Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയിൽ സ്ത്രീയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് അള്ളാഹു അക്‌ബർ മുഴക്കി; ഭീകരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ; അക്രമിയെ കീഴ്പ്പെടുത്തിയത് വെടിവെച്ചിട്ടും; സമാധാന നിയമങ്ങളിൽ നിന്ന് മോചിതമാകേണ്ട സമയമാണിതെന്ന് നൈസ് മേയർ

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയിൽ സ്ത്രീയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് അള്ളാഹു അക്‌ബർ മുഴക്കി; ഭീകരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ; അക്രമിയെ കീഴ്പ്പെടുത്തിയത് വെടിവെച്ചിട്ടും; സമാധാന നിയമങ്ങളിൽ നിന്ന് മോചിതമാകേണ്ട സമയമാണിതെന്ന് നൈസ് മേയർ

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ ഭീകരാക്രമണം. ഇന്ന് നടന്ന തീവ്രവാദി ആക്രമണത്തിൽ ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും മറ്റ് രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. നഗരത്തിലെ നേത്രോദാം പള്ളിയിലായിരുന്നു ആക്രമണം അരങ്ങേറിയത്. ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആക്രമണത്തെ തീവ്രവാദമെന്ന് വിശേഷിപ്പിച്ച നൈസ് മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഒരു സ്ത്രീയെ ശിരഛേദം ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പള്ളിക്കുള്ളിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പള്ളി വാർഡനാണെന്നാണ് റിപ്പോർട്ടുകൾ. കസ്റ്റഡിയിലെടുത്തതിനുശേഷവും അക്രമി അള്ളാഹു അക്‌ബർ എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. ആക്രമിച്ചയാളെ വെടിവച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്. അക്രമി ആശുപത്രിയിലേക്കുള്ള യാത്രയിലാണ്, ജീവിച്ചിരിപ്പുണ്ട്, ”എസ്ട്രോസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "നമ്മുടെ പ്രദേശത്ത് നിന്ന് ഇസ്ലാമോ ഫാസിസത്തെ തുടച്ചുമാറ്റാൻ സമാധാന നിയമങ്ങളിൽ നിന്ന് ഫ്രാൻസ് സ്വയം മോചിതമാകേണ്ട സമയമാണിത്."- നൈസ് മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി മാധ്യങ്ങളോട് പറഞ്ഞു.

ഇരകൾ ഭയാനകമായ രീതിയിലാണ് കൊല്ലപ്പെട്ടതെന്ന് എസ്ട്രോസി പറഞ്ഞു. രണ്ടുപേർ മരിച്ചുവെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും മൂന്നാമത്തെ വ്യക്തി, ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ പള്ളിക്കുള്ളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും കെട്ടിടത്തിന് എതിർവശത്തുള്ള ബാറിലേക്ക് ഓടിപ്പോയതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രൊസിക്യൂട്ടർ വകുപ്പ് അറിയിച്ചു. നഗരത്തിലെ പ്രധാന ഷോപ്പിങ് സ്ഥലമായ നൈസിന്റെ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും സായുധ സൈനികർ നിലയുറപ്പിച്ച് കഴിഞ്ഞു. ആംബുലൻസുകളും ഫയർ സർവീസ് വാഹനങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ ശിരഛേദം ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഫ്രാൻസ് മുക്തമാകുന്നതിനിടെയാണ് ആക്രമണം. മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചതിന് പാറ്റിയെ ശിക്ഷിക്കണമെന്ന് അക്രമികൾ പറഞ്ഞിരുന്നു. നൈസ് ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നോ കാർട്ടൂണുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ വ്യക്തമല്ല.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഫ്രാൻസിനും ഷാർലെ ഹെബ്ദോക്കുമെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ഒന്നു കൂസാതെ മുന്നോട്ടു പോകുകയാണ് ഷാർലെ ഹെബ്ദോ. ഫ്രാൻസിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ച തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാനാണ് വീക്ക്ലിയിലെ അടുത്ത കാർട്ടൂൺ കഥാപാത്രമായത്. വെളുത്ത ടീ ഷർട്ടും അടിവസ്ത്രവും ധരിച്ച എർദൊഗാൻ ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം ഉയർത്തി നോക്കുന്നതാണ് കാർട്ടൂൺ.

കാർട്ടൂൺ വലിയ പ്രകോപനമാണ് തുർക്കി സർക്കാരിനുണ്ടാക്കിയത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രതിനിധിയെ തുർക്കി വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ഷാർലെ ഹെബ്ദോ വിദേഷപരമാണെന്നാണ് തുർക്കി അധികൃതർ ഇദ്ദേഹത്തോട് പ്രതികരിച്ചത്. വീക്കിലിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തുർക്കി അധികൃതർ പറഞ്ഞു.

ഫ്രാൻസ്- തുർക്കി തർക്കം കൂടുതൽ രൂക്ഷമാവുകയാണ് എന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള പരാമർശങ്ങളുടെ പേരിൽ തുർക്കിയിലെ ഫ്രഞ്ച് പ്രതിനിധിയെ ഫ്രാൻസ് തിരിച്ചു വിളിച്ചിരുന്നു. 'ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തിൽ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം,' എർദൊഗാൻ പറഞ്ഞു.

ഇതിനു ശേഷം ഫ്രാൻസിനെതിരെ നിരോധനാഹ്വാനവും എർദൊഗാൻ നടത്തിയിരുന്നു. ചരിത്രാധ്യാപകൻ സാമുവേൽ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാൻസിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എർദൊഗാന്റെ ആഹ്വാനം. രണ്ടാം ലോകമഹായുദ്ധത്തിൽ യഹൂദർക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോൾ മുസ്ലിങ്ങൾക്കെതിരെ നടക്കുന്നതെന്നും എർദൊഗാൻ അങ്കാരയിൽ നടന്ന ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം ഫ്രാൻസിനെചൊല്ലി യൂറോപ്യൻ യൂനിയനും തുർക്കിയും തമ്മിലുള്ള സംഘർഷവും കനക്കുകയാണ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ഏകപക്ഷീയമായ നടപടികൾക്കാണ് തുർക്കി ശ്രമിച്ചതെന്ന്' യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ കുറ്റപ്പെടുത്തുന്നു. ഈ മാസം ആദ്യം നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ഉറുദുഗാന്റെ 'പ്രകോപനങ്ങൾ' അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത്.

'പ്രവർത്തനത്തിലും പ്രഖ്യാപനത്തിലും ടർക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങൾ വ്യക്തമായി പ്രതീക്ഷിക്കുന്നു'-യൂറോപ്യൻ യൂണിയൻ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കിൽ നടപടിയെടുക്കുമോ എന്നറിയാൻ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തീവ്രവാദത്തിനും എതിരായി തന്റെ രാജ്യം ഫ്രാൻസിനൊപ്പം നിൽക്കുന്നുവെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് ജർമ്മനിയുടെ പിന്തുണ നൽകുമെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പറഞ്ഞു. നാഗരികതകളുടെ ഏറ്റുമുട്ടലിന്റെ പേരിലുള്ള ഉറുദുഗാന്റെ വാചാടോപം മതഭ്രാന്തും അസഹിഷ്ണുതയും വളർത്തുമെന്ന് ഗ്രീസ് പ്രസിഡന്റ് കാതെറിന സകെല്ലറോപ പറഞ്ഞു.'ഫ്രഞ്ച് പ്രസിഡന്റിനെതിരായ ആക്രമണം യൂറോപ്യൻ മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്ന്' സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയോഡസ് പറഞ്ഞു. തുർക്കിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാൽ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായും നേരത്തേ ഫ്രാൻസ് പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP