Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ തിരിച്ചടിയിൽ പത്തിലധികം പാക് സൈനികർ കൊല്ലപ്പെട്ടെന്ന് കരസേനാ മേധാവി; മൂന്ന് തീവ്രവാദ കേന്ദ്രങ്ങൾ തകർത്തെന്നും ബിപിൻ റാവത്തിന്റെ സ്ഥിരീകരണം; ഭീകരരുടെ ലോഞ്ച് പാഡുകളിലേയ്ക്ക് സൈന്യം നടത്തിയ ആക്രമണം വിജയകരം; ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനാണ് സൈനിക നടപടിയെന്ന് വിശദീകരണം; അടി ഇരന്നു വാങ്ങിയ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു; സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യൻ തിരിച്ചടിയിൽ പത്തിലധികം പാക് സൈനികർ കൊല്ലപ്പെട്ടെന്ന് കരസേനാ മേധാവി; മൂന്ന് തീവ്രവാദ കേന്ദ്രങ്ങൾ തകർത്തെന്നും ബിപിൻ റാവത്തിന്റെ സ്ഥിരീകരണം; ഭീകരരുടെ ലോഞ്ച് പാഡുകളിലേയ്ക്ക് സൈന്യം നടത്തിയ ആക്രമണം വിജയകരം; ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനാണ് സൈനിക നടപടിയെന്ന് വിശദീകരണം; അടി ഇരന്നു വാങ്ങിയ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു; സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കാശ്മീർ അതിർത്തിയിലെ ഇന്ത്യൻ സൈനികനീക്കം സ്ഥിരീകരിച്ച് കരസേന മേധാവി ബിപിൻ റാവത്ത്. ഇന്ത്യൻ ആക്രമണത്തിൽ പത്തിലധികം പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ബിപിൻ റാവത്ത് അറിയിച്ചു. മൂന്ന് ഭീകര ക്യാമ്പുകളും തകർത്തെന്നാണ് റാവത്ത് വ്യക്തമാക്കി. അതിർത്തിയിലെ പ്രകോപനത്തിന് പാക് സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും തകർത്ത് ഇന്ത്യ ചുട്ടമറുപടിയാണ് നൽകിയതെന്നാണ് ബിപിൻ റാവത്ത് പറയുന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തയാൻവേണ്ടിയാണ് ഇന്ത്യൻ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ലോഞ്ച് പാഡുകളിലേയ്ക്ക് സൈന്യം നടത്തിയ ആക്രമണത്തിൽ വൻ ആൾനാശമുണ്ടായി.കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ അതിർത്തിയിൽ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകർക്കാനായി ഭീകരരുടെയും ചില ഏജൻസികളുടെയും നിർദേശമനുസരിച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ സമാധാനാന്തരീക്ഷം തകർക്കാനാണ് അവരുടെ ശ്രമം. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം താങ്ധർ മേഖലയിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിച്ചു. അവർ നുഴഞ്ഞുകയറുന്നതിന് മുമ്പേ അത് പരാജയപ്പെടുത്തിയെന്നും താാങ്ധർ മേഖലയ്ക്ക് എതിർവശത്തുള്ള ഭീകരകേന്ദ്രങ്ങളാണ് ഞായറാഴ്ച തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്ഥിതിഗതികൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിതി നിരീക്ഷിച്ചുവരികയാണ്. അതിനിടെ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമിഷണറെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധർ മേഖലയിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും ജീവൻ നഷ്ടമായിരുന്നു. വെടിനിർത്തൽ കരാർ ലംഘനത്തിന്റെ മറവിൽ ഭീകരർക്ക് അതിർത്തി നുഴഞ്ഞുകയറാൻ പതിവുപോലെ അവസരം നൽകുകയായിരുന്നു പാക്കിസ്ഥാൻ. ഇതിന് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പാക്  സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. നീലം താഴ്‌വരയിൽ ഭീകരരെ അതിർത്തി കടത്തിവിടാനുള്ള നാല് ലോഞ്ചിങ് പാഡുകൾ തകർത്തു. ജുറ, കുൻദൽഷാൻ തുടങ്ങി വിവിധ മേഖലകളിലെ ഭീകരതാവളങ്ങളും നാമാവശേഷമാക്കി.

ആർട്ടിലറി ഗണ്ണുകൾ, അഥവാ പീരങ്കികൾ ഉപയോഗിച്ച് പാക് അധീന കശ്മീരിലെ തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ അഞ്ച് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യയുടെ വെടിവെയ്പിൽ ഒരു സൈനികനും മൂന്ന് നാട്ടുകാരും മരിച്ചെന്ന് ആദ്യം പറഞ്ഞ പാക്കിസ്ഥാൻ പിന്നീട് ആറു നാട്ടുകാർ ഇന്ത്യയുടെ വെടിവയ്പിൽ മരിച്ചെന്ന് തിരുത്തി. പാക് അധീനകശ്മീരിലെ നീലം താഴ്‌വരയിൽ നാല് തീവ്രവാദ ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് വെടിയുതിർത്തത്. താങ്ധറിൽ അതിർത്തിക്കിപ്പുറത്തേക്ക് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ന് പുലർച്ചെ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കുമേറ്റു. ഇതിന് മറുപടിയായാണ് സൈന്യം തീവ്രവാദക്യാമ്പിന് നേരെ ആക്രമണം നടത്തിയത്.

ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന തീവ്രവാദക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും, ഇതിന് എല്ലാ അവകാശവും ഇന്ത്യക്കുണ്ടെന്നുമുള്ള നിലപാടിലാണ് സൈന്യം. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ- പാക് അതിർത്തിയിലേക്ക് കടന്ന് ചെന്ന് ആക്രമണം നടത്തിയത്. ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രം വ്യോമസേന ആക്രമിച്ച് തകർത്തു. 2016-ൽ ഉറി ഭീകരാക്രമണത്തിന് പിന്നാലെയാണ് സൈന്യം പാക്കിസ്ഥാനിലേക്ക് കടന്ന് ചെന്ന് സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. സമാനമല്ലെങ്കിലും പാക് അതിർത്തിയിലേക്ക് ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് ഒരു പ്രത്യാക്രമണമാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക് സൈന്യത്തിന് വ്യക്തമായ ഒരു താക്കീതെന്ന നിലയിലാണ് സൈന്യം ഈ ആക്രമണത്തെ കണക്കാക്കുന്നതും.

എന്നാൽ ഇന്ത്യയുടെ വെടിവെയ്പിൽ മൂന്ന് നാട്ടുകാരും ഒരു സൈനികനും മരിച്ചെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. ഒമ്പത് ഇന്ത്യൻ സൈനികരെ വധിച്ചെന്നാണ് പാക് സൈനിക വക്താവിന്റെ അവകാശവാദം. സൈനികരുടെ മൃതദേഹങ്ങളെടുക്കാൻ ഇന്ത്യ വെള്ളക്കൊടി ഉയർത്തിയെന്നും പാക് സൈനിക വക്താവ് അവകാശപ്പെടുന്നു. എന്നാൽ പാക് സൈനികവക്താവിന്റെ വാദമല്ല, സ്ഥലത്തെ മജിസ്‌ട്രേറ്റ്, മുസഫറബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആവർത്തിച്ചത്. ഇന്ത്യയുടെ വെടിവയ്പിൽ ആറ് നാട്ടുകാർ മരിച്ചെന്ന് മുസഫറാബാദ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

അതിനിടെ അതിർത്തിയിലെ വെടിവെയ്പിൽ പ്രതിഷേധമറിയിച്ച്, പാക്കിസ്ഥാൻ രംഗത്തെത്തി. പാക്കിസ്ഥാനിലെ ഇന്ത്യൻ ഡപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. അതിർത്തിയിലെ ഇന്ത്യൻ ആക്രമണത്തിലെ അതൃപ്തി അറിയിക്കാനാണ് നടപടി. ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാക്കിസ്ഥാന് താക്കീത് നൽകിയിരുന്നതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായതാണ്. ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെങ്കിൽ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറിൽ അത് 292 ആയി. അതേ മാസം തന്നെ, മോർട്ടാറുൾപ്പടെ വൻ ആയുധങ്ങൾ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക് വെടിവെപ്പിൽ മരിച്ചത് 21 പേരാണ്.

ഭീകരർക്ക് നൽകുന്ന സഹായങ്ങൾ നിർത്തിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന് എഫ് എ ടി എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോകുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര ഉപരോധമൊന്നും താങ്ങാനാവുന്ന അവസ്ഥയിലല്ല. അപ്പോഴും പാക് സൈന്യം പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധിനിവേശ കാശ്മീരിലെ തിരിച്ചടിയിലൂടെ ഇന്ത്യ ശക്തമായ സന്ദേശം നൽകുന്നത്. ഇത് ഇമ്രാൻ ഖാന് കടുത്ത ഭീഷണിയാണ്. അതിർത്തി കടന്ന് ആരും ഒന്നും ചെയ്യരുതെന്ന് പാക് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതു പോലും കേൾക്കാതെയാണ് സൈന്യം ഇടപെടൽ നടത്തുന്നത്.

പത്താൻകോട്ടിലെ വ്യോമസേന താവളത്തിൽ പാക് ഭീകരന്മാർ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ സേന 2016 സെപ്റ്റബർ 28 അർദ്ധരാത്രിയിൽ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യ പ്രതിരോധ സേന പുറത്തുവിട്ടുകയും ചെയ്തു. ഇന്ത്യയുടെ യഥാർഥ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ആക്രമണമായിരുന്നു ഇത്. ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. ഉറി ഭീകരാക്രമണം നടന്ന് പത്തുദിവസങ്ങൾക്ക് േശഷമായിരുന്നു ആദ്യ സർജിക്കൽ സ്ട്രൈക്ക്.

'സർജിക്കൽ സ്ട്രൈക്ക്' എന്നുരാജ്യം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. 1971നു ശേഷം ആദ്യമായിട്ടായിരുന്നു 2016ലെ നിയന്ത്രണരേഖ കടന്നുള്ള പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും.

പിന്നീട് പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങൾക്ക് ശേഷം 12 മിറാഷ് വിമാനങ്ങൾ പാക്കിസ്ഥാൻ മണിണിലെ ഭീകരർക്ക് മറുപടി നൽകി. പുലർച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. പുലർച്ചെ മൂന്നരയ്ക്ക് ഇന്ത്യൻ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂർണമായി തകർത്തു. ആക്രമിച്ചതിൽ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുണ്ടായിരുന്നു. ആയിരം കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലക്രമണം. ആക്രമണം പാക്കിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാക്കിസ്ഥാൻ പുറത്തുവിട്ടു. 1000 കിലോ ബോംബ് ഭീകരക്യാംപുകളിൽ വർഷിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനങ്ങളാണ് തിരിച്ചടി നൽകാൻ ഉപയോഗിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ തയാറാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നു പറന്നുയർന്ന മിറാഷ്-2000 വിമാനങ്ങളാണു ഭീകരക്യാംപുകളിൽ മിന്നലാക്രമണം നടത്തി മടങ്ങിയെത്തിയത്. ബാലാക്കോട്ടിൽ ആക്രമണം നടന്നത് ഈ വർഷം ഫെബ്രുവരി 26നായിരുന്നു. തൊട്ടടുത്ത ദിവസം അതിർത്തിയിൽ ഇന്ത്യ-പാക്ക് യുദ്ധവിമാനങ്ങൾ ഏറ്റുമുട്ടുന്നതും വിങ് കമാൻഡർ അഭിനന്ദൻ വർധമാനിലൂടെ ഇന്ത്യയുടെ സൈനിക അഭിമാനം വാനോളം ഉയരുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് ഇന്ത്യയെ അതിർത്തി കടന്ന് പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പ് ഇമ്രാൻ തന്നെ നൽകിയത്. എന്നാൽ പാക്കിസ്ഥാനിലെ സൈനിക നേതൃത്വം ഇത് തള്ളി. ഇതാണ് അതിർത്തിയിൽ പാക് സൈന്യം പ്രകോപനവുമായെത്താനും കാരണം. ഇത് മനസ്സിലാക്കിയാണ് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP