Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദീപാവലി അവധി അടിച്ചുപൊളിക്കാൻ നാട്ടിലേക്ക് തിരിക്കുന്ന മലയാളികളെ വലച്ചുകൊണ്ട് കെഎസ്ആർടിസി സ്‌കാനിയകൾ കട്ടപ്പുറത്തേക്ക്; ഏറ്റവുമധികം ബാധിക്കുക ബെംഗളൂരു മലയാളികളെ; ഇതുവരെ മുടങ്ങിയത് 10 സർവീസുകൾ; ബസുകൾ മുംബൈ കമ്പനി ടെസ്റ്റിന് കയറ്റുന്നതിനാൽ മുടങ്ങിയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നുണ്ടെങ്കിലും വാടക നൽകാത്തതാണ് കാരണമെന്ന് സൂചന; നാല് കോടിയോളം വാടക കുടിശികയായിട്ടും കുലുക്കമില്ലാതെ ബോസുമാർ

ദീപാവലി അവധി അടിച്ചുപൊളിക്കാൻ നാട്ടിലേക്ക് തിരിക്കുന്ന മലയാളികളെ വലച്ചുകൊണ്ട് കെഎസ്ആർടിസി സ്‌കാനിയകൾ കട്ടപ്പുറത്തേക്ക്; ഏറ്റവുമധികം ബാധിക്കുക ബെംഗളൂരു മലയാളികളെ; ഇതുവരെ മുടങ്ങിയത് 10 സർവീസുകൾ; ബസുകൾ മുംബൈ കമ്പനി ടെസ്റ്റിന് കയറ്റുന്നതിനാൽ മുടങ്ങിയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നുണ്ടെങ്കിലും വാടക നൽകാത്തതാണ് കാരണമെന്ന് സൂചന; നാല് കോടിയോളം വാടക കുടിശികയായിട്ടും കുലുക്കമില്ലാതെ ബോസുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദീപാവലി തിരക്കിനിടെ, അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന സ്‌കാനിയ ബസുകളും കട്ടപ്പുറത്തേക്ക്. കരാർ കമ്പനിക്ക് വാടക മുടങ്ങിയതോടെയാണ് സ്‌കാനിയയും കട്ടപ്പുറത്താവുന്നത്. നാല് കോടിയോളം രൂപയാണ് മുംബൈ ആസ്ഥാനമായ മഹാവോയേജ് കമ്പനിക്ക് വാടകയിനത്തിൽ കുടിശ്ശികയുള്ളത്. ഇത് അടച്ചുതീർക്കാതെ ഇനി വണ്ടി ഓടിക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഇതിനെ ചൊല്ലി കമ്പനി പ്രതിനിധികളും കോർപറേഷൻ അധികൃതരും തമ്മിൽ തർക്കമുണ്ടായതോടെ, കാര്യങ്ങൾ വഷളായി.

ഇന്നലെയും ഇന്നുമായി അഞ്ച് വീതം സ്‌കാനിയകൾ മുടങ്ങിയിരിക്കുകയാണ്. 10 സ്‌കാനിയകൾ മുടങ്ങിയിട്ടും, കോർപറേഷൻ ബോസുമാർക്ക് കുലുക്കമില്ല. യാത്രക്കാർ ബുദ്ധിമുട്ടിയാലെന്ത്..അവർ വേണമെങ്കിൽ സ്വകാര്യ സർവീസുകളെ ആശ്രയിക്കട്ടെ..ഇതാണ് മനോഭാവം. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതിനാണ് മഹാ വോയേജ് കമ്പനിയിൽ നിന്നും സ്‌കാനിയ ബസുകൾ വാടകയ്ക്ക് എടുത്തത്. ഒരു മാസത്തേക്ക് വണ്ടികൾ അറ്റകുറ്റപ്പണിക്കായി പിടിച്ചിടുന്നുവെന്ന് കമ്പനി കത്തിലൂടെ അറിയിച്ചതായാണ് മാനേജ്‌മെന്റ് വിശദീകരണം. എന്നാൽ ദീപാവലി പോലൊരു ഉത്സവസീസണിൽ കമ്പനി ഇങ്ങനെയൊരു തീരുമാനം എടുത്തതാണ് ചോദ്യങ്ങൾ ഉയർത്തിയത്.

ബെംഗളൂരു മലയാളികളെയാണ് സ്‌കാനിയ ബസ് മുടക്കം ഏറ്റവുമധികം വലച്ചത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വാടക സ്‌കാനിയ ബസുകൾ ഇന്നു മുതൽ സർവീസ് നടത്തുന്നില്ല. ബസുകൾ ടെസ്റ്റിനു കയറ്റുന്നതിനാൽ താൽകാലികമായി സർവീസുകൾ റദ്ദാക്കിയെന്നാണ് അധികൃതർ വിശദീകരിച്ചത്. ഒരുമാസത്തേക്ക് 10 ബസുകൾ ദീപാവലി തിരക്കേറെയുള്ള 25നു മാത്രം കർണാടക ആർടിസി ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് 12 അധിക സർവീസുകളും പ്രഖ്യാപിച്ചിരിക്കെയാണ്, കേരള ആർടിസി നിലവിലെ ഷെഡ്യൂളുകൾ കൂടി റദ്ദാക്കിയത്.

കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം റൂട്ടുകളിലായി സ്‌കാനിയയുടെ 6 വാടക ബസുകളാണ് ബെംഗളൂരുവിൽ നിന്നുള്ളത്. ഇവയിലൊരെണ്ണം അപകടത്തിൽപ്പെട്ടതിനാൽ നിലവിൽ സർവീസ് നടത്തുന്നത് അഞ്ചെണ്ണമാണ്. 48 പേർക്കു യാത്ര ചെയ്യാവുന്ന ബസിൽ തിരക്കേറിയ ദിവസത്തെ വരുമാനം 65000-70000 രൂപയാണ്. യാത്രക്കാരുടെ ദുരിതത്തിനു പുറമെ, സർവീസുകൾ റദ്ദാക്കുന്നതിലൂടെ കെഎസ്ആർടിസിക്കു ദിവസേന ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടവും ഉണ്ടാകും.

പത്തനംതിട്ട സ്‌കാനിയകളിൽ ഒരെണ്ണം മാർച്ച് 30നു കോയമ്പത്തൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. 7 മാസം കഴിഞ്ഞിട്ടും ഇതിനു പകരം ബസ് ഇറക്കിയിട്ടില്ല. അതിനാൽ ഒന്നിടവിട്ട ദിവസമേ പത്തനംതിട്ടയിലേക്കു എസി സർവീസുള്ളു. ഇന്നു മുതൽ ഇതും നിലയ്ക്കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ശേഷിച്ച എസി സർവീസുകൾക്കു കെഎസ്ആർടിസി സ്വന്തം ബസുകൾ ഉപയോഗിക്കുന്നതിനാൽ ഇവ മുടങ്ങില്ല.

സന്തം നിലയ്ക്ക് ബസുകൾ ഓടിക്കുന്നതിനേക്കാൾ നഷ്ടം കുറവാണ് വാടക ബസുകളെന്ന് മാനേജ്‌മെന്റ് സർക്കാരിന് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. വാടക സ്‌കാനിയകൾ വൻനഷ്ടം ഉണ്ടാക്കുന്നുവെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. കെഎസ്ആർടിസി സ്വന്തം നിലയ്ക്ക് സ്‌കാനിയ ബസുകൾ ഓടിക്കുന്നതിനേക്കാൾ നഷ്ടം കുറവാണ് വാടകബസുകളെന്ന് മാനേജ്‌മെന്റ് പറയുന്നു. ഇന്ധനം കെഎസ്ആർടിസി നിറയ്ക്കണം. ഒരു കിലോമീറ്റർ ഓടുന്നതിന് 23.30 രൂപ സ്വകാര്യ കമ്പനിക്ക് നൽകണം. അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, നികുതി ഇവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമാണ്.അതായത് സ്വന്തം ബസുകൾ ഒരു കിലോമീറ്റർ ഓപ്പറേറ്റ് ചെയ്യാൻ ജീവനക്കാരുടെ വേതനവും ഇന്ധനചെലവും ബസിന്റെ അറ്റകുറ്റപ്പണിയും അടക്കം 72.12 രൂപ ചെലവാക്കേണ്ടി വരുമ്പോൾ 61.26 പൈസയേ വാടക ബസുകൾക്ക് ആകുന്നുള്ളു. അതായത് ഷെഡ്യൂളൊന്നിന് പതിനൊന്ന് രൂപയുടെ ചെലവ് കുറവ്. മാത്രമല്ല വാടക ബസുകൾ വന്നതോടെ അപകടവും കുറഞ്ഞു. മാസം ചെറുതും വലുതുമായി പത്ത് അപകടങ്ങളെങ്കിലും ഉണ്ടായിരുന്നിടത്ത് വാടക സ്‌കാനിയയുടെ അപകടങ്ങൾ നന്നേ കുറവ്.

നികുതി അടയ്ക്കാത്തതിനെത്തുടർന്ന് അന്തർസംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ മൂന്നു സ്‌കാനിയ ബസുകൾ കഴിഞ്ഞ ഏപ്രിലിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ കമ്പനിയിൽനിന്ന് വാടകയ്‌ക്കെടുത്തതാണ് ബസുകൾ. പത്തു സ്‌കാനിയയും പത്തു ഇലക്ട്രിക് ബസുകളും ഇത്തരത്തിൽ വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഓരോ സ്‌കാനിയ ബസും ഒന്നരലക്ഷത്തിനു മുകളിൽ തുക നികുതിയായി നൽകാനുണ്ട്. നികുതി അടയ്ക്കണമെന്ന് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകൾ പിടിച്ചെടുത്തതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP