Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 24 മണിക്കൂറിനിടെ, 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ മരിച്ചു; മരുന്നും ജീവനക്കാരുമില്ലാതെ മതിയായ ചികിത്സ നൽകിയില്ലെന്ന് സമ്മതിച്ച് അധികൃതർ

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 24 മണിക്കൂറിനിടെ, 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ മരിച്ചു; മരുന്നും ജീവനക്കാരുമില്ലാതെ മതിയായ ചികിത്സ നൽകിയില്ലെന്ന് സമ്മതിച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്. . മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതർ തന്നെ സമ്മതിച്ചു.

നന്ദേഡിലുള്ള ശങ്കർ റാവു ചവാൻ സർക്കാർ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. നിരവധി രോഗികൾ ഇവിടെ അതീവ ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ആവശ്യത്തിനു മരുന്നും ജീവനക്കാരും ഇല്ലാത്തതാണ് മതിയായ ചികിത്സ നൽകാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു അധികൃതർ പറഞ്ഞു. വിവിധ അസുഖങ്ങൾക്കായി ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിച്ച രോഗികളിൽ മിക്കവരും പാമ്പു കടിക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു.

70-80 കിലോമീറ്റർ പരിധിയിൽ ഈ ഒരു ആശുപത്രി മാത്രമേയുള്ളു. ദൂരെയുള്ള രോഗികൾ പോലും ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മതിയായ ആരോഗ്യ പ്രവർത്തകർ ഇല്ലെന്നും അധികൃതർ വിശദീകരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ചില ദിവസങ്ങളിൽ നിലവിലുള്ള ജീവനക്കാർക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിലുള്ള തിരക്കുണ്ടാവാറുണ്ടെന്നും അധികൃതർ പ്രതികരിച്ചു. ആശുപത്രിയിൽ സംഭവിച്ചത് ദൗർഭാഗ്യകരമായ സംഭവമാണ്. എന്താണ് സംഭവിച്ചതെന്നു സംബന്ധിച്ചു റിപ്പോർട്ട് തേടും. കൂടുതൽ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ആവശ്യപ്പെട്ടു. 70 പേർ ഇപ്പോഴും അപകടാവസ്ഥയിലാണ്. ജീവനക്കാരുടെയും വൈദ്യ സാമഗ്രികളുടെയും വലിയ അഭാവമുണ്ട്. നിരവധി നഴ്‌സുമാരെ സ്ഥലം മാറ്റി, എന്നാൽ പകരം ആളുകൾ വന്നിട്ടില്ല. പല ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല. 500 രോഗികളെ പ്രവേശിപ്പിക്കാവുന്ന ആശുപത്രിയിൽ ഇപ്പോൾ 1200 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചവാൻ ആവശ്യപ്പെട്ടു.

ഓഗസ്റ്റിൽ താനെയിലെ കൽവയിലുള്ള ഛത്രപതി ശിവജി ഹോസ്പിറ്റലിലും സമാന സംഭവമുണ്ടായിരുന്നു. 24 മണിക്കൂറിനിടെ 18 പേരാണ് അവിടെ മരിച്ചത്. അൾസർ, ന്യുമോണിയ, വിഷബാധ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരാണ് അന്ന് മരണത്തിനു കീഴടങ്ങിയത്. നിരവധിപ്പേരെ പിന്നീട് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP