Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരസ്യദാതാക്കൾ പിൻവലിഞ്ഞു; ഉടമകൾ ഉടക്കി; ശബരിമലയ്ക്കെതിരേ വ്യാജ ചെമ്പോല വാർത്ത ചമച്ച സഹിൻ ആന്റണിയിൽ നിന്ന് രാജി ചോദിച്ചു വാങ്ങി; മുഹമ്മദ് ആലുങ്കലിന്റെ പിന്തുണയിൽ പിടിച്ചു നിൽക്കാനുള്ള റിപ്പോർട്ടറുടെ ശ്രമം പൊളിഞ്ഞു; ആ കഥ പറഞ്ഞ് ജന്മഭൂമി

പരസ്യദാതാക്കൾ പിൻവലിഞ്ഞു; ഉടമകൾ ഉടക്കി; ശബരിമലയ്ക്കെതിരേ വ്യാജ ചെമ്പോല വാർത്ത ചമച്ച സഹിൻ ആന്റണിയിൽ നിന്ന് രാജി ചോദിച്ചു വാങ്ങി; മുഹമ്മദ് ആലുങ്കലിന്റെ പിന്തുണയിൽ പിടിച്ചു നിൽക്കാനുള്ള റിപ്പോർട്ടറുടെ ശ്രമം പൊളിഞ്ഞു; ആ കഥ പറഞ്ഞ് ജന്മഭൂമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരനായിരുന്ന 24 ന്യൂസ് ചാനൽ റിപ്പോർട്ടർ സഹിൻ ആന്റണി രാജിവച്ചതിന് പിന്നിലേ ഗുരുതര വെളിപ്പെടുത്തലുമായി ജന്മഭൂമി. ശബരിമലയ്ക്കെതിരേ വ്യാജ ചെമ്പോല വാർത്ത ചമച്ചത് പുറത്തറിഞ്ഞതോടെ 24 ന്യൂസിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പരസ്യദാതാക്കളും പിൻവലിഞ്ഞതോടെ ചാനൽ മേധാവി ശ്രീകണ്ഠൻ നായരോട് ചാനൽ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഉടക്കിയിരുന്നു. ഇതോടെയാണ് സഹിൻ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാൻ ചാനൽ മേധാവി ശ്രീകണ്ഠൻ നായർ നിർബന്ധിതനായത്.

നടപടി സസ്‌പെൻഷനിലൊതുക്കാൻ ശ്രീകണ്ഠൻ നായർ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചാനലിലെ മറ്റൊരു ഓഹരിയുടമയായ എൻആർഐ വ്യവസായി മുഹമ്മദ് ആലുങ്കലിന്റെ പിന്തുണ സഹിൻ ആന്റണിക്കുണ്ടായെങ്കിലും ഫലമുണ്ടായില്ല. ശബരിമല വ്യാജ ചെമ്പോല വിഷയത്തിൽ ശ്രീകണ്ഠൻ നായരോടും ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വിശദീകരണം ചോദിച്ചതായും റിപ്പോർട്ടുണ്ടെന്ന് ജന്മഭൂമി പറയുന്നു. പരിവാർ പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ള വ്യവസായിയാണ് ഭീമാ ഗോവിന്ദൻ. നേരത്തെ മാതൃഭൂമിയ്‌ക്കെതിരായ മീശ നോവൽ പ്രതിഷേധകാലത്തെ ഭീമയുടെ ഇടപെടലുകൾ ഏറെ ചർച്ചയായിരുന്നു.

മോൻസന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല ശബരിമലയുടെ രേഖയെന്ന തരത്തിൽ റിപ്പോർട്ട് ചെയ്ത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെ റിപ്പോർട്ട് ചെയ്ത സഹിൻ ആന്റണിക്കും ചാനലിനും എതിരെ ഹിന്ദു സംഘടനകളും, പന്തളം കൊട്ടാരവും പരാതി നൽകുകയും ചെയ്തു. ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയടക്കം നിയമസഭയിൽ പറഞ്ഞിട്ടും, ചാനൽ സഹിൻ ആന്റണിയെ പുറത്താക്കിയിരുന്നില്ല. പകരം താൽക്കാലികമായി മാറി നിൽക്കാനായിരുന്നു ആവശ്യപ്പെട്ടത്.

ചെമ്പോല വിവാദത്തിലായതോടെ ബിജെപി നേതാവ് ശങ്കു ടി ദാസ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് പരാതി നൽകാൻ സമൂഹമാധ്യമ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിനകം മുപ്പതിനായിരത്തിലധികം പരാതികളാണ് ചാനലിനെതിരെ നൽകിയിട്ടുള്ളത്. ശങ്കു ടി ദാസിന് ചാനൽ വക്കീൽ നോട്ടീസ് അയച്ചെങ്കിലും, ഫേസ്‌ബുക്കിലൂടെ ചാനൽ വാദങ്ങളെ പൊളിക്കുകയായിരുന്നു ശങ്കു ചെയ്തത്.

അതിനിടെ എറണാകുളം പ്രസ്‌ക്ലബുമായി ബന്ധപ്പെട്ട പത്തുലക്ഷം രൂപയുടെ പണമിടപാടിൽ രണ്ടു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി സഹിൻ ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. പ്രസ് ക്ലബ്ബ് ഭാരവാഹികൾ പക്ഷെ രണ്ടു ലക്ഷം രൂപ മാത്രമായിരുന്നു കണക്കിൽ കാണിച്ചത്. ഇതോടെ പ്രസ് ക്ലബ്ബ് ഭാരവാഹികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ സഹിൻ ആന്റണിയെ പ്രസ്‌ക്ലബ്ബ് ഭാരവാഹിത്വത്തിൽ നിന്നും രാജിവെപ്പിച്ചിരുന്നു.

വ്യാജ ചെമ്പോല കാട്ടി ശബരിമല വിഷയത്തിൽ ജാതിസ്പർധ സൃഷ്ടിക്കാൻ ശ്രമിച്ച റിപ്പോർട്ടർ കൂടിയാണ് സഹിൻ ആന്റണി. പൊതുസമൂഹത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ 24 ന്യൂസ് സസ്പെൻഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള സഹിൻ ആന്റണിയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. മോൻസൻ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിൻ ആന്റണിയാണെന്നു വെളിപ്പെട്ടിരുന്നു.

സഹിൻ ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓർഡിനേറ്ററാക്കിയത് മോൻസന്റെ ശുപാർശയിലാണെന്നു ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു. സഹിൻ ആന്റണി അടുത്ത കാലത്തായി വൻതോതിൽ സ്വത്തു സമ്പാദിച്ചതും മോൻസന്റെ ബിനാമിയായാണെന്ന് ആരോപണമുണ്ട്. കൊച്ചിയിലും റാസൽഖൈമയിലും സഹിൻ റസ്റ്ററന്റുകൾ ആരംഭിച്ചിരുന്നു.

മോൻസൻ ബന്ധം വെളിപ്പെട്ടപ്പോൾ സഹിൻ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ സ്വീകരിച്ചിരുന്നത്. ശബരിമല വ്യാജ ചെമ്പോല വാർത്തയ്ക്കെതിരെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി നൽകിയതോടെയാണ് 24 ന്യൂസ് കുടുങ്ങിയത്. ഓൺലൈൻ പരാതി സംവിധാനത്തിലൂടെ കാൽലക്ഷത്തിലേറെ പേർ ചാനലിനെതിരെ പരാതി നൽകി.

മുട്ടിൽ മരംമുറി വിവാദത്തിലുൾപ്പെട്ട ദീപക് ധർമ്മടത്തെ സസ്പെൻഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോൻസന്റെ വ്യാജ ചെമ്പോലയുടെ പേരിൽ സഹിൻ ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്. 24 ന്യൂസ് ചാനൽ റിപ്പോർട്ടർമാരെല്ലാം ഫ്രോഡുകളാണെന്നു സമൂഹ മാധ്യമങ്ങളിൽ ആരോപണമുയരുന്നതു ചാനലിനു ക്ഷീണമാകുന്നുണ്ട്. ചാനൽ റേറ്റിങിൽ ഏഷ്യാനെറ്റിനു വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയർന്ന 24 ന്യൂസിനു മരംമുറി, മോൻസൻ വിവാദങ്ങൾ കടുത്ത പ്രഹരമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP