Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങൾ കാമ്പസിൽ എത്തിയപ്പോൾ അലമുറയിട്ട് കരഞ്ഞ് സഹപാഠികൾ; മൂന്ന് ഗ്രാമങ്ങളിലും കണ്ണീർമഴ; അകാലത്തിൽ പൊലിഞ്ഞ നക്ഷത്രങ്ങൾക്ക് വിട ചൊല്ലി സുഹൃത്തുക്കളും സഹപാഠികളും: മീനച്ചിലാറ് കൊണ്ടു പോയ കൗമാര സ്വപ്‌നങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങൾ കാമ്പസിൽ എത്തിയപ്പോൾ അലമുറയിട്ട് കരഞ്ഞ് സഹപാഠികൾ; മൂന്ന് ഗ്രാമങ്ങളിലും കണ്ണീർമഴ; അകാലത്തിൽ പൊലിഞ്ഞ നക്ഷത്രങ്ങൾക്ക് വിട ചൊല്ലി സുഹൃത്തുക്കളും സഹപാഠികളും: മീനച്ചിലാറ് കൊണ്ടു പോയ കൗമാര സ്വപ്‌നങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: മീനച്ചിലാർ കൊണ്ടു പോയ മൂന്ന് കൗമാരക്കാർക്കും സഹപാഠികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങൾ ഇന്നലെ കാമ്പസിൽ എത്തിച്ചപ്പോൾ ഇവർക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന സുഹൃത്തുക്കൾക്ക് അത് താങ്ങാനാവുന്നതിലും വലിയ കാഴ്ചയായിരുന്നു. ഇന്നലെ വരെ തങ്ങൾക്കൊപ്പം നടന്ന് ഭാവി സ്വപ്‌നങ്ങൾ പങ്കുവെച്ച സുഹൃത്തുക്കൾ ഇത്ര പെട്ടെന്ന് വിട്ടു പിരിഞ്ഞു പോകുമെന്ന് അവർ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതിനാൽ തന്നെ മൂവരുടെയും ചേതനയറ്റ ശരീരം കണ്ട സുഹൃത്തുക്കളും സഹപാഠികളുമെല്ലാം അലമുറയിട്ടു കരഞ്ഞു.

കുട്ടികളുടെ കണ്ണുനീരും സങ്കടപ്പെരുമഴയുമെല്ലാം കണ്ടു നിന്നവരെ എല്ലാം ഈറനണിയിച്ചു. ഇന്നലെ വരെ ചിരിച്ചും കളിച്ചും നടന്ന മൂന്ന് കുട്ടികളുടെയും മരണം മൂന്ന് ഗ്രാമങ്ങളിലും തോരാക്കണ്ണീരായി. നാടു മുഴുവനും മൂന്ന് പേർക്കും ആദരാഞ്ജലികൾ അർപ്പിക്കാനായി ഓടി എത്തി. മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്‌കൂളിൽ എത്തിച്ചപ്പോൾ സഹപാഠികളിൽ പലരുടെയും നിയന്ത്രണംവിട്ടു. അലനും ഷിബിനും അശ്വിനുമൊപ്പം കടവിലിറങ്ങിയ മറ്റ് 5 സുഹൃത്തുക്കളും കണ്ണീരടക്കാനാവാതെ വിങ്ങിപ്പൊട്ടി.

മീനച്ചിലാറിലെ മൈലപ്പള്ളിക്കടവിലാണ് മൂന്ന് പേരും മുങ്ങിമരിച്ചത് കെ.സി. അലൻ, ഷിബിൻ ജേക്കബ്, അശ്വിൻ കെ. പ്രസാദ് എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുതുപ്പള്ളി ഐഎച്ച്ആർഡി ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു വച്ചു. 3 പേരും പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു. അശ്വിന്റെ മൃതദേഹം ഇന്നലെ (16) രാവിലെ എട്ടേമുക്കാലോടെയാണു മൈലപ്പള്ളിക്കടവ് തൂക്കുപാലത്തിനു സമീപത്തുനിന്നു ഫയർഫോഴ്‌സ് കണ്ടെടുത്തത്. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച തന്നെ കണ്ടെടുത്തിരുന്നു.

സ്‌കൂളിൽനിന്നു വിനോദയാത്രയ്ക്കായി വ്യാഴാഴ്ച വൈകിട്ടു പുറപ്പെട്ട പ്ലസ് ടു ബാച്ചിലെ വിദ്യാർത്ഥികൾ വിവരം അറിഞ്ഞ് വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയിരുന്നു. സുഹൃത്തുക്കളെ അവസാനമായി ഒരു നോക്കു കാണാൻ ഇവരും ഇന്നലെ സ്‌കൂളിലെത്തി. പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 1:15 ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോയി. ചടങ്ങുകൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ് നേതൃത്വം നൽകി.

അശ്വിന്റെ മൃതദേഹം 4 മണിക്ക് മുട്ടമ്പലം പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. അലന്റെ സംസ്‌കാരം ഇന്ന് 2ന് ചിങ്ങവനം പരുത്തുംപാറ സെന്റ് ലൂക്‌സ് സിഎംഎസ് ആംഗ്ലിക്കൻ സഭ സെമിത്തേരിയിൽ നടക്കും. അമ്മ: സൂസമ്മ, സഹോദരൻ കെ.സി.അജയ്. ഷിബിന്റെ സംസ്‌കാരം ഇന്ന് 3ന് മീനടം ഈസ്റ്റ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ നടക്കും.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പുതുപ്പള്ളി ഐ എച്ച്ആർഡി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ എട്ടംഗ സംഘം തൂക്കുപാലം കാണാനായി മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവിൽ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയ അശ്വിൻ ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ കൂടി കാണാതാകുകയായിരുന്നു. ഇതിൽ അലന്റെയും ഷിബിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും വിനോദ യാത്ര പോകാൻ പണമില്ലാതിരുന്ന ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാർത്ഥികൾ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാൻ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലൻ ഒഴുക്കിൽ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേർ അപകടത്തിൽ പെട്ടത്.

കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാർ എത്തി തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനാംഗങ്ങൾ വൈകിട്ടു നാലോടെ ഷിബിന്റെ മൃതദേഹം കണ്ടെത്തി. 20 മിനിറ്റു കഴിഞ്ഞപ്പോൾ അലന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

സ്‌കൂളിലെ പ്ലസ്ടു കുട്ടികളുമായി കുറെ അദ്ധ്യാപകർ വിനോദയാത്ര പോയി. പോകാത്തവർക്ക് അവധിയും നൽകി. കിട്ടിയ അവധി ആഘോഷിക്കാൻ ഒത്തുചേർന്ന സംഘത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അപകട വിവരമറിയച്ചതോടെ വിനോദയാത്രയ്ക്കു പോയവർ യാത്ര മതിയാക്കി തിരിച്ചെന്ന് പ്രിൻസിപ്പൽ ബിജു ഫിലിപ്പ് പറഞ്ഞു.

അപകടം കലോത്സവം കണ്ട് മടങ്ങിയ ശേഷം
പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ വിദ്യാർത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്‌കൂൾ കലോത്സവത്തിലെ മത്സരങ്ങൾ കണ്ട ശേഷമാണ് മൈലപ്പള്ളിക്കടവിൽ എത്തിയത്. പാമ്പാടി പുതക്കുഴി ജോയൽ , വെള്ളൂർ സ്വദേശി രഞ്ജിത്ത് , ചിങ്ങവനം സ്വദേശി ശിവ , ചീനിക്കുഴി സ്വദേശി അക്ഷയ് എന്നിവരാണ് കാണാതായ മൂന്നു പേർക്കൊപ്പം കടവിൽ എത്തിയത്. ഇതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ വീണു. . വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ മറ്റ് രണ്ടുപേരും എടുത്ത് ചാടി. ആറിന്റെ മധ്യത്തിൽ എത്തിയപ്പോൾ ഇവരുടെ കൈ കുഴഞ്ഞ് പോകുകയും മുങ്ങി താഴുകയുമായിരുന്നു. കരയിൽ നിന്ന സുഹൃത്തുക്കൾ ഓടിയെത്തി ബഹളം വച്ചു. ഇവരുടെ ബഹളം കേട്ട് സമീപത്തെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അയ്മനം പുലിക്കുട്ടിശേരി പുത്തൻ തോട് കുന്നുമ്മാത്ര റെജി കെ.പി (47) യും അയൽവാസിയായ വെള്ളത്തിൽ ചാടി. എന്നാൽ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിച്ചില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP