Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവധിക്കു നാട്ടിലെത്തിയ അമ്മ ക്വാറന്റൈനിൽ നിൽക്കവേ നാലു വയസുള്ള കുഞ്ഞു കിണറ്റിൽ വീണു മരിച്ചു; കിൽക്കെനിയിലെ മിയാമോളെ ഓർത്തു കരഞ്ഞു അയർലന്റ് മലയാളികൾ

അവധിക്കു നാട്ടിലെത്തിയ അമ്മ ക്വാറന്റൈനിൽ നിൽക്കവേ നാലു വയസുള്ള കുഞ്ഞു കിണറ്റിൽ വീണു മരിച്ചു; കിൽക്കെനിയിലെ മിയാമോളെ ഓർത്തു കരഞ്ഞു അയർലന്റ് മലയാളികൾ

സ്വന്തം ലേഖകൻ

കോട്ടയം: ക്വാറന്റൈനിൽ കഴിയുന്ന അമ്മ എത്തും മുമ്പേ കളിചിരികളില്ലാത്ത ലോകത്തേക്ക് കുഞ്ഞു മിയ യാത്രയായി. അമ്മയെ കാണാനും അച്ഛന്റെ അടുത്തേക്ക് മടങ്ങി പോകാനുമുള്ള കാത്തിരിപ്പിനിടയിൽ അയർലന്റ് മലയാളികളുടെ മകളെയാണ് അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഏറ്റുമാനൂർ കോതനല്ലൂരുള്ള ഇവരുടെ താത്കാലിക വസതിയോട് ചേർന്നുള്ള കിണറ്റിൽ വീണാണ് മിയാമേരി ജോമി എന്ന കുരുന്ന് അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞത്. നാലര വയസ്സായിരുന്നു.

അയർലന്റ് മലയാളികളായ ജോമി ജോസിന്റെയും ജിഷാ ജോമിയുടെയും മകളാണ് മകൾ മിയാമേരി ജോമി. അച്ഛനും അമ്മയ്ക്കും ഒപ്പം മുമ്പ് അയർലന്റിലായിരുന്ന മിയാമോളും. കോവിഡിനെ തുടർന്നാണ് കുട്ടിയെ നാട്ടിലെത്തിച്ചത്. അയർലന്റിലേക്ക് തിരികെ കൊണ്ട് പോകാനായി അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. എന്നാൽ മൂവാറ്റുപുഴയിൽ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാൻ കോതനല്ലൂരിലെ വീട്ടിൽ എത്തും മുമ്പേ അപാകത്തിന്റെ രൂപത്തിൽ കുഞ്ഞ് മിയയെ മരണം കവർന്നെടുക്കുക ആയിരുന്നു.

മിയമോളോട് ഒപ്പമായിരുന്ന പിതാവ് ജോമി രണ്ടു മാസം മുമ്പാണ് അയർലന്റിലേക്ക് തിരികെ പോയത്. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാഹചര്യം മൂലമാണ് ജോമി കുഞ്ഞിനെ കൂട്ടാതെ ഒറ്റയ്ക്ക് അയർലന്റിലേക്ക് തിരിച്ചു പോയത്. തുടർന്ന് ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിൽ ആയിരുന്നു മിയാമോൾ. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ തീർന്ന ശേഷം മോളെ അയർലന്റിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാൽ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലെത്തിയത്.

എന്നാൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി നാട്ടിലെത്തും മുമ്പേ കുഞ്ഞു മിയ അമ്മയെ ഒരു നോക്കു കാണാതെ തന്നെ ഈ ലോകത്തോട് വിടപറയുക ആയിരുന്നു. അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേൽ കുടുംബാംഗമാണ് ജോമി. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. അയർലന്റിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഡോൺ മിയാമോളുടെ ഏക സഹോദരനാണ്.

മിയാമോളുടെ മരണ വാർത്ത അറിഞ്ഞ് 'അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോർച്ചറിൽ എത്തി പൊന്നുമോളെ കണ്ടു. ഇപ്പോൾ അയർലന്റിലുള്ള ജോമിയും മകൻ ഡോണും മറ്റന്നാൾ കേരളത്തിലെത്തും. സംസ്‌കാരം അതിന് ശേഷം നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP