Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

വെറും പത്തുമിനിട്ട് കൊണ്ട് 1650 റൗണ്ട് വെടിവെയ്‌പ്പ്! അമൃതസറിലെ ജാലിയൻവാലാബാഗ് മൈതാനം നിരപരാധികളുടെ രക്തത്തിൽ നനഞ്ഞ ഓർമ്മകൾക്ക് 100 വയസ്; സ്വാതന്ത്ര്യസമര ചരിത്രത്തിൽ രക്തം കൊണ്ട് രചിച്ച അധ്യായം തുറക്കുമ്പോൾ ഇപ്പോഴും നില കൊള്ളുന്നത് കണ്ണു നിറയ്ക്കുന്ന ഓർമ്മകളുടെ ബാക്കി; സംഭവത്തിൽ ഖേദിക്കുന്നുവെന്ന് ബ്രിട്ടൻ അറിയിച്ചുവെങ്കിലും ഇന്ത്യയ്ക്കത് ഉണങ്ങാത്ത മുറിപ്പാട്

വെറും പത്തുമിനിട്ട് കൊണ്ട് 1650 റൗണ്ട് വെടിവെയ്‌പ്പ്! അമൃതസറിലെ ജാലിയൻവാലാബാഗ് മൈതാനം നിരപരാധികളുടെ രക്തത്തിൽ നനഞ്ഞ ഓർമ്മകൾക്ക് 100 വയസ്; സ്വാതന്ത്ര്യസമര ചരിത്രത്തിൽ രക്തം കൊണ്ട് രചിച്ച അധ്യായം തുറക്കുമ്പോൾ ഇപ്പോഴും നില കൊള്ളുന്നത് കണ്ണു നിറയ്ക്കുന്ന ഓർമ്മകളുടെ ബാക്കി; സംഭവത്തിൽ ഖേദിക്കുന്നുവെന്ന് ബ്രിട്ടൻ അറിയിച്ചുവെങ്കിലും ഇന്ത്യയ്ക്കത് ഉണങ്ങാത്ത മുറിപ്പാട്

മറുനാടൻ ഡെസ്‌ക്‌

അമൃതസർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഉണങ്ങാത്ത മുറിപ്പാടായി കിടക്കുന്നയൊന്നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടിഷ് ഭരണം നിലനിന്നിരുന്ന കാലത്ത് അവർ ഇന്ത്യയിൽ നടത്തിയ കൊടും ക്രൂരതകളിൽ ആദ്യം ഓർമ്മ വരുന്ന സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13ന് നടന്ന സംഭവം അതിന്റെ നൂറാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചുവെന്ന വാർത്ത നാമേവരും കഴിഞ്ഞ ദിവസം അറിഞ്ഞിരുന്നു. എന്നാൽ ചരിത്ര താളുകൾ മറിച്ച് നോക്കിയാൽ വെറമൊരും ഖേദപ്രകടനം കൊണ്ട് മാത്രം ക്ഷമിക്കാവുന്ന ഒന്നാണോ അന്നുണ്ടായതെന്ന് നമുക്ക് സംശയം തോന്നാം.

വെറും പത്തു മിനിട്ടിനകം 1650 റൗണ്ട് വെടിവയ്‌പ്പിലൂടെ നൂറുകണക്കിന്് ആളുകളുടെ രക്തം കൊണ്ട് നനഞ്ഞ ജാലിയൻവാലാബാഗ് മൈതാനം ഇന്നും ആ കൂട്ടക്കുരുതിയുടെ നീറുന്ന ഓർമ്മകൾ പേരുന്ന് സ്മാരകമായി നില കൊള്ളുന്നുണ്ട്. കുരുന്നുകളുടേയും സ്ത്രീകളുടേയുമടക്കം മൃതദ്ദേഹം കൊണ്ട് നിറഞ്ഞ മൈതാനത്തെ പറ്റി നമുക്ക് ചിന്തിച്ച് നോക്കാൻ പോലുമാവില്ല. അങ്ങനെയെങ്കിൽ അന്ന് രാജ്യം എങ്ങനെ ആ നീറുന്ന സംഭവത്തിന് സാക്ഷിയായി എന്നും നാമിപ്പോൾ ചിന്തിക്കണം. പഞ്ചാബടക്കം ഇന്ത്യയിൽ എല്ലായിടത്തും അനിയന്ത്രിതമായ ഭരണ പരിഷ്‌കാരങ്ങൾ വരുത്തിയിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിന്റെ ബാക്കി പത്രങ്ങളായിരുന്നു അന്ന് ജാലിയൻവാലാബാഗ് മൈതാനത്ത് നിറഞ്ഞ മൃതദ്ദേഹങ്ങൾ.

രാജ്യത്ത് റൗളത്ത് നിയമം നടപ്പാക്കിയതാണ് കൂട്ടക്കുരുതിയിലേക്ക് നടക്കാൻ കാരണമായത്. അന്ന് കണ്ണിൽ കാണുന്ന ആരേയും തടവിലാക്കാമെന്ന ബ്രിട്ടീഷ് നിയമത്തിനെതിരെ പോരാടിയ ഡോ. സത്യപാലിനേയും ഡോ. സൈഫ്ദ്ദീൻ കിച്ച്ലുവിനേയും അറസ്റ്റ് ചെയ്തതിനെതിരെ യോഗം നടന്നതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത് തന്നെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഈ സമയത്താണ് ബ്രിട്ടുകാരുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന നയം സമൂഹത്തിൽ ശ്കതിയാർജ്ജിച്ച് വന്നിരുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ച ബിട്ടീഷുകാർക്കെതിരേ പേരാടാൻ മുസ്ലിംകളെയും ഗാന്ധിജി ഭാഗമാക്കിയത് ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായവരും പഞ്ചാബിൽ കൈകോർത്തു.

ദേശീയപ്രസ്ഥാനത്തിൽ എല്ലാവരെയും അണിനിരത്താനുള്ള ആഹ്വാനത്തിന് അവിടെയും അലയൊലിയുണ്ടായി. ഇതിന്റെ പേരിൽ ഗാന്ധിജിക്കു പഞ്ചാബിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. അടുത്ത ദിവസങ്ങളിലായുണ്ടായ സംഘർഷങ്ങളിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. അഞ്ചു യുറോപ്യന്മാരും മരിച്ചു. ഇതോടെ സൈന്യത്തെയും സർക്കാരിനെയും നിയന്ത്രിക്കുന്നവരുടെ സമനിലതെറ്റി. ഒരു മിഷണറി സ്ത്രീയെ ജനം ആക്രമിച്ചതോടെ സമരക്കാരെ അടിച്ചമർത്താൻ തീരുമാനമുണ്ടായി.

ഇതേത്തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമൃത്സർ നഗരത്തിൽ നാലു പേരിൽ കൂടുതൽ സംഘടിക്കരുതെന്നു മുന്നറിയിപ്പായി. പക്ഷേ ഇതൊന്നുമറിയാതെ സിഖുകാരുടെ ഏറ്റവും വലിയ ഉത്സവമായ വൈശാഖി ആഘോഷിക്കാൻ കൈനിറയെ പണവുമായി ഗ്രാമീണരെത്തി. അവരും സമരക്കാരും മൈതാനിയിൽ തമ്പടിച്ചു. അയ്യായിരം മുതൽ 20,000 വരെ ആളുകളുണ്ടായിരുന്നെന്നാണു കണക്ക്.  നിരോധനാജ്ഞ നില നിൽക്കുന്നുണ്ടെന്നറിയാതെ എല്ലാ കൊല്ലവുമെന്നപോലെ അന്നു കാലത്തുമുതൽ നൂറുകണക്കിനു ഗ്രാമീണർ ഒറ്റയ്ക്കും ചെറുസംഘങ്ങളായും അമൃത്‌സറിലേക്കു കാളവണ്ടികളിലും കാൽനടയായുമൊക്കെ എത്തി. ഗ്രാമീണർ നഗരവീഥികളിലൂടെ നടന്നുപോകുന്നതു കണ്ടപ്പോൾ നിരോധനാജ്ഞ പിൻവലിച്ചുവെന്നു കരുതി നഗരവാസികളും പുറത്തിറങ്ങിത്തുടങ്ങി. വൈശാഖി ദിനത്തിൽ നിരോധനാജ്ഞ പോലോരു കടുംപിടുത്തതിന് ബ്രിട്ടീഷ് ഭരണകൂടം കൂട്ടു നിൽക്കില്ലെന്നും ജനങ്ങൾ വിശ്വസിച്ചു.

നഗരത്തിലെ ഏക തുറസ്സായ സ്ഥലമായ ജാലിയൻവാലാബാഗിൽ അത്തരത്തിലുള്ള ആളുകളാണ് എത്തിയത്. ജനക്കൂട്ടം കണ്ടപ്പോൾ നഗരവാസികളായ പ്രതിഷേധ നേതാക്കളിൽ ചിലർ അവരെ അഭിസംബോധന ചെയ്യാൻ തുടങ്ങി. ജനം കൂടുമെന്നറിഞ്ഞ ഡയർ 90 പടയാളികളുമായി മൈതാനത്തിലേക്കുള്ള ഇടുങ്ങിയ തെരുവിലൂടെ മാർച്ച് ചെയ്‌തെത്തി. നിയമാനുസൃതമല്ലാത്ത യോഗങ്ങൾക്കെതിരെ ബലംരപയോഗിക്കുന്നതിനു മുൻപു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ടു നൽകുന്ന മുന്നറിയിപ്പുപോലും നൽകാതെ ഫയർ എന്നാണ് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ആഞ്ജാപിച്ചത്. ഓർഡർ വന്നതിന് പിന്നാലെ സൈന്യം തലങ്ങും വിലങ്ങും വെടിവയ്ക്കുകയും ചെയ്തു. ഏഴ് ഏക്കറിലധികം വരുന്ന മൈതാനിക്ക് അഞ്ചു കവാടമാണ് ഉണ്ടായിരുന്നത്.

ഇതിലൂടെ രക്ഷപെടാൻ ഉന്തു തള്ളുമായി ജനക്കൂട്ടും ഓടുമ്പോഴും പിന്നിൽ നിന്നും ചീറിപ്പാഞ്ഞ് വന്ന വെടിയുണ്ടകൾ ആളുകളുടെ ജീവനെടുത്തുകൊണ്ടിരുന്നു. എത്ര പേർ മരിച്ചെന്നോ രക്ഷിക്കണേ എന്ന് ഏതെങ്കിലും ജീവൻ അപേക്ഷിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ ഡയറും സംഘവും നടപടി കഴിഞ്ഞ് തിരിഞ്ഞ് പോവുകയായിരുന്നു. സംഭവം നൂറാം വാർഷികത്തിലേക്ക് കടക്കുമ്പോളും എത്ര പേരാണ് മരിച്ചതെന്ന് കൃത്യമായ കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. കോളനി രേഖകൾപ്രകാരം 400 പേർ കൊല്ലപ്പെട്ടു. സേവാസമിതുടെ കണക്കനുസരിച്ച് 379 പേരാണു മരിച്ചത്. എന്നാൽ, 1,600 പേർ മരിച്ചെന്നും ആയിരം പേർക്കു വെടിവയ്പിൽ പരുക്കേറ്റെന്നുമാണു കോൺഗ്രസ് അന്നു പുറത്തുവിട്ട കണക്ക്.

മരിച്ചവരുടെ കണക്കെടുക്കാത്തതിനു ഡയറെ ദ് ഹണ്ട് കമ്മിഷൻ വിമർശിച്ചിരുന്നു. ബ്രിട്ടിഷ് മേൽക്കോയ്മ സംരക്ഷിക്കാൻ നടത്തിയ ക്രൂരതയുടെ പേരിൽ സൈനികമേധാവി പിന്നീട് 'ഹീറോ'യായി. പ്രഭുസഭ അദ്ദേഹത്തെ പ്രകീർത്തിച്ചു. പക്ഷേ, ഹൗസ് ഓഫ് കോമൺസ് നിഷ്‌കരുണം തള്ളിപ്പറഞ്ഞു. ഡയറിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് ഇന്ത്യയിൽ മേലിൽ നിയമിക്കരുതെന്നു തീരുമാനിക്കുകയും ചെയ്തു.കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബിട്ടീഷ് സർ പദവി രവീന്ദ്ര നാഥ് ടാഗോർ നിരസിച്ചിരുന്നു. തനിക്കു പുരസ്‌കാരം നൽകാൻ ഇത്തരം കൊലയാളികൾ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഈ കൂട്ടക്കൊലയാണ് 1920 മുതൽ 22 വരെ നിസഹരണ പ്രസ്ഥാനത്തിനു ഗാന്ധിജിയെ പ്രേരിപ്പിച്ചത്. അരുംകൊലയെ ന്യായീകരിച്ച പഞ്ചാബിലെ മുൻ ലെഫ്റ്റ്‌നന്റ് ഗവർണർ മൈക്കൽ ഒഡയറിനെ 21 വർഷത്തിനുശേഷം ബ്രിട്ടനിൽ വച്ചു ഉധംസിങ് എന്ന ദേശസ്‌നേഹി വെടിവച്ചുകൊന്നു. ദുരന്തസ്ഥലത്തുനിന്നു രക്ഷപ്പെട്ട അദ്ദേഹത്തെ പിന്നീട് തൂക്കിലേറ്റി. സംഭവത്തിന് ശേഷം ആഴ്ചകളോളം പഞ്ചാബിൽ നിരോധനാജ്ഞ തുടർന്നിരുന്നു. പ്രതിഷേധിച്ച നേതാക്കളെയെല്ലാം പട്ടാള നിയമപ്രകാരമുള്ള പ്രത്യേക കോടതികളിൽ വിചാരണ ചെയ്തുതുടങ്ങി. ഇതോടെ ഇന്ത്യ മുഴുവൻ ഇളകിത്തുടങ്ങി, രാജ്യമാസകലം പ്രതിഷേധപ്രകടനങ്ങളും ചിലയിടങ്ങളിൽ അക്രമവും. റിപ്പോർട്ടുകൾ ലണ്ടനിലുമെത്തി. ബ്രിട്ടിഷുകാരിൽ പലരും ഡയറുടെ നടപടിയെ വിമർശിച്ചു കടുത്ത സാമ്രാജ്യവാദിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ പോലും.

കൊല്ലപ്പെട്ടവരുടെ മൃതദ്ദേഹം കൂട്ടത്തോടെ സംസ്‌കരിച്ച കിണർ

പട്ടാളനിയമം ലംഘിച്ചവരെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതികൾ റദ്ദാക്കാൻ പ്രധാനമന്ത്രി ലോയ്ഡ് ജോർജിന്റെ ഭരണകൂടം ഒരു രാജവിളംബരത്തിലൂടെ വൈസ്രോയ് ചെംസ്ഫഡിനോട് ആജ്ഞാപിച്ചു. ചെംസ്ഫഡിന്റെ എതിർപ്പു മറികടന്ന് ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിൽ അഞ്ചു ബ്രിട്ടിഷുകാരും രണ്ട് ഇന്ത്യക്കാരും അടങ്ങിയ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡയറുടെ നടപടി വിമർശിക്കപ്പെട്ടു. ഡയറെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി. സൈന്യത്തിൽ നിന്നു വിരമിച്ച ഡയർ പിന്നീടു പക്ഷാഘാതം വന്നു മരിച്ചു. ജാലിയൻ വാലാ ബാഗ് ദുരന്തം കറുത്തപാടാണെന്നും ഖേദിക്കുന്നതായും കഴിഞ്ഞദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ വ്യക്തമാക്കി. എന്നാൽ, എന്നാൽ, മുറിവുണക്കാൻ ബ്രിട്ടൻ മാപ്പുപറയണമെന്നാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആവശ്യം.

ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൺ

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പാർലമെന്റിൽ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യ ബ്രിട്ടിഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്നു തെരേസ മേ പറഞ്ഞു. 1997ൽ ജാലിയൻവാലാബാഗ് സന്ദർശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയൻവാലാബാഗ് കൂട്ടക്കൊല 1919 ഏപ്രിൽ 13 നാണ് നടന്നത്.

സംഭവത്തിന്റെ നൂറാം വാർഷികം ആചരിക്കാൻ ഒരുങ്ങവെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം. 2013ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ജാലിയൻവാലാബാഗ് കൂട്ടക്കൊല നാണംകെട്ട സംഭവമെന്നു വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. അതേസമയം, പൂർണഖേദ പ്രകടനം നടത്താൻ പ്രധാനമന്ത്രി തയാറാവണമെന്നു പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP