിയ 38കാരിയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ മനിലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഫിലിപ്പൈൻസിലെ ഒരു മരണം അടക്കം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 305 ആയി. ഇതിൽ ഭൂരിഭാഗം പേരും വുഹാനിലാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45 മരണമാണ് റിപ്പോർട്ട് ചെയ്തത്. ശനിയഴ്ച മാത്രം പുതുതായി 2,590 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയ്ക്കു പുറത്തുണ്ടായ ആദ്യമരണമാണ് ഫിലിപ്പൈൻസിലേത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചു. ജനുവരി 21-ന് ചൈനക്കാരിയായ യുവതിക്കൊപ്പമാണ് ഹോങ് കോങ് വഴി ഇയാൾ ഫിലിപ്പീൻസിലെത്തിയത്. അതിനിടെ, ശനിയാഴ്ചയോടെ കൈറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 305 ആയെന്ന് ചൈനയുടെ ദേശീയ ആരോഗ്യമിഷൻ അറിയിച്ചു. 14,562 പേരെ രോഗംബാധിച്ചു. ചൈനയിൽ മരിച്ചവരെല്ലാം ഹുബൈ പ്രവിശ്യയിലുള്ളവരാണ്. അതേസമയം 218 പേർ സുഖംപ്രാപിച്ചെന്ന് ചൈന വ്യക്തമാക്കി. ചൈനയിലെ 31 പ്രവിശ്യകളും കൊറോണബാധിതമായി പ്രഖ്യാപിച്ചു

നിലവിൽ 27 രാജ്യങ്ങളിലേക്കാണ് കൊറോണ വൈറസ് പടർന്നിരിക്കുന്നത്. ശനിയാഴ്ച മാത്രം 4562 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 2110 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 19,544 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. ഓരോ ദിവസം ചെല്ലുന്തോറും രോഗത്തിന്റെ വ്യാപ്തി വളർന്നു വരികയാണ്.

ചൈനയിലെ മറ്റൊരു നഗരം കൂടി അടച്ചിട്ടു
അതേസമയം കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് വളരെ അകലെയുള്ള മറ്റൊരു സുപ്രധാനനഗരംകൂടി ഞായറാഴ്ച ചൈനീസ് സർക്കാർ അടച്ചു. വൈറസ് കൂടുതൽ വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. വുഹാനിൽനിന്ന് 800 കിലോമീറ്റർ മാറിയുള്ള കിഴക്കൻ നഗരമായ വെൻഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകൾ കഴിയുന്ന നഗരമാണ് വെൻഷൂ. ഷെജിയാങ്ങിൽ 661 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 265-ഉം വെൻഷൂവിലാണ്. ഇവിടേക്കുള്ള റോഡുകൾ അടയ്ക്കുകയും ആളുകൾ വീടുകളിൽത്തന്നെ തങ്ങണമെന്ന കർശനനിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.

വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകൾക്കാണ് വീടുകളിൽത്തന്നെ കഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങൾക്ക് രണ്ടുദിവസം കൂടുമ്പോൾ കുടുംബത്തിൽ ഒരാൾക്കാണ് പുറത്തുപോകാൻ അനുമതിയുള്ളത്. 46 ഹൈവേകളാണ് അടച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഇസ്രയേൽ, ബംഗ്ലാദേശ്, മംഗോളിയ, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങൾ ചൈനയിൽനിന്നുള്ളവർക്കുമുമ്പിൽ അതിർത്തിയടച്ചു.
മരിച്ചവരുടെ സംസ്‌കാരവും അനുശോചനയോഗങ്ങളും വിലക്കി

കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകളും അനുശോചനയോഗങ്ങളും സർക്കാർ ഞായറാഴ്ച വിലക്കി. വീടുകൾക്കടുത്ത് പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കണമെന്നാണ് നിർദ്ദേശം. അതതിടങ്ങളിലല്ലാതെ മൃതദേഹങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും പാടില്ലെന്ന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.

കൊറോണയ്ക്കുള്ള മരുന്ന് വൈകും
കൊറോണ വൈറസ് നിയന്ത്രണാതീതമായി കത്തി പടരുമ്പോഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ പകച്ചു നിൽക്കുകയാണ് ശാസ്ത്ര ലോകം. ഓരോ ദിവസം അനേകം ജീവനുകൾ പൊലിയുമ്പോഴും ഇതുവരെ ഈ അസുഖത്തിന് മരുന്നു കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കൊറോണ വൈറസിനെ ചെറുക്കാനുള്ള മരുന്ന് വൈകുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 2020-ന്റെ ആദ്യപകുതിയിൽ മരുന്ന് കണ്ടെത്താനാകുമെന്ന് പ്രതീക്ഷയില്ലെന്ന് മാസച്യുസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേണ കമ്പനി ചീഫ് എക്‌സിക്യുട്ടീവ് സ്റ്റെഫാൻ ബാൻസെൽ പറഞ്ഞു.

പുതിയയിനം കൊറോണ വൈറസിനുള്ള മരുന്നു കണ്ടെത്താൻ ശ്രമിക്കുന്ന പ്രമുഖ ബയോടെക്‌നോളജി കമ്പനികളിലൊന്നാണ് മൊഡേണ. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്തുമായി ചേർന്നാണ് ഇതിനായുള്ള പ്രവർത്തനം. ''ഒരു ഉത്പാദകനും ആറുമാസത്തിനുള്ളിൽ മരുന്ന് തയ്യാറാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സന്ദേശവാഹക റൈബോന്യൂക്ലിക് ആസിഡ് സാങ്കേതികവിദ്യയാണ് വാക്‌സിൻ വികസിപ്പിക്കാനായി മൊഡേണ ഉപയോഗിക്കുന്നത്. ജനിതകവിവരത്തെ ഡി.എൻ.എ.യിൽനിന്ന് റൈബോസോമിലേക്കെത്തിക്കുന്ന ആർ.എൻ.എ. തന്മാത്രകളുടെ കൂട്ടമാണ് സന്ദേശവാഹക ആർ.എൻ.എ.കൾ. മനുഷ്യരിൽ ഫലപ്രദമാകുന്ന സാങ്കേതികവിദ്യ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ വേഗത്തിൽ നീങ്ങും.'' -ബാൻസെൽ പറഞ്ഞു.

പെൻസിൽവാനിയയിലെ ഇനോവിയോ ഫാർമസ്യൂട്ടിക്കൽസും ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാൻഡ് സർവകലാശാലയും വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അന്താരാഷ്ട്ര സംഘടനയായ സി.ഇ.പി.ഐ. ഗവേഷണങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. സാംക്രമിക രോഗങ്ങൾക്ക് വാക്‌സിൻ കണ്ടെത്താനുള്ള ഗവേഷണങ്ങളെ പിന്തുണയ്ക്കാൻ 2017-ലാണ് കോലിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പെയർനെസ്സ് ഇന്നൊവേഷൻ എന്ന സംഘടന രൂപവത്കരിച്ചത്.

പടർന്നത് 27 രാജ്യങ്ങളിലേക്ക്
ചൈനയ്ക്ക് പുറത്ത് 27 രാജ്യങ്ങളിലേക്കു കൂടി കൊറോണ വൈറസ് ബാധ പടർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുലക്ഷത്തിലേറേപ്പേർ നിരീക്ഷണത്തിലാണ്. വൈറസ് ബാധയേറ്റവരുടെ എണ്ണം ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധരാജ്യങ്ങൾ ചൈനയിൽനിന്ന് പൗരന്മാരെ കൂട്ടമായി ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യയും ബ്രിട്ടനും ഫ്രാൻസും വിയറ്റ്‌നാമും ബംഗ്ലാദേശ്, യു.എസ്., ശ്രീലങ്ക അടക്കം മിക്ക രാജ്യങ്ങളും ചൈനയിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചു. അതേസമയം, ചൈനയിലെ നൂറുകണക്കിന് പാക് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കേണ്ടതില്ലെന്ന പാക്കിസ്ഥാന്റെ തീരുമാനത്തിനെതിരേ വ്യാപകവിമർശനമാണുയരുന്നത്.

2003-ൽ ഇരുപതിലധികം രാജ്യങ്ങളിൽ പടർന്ന സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോമിനേക്കാൾ (സാർസ്) ഗൗരവമാണ് കൊറോണയ്ക്കുള്ളത്. എട്ടുമാസത്തോളംപടർന്ന സാർസ് 8100 പേർക്കാണ് ബാധിച്ചത്. 774 പേർ മരിച്ചു. ചൈനയിലെ മറ്റുമേഖലകൾ സന്ദർശിച്ച് എത്തിയവരോട് രണ്ടാഴ്ച സ്വയംനിരീക്ഷിക്കാൻ ആവശ്യപ്പെട്ടതായി യു.എസ്. ആരോഗ്യസെക്രട്ടറി അലെക്‌സ് അസർ പറഞ്ഞു. വൈറസ് യു.എസിൽ പടരാനുള്ള എല്ലാസാധ്യതയും അടയ്ക്കുകയാണ് ലക്ഷ്യം. യു.എസിൽ ഇതുവരെ ഏഴുപേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 191 പേർ നിരീക്ഷണത്തിലാണ്.

ചൈനയിൽനിന്നുവരുന്ന വിദേശികൾക്ക് വിസ നിഷേധിക്കുന്നതിനൊപ്പം തങ്ങളുടെ പൗരന്മാരെ രണ്ടാഴ്ചത്തേക്ക് പ്രത്യേകം താമസിപ്പിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. സമാനരീതിയിലാണ് യു.കെ.യും ദക്ഷിണകൊറിയയും സിങ്കപ്പൂരും ന്യൂസീലൻഡുമെല്ലാം കാര്യങ്ങൾ കൈകാര്യംചെയ്യുന്നത്. ഇറ്റലിയും ജപ്പാനും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനയ്ക്ക് പുറത്ത് വുഹാനിൽനിന്നെത്തിയവർക്കാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. ജർമനി, ജപ്പാൻ, വിയറ്റ്‌നാം, യു.എസ്., തായ്‌ലൻഡ്, ദക്ഷിണകൊറിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ ചൈനയിൽനിന്ന് വന്നയാളിൽനിന്ന് മറ്റൊരാളിലേക്കും പടർന്നിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP