Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദിയിലേക്കുള്ള മടക്കം: ആശങ്കയൊഴിയാതെ പ്രവാസികൾ

മുഹമ്മദ് കല്ലിങ്ങൽ

ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തിയതിനാൽ അവധിക്കു നാട്ടിൽ പോയി കുടുങ്ങിയ പ്രവാസികൾ സൗദിയിലേക്ക് തിരിച്ചു വരാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നു. അടിയന്തിരാവശ്യങ്ങൾക്കു വേണ്ടി ഒരാഴ്ചത്തെ അവധിയിൽ പോയവരും ഏതാനും മാസത്തെ അവധിക്കു പോയവരും ഇങ്ങനെ കുടുങ്ങിയവരിൽ ഉണ്ട്.

ഇക്കഴിഞ്ഞ മാർച്ച് മുതലാണ് സൗദിയിലേക്ക് വിദേശ വിമാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കാരണത്താൽ സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിൽ ഒരു ജോലിയും ഇല്ലാതെ നിത്യ ജീവിതത്തിനു വരെ ബുദ്ധിമുട്ടുന്ന പ്രവാസികൾ ഉണ്ട്. പലരും ഉടനെ മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങിയാണ് നിത്യ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. ഈ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് പലരും പറയുന്നത്. നാട്ടിലുള്ള പലരുടെയും വിസ കാലാവധി കഴിയുമെന്ന ആശങ്കയും ഉണ്ട്. അങ്ങനെ വന്നാൽ സ്പോൺസർമാർ കനിഞ്ഞാൽ മാത്രമേ ഇവർക്ക് തിരിച്ചു വരവ് സാധ്യമാവുകയുള്ളൂ.

സൗദിയിൽ ഇപ്പോൾ കൊറോണ കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തിരിച്ചു വരുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ ഇന്ത്യക്കാർക്ക് ഇപ്പോഴും തിരിച്ചു വരാൻ കഴിയുന്നില്ല. ജനുവരി മുതൽ വിമാന സർവീസ് സാധാരണ ഗതിയിലാവുമെന്നു പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണമല്ലാത്തതിനാൽ ഇക്കാര്യത്തിൽ പ്രവാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ദുബായിയിൽ നിലനിൽക്കുന്ന ചില ഇളവുകൾ ഉപയോഗപ്പെടുത്തി ഇപ്പോൾ കേരളത്തിലെ ചില ട്രാവൽ ഏജന്റുമാർ ദുബായ് വഴി സൗദിയിലേക്ക് വരാൻ സൗകര്യം ചെയ്യുന്നുണ്ട്. ഇങ്ങനെ വരുന്നവർ രണ്ടാഴ്ച ദുബായിയിൽ താമസിച്ചു കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഉള്ളവരാവണം. ഇതിനായി ഒരു ലക്ഷം രൂപ വരെ ട്രാവൽ ഏജന്റുമാർ ഈടാക്കുന്നതായി അറിയുന്നു. അത്യാവശ്യമുള്ള ചിലർ ഇങ്ങനെ സൗദിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ബഹു ഭൂരിഭാഗം വരുന്ന സാധാരണക്കാർക്കും ഇതിനുള്ള ചെലവ് താങ്ങാൻ കഴിയുകയില്ല. ഇവർ ജനുവരി വരെ കാത്തിരിക്കുകയെ നിർവാഹമുള്ളൂ.

ഇതിനിടെ നാട്ടിൽ പോയാൽ ഉടനെയൊന്നും തിരിച്ചു വരാൻ കഴിയില്ലെന്നതിനാൽ നിരവധി പേർ തങ്ങളുടെ അവധി സൗദിയിൽ തന്നെ ചെലവഴിക്കുകയാണ്. രണ്ടും മൂന്നും വർഷമായി ജോലി ചെയ്തു വരുന്നവർ നാട്ടിൽ പോവാനുള്ള ആഗ്രവുമായി കഴിഞ്ഞു കൂടുകയാണ്. സൗദിയിൽ നിന്ന് വന്ദേ ഭാരത് മിഷൻ വിമാനങ്ങളും ചില ഏജൻസികൾ ചാർട്ടർ ചെയ്യുന്ന വിമാനങ്ങളും നാട്ടിലേക്ക് പോകുന്നുണ്ടെങ്കിലും യാത്രക്കാർ കുറവാണ്.

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിച്ചാൽ മാത്രമേ നാട്ടിൽ പോയി കുടുങ്ങിയവർക്കു തിരിച്ചു വരാനും ഇവിടെയുള്ള പ്രവാസികൾക്ക് നാട്ടിൽ പോയി തിരിച്ചു വരാനും കഴിയുകയുള്ളൂ. കോവിഡ് സാഹചര്യത്തിൽ നിറുത്തി വെച്ചിരുന്ന ഉംറ ഇന്നലെ മുതൽ പുനരാംഭിച്ചിട്ടുണ്ട്. ഇത് പ്രവാസികളിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം ജനുവരി മുതൽ ഇന്ത്യ - സൗദി വിമാന സർവീസ് പുനഃരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP