Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറിയിൽ ആക്രമണം നടത്തിയത് സൈനികർക്കെന്നപോലെ പാക്കിസ്ഥാൻ പരിശീലനം നൽകി കടത്തിവിടുന്ന ഫിദായീൻ ചാവേറുകൾ; പാർലമെന്റ് മന്ദിരം ആക്രമിച്ചും മുംബൈയിൽ ദിവസങ്ങളോളം ഭീതിവിതച്ചും രാജ്യത്തെ ഞെട്ടിച്ച തീവ്രവാദികൾ നോട്ടമിട്ടത് സൈനിക ക്യാമ്പുകൾക്കു പുറമെ അക്ഷർധാം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളും  

ഉറിയിൽ ആക്രമണം നടത്തിയത് സൈനികർക്കെന്നപോലെ പാക്കിസ്ഥാൻ പരിശീലനം നൽകി കടത്തിവിടുന്ന ഫിദായീൻ ചാവേറുകൾ; പാർലമെന്റ് മന്ദിരം ആക്രമിച്ചും മുംബൈയിൽ ദിവസങ്ങളോളം ഭീതിവിതച്ചും രാജ്യത്തെ ഞെട്ടിച്ച തീവ്രവാദികൾ നോട്ടമിട്ടത് സൈനിക ക്യാമ്പുകൾക്കു പുറമെ അക്ഷർധാം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളും   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയ പാക്കിസ്ഥാനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിക്കുന്ന ഫിദായീൻ എന്ന ഭീകര സംഘടനയാണ് ഉറിയിൽ 17 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ സൈനികത്താവള ആക്രമണം നടത്തിയ ചാവേറുകളെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാക്കിസ്ഥാനിലെ ക്യാമ്പുകളിൽ ചിട്ടയായ സൈനിക പരിശീലനം നൽകിയാണ് ഇവരെ ഇന്ത്യയിൽ ആക്രമണം നടത്താൻ അതിർത്തി കടത്തിവിടുന്നതെന്നത് ഞെട്ടിക്കുന്നതാണ്. 1999ൽ ശ്രീനഗറിലെ ബദാമിബാഗിലുള്ള ആർമി കോർപ്‌സ് ഹെഡ്ക്വാർട്ടേഴ്‌സ് ആക്രമിച്ചതിൽപിന്നെ ഇത് പലതവണ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെ ഉറിയിൽ അരങ്ങേറിയത് ഫിദായീൻ ചാവേറുകളുടെ പതിനൊന്നാം ഭീകരാക്രമണമാണ്.

പത്താൻ കോട്ടിലെ എയർഫോഴ്‌സ് ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തിനുശേഷം ഉറിയിലെ തന്ത്രപ്രധാനമേഖലയിൽ ഏറ്റവും സുരക്ഷിതമെന്ന് ഇന്ത്യ കരുതുന്ന സൈനിക ക്യാമ്പിൽ, മേഖലയിൽ ഏറ്റവുമധികം സൈനിക സാന്നിധ്യമുള്ളിടത്ത് ഫിദായീൻ ആക്രമണം നടത്തിയത് രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ലഷ്‌കർ ഇ തൊയ്ബയുടെ സഹകരണത്തോടെ പാക്കിസ്ഥാൻ സൈന്യംതന്നെ നേരിട്ട് പരിശീലനം നൽകുന്ന ഈ ഭീകരർ തന്നെയായിരുന്നു നമ്മുടെ പാർലമെന്റ് മന്ദിരവും ജമ്മു അസംബഌ മന്ദിരവും ആക്രമിച്ചതും മുംബൈ ഭീകരാക്രമണത്തിനായി കടൽകടന്നെത്തിയതും. ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തിലും ആക്രമണം നടത്തിയതും ഈ ഭീകരസംഘം തന്നെ. കഠിനമായ പരിശീലനമുറകളിലൂടെയാണ് ഫിദായീൻ അംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ വളരെ വേഗം കനത്ത നാശം വിതയ്ക്കാനും മരിച്ചുവീഴും മുമ്പ് കൂടുതൽപേരെ കൊന്നൊടുക്കാനുമാണ് ഇവർക്ക് നിർദ്ദേശം നൽകുന്നത്.

ഒരു കാരണവശാലും പിടിയിലാകരുതെന്നും ഇവരെ ബോധവൽകരിക്കുന്നു. ആത്മഹത്യാ സ്‌ക്വാഡായി എത്തുന്ന സംഘങ്ങൾക്ക് കൂടുതൽ ആയുധം കൈവശംവയ്ക്കാനും കൂടുതൽ നേരം ആഹാരമോ വെള്ളമോ കൂടാതെ കഴിയാനും പ്രത്യേകം പരിശീലനം നൽകാറുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ആർമി താവളങ്ങൾ, ബിഎസ്എഫ് താവളങ്ങൾ, സേനാ കമാൻഡുകൾ, സേനാ വ്യൂഹങ്ങൾ, ഹിന്ദു ക്ഷേത്രങ്ങൾ എന്നിവയാണ് മിക്കപ്പോഴും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

1999 നവംബർ 3: ബദാമിബാഗ് ആക്രമണം
ബദാമിബാഗിലെ ആർമി കോർപ്‌സിന്റെ ഹെഡ്ക്വാർട്ടേഴ്‌സ് ആക്രമണത്തിന് ഫിദായീൻ സംഘമെത്തുന്നു. സേനയിൽ ശക്തനായിരുന്ന മേജർ പ്രമോദ് പുരുഷോത്തമം കൊല്ലപ്പെടുന്നത് ഈ ആക്രമണത്തിലാണ്. രാജ്യത്താദ്യമായി ഫിയാദീൻ ആക്രമണത്തിൽ ഒരു സീനിയർ ഓഫീസർ കൊല്ലപ്പെടുന്നതും അപ്പോഴാണ്. തന്നെ കാണാൻ മൂന്ന് പത്രലേഖകർ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മേജർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഉണ്ടായ മറ്റൊരു ആക്രമണത്തിൽ ബന്ദിപൂര മേഖലയിൽ ബിഎസ്എഫ് ക്യാമ്പ് ആക്രമിക്കപ്പെടുകയും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

2001 ഫെബ്രുവരി 9: പൊലീസ് കൺട്രോൾ റൂം

ശ്രീനഗറിന് സമീപം ബത്മാലൂവിലെ പൊലീസ് കൺട്രോൾ റൂം ആക്രമിക്കപ്പെടുന്നു. ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യമായി പൊലീസിനുനേരെ ഭീകരാക്രമണം ഉണ്ടാകുന്നത് അന്നാണ്. ഒരു സേനയെയും വെറുതെവിടില്ലെന്ന സന്ദേശം നൽകുകയായിരുന്നു ഭീകരരുടെ ഉന്നം.

2001 സെപ്റ്റംബർ 17: എസ്ഓജി ക്യാമ്പ്

അമേരിക്കയിലെ സെപ്റ്റംബർ 11ന്റെ ഭീകരാക്രമണം നടന്നതിനു ശേഷം രാജ്യം അതീവ ജാഗ്രത പുലർത്തിയിരുന്ന വേളയിലാണ് ജമ്മു പൊലീസിന്റെ കുപ്‌വാരയിലെ എലൈറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിനു നേരെ ഫിദായീൻ ആക്രമണം ഉണ്ടായത്. വടക്കൻ കുപ് വാര മേഖലയിലെ ഹന്ദ്വാരയിൽ ഉണ്ടായിരുന്ന എസ്ഓജി ക്യാമ്പ് ഗ്രനേഡുകളുപയോഗിച്ച് തകർക്കുകയും ഒമ്പതുപൊലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തു.

2001 ഒക്ടോബർ 1: ജമ്മു കാശ്മീർ അസംബ്‌ളി

എസ്ഓജി ക്യാമ്പ് ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ശ്രീനഗറിലെ ജമ്മു കാശ്മീർ അസംബഌ മന്ദിരം ആക്രമിക്കപ്പെട്ടു. അസംബഌ മന്ദിരവളപ്പിലേക്ക് മൂന്ന് ഫിദായീൻ ഭീകരർ എസ് യു വി ഓടിച്ചുകയറ്റുകയായിരുന്നു. 38 സിവിലിയന്മാരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

2001 ഡിസംബർ 13: ഡൽഹി പാർലമെന്റ് ആക്രമണം

ജമ്മു അസംബഌ മന്ദിരം ആക്രമിച്ചതിന്റെ നടുക്കം മാറുംമുമ്പായിരുന്നു രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലായി ഇന്ത്യ കരുതുന്ന പാർലമെന്റ് മന്ദിരംതന്നെ ആക്രമിക്കപ്പെട്ടത്. പാർലമെന്റ് വളപ്പിലേക്ക് സുരക്ഷാഭടന്മാരെ മറികടന്നെത്തിയ അഞ്ച് ഭീകരർ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. നാലു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാർലമെന്റിനകത്ത് കയറി എംപിമാരെ ബന്ദിയാക്കാനോ കൊലപ്പെടുത്താനോ ലക്ഷ്യമിട്ടെത്തിയ ഭീകരരെ അതിനുമുമ്പ് വെടിവച്ചുവീഴ്‌ത്താനായി. ഈ സംഭവത്തെ തുടർന്ന് ആറുമാസത്തോളം ഇന്ത്യ-പാക് അതിർത്തി അതീവ സംഘർഷാവസ്ഥയിലായി. യുദ്ധസമാനമായ അന്തരീക്ഷം ഉണ്ടായെങ്കിലും ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു.

2002 സെപ്റ്റംബർ 24: ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം

സൈനികകേന്ദ്രങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും വിട്ട് ക്ഷേത്രങ്ങളിലേക്ക് ഫിദായീൻ അക്രമങ്ങൾ നീങ്ങുന്നത് അക്ഷർധാം ക്ഷേത്രത്തെ ആക്രമിച്ചതോടെയാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലെ ക്ഷേത്രത്തിലെ ആക്രമണത്തിന് രണ്ട് ഫിദായീൻ ചാവേറുകളാണെത്തിയത്. തുരുതുരാ വെടിവച്ച ഇവരുടെ ആക്രമണത്തിൽ 33 തീർത്ഥാടകർ കൊല്ലപ്പെട്ടു. പാക് ഭീകരർക്ക് സഹായം ചെയ്തുകൊടുത്തെന്ന കുറ്റത്തിന് അക്ഷർധാം ആക്രമണവുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യക്കാരും അറസ്റ്റിലായി. പക്ഷേ, ഇവരെ സുപ്രീംകോടതി പിന്നീട് കുറ്റവിമുക്തരാക്കി.

2002 മാർച്ച് 30: ജമ്മുവിലെ രഘുനാഥ് ക്ഷേത്രം

ജമ്മുവിലെ പ്രസിദ്ധമായ രഘുനാഥ ക്ഷേത്രം ആക്രമിച്ച ഭീകരർ 11 പേരെ വധിച്ചു. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അതേവർഷം നവംബറിൽ ഇവിടെത്തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ 14 തീർത്ഥാടകർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2008 നവംബർ 26: മുംബൈ ഭീകരാക്രമണം

കടൽകടന്നെത്തി രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയെ വിറപ്പിച്ച ഫിദായീൻ ഭീകരർ ദിവസങ്ങളോളമാണ് ഇന്ത്യൻ പ്രതിരോധത്തിനു മുന്നിൽ പിടിച്ചുനിന്നത്. കടൽമാർഗം വന്നിറങ്ങി ഛത്രപതി ശിവജി ടെർമിനസിലെത്തിയ ഭീകരർ കണ്ണിൽകണ്ടവരെ എല്ലാം തുരുതുരാ നിറയൊഴിച്ച് കൊന്നുവീഴ്‌ത്തുകയും നഗരത്തിലെ പ്രധാന ഹോട്ടലുകളായ താജിലും ഒബ്‌റോയിയിലും കയറി നിലയുറപ്പിക്കുകയും ചെയ്തു. ഒമ്പത് ഫിദായീൻ ചാവേറുകൾ ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ കൊല്ലപ്പെട്ടു.

അജ്മൽ കസബ് എന്ന ഭീകരനെ ജീവനോടെ പിടിക്കാനായതോടെ ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം തുറന്നുകാട്ടാൻ ഇന്ത്യക്കായി. കുറ്റവിചാരണകൾക്കു ശേഷം 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി. ആക്രമണത്തിന്റെ ആസൂത്രകരായ ലഷ്‌കർ സ്ഥാപക നേതാവ് മുഹമ്മദ് സയീദിനെയും അനുയായി സക്കി ഉർ റഹ്മാനെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ വിട്ടുനൽകിയില്ല. നാലുദിവസം നീണ്ട പോരാട്ടത്തിലും കനത്ത വെടിവയ്പിലും ഗ്രനേഡ് ആക്രമണങ്ങളിലുമായി നിരവധി സുരക്ഷാ ഭടന്മാർ ഉൾപ്പെടെ 164 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ സേനയുടെ കമാൻഡോ ഓപ്പറേഷനിലൂടെയാണ് എല്ലാ ഭീകരരേയും കൊലപ്പെടുത്തിയത്.

2015 ജൂലായ് 28: പഞ്ചാബിലെ ഗുർദാസ്പുർ ആക്രമണം

കഴിഞ്ഞവർഷമാണ് പഞ്ചാബ് വഴിയുള്ള നുഴഞ്ഞുകയറ്റിന് ഏറെക്കാലത്തിനുശേഷം ഫിദായീൻ ഭീകരർ തുടക്കമിടുന്നത്. അതുവരെ കാശ്മീരും ഗുജറാത്തും മഹാരാഷ്ട്രയും ലക്ഷ്യമിട്ട ഭീകരർ ആദ്യമായി പഞ്ചാബിലേക്ക് വന്നെത്തി. ഗുർദാസ്പൂരിലെ പൊലീസ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്. 12 മണിക്കൂറോളം ഭീകരരും സേനയും തമ്മിൽ പോരാട്ടം നീണ്ടുനിന്നു. മൂന്ന് സിവിലിയൻസും നാലു പൊലീസുകാരും കൊല്ലപ്പെട്ടു.

2016 ജനുവരി 2: പത്താൻകോട്ട് എയർ ബെയ്‌സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന ദൗത്യവുമായി ലാഹോറിൽ എത്തിയതിനു പിന്നാലെയാണ് ഒരാഴ്ച പിന്നിടുംമുമ്പ് പത്താൻകോട്ടിലെ വ്യോമസേനാ താവളത്തിലേക്ക് ഫിദായീൻ ഭീകരർ കടന്നുകയറിയത്. ഇന്ത്യൻ ആർമിയുടെ യൂണിഫോം അണിഞ്ഞെത്തിയ ആറ് ഭീകരരെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞത് 96 മണിക്കൂർ നേരത്തെ പോരാട്ടത്തിന് ശേഷമാണ്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ താവളത്തിൽ ഭീകരർ കൂടുതൽ നാശം വരുത്തിയിരുന്നെങ്കിൽ അത് രാജ്യത്തിന് വലിയ തിരിച്ചടിയാകുമായിരുന്നു. ഏഴ് സുരക്ഷാ ഭടന്മാർക്ക് ഭീകരരെ നേരിടുന്നതിനിടെ ജീവൻ നഷ്ടമായി.

2016 സെപ്റ്റംബർ 18 - ഉറി സൈനിക ക്യാമ്പ്

ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ നിയന്ത്രണ രേഖയ്ക്കടുത്ത്, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഉറി സൈനിക ക്യാമ്പിനുനേരെയാണ് ഇന്ന് ആക്രമണം നടന്നത്. 17 പേർ കൊല്ലപ്പെട്ടതായും നിരവിധി സൈനികർക്ക് പരിക്കേറ്റതായുമാണ് ആദ്യ റി്‌പ്പോർട്ടുകൾ. അതിർത്തിയോട് ചേർന്നുകിടക്കുന്നതിനാലും ശ്രീനഗർ-മുസാഫിറാബാദ് ഹൈവേയ്ക്ക് സമീപത്തായതിനാലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുള്ള ഇന്ത്യൻ ക്യാമ്പിൽ ഭീകരർ കടന്നുകയറി ആക്രമണം നടത്തിയത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കടന്നുകയറിയ ഭീകരർ ഗ്രനേഡുകളെറിഞ്ഞും വെടിവച്ചും ടെന്റുകൾ കത്തിച്ചും രാവിലെ സൈനികർ ഡ്യൂട്ടി മാറുന്ന സമയം നോക്കിയാണ് ആക്രമണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP