Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസികൾക്ക് മടങ്ങി വരാൻ അനുമതി നൽകി ഖത്തർ; ഇന്ത്യക്കാരുടെ കാര്യത്തിൽ ഇനി തീരുമാനം കേന്ദ്ര സർക്കാറിന്റേത്; വിമാന സർവ്വീസ് വിലക്ക് നീങ്ങുന്നത് കാത്ത് ആയിരങ്ങൾ

പ്രവാസികൾക്ക് മടങ്ങി വരാൻ അനുമതി നൽകി ഖത്തർ; ഇന്ത്യക്കാരുടെ കാര്യത്തിൽ ഇനി തീരുമാനം കേന്ദ്ര സർക്കാറിന്റേത്; വിമാന സർവ്വീസ് വിലക്ക് നീങ്ങുന്നത് കാത്ത് ആയിരങ്ങൾ

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് മടങ്ങിവരാൻ അനുമതി ഖത്തർ. ഇതിനുള്ള 'എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റി'നുള്ള അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. അതേസമയം, ഇന്ത്യയിൽ എല്ലാ വിദേശരാജ്യങ്ങളിലേക്കുമുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നതിനാൽ കേന്ദ്ര സർക്കാറിന്റെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നു കാത്തിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ.

ഇപ്പോഴത്തെ വിലക്ക് ഓഗസ്റ്റ് 31ന് ശേഷം നീട്ടാനുള്ള സാധ്യതയും ഏറെയാണ്. ഖത്തർ അടക്കമുള്ള രാജ്യങ്ങൾ നിലവിൽ വിസാകാലാവധി അടക്കമുള്ള വിഷയങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും ഖത്തർ അനുമതി നൽകിയ സ്ഥിതിക്ക് ഇനി അത്തരം ഇളവുകൾ തുടരാൻ സാധ്യതയില്ല.

ഖത്തറിലേക്കുള്ള റീ എൻട്രി പെർമിറ്റ്: അപേക്ഷിക്കേണ്ടത് തൊഴിലുടമ
https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്‌സപ്ഷനൽ റീ എൻട്രി പെർമിറ്റ്' ലഭിക്കാനുള്ള സംവിധാനം ഖത്തറിൽ ഇന്നലെ മുതലാണ് നിലവിൽ വന്നത്.സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകളാണ് തങ്ങളുടെ ജീവനക്കാരന്റെ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. കുടുംബങ്ങളുടെ സ്‌പോൺസർ ആയ ഖത്തർ ഐഡിയുള്ളവർക്ക് അവരുടെ സ്‌പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങൾക്കുമായും അപേക്ഷിക്കാം. ഖത്തറിലെത്തുന്നതോടെ യാത്രക്കാരൻ മൊബൈലിൽ ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ക്വാറന്റീനിലിരിക്കാൻ നിർദേശിച്ച് കൊണ്ടുള്ള മഞ്ഞ നിറമായിരിക്കും ഇഹ്തിറാസ് ആപ്പിൽ ആദ്യം.

അതേസമയം, റീ എൻട്രിക്കായുള്ള അപേക്ഷ തള്ളിക്കളയുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പൂർണ അധികാരം ബന്ധപ്പെട്ട ഖത്തർ സർക്കാർ അഥോറിറ്റികൾക്കാണ്. കോവിഡ്19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൻ 72 മണിക്കൂറോ അതിലധികമോ സമയം രാജ്യത്ത് തങ്ങിയിട്ടുണ്ടെങ്കിൽ അത് സ്ഥിരീകരിച്ച് കൊണ്ടുള്ള രേഖ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണമാണെങ്കിൽ അപേക്ഷ തള്ളിക്കളയുന്നതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവർ നിർബന്ധമായും ഹോട്ടൽ ക്വാറന്റീനിൽ ഒരാഴ്ച കഴിയണം. ഇവർ വിമാനത്താവളത്തിൽ പാസ്‌പോർട്ട്, ഐഡി കാർഡ്, എൻട്രി പെർമിറ്റ്, ഹോട്ടൽ ക്വാറന്റീൻ രേഖ എന്നിവ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഖത്തറിലുള്ളവർ 109 ഹോട്ട്‌ലൈൻ നമ്പറിലും വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം.

ഐഡി കാലാവധി കഴിഞ്ഞവർക്കും അപേക്ഷിക്കാം
രാജ്യത്ത് തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന് ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും അപേക്ഷിക്കാം. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടലിൽ രണ്ട് തരം അക്കൗണ്ടുകളാണ് ഉള്ളത്. ഒന്ന്, ഖത്തരികൾക്കും താമസക്കാർക്കും വേണ്ടിയുള്ളത്. മറ്റൊന്ന് സന്ദർശകർക്കും ബിസിനസ് പ്രതിനിധികൾക്കും വേണ്ടിയുള്ളത്. സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, ഖത്തർ ഐഡിയുള്ള താമസക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് തിരികെ എത്താനായി ഇത്തരത്തിൽ അപേക്ഷ നൽകാം. ഈ സംവിധാനം കോവിഡ്19 കാരണം വിദേശത്ത് കുടുങ്ങിയവർക്കുള്ള താൽക്കാലിക സേവനമാണ്.

ഖത്തരികൾക്കും താമസക്കാർക്കുമുള്ള അക്കൗണ്ട് ലോഗിൻ ചെയ്തതിന് ശേഷം 'അപ്ലൈ ഫോർ എക്‌സപ്ഷണൽ എൻട്രി പെർമിറ്റ്' എന്നതിൽ ക്ലിക്ക് ചെയ്യണം. ഇവിടെ ഖത്തർ ഐഡി നമ്പർ, പേഴ്‌സനൽ മൊബൈൽ നമ്പർ തുടങ്ങി അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. സന്ദർശകർ ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങിയവയും വ്യക്തിഗത വിവരങ്ങളും നൽകണം. എൻട്രി പെർമിറ്റ് അനുവദിച്ചാലുടൻ നേരത്തെ നൽകിയ ഇ-മെയിൽ വിലാസത്തിലേക്ക് അത് അധികൃതർ അയച്ചുതരും. യാത്രക്കാരൻ ഖത്തറിലേക്കുള്ള യാത്രയിലുടനീളം എൻട്രി പെർമിറ്റ് കോപ്പിയും ക്വാറന്റീനുമായി ബന്ധപ്പെട്ട രേഖകളും കൈവശം സൂക്ഷിക്കണം.

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹോം ക്വാറന്റീൻ, അല്ലെങ്കിൽ ഹോട്ടൽ ക്വാറന്റീൻ
കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തുവിട്ടെങ്കിലും ഇതിൽ ഇന്ത്യ ഇല്ല. നിലവിലെ പട്ടികയിൽ ഇല്ലാത്ത രാജ്യക്കാർക്കും ഓഗസ്റ്റ് ഒന്ന് മുതൽ മടങ്ങിയെത്താൻ കഴിയുമെങ്കിലും ഇത് നിബന്ധനകൾക്ക് വിധേയമാണ്. മടങ്ങിയെത്തുന്നവർക്ക് അക്രഡിറ്റഡ് കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഹോം ക്വാറന്റീൻ മതി. അല്ലാത്തവർ ഹോട്ടലിൽ സ്വന്തം ചെലവിൽ ക്വാറന്റീനിൽ കഴിയേണ്ടിവരും.അതത് രാജ്യങ്ങളിലെ അക്രഡിറ്റഡ് കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ളതാകണം. ഖത്തറിലെത്തുമ്പോൾ മൊബൈലിൽ ഇഹ്തിറാസ് ആപ് വേണം. ഇതിൽ ആദ്യം മഞ്ഞ നിറം കാണിക്കും. ഇത്തരക്കാർ ഖത്തറിലെത്തിയാൽ ഒരാഴ്ച ഹോം ക്വാറന്റീനിൽ കഴിയണം.ആറാം ദിനം കോവിഡ് പരിശോധന നടത്തി ഫലം പോസിറ്റിവ് ആണെങ്കിൽ ഐസോലേഷനിലേക്ക് മാറ്റാം. നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയും.ഇനി അക്രഡിറ്റഡ് കോവിഡ് പരിശോധനകേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യത്ത് നിന്നാണ് വരുന്നതെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ്‌സൈറ്റിലൂടെ ക്വാറന്റീൻ ഹോട്ടൽ ബുക്ക് ചെയ്യുകയാണ് വേണ്ടത്. ഇവർ ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. ആറാംദിനം കോവിഡ് പരിശോധന നടത്തും. പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റം. നെഗറ്റിവ് ആണെങ്കിൽ ഒരാഴ്ച വീണ്ടും ഹോം ക്വാറന്റീനിൽ കഴിയണം. ഈ കാലാവധിയും കഴിഞ്ഞാൽ ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയും.

അതേ സമയം വിവിധ വിഭാഗം ആളുകൾക്ക് ഏത് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ പ്രവേശിച്ചാലും ഹോം ക്വാറന്റീനിൽ പോകാം. 55 വയസ്സിന് മുകളിലുള്ളവർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, കഠിനമായ ആസ്ത്മ രോഗികൾ, കാൻസർ ചികിത്സയിലുള്ളവർ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ, ദൈനംദിന ജീവിതത്തിന് മറ്റുള്ളവരുടെ സഹായമാവശ്യമുള്ളവർ, കരൾ രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ മാതാക്കൾ, 10 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ, മാനസികരോഗത്തിന് ചികിത്സ തേടുന്നവർ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ള രോഗികൾ എന്നിവരാണിവർ. ഇവർക്ക് ഏത് സാഹചര്യത്തിലും ഹോം ക്വാറന്റീൻ മതിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP