Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷകരുടെ ട്രാക്ടർ റാലിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനും പ്രചരണം നടത്തുന്നത് പാക്കിസ്ഥാനിലെ ട്വിറ്റർ അക്കൗണ്ടുകൾ; ഇതുവരെ തിരിച്ചറിഞ്ഞത് 308 ട്വിറ്റർ അക്കൗണ്ടുകൾ; ഡൽഹി പൊലീസ് ഇന്റലിജൻസ് വെളിപ്പെടുത്തിയത് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

കർഷകരുടെ ട്രാക്ടർ റാലിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനും പ്രചരണം നടത്തുന്നത് പാക്കിസ്ഥാനിലെ ട്വിറ്റർ അക്കൗണ്ടുകൾ; ഇതുവരെ തിരിച്ചറിഞ്ഞത് 308 ട്വിറ്റർ അക്കൗണ്ടുകൾ; ഡൽഹി പൊലീസ് ഇന്റലിജൻസ് വെളിപ്പെടുത്തിയത് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനുവരി 26ന് കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നെന്ന് ഡൽഹി പൊലീസ്. പാക്കിസ്ഥാൻ നിയന്ത്രിത ട്വിറ്റർ അക്കൗണ്ടുകളിലൂടെ ഇതിനായുള്ള പ്രചരണങ്ങൾ നടത്തുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തിയ 308 പാക് നിയന്ത്രിത ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. ജനുവരി 13നും 18നും ഇടയിൽ പാക്കിസ്ഥാനിൽനിന്ന് നിർമ്മിച്ച അക്കൗണ്ടുകളാണ് ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പ്രചരണം നടത്തുന്നതന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ട്രാക്ടർ റാലിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് പൊലീസിന്റെ വെളിപ്പെടുത്തൽ ജനുവരി 26ന് നടക്കുന്ന ട്രാക്ടർ റാലിയിൽ ഖലിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി കേന്ദ്ര സർക്കാർ നേരത്തെ ആരോപിച്ചിരുന്നു.

"പാക്കിസ്ഥാനിൽ നിന്നുള്ള 308 ട്വിറ്റർ അക്കൗണ്ടുകൾ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടർ റാലിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് നടക്കുന്നതായുള്ള വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളിൽനിന്നും മറ്റ് ഏജൻസികളിൽനിന്നുമായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്", ഡൽഹി പൊലീസ് ഇന്റലിജൻസ് വിഭാഗം കമ്മീഷണർ ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയിൽ പാക്കിസ്ഥാനിൽനിന്ന് നിർമ്മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാക്ടർ റാലിക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നിലനിന്നിരുന്നു. കർഷക സംഘടനാ പ്രതിനിധികളും ഡൽഹി പൊലീസും തമ്മിൽ പലവട്ടം നടന്ന ചർച്ചകൾക്കൊടുവിലാണ് ഡൽഹി പൊലീസ് കർശന വ്യവസ്ഥകളോടെ ട്രാക്ടർ റാലിക്ക് അനുമതി നൽകിയിരിക്കുന്നത്. പ്രതിഷേധക്കാർക്ക് ഡൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡൽഹി പൊലീസ് നിർദ്ദേശിച്ചു്. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടർ റാലി നടത്താൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.

ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് സമരക്കാർ ഡൽഹി പൊലീസിന് സമർപ്പിച്ചിരുന്നു. പൊലീസും സമരക്കാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ പൊലീസിന് ഉറപ്പു നൽകിയിരുന്നു. ഡൽഹിയുടെ അതിർത്തികളിലായിരിക്കും സമരമെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഡൽഹി അതിർത്തിക്കു പുറത്ത് സമരം തുടരുന്ന കർഷകർക്ക് നഗരത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി പൊലീസ് വ്യക്തമാക്കി. നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയിൽ എത്ര ട്രാക്ടറുകൾ അണിനിരക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികൾ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാൻ പാടുള്ളൂ.

ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടർ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാർതന്നെ ട്രാക്ടർ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടു പരിപാടികൾക്കും തയ്യാറാകണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP