Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തർ അമീറിനെ ആശ്ലേഷണത്തോടെ വരവേറ്റ് സൗദി കിരീടാവകാശി; ഉച്ചകോടിയിൽ ഉരുകിയത് മേഖലയെ പിടിച്ചുലച്ച ശാത്രവം; ഖത്തർ ബന്ധം പഴയ പടിയിലേയ്ക്ക്

ഖത്തർ അമീറിനെ ആശ്ലേഷണത്തോടെ വരവേറ്റ് സൗദി കിരീടാവകാശി; ഉച്ചകോടിയിൽ ഉരുകിയത് മേഖലയെ പിടിച്ചുലച്ച ശാത്രവം; ഖത്തർ ബന്ധം പഴയ പടിയിലേയ്ക്ക്

അക്‌ബർ പൊന്നാനി

ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് അറ്റു പോയ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ബന്ധങ്ങൾ ഊഷ്മള സൗഹൃദത്തിന്റെ പഴയ പാതയിലേക്ക്. വടക്ക് പടിഞ്ഞാറൻ സൗദിയിലെ പൈതൃക, വിനോദ സഞ്ചാര കേന്ദ്രമായ അൽഉലയിൽ അരങ്ങേറുന്ന നാല്പത്തിയൊന്നാമത് ഗൾഫ് ഉച്ചകോടി മറ്റൊരു ചരിത്ര സംഭവത്തിന് വേദിയും സാക്ഷിയുമാവുകയാണ്. ലോകരാജ്യങ്ങളെ സംബന്ധിച്ച് പൊതുവിലും മേഖലയിലെ രാജ്യങ്ങളെ സംബന്ധിച്ച് പ്രത്യേകമായും സുഖകരമല്ലാത്ത അവസ്ഥ സൃഷ്ടിച്ച ഖത്തർ - സൗദി ഉടക്ക് ഒരു പഴയ ചരിത്രമാകുന്നതോടെ ലോകം തെല്ലൊന്നുമല്ല ആശ്വാസം കൊള്ളുന്നത്; ഒപ്പം മൂന്നാം ലോക രാജ്യങ്ങളിലെ പരകോടി ജനങ്ങളും.

ഉച്ചകോടിയിൽ പങ്കെടുക്കാനായി അൽഉലയിൽ വിമാനമിറങ്ങിയ ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയെ എതിരേറ്റത് ബഹിഷ്‌കരണ വിഷയത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായിരുന്നു. കൊറോണാ പ്രോട്ടോകോൾ വകവെക്കാതെ ഇരുവരും പരസ്പ്പരം ആശ്ലേഷിച്ചു. അതോടെ, ഉത്തമ സുഹൃത് സമൂഹങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിന്ന വേദനാജനകമായ ശാത്രവം ഉരുകിത്തീരുകയായിരുന്നു.

നാലാപത്തിയൊന്നാമത്മ ഗൾഫ് ഉച്ചകോടിയിലേയ്ക്ക് ഖത്തർ അമീറിനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരിട്ട് ക്ഷണിക്കുകയായിരുന്നു. ദിവസങ്ങൾക്കകം ഖത്തർ - സൗദി യാത്രാ നിരോധനം സൗദി അറേബ്യ എടുത്തു കളഞ്ഞു. തുടർന്ന്, മണിക്കൂറുകൾക്കകം ഖത്തർ ഭരണാധികാരി സൗദിയിൽ വിമാനമിറങ്ങി. മേഖലാ സൗഹൃദത്തിന്റെ സുലഭമല്ലാത്ത അനുഭവം.

2017 ലാണ് ഖത്തറുമായുള്ള നയതന്ത്ര, യാത്രാ, ഉഭയകക്ഷി ബന്ധങ്ങൾ സൗദി അറേബ്യ വിച്ഛേദിച്ചത്. തുടർന്ന്, യു എ ഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സൗദിയുടെ പാത പിന്തുടരുകയായിരുന്നു. ഭീകര വാദത്തോടുള്ള ഖത്തറിന്റെ സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു ഈ രാജ്യങ്ങൾ ഖത്തറുമായുള്ള സൗഹൃദം വേണ്ടെന്നു വെച്ചത്. മൂന്നര വർഷങ്ങൾക്ക് ശേഷം ആരും പ്രത്യേകിച്ചൊന്നും നേടാതെ തന്നെ ബഹിഷ്‌കരണം വേണ്ടെന്നു വെക്കുമ്പോൾ കഴിഞ്ഞ കാലത്തെ ഓർത്ത് എല്ലാവരും ഖിന്നരാവുമെന്ന് ഉറപ്പ്. അതോടൊപ്പം, ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യം പുനഃസ്ഥാപിക്കാൻ ആദ്യം തൊട്ടേ രംഗത്തുണ്ടായിരുന്ന അന്തരിച്ച കുവൈത് അമീർ ജാബിർ അൽസബാഹിന്റെ അഭാവം എല്ലാവരിലും സങ്കടം ജനിപ്പിക്കുകയുമാണ്.

അതേസമയം, മേഖല നേരിടുന്ന പ്രതിസന്ധികളെ ഗൾഫ് രാജ്യങ്ങൾ ഒറ്റകെട്ടായി നേരിടുമെന്ന ആഹ്വാനമായിരിക്കും ഉച്ചകോടിയിൽ നിന്ന് ഉണ്ടാവുക. ഇക്കാര്യം ഉച്ചകോടിയുടെ അധ്യക്ഷനായ സൽമാൻ രാജാവ് ഇതിനകം സൂചിപ്പിച്ചിരുന്നു. അമേരിക്കയും ഇസ്രായിലും ഒരു വശത്തും ഇറാൻ മറുവശത്തും നിന്ന് പ്രകോപനപരമായ നീക്കങ്ങൾ നടത്തുന്ന പുതിയ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണ്. ഇക്കാര്യം മുൻ നിർത്തി അമേരിക്കയും ഗൾഫിലെ ശത്രുത തീർക്കാൻ രംഗത്തുണ്ടായിരുന്നു.

കുവൈത് അമീർ നവാഫ് അൽഅഹ്മദ് അൽസബാഹ്, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആലുഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലുസഈദ്, യു എ ഇ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബിൻ റാഷിദ് എന്നിവരും ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാനായി അൽഉലയിലെത്തിയിട്ടുണ്ട്.ഇവർക്ക് പുറമെ, ഈജിപ്ത്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌റിയും സൗദിയിലെത്തിയിട്ടുണ്ട്.

യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന മധ്യപൗരസ്ത്യദേശത്തെ സംബന്ധിച്ചിടത്തോളം നിർണായക തീരുമാനങ്ങൾക്ക് ഗൾഫ് ഉച്ചകോടി വേദിയാകുമെനാണ് പ്രതീക്ഷിക്കപ്പെടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP