Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകളുടെ മൃതശരീരം ഉപേക്ഷിക്കാൻ കാറിൽ കൊണ്ടുപോയതും അച്ഛനും അമ്മയും ചേർന്ന്; കനാലിൽ തള്ളിയ മൃതശരീരം പൊലീസ് കണ്ടെത്തി സംസ്‌കരിച്ചത് അവകാശികളില്ലാത്തതിനാൽ; ഭർത്താവിന്റെ പരാതിയിൽ പുറംലോകം അറിഞ്ഞത് ചോരമരവിക്കുന്ന കൊലപാതകത്തിന്റെ കഥ; ശീതളിനെ ഉറ്റവർ ചേർന്ന് ക്രൂരമായി കൊന്നു തള്ളിയത് ജാതിവെറിയുടെ പേരിൽ

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകളുടെ മൃതശരീരം ഉപേക്ഷിക്കാൻ കാറിൽ കൊണ്ടുപോയതും അച്ഛനും അമ്മയും ചേർന്ന്; കനാലിൽ തള്ളിയ മൃതശരീരം പൊലീസ് കണ്ടെത്തി സംസ്‌കരിച്ചത് അവകാശികളില്ലാത്തതിനാൽ; ഭർത്താവിന്റെ പരാതിയിൽ പുറംലോകം അറിഞ്ഞത് ചോരമരവിക്കുന്ന കൊലപാതകത്തിന്റെ കഥ; ശീതളിനെ ഉറ്റവർ ചേർന്ന് ക്രൂരമായി കൊന്നു തള്ളിയത് ജാതിവെറിയുടെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: താഴ്ന്ന ജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മാതാപിതാക്കൾ തന്നെ മകളെ കൊന്ന് കനാലിൽ തള്ളി. ആരുമറിയാതെ, തെളിവുകൾ പോലും അവശേഷിപ്പിക്കാതെ അച്ഛനും അമ്മയും ബന്ധുക്കളും ചേർന്ന് നടത്തിയ കൊലപാതകം പുറംലോകം അറിഞ്ഞത് ഭർത്താവിന്റെ പരാതിയെ തുടർന്ന്. 25കാരിയായ ശീതൾ ചൗധരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് യുവതിയുടെ മാതാപിതാക്കളായ രവീന്ദർ ചൗധരി, സുമൻ ദമ്പതികൾ, അമ്മാവൻ സഞ്ജയ്, ബന്ധുക്കളായ ഓം പ്രകാശ്, പർവേശ്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി മാസം 29നായിരുന്നു ഇവർ ശീതളിലെ കൊലപ്പെടുത്തിയത്.

ഡൽഹിയിലാണ് സംഭവം നടന്നത്. മാതാപിതാക്കൾ സ്വന്തം വീടിനുള്ളിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുപിയിലെ അലിഗഡിലേക്ക് കൊണ്ടുപോയി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. അങ്കിത് ഭാട്ടി എന്നയാളെയാണ് ശീതൾ വിവാഹം കഴിച്ചത്. ജനുവരി 29 നായിരുന്നു കൊലപാതകം നടത്തിയത്. വിവരം രഹസ്യമായി വെച്ചെങ്കിലൂം ശീതളിനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പോയെന്നും കാണിച്ച് ഫെബ്രുവരി 18 ന് ഭാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം വെളിയിൽ വന്നത്. ശീതളിനെ ബന്ധപ്പെടാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഭാട്ടി പരാതി നൽകിയത്. മൂന്ന് ദിവസത്തിന് ശേഷം കുടുംബത്തിലെ ആറു പേരെ അശോക് നഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അറസ്റ്റ് ചെയ്തു.

2016 ൽ കോണ്ട്ലിയിലെ ഒരു പൊതു സുഹൃത്ത് വഴിയായിരുന്നു ശീതളും അങ്കിതും ആദ്യമായി കണ്ടുമുട്ടിയത്. 2019 ഒക്ടോബറിൽ ഇരുവരും കിഴക്കൻ ഡൽഹിയിലെ ഒരു ആര്യസമാജം ക്ഷേത്രത്തിൽ വെച്ച് രഹസ്യമായി വിവാഹം കഴിക്കുകയും തൽക്കാലം മാതാപിതാക്കൾക്കൊപ്പം സ്വന്തം വീടുകളിൽ കഴിയുകയുമായിരുന്നു. ഈ വർഷം ജനുവരി 20 നാണ് തന്റെ വിവാഹ വിവരം ശീതൾ മാതാപിതാക്കളെ അറിയിച്ചത്. ഒമ്പതു ദിവസം കഴിഞ്ഞപ്പോൾ മാതാപിതാക്കൾ ശീതളിനെ വധിച്ചു. മൃതദേഹം ഉത്തർപ്രദേശിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ശീതളിന്റെ മൃതദേഹം ജനുവരി 30 ന് കനാലിൽ നിന്നും യുപി പൊലീസ് കണ്ടെത്തിയെങ്കിലും അവകാശികൾ ഇല്ലാത്തതിനാൽ മറവ് ചെയ്തിരുന്നു.

അന്വേഷണത്തിൽ വീട്ടുകാരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ കുടുംബാംഗങ്ങൾ തമ്മിൽ ഉത്തർപ്രദേശിൽ വെച്ച് പല തവണ പരസ്പരം വിളിച്ചതായി കണ്ടെത്തി. ഇത് വെച്ച് ഓരോരുത്തരേയും മാറിമാറി ഒറ്റയ്ക്ക് ചോദ്യം ചെയ്തപ്പോൾ കിട്ടിയതാകട്ടെ പരസ്പര വിരുദ്ധമായ മൊഴികളാണ്. തുടർന്ന് എല്ലാവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചുരുളഴിഞ്ഞത്. പിന്നീട് മൃതദേഹം ഉപേക്ഷിച്ച ഇടം കാട്ടിക്കൊടുത്തെങ്കിലൂം കണ്ടെത്താനായില്ല.

തുടർന്ന് പൊലീസ് അലീഗഡ് പൊലീനെ വിളിക്കുകയും അവർ തങ്ങൾക്ക് കിട്ടിയ അജ്ഞാതയുവതിയുടെ മൃതദേഹം സംബന്ധിച്ച വിവരം ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു. ജനുവരി 30 ന് കണ്ടെത്തിയ മൃതദേഹം ഫെബ്രുവരി 2 വരെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ആരും അവകാശികളായി വരാതിരുന്നതോടെ പോസ്റ്റുമാർട്ടം ചെയ്ത ശേഷം മൃതദേഹം ആചാരപ്രകാരം സംസ്‌ക്കരിച്ചു. എന്നാൽ അലിഗഡ് പൊലീസ് സൂക്ഷിച്ചിരുന്ന മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന വസ്തുക്കളും മൃതദേഹത്തിന്റെ ഫോട്ടോയും മറ്റും ആളെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായി. പൊലീസ് സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും ഫോട്ടോയും കണ്ട് ശീതളിന്റെ മരണം സ്ഥിരീകരിച്ചത് ഭാട്ടിയായിരുന്നു.

ശീതളിനെ കൊലപ്പെടുത്തിയ വിവരം മാതാപിതാക്കൾ ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു. ഇവരാണ് വിവരം പൊലീസിന് കൈമാറിയത്. അശോക് നഗറിലെ വീട്ടിൽ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മാതാപിതാക്കളായിരുന്നു. ജനുവരി 29 ന് രാത്രിയിൽ ശീതളിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം മൃതദേഹം വാഗണർ കാറിനുള്ളിൽ വെച്ചു കൊണ്ടുപോയി. ബന്ധുക്കൾ മറ്റൊരു കാറിൽ മാതാപിതാക്കളെ അനുഗമിച്ചു. മൃതദേഹം ഡൽഹിയിൽ നിന്നും 80 കിലോ മീറ്റർ അകലെയുള്ള അലിഗഡിലെ ജവാന് സമീപമുള്ള കനാലിൽ തള്ളി രാത്രിയിൽ തന്നെ മടങ്ങുകയൂം ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിലേക്ക് വിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP