Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ജോലി തേടി എംഎൽഎയെ സമീപിച്ച പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ഉന്നാവ ആദ്യ കറുപ്പായി; ഈ പെൺകുട്ടിയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ ക്രൂരമാതൃക രണ്ടാം കേസിലും ആവർത്തിച്ചത് പൊലീസ് നിസംഗത മൂലം; പ്രണയ ചതിയിൽ വീഴ്‌ത്തി ഇരുപത്തിമൂന്നുകാരിയെ ശിവവും കൂട്ടുകാരും മാറിമാറി പീഡിപ്പിച്ചത് ഭീഷണിയുടെ പുകമറയിൽ; ലൈംഗിക അടിമയാകാതെ കുതറി രക്ഷപ്പെട്ട രണ്ടാം പെൺകുട്ടിയെ പച്ചയ്ക്ക് കത്തിച്ചു കൊന്ന് പ്രതികാരം; ഉന്നാവ വീണ്ടും രാജ്യത്തെ കരയിപ്പിക്കുമ്പോൾ

ജോലി തേടി എംഎൽഎയെ സമീപിച്ച പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ഉന്നാവ ആദ്യ കറുപ്പായി; ഈ പെൺകുട്ടിയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ ക്രൂരമാതൃക രണ്ടാം കേസിലും ആവർത്തിച്ചത് പൊലീസ് നിസംഗത മൂലം; പ്രണയ ചതിയിൽ വീഴ്‌ത്തി ഇരുപത്തിമൂന്നുകാരിയെ ശിവവും കൂട്ടുകാരും മാറിമാറി പീഡിപ്പിച്ചത് ഭീഷണിയുടെ പുകമറയിൽ; ലൈംഗിക അടിമയാകാതെ കുതറി രക്ഷപ്പെട്ട രണ്ടാം പെൺകുട്ടിയെ പച്ചയ്ക്ക് കത്തിച്ചു കൊന്ന് പ്രതികാരം; ഉന്നാവ വീണ്ടും രാജ്യത്തെ കരയിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: സ്ത്രീ പീഡനങ്ങളിലെ കറുത്ത പേരാണ് ഉന്നാവ. രാജ്യത്തെ നടുക്കിയ രണ്ട് പീഡനങ്ങളാണ് ഉന്നാവ ചർച്ചയാക്കിയത്. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന യുവതിയുടെ ബന്ധുവും അഭിഭാഷകനും മരിച്ചു. അതിക്രൂര പീഡനത്തിലൂടെ രാജ്യം ചർച്ച ചെയ്ത ഉന്നാവ ഇതുകൊണ്ടും തെറ്റുകൾ ചെയ്യുന്നത് നിർത്തിയില്ല. വീണ്ടും പീഡകരുടെ ക്രൂരത അവിടെ നിന്നുയർന്നു. സൂര്യനെല്ലിയിൽ മലയാളി കേട്ട പീഡനത്തെ കാൾ ഭീകരമായിരുന്നു അത്. പ്രണയ ചതിയിൽ വീഴ്‌ത്തി പീഡനം. പരാതി കൊടുത്തപ്പോൾ മണ്ണെണ്ണയ്ക്ക് കത്തിക്കലും. രാജ്യം ആകെ നെഞ്ചുരുകി പ്രാർത്ഥിച്ചിട്ടും ഈ ഇരുപത്തിമൂന്ന് കാരിയുടെ ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

ഉന്നാവിൽ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. ആദ്യ ഉന്നാവ പെൺകുട്ടിയെ വാഹനമിടിച്ച് വകവരുത്താൻ ശ്രമിച്ചപ്പോൾ രണ്ടാമത്തെ പെൺകുട്ടിയെ തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പീഡകർ വിജയിച്ചു. 90% പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ രാജ്യമാകെ പ്രാർത്ഥനയിലായിരുന്നു. എന്നാൽ എല്ലാം വിഫലമായി. അവൾ എല്ലാവരുടേയും മനസ്സിൽ നൊമ്പരങ്ങൾ കോരിയിട്ട് യാത്രയാവുകയാണ്. മുന്നറിയിപ്പുകൾ പലത് പൊലീസിന് കിട്ടിയിട്ടും ഇരയ്ക്ക് സംരക്ഷണമൊരുക്കുന്നതിൽ കാട്ടിയ വീഴ്ചയാണ് ഉന്നാവയിൽ ഇരുപത്തിമൂന്നുകാരിയുടെ ജീവനെടുത്തത്.

ആദ്യ പീഡനത്തിൽ രാഷ്ട്രീയത്തിന്റെ സ്വാധീനമായിരുന്നു നിഴലിച്ചത്. ഈ പീഡനം ചർച്ചയായിട്ടും രണ്ടാമത്തെ കേസിൽ പരാതിയുമായെത്തിയ യുവതിയോടും പൊലീസ് അനുകമ്പ കാട്ടിയില്ല. കേസും കൂട്ടവും ഇല്ലാതാക്കി പ്രതികളെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ഇതിന്റെ ഫലമായിരുന്നു ഉന്നാവയെ ചർച്ചയാക്കിയ രണ്ടാം പീഡനത്തിലെ പെൺകുട്ടിയുടെ കൊലപാതകവും സൂര്യനെല്ലിയിലെ പീഡനത്തിനേയും തോൽപ്പിക്കുന്നതായിരുന്നു ഉന്നാവിൽ സംഭവിച്ചത്. ഇരയോട് കാട്ടിയ ക്രൂരതകൾ അത്രത്തോളമായിരുന്നു. ലൈംഗിക അടിമയാക്കി പെൺകുട്ടിയെ മാറ്റുകയായിരുന്നു പീഡകരുടെ ശ്രമം. ഭീഷണിയിലൂടെ അവളെ വരുതിക്ക് നിർത്താനും ശ്രമിച്ചു. ഇതെല്ലാം മനസ്സിന്റെ കരുത്തിൽ മറികടന്നാണ് ദിവസങ്ങളോളം തന്നെ ക്രൂരമായി ദ്രോഹിച്ചവർക്കെതിരെ പെൺകുട്ടി പരാതി നൽകിയത്. ഇതോടെ പീഡകരുടെ സ്വഭാവം മാറി. അവർ കൊലയാളികളായി മാറി.

ഇരയ്ക്ക് വേണ്ട സംരക്ഷണം ഒരുക്കാൻ പൊലീസും ശ്രമിച്ചില്ല. ഇതും ക്രൂരന്മാർക്ക് തുണയായി. ലാൽഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.രണ്ടു പൊലീസ് സ്റ്റേഷനുകളിലായി രണ്ട് എഫ്‌ഐആർ വീതമാണ് പെൺകുട്ടി ഫയൽ ചെയ്തത്. മാർച്ച് അഞ്ചിന് ഉന്നാവയിലെ ബിഹാർ ബഹ്ത പൊലീസ് സ്റ്റേഷനിലും മാർച്ച് ആറിന് റായ്ബറേലിയിലെ ലാൽ ഗഞ്ചിലും. പുറത്തുവിടും വരെ ലൈംഗിക അടിമയാക്കി. പുറത്തറിഞ്ഞാൽ, പൊലീസിനെ സമീപിക്കാൻ ശ്രമിച്ചാൽ, പീഡനസമയം എടുത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ സൈറ്റുകളിലും പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി-.ഉന്നാവിൽ ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്ന് പ്രതികൾ തീവച്ച് കൊലപ്പെടുത്തിയത് പരാതി നൽകാൻ ധീരത കാട്ടിയ പെൺകുട്ടിയെയാണ്.

അടിമയായി അവളെ പാർപ്പിച്ചത് റായ്ബറേലിയിലെ വീട്ടിലായിരുന്നു. ഈ വീട്ടിൽ നിന്ന് ഒന്നു പുറത്തേക്ക് എത്തിനോക്കാൻ പോലും അനുവദിച്ചില്ല. വീട്ടിൽ നിന്ന് പുറത്തേക്കൊന്ന് എത്തിനോക്കിയാൽ ഏറ്റുവാങ്ങിയത് ക്രൂരമായ മർദനമായിരുന്നു. ശിക്ഷയായി വീണ്ടും പീഡനവും. ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയെ ശിവം വിവാഹനവാഗ്ദാനം നൽകി ചതിയിൽ വീഴ്‌ത്തി. ഇയാളാണ് കേസിലെ ഒന്നാം പ്രതി. വിവാഹം കഴിക്കുമെന്ന മോഹന വാഗ്ദാനവുമായി പ്രണയിച്ച ശിവം, പെൺകുട്ടിയെ നിരവധി തവണ ചൂഷണം ചെയ്തു. ശിവം പെൺകുട്ടിയെ ലാൽഗഞ്ചിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പുറത്തറിഞ്ഞാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണികളിൽ വഴങ്ങാത്ത പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയ പ്രതി മുറിയിൽ അടച്ചിടുകയും നിരീക്ഷിക്കാൻ ആളുകളെ നിർത്തുകയും ചെയ്തു.

പുറത്തുകടക്കാൻ നോക്കിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ചിത്രത്തിലേക്ക് ശിവം എന്ന ക്രൂരന്റെ സുഹൃത്തുക്കളുമെത്തി. പെൺകുട്ടിയെക്കൊണ്ട് ശിവവും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. ദിവസവും വീടും നഗരവും മാറി. പിന്നീട് 2018 ജനുവരിയിൽ അവൾ വീണ്ടും ആവശ്യപ്പെട്ടപ്പോൾ വിവാഹം കഴിക്കാമെന്ന് ശിവം സമ്മതിച്ചു, ഇതിന് ശേഷം റായ്ബറേലിയിലെ കോടതിയിലെത്തി വിവാഹക്കരാർ ഉണ്ടാക്കി. എത്രയും പെട്ടെന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് റായ്ബറേലിയിൽ ഒരു മാസത്തോളം പെൺകുട്ടിയെ താമസിപ്പിച്ചു. എന്നാൽ ഒരു മാസത്തെ ക്രൂരപീഡനത്തിനു ശേഷം വിവാഹം നടന്നില്ല. ഉപയോഗിച്ച ശേഷം പെൺകുട്ടിയെ അവളുടെ ഗ്രാമത്തിൽ കൊണ്ട് ഒഴിവാക്കുകയാണ് ഉണ്ടായത്.

പുറത്തറിഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയവും നിരാശയും വേട്ടയാടിയപ്പോൾ റായ്ബറേലിയിലെ അമ്മായിയുടെ വീട്ടിൽ അവൾ അഭയം തേടി. 2018 ഡിസംബറിൽ വീണ്ടും വിവാഹ വാഗ്ദാനവുമായി പെൺകുട്ടിയെ സമീപിച്ച ശിവം ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി വാഗ്ദാനം ആവർത്തിച്ചു. എന്നാൽ ക്ഷേത്രത്തിൽ നിന്നു തിരികെ വരുന്ന വഴി ശിവവും സഹോദരൻ ശുഭവും കൂടി അവളെ ഒഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി തോക്കു മുനയിൽ നിർത്തി വീണ്ടും പീഡിപ്പിച്ചു. റായ്ബറേലി പൊലീസിനോട് കേണപേക്ഷിച്ചിട്ടും പരാതി കേൾക്കാതെ തിരികെ വിടുകയാണുണ്ടായത്. കോടതി ഇടപെട്ടതോടെയാണ് ഐപിസി സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം) , സെക്ഷൻ 506 (ഭീഷണി) എന്നിവ ചുമത്തി ആദ്യം ബിഹാർ ബഹ്ത പൊലീസ് സ്റ്റേഷനിലും പിന്നീട് ലാൽ ഗഞ്ചിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഒളിവിൽ പോയ പ്രതികൾ പിന്നീട് അറസ്റ്റിലായെങ്കിലും ജാമ്യവും കിട്ടി. പിന്നീട് പീഡനക്കേസിലെ നടപടികൾക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ പുലർച്ചെ നാലരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ രണ്ടു പ്രതികളടക്കം അഞ്ചു പേർ ചേർന്നു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചോടിയ പെൺകുട്ടിയെ നാട്ടുകാരാണു തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്. പിന്നീടു ലക്‌നൗവിലേക്കു കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുബ്ഹാം ത്രിവേദി എന്നിവർ അറസ്റ്റിലാണ്.

ആദ്യ ഉന്നാവ പീഡനം എംഎൽഎയുടേത്

ജോലി തേടി എംഎൽഎയെ സമീപിച്ച ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. പ്രതിസ്ഥാനത്തുള്ളത് ബിജെപിയുടെ എംഎൽഎ. പിന്നെ സംഭവിച്ചത് സിനിമയിലോ സാഹിത്യത്തിലോ പോലും ഭാവന ചെയ്യാൻ ഭയക്കുന്ന തുടർ സംഭവങ്ങൾ.

ആ പെൺകുട്ടിയുടെ അമ്മ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. അച്ഛനെ പൊലീസുകാർ കള്ളക്കേസിൽക്കുടുക്കി കൊലപ്പെടുത്തുന്നു. ദുരൂഹസാഹചര്യത്തിൽ ദൃക്‌സാക്ഷിയുടെ മരണം. ഒടുവിൽ ബലാത്സംഗക്കേസ് വിചാരണയ്‌ക്കെടുക്കാറായപ്പോൾ ആ കുട്ടി സഞ്ചരിച്ച വാഹനത്തിൽ ലോറിയിടിക്കുന്നു. രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുന്നു. പെൺകുട്ടി വെന്റിലേറ്ററിലും. കൊടുംക്രൂരരായ ഏകാധിപതികളുടെ നാട്ടിൽപ്പോലും കേട്ടുകേൾവിയില്ലാത്ത ഈ ദുരന്തപരമ്പരയ്ക്കു മുന്നിലാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചത്.

എന്താണ് ഈ സംഭവത്തിൽ നിന്ന് നാം മനസിലാക്കേണ്ടത്. ഉന്നാവ യുപിയിലാണ്. യുപി ഭരിക്കുന്നത് ബിജെപിയും. പ്രതിസ്ഥാനത്ത് ബിജെപിയുടെ എംഎൽഎ. എന്തുമാത്രം ക്രൂരന്മാരായ മനുഷ്യരാണ് ആ സംസ്ഥാനത്തെ അധികാരം കൈകാര്യം ചെയ്യുന്നത് എന്നു നോക്കൂ. പരാതിപ്പെടാൻ ധൈര്യം കാണിച്ച ആ പെൺകുട്ടിക്ക് കുറ്റവാളികൾ നൽകിയ ശിക്ഷയാണ് മുകളിൽ വിവരിച്ച സംഭവ പരമ്പര. സംസ്ഥാന ഭരണസംവിധാനത്തിന്റെ മുഴുവൻ പിന്തുണയും ഇല്ലാതെ ഇങ്ങനെയൊരു കൊടുംക്രൂരതയ്ക്കിവർ ഇറങ്ങിപ്പുറപ്പെട്ടത്. ക്രിമിനലുകളുടെ കളിപ്പാവയായി ഭരണസംവിധാനം മാറുകയാണ്. ഈ രാജ്യത്ത് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിൽ നിന്നുയർന്ന ചോദ്യം പോലും രണ്ടാമത്തെ കേസിലെ പെൺകുട്ടിക്ക് തുണയായില്ല. വേണ്ടപ്പെട്ടവർ ആരും ഈ പ്രതികരണങ്ങളെ മുഖവിലയ്‌ക്കെടുത്തില്ല. ആദ്യ ഉന്നാവ കേസ് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ നടത്താൻ തീരുമാനിച്ചതും സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP