Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

റഷ്യൻ വാക്‌സിന് എന്തൊരു സ്പീഡ്; രണ്ടുമാസത്തെ പരീക്ഷണത്തിന് ശേഷം വാക്‌സിൻ വിജയമെന്ന് പ്രഖ്യാപിച്ചത് സംശയത്തോടെ നോക്കി ആരോഗ്യ വിദഗ്ദ്ധർ; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച തുടങ്ങാനിരിക്കെ ധൃതി പിടിച്ച് പ്രസിഡന്റ് പുടിൻ അറിയിപ്പുമായി വന്നത് കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്ന ആദ്യ രാഷ്ട്രമെന്ന പ്രശസ്തിക്ക് വേണ്ടിയോ? കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം അംഗീകാരമെന്ന് ഡബ്ല്യുഎച്ച്ഒ; സ്പുട്‌നിക് വി എന്ന് പേരിട്ട വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത് 20 രാജ്യങ്ങളെന്ന് റഷ്യ

റഷ്യൻ വാക്‌സിന് എന്തൊരു സ്പീഡ്; രണ്ടുമാസത്തെ പരീക്ഷണത്തിന് ശേഷം വാക്‌സിൻ വിജയമെന്ന് പ്രഖ്യാപിച്ചത് സംശയത്തോടെ നോക്കി ആരോഗ്യ വിദഗ്ദ്ധർ; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച തുടങ്ങാനിരിക്കെ ധൃതി പിടിച്ച് പ്രസിഡന്റ് പുടിൻ അറിയിപ്പുമായി വന്നത് കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്ന ആദ്യ രാഷ്ട്രമെന്ന പ്രശസ്തിക്ക് വേണ്ടിയോ? കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം അംഗീകാരമെന്ന് ഡബ്ല്യുഎച്ച്ഒ; സ്പുട്‌നിക് വി എന്ന് പേരിട്ട വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത് 20 രാജ്യങ്ങളെന്ന് റഷ്യ

മറുനാടൻ ഡെസ്‌ക്‌

 മോസ്‌കോ: കർശനമായ സുരക്ഷാ ഡാറ്റാ വിശകലനത്തിന് ശേഷം മാത്രമേ റഷ്യയുടെ വാക്‌സിൻ അംഗീകരിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘന. റഷ്യൻ ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ടുവെന്നും വിശദമായ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും യുഎൻ ആരോഗ്യ ഏജൻസ് വക്താവ് താരിക് ജെസേരവിക് ജനീവയിൽ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, പുതുതായി കണ്ടെത്തിയ കോവിഡ് വാക്‌സിനു സോവിയറ്റ് ഉപഗ്രഹത്തിന്റെ പേരാണ് റഷ്യ നൽകിയത്. സ്പുട്‌നിക് വി എന്ന പേരാണു വാക്‌സിനു നൽകിയിരിക്കുന്നതെന്നു റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിരിൽ ദിമിത്രിയേവ് അറിയിച്ചു.
വാക്‌സിൻ പരീക്ഷണങ്ങൾക്കുവേണ്ട പണം മുടക്കിയതു ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബർ മുതൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങുമെന്നും ദിമിത്രിയേവ് പറഞ്ഞു.

ഇതുവരെ 20 രാജ്യങ്ങളാണ് വാക്‌സിൻ മുൻകൂട്ടി ഓർഡർ ചെയ്തതെന്നാണ് റഷ്യ അറിയിച്ചത്. കിറിൽ ദിമിത്രിയേവാണ് ഈ വിവരവും അറിയിച്ചത്. ഒരു ബില്ല്യൺ ഡോസുകൾക്കായുള്ള ഓർഡറുകളാണ് നിലവിൽ 20 രാജ്യങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. വിദേശ പങ്കാളികളുമായി ചേർന്നുകൊണ്ട്, അഞ്ച് രാജ്യങ്ങളിലായി വാക്‌സിന്റെ 500 ദശലക്ഷം ഡോസുകൾ വർഷം തോറും നിർമ്മിക്കാനാണ്് റഷ്യ പദ്ധതിയിടുന്നത്.എന്നാൽ വാക്‌സിന്റെ വിശ്വാസ്യത നശിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് മാധ്യമങ്ങൾ വഴി നടക്കുന്ന മനഃപൂർവമുള്ള ആക്രമണങ്ങളെ ദിമിത്രിയേവ് അപലപിച്ചു.

കോവിഡിനെതിരായ പോരാട്ടത്തിൽ തങ്ങൾക്ക് ആദ്യ ജയമെന്ന് റഷ്യ

കൊറോണ വൈറസിനെതിരെ സുസ്ഥിരമായ പ്രതിരോധംനൽകുന്ന ആദ്യ വാക്‌സിൻ തങ്ങൾ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ, ലോകത്ത് ഇതാദ്യമായി കോവിഡിന് എതിരെയുള്ള വാക്‌സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തു- സർക്കാർ മന്ത്രിമാരുമായുള്ള ടെലിവിഷൻ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പെൺമക്കളിൽ ഒരാൾ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായെന്നും പുടിൻ പറഞ്ഞു.

കൊറോണ വൈറസിന് വാക്‌സിൻ വികസിപ്പിക്കാൻ റഷ്യ കഠിന പ്രയത്‌നം നടത്തിവരികയായിരുന്നു. ഈ മാസമാദ്യം തന്നെ വാക്‌സിന്റെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത വർഷം ആദ്യത്തോടെ ലക്ഷണക്കണക്കിന് ഡോസുകൾ പുറത്തിറക്കുമെന്നും റഷ്യ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സുരക്ഷിതമായ വാക്‌സിൻ വികസിപ്പിക്കാൻ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വാക്‌സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്‌സാണ്ടർ ജിന്റ്‌സ്ബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്‌സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച കോവിഡ് വാക്‌സിൻ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്‌പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണങ്ങളും പൂർത്തിയായ ശേഷമാണ് വാക്‌സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൂടിൻ പറയുന്നത്. ജൂൺ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്‌സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.

എങ്ങനെയാണ് റഷ്യ വാക്‌സിൻ വികസിപ്പിച്ചത്?

ശരീരത്തിൽ പ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്ന തരത്തിലാണ് റഷ്യയുടെ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. അഡീനോവൈറസ് ആധാരമാക്കിയ വൈറൽ വെക്ടർ വാക്‌സിൻ സാഴ്‌സ് കോവ്-2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനുംായി സംയോജിപ്പിച്ചാണ് വാക്‌സിൻ വികസിപ്പിച്ചത്. വാക്‌സിനിലെ കൊറോണ കണങ്ങൾക്ക് ഇരട്ടിക്കാൻ ആവില്ലെന്നും അതുകൊണ്ട് ശരീരത്തിന് ദോഷം ചെയ്യില്ലെന്നുമാണ് ഗമേലയ ദേശീയ ഗവേഷണ കേന്ദ്രം ഡയറക്ടർ അലക്‌സാണ്ടർ ഗിന്റ്‌സ്ബർഗ് പറയുന്നത്.

റഷ്യയുടെ വേഗതയിൽ സംശയം

റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് നിരീക്ഷണ അഥോറിറ്റിയായ അന്ന പോപോവയാണ്. എന്നാൽ, പല വിദഗ്ധരും റഷ്യയുടെ വാക്‌സിൻ വികസനത്തിലെ ഈ അതിവേഗ സമീപനത്തെ ചോദ്യം ചെയ്യുന്നു. പകർച്ച വ്യാധി പ്രതിരോധ വിദഗ്ധനായ അലക്‌സാണ്ടർ ചെർപുണോവ് റഷ്യൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ സംശയം പ്രകടിപ്പിച്ചു. തെറ്റായ വാക്‌സിനിലൂടെ രോഗത്തിന്റെ തീവ്രത കൂടും എന്ന അപകടം ഉണ്ടായേക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നു. എന്തുതരം ആന്റിബോഡികളാണ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞാൽ മാത്രമേ വാക്‌സിൻ അപകടരഹിതമെന്ന് വിലയിരുത്താൻ കഴിയുകയുള്ളു. ചില ആന്റിബോഡികളുടെ സാന്നിധ്യത്തിൽ കൊറോണ വൈറസ് അധികരിക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതറിയേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP