Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാല് രാജ്യങ്ങളിൽ സംഹാരതാണ്ഡവമാടിയ കടൽ കവർന്നെടുത്തത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ; കേരളത്തിന്റെ തീരപ്രദേശം ഉൾപ്പെടെ സാക്ഷ്യം വഹിച്ചത് ചരിത്രം അതുവരെ രേഖപ്പെടുത്താത്ത കടൽ കലിക്ക്; ആർത്തലച്ചെത്തിയ സുനാമിത്തിരകൾ ലോകത്തെ നടുക്കിയിട്ട് ഇന്നേക്ക് പതിനഞ്ചാണ്ട്..

പതിനാല് രാജ്യങ്ങളിൽ സംഹാരതാണ്ഡവമാടിയ കടൽ കവർന്നെടുത്തത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ; കേരളത്തിന്റെ തീരപ്രദേശം ഉൾപ്പെടെ സാക്ഷ്യം വഹിച്ചത് ചരിത്രം അതുവരെ രേഖപ്പെടുത്താത്ത കടൽ കലിക്ക്; ആർത്തലച്ചെത്തിയ സുനാമിത്തിരകൾ ലോകത്തെ നടുക്കിയിട്ട് ഇന്നേക്ക് പതിനഞ്ചാണ്ട്..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ കടൽ സംഹാരതാണ്ഡവമാടിയിട്ട് ഇന്നേക്ക് പതിനഞ്ചാണ്ട്. കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ 2004 ഡിസംബർ 26ന് സാക്ഷ്യം വഹിച്ചത് അന്നുവരെ കണ്ടിട്ടില്ലാത്ത കടലിന്റെ കലിയിളക്കമായിരുന്നു. രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകളെ നിമിഷ നേരം കൊണ്ട് കടൽ എടുത്തുകൊണ്ടുപോയ ആ കറുത്ത ദിനം ഇന്നും നടുക്കത്തോടെ മാത്രമേ ലോകത്തിന് ഓർക്കാനാകൂ.

2004 ഡിസംബർ 26 രാവിലെ 7.59നാണ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിൽ റിക്ടർ സ്‌കെയിലിൽ 9.1 മുതൽ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. വൻ ഭൂകമ്പം വമ്പൻ തിരമാലകളായി രൂപാന്തരപ്പെട്ടു. 2004 ഡിസംബർ 25ന് ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞുറങ്ങിയ ജനം ഉണർന്നെഴുന്നേറ്റത് ഒന്നുമില്ലായ്മയിലേക്കാണ്. കലി തുള്ളിയ കടൽ സകലതുമെടുത്തു. എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു. കണ്ണടച്ച് തുറക്കുംമുൻപ് കൺമുന്നിൽ കണ്ടതെല്ലാം കടൽ കൊണ്ടുപോയ കാഴ്ച നിസ്സഹായനായി നോക്കി നിൽക്കാനേ മനുഷ്യന് കഴിഞ്ഞുള്ളൂ. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ നിന്നായി കടൽ കവർന്നെടുത്തത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ.

ആന്തമാൻ ദ്വീപുകൾക്കും സുമാത്രയ്ക്കുമിടയിലുള്ള ഇന്ത്യൻ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുൻപ് കൂറ്റൻ തിരമാലകൾ സുമാത്രയിലെയും ആന്തമാൻ നിക്കോബാർ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതൽ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹിൽ മുപ്പത് മീറ്റർ ഉയരത്തിലാണ് തിരമാലകൾ താണ്ഡവമാടിയത്. മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലായിരുന്നു കൂറ്റൻ തിരമാലകൾ കരയിലേക്കെത്തിയത്. സുനാമി ഏറ്റവും കൂടുതൽ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ശ്രീലങ്കയിൽ 35,000 പേരും ഇന്ത്യയിൽ 18,000 പേരുടെയും ജീവനെടുത്തു. തായ്ലന്റിൽ 8000 പേരും മരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നൂറുകണക്കിനാളുകളുടെ ജീവനും സുനാമി കവർന്നു.

ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയിൽ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകൾ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരള തീരങ്ങൾ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. തമിഴ്‌നാട്ടിൽ 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇതിലുമധികം പേർ സുനാമി ദുരന്തത്തിൽ അകപ്പെട്ടുവെന്നതാണ് യാഥാർഥ്യം.

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ രാവിലെ 7.59ന് ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം രാവിലെ 10.45 ഓടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലുമെത്തി. ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി കേരളത്തെയും കണ്ണീർക്കടലാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ 150-തിലധികം പേർ മരിക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേർ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയിൽ മാത്രം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു.

പല സ്ഥലങ്ങളിലും എട്ട് കിലോമീറ്റർ ദൂരമാണ് കടലെടുത്തത്. മൂവായിരത്തിലധികം വീടുകൾ തകർന്നു. സംസ്ഥാനത്താകെ നൂറ്റിയമ്പതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കന്നുകാലികളും വളർത്തുമൃഗങ്ങളുമുൾപ്പെടെ മറ്റ് നിരവധി ജീവനുകളും പൊലിഞ്ഞു. കോടികളുടെ നാശനഷ്ടം വേറെയും.

ഇന്ത്യൻ സമുദ്രത്തിൽ നൂറടി വരെ ഉയരത്തിൽ പാഞ്ഞെത്തിയ തിരമാലകൾ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് കണ്ണീർ തീരയിൽ മുക്കിയത്. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം 23000 അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാകുന്ന ഊർജമാണ് ഭൂചലനത്തെ തുടർന്ന് പുറത്തേക്ക് വരുന്നത്. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇല്ലാത്തതായിരുന്നു ഭൂകമ്പം ഉണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഇന്ത്യൻ തീരങ്ങളിലടക്കം ഇത്രയും ആൾനാശമുണ്ടാക്കാൻ കാരണം. സുനാമി വരുത്തിവെച്ച ദുരിതങ്ങളകറ്റാൻ അന്താരാഷ്ട്ര സമൂഹം 14 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP