Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതം തിരികെ പിടിച്ച സന്തോഷത്തിൽ വേറിട്ട മാതൃകയായി മുഹ്സിൻ

ജീവിതം തിരികെ പിടിച്ച സന്തോഷത്തിൽ വേറിട്ട മാതൃകയായി മുഹ്സിൻ

സ്വന്തം ലേഖകൻ

ജോലി ആവശ്യാർഥം ബഹ്റൈനിൽ എത്തി ഒരു കഫറ്റീരിയയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ആണ് കഴിഞ്ഞ ജനുവരി മാസം അതീവ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ മുഹ്സിൻ എന്ന ചെറുപ്പക്കാരനെ ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് .സ്‌പൈനൽ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ പൂർണമായും ചലന ശേഷി നഷ്ടമായ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മുഹ്സിൻ.

തുടർന്നാണ് മുഹ്‌സിന്റെ നാട്ടുകാരും ബന്ധുക്കളും മുഹ്സിന്റെ ദയനീയാവസ്ഥ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയത്.പിന്നീട് ബഹ്റൈൻ പ്രവാസീ സമൂഹം മുഹ്‌സിന് വേണ്ടി ഒരുമിക്കുകയായിരുന്നു. കഴുത്തിന് താഴെ പൂർണമായും ചലന ശേഷി നഷ്ടമായ മുഹ്സിൻ എന്ന കൗമാരക്കാരന്റെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയ കരുണ വറ്റാത്ത ബഹ്റൈൻ മലയാളി സമൂഹം മുഹ്സിൻ ചികിത്സാ സഹായ സമിതി എന്നപേരിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തരെയും നാട്ടുകാരെയും ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകുകയും , പ്രവാസീ പൊതു സമൂഹത്തെ ഉൾപ്പെടുത്തി ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുകയും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാവരും ഒരു മെയ്യായി നിന്ന് ബഹ്റൈന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധന സഹായ സമാഹരണം നടത്തുകയും ആണ് ഉണ്ടായത്.

കൂടാതെ ചലന ശേഷി ഇല്ലാത്ത മുഹ്സിനെ സ്ട്രേകച്ചറിൽ കിടത്തി വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് കൊണ്ടുപോകുവാൻ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ നടത്തിയ ഇടപെടലുകൾ എന്നും ഓർമ്മിക്കപ്പെടുന്നതായിരുന്നു.

സ്വന്തമായി വീട് ഇല്ലാതെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ പടിഞ്ഞാറ് ഭാഗം കടലോരകടലോര പ്രദേശത്ത് പട്ടയം ലഭിച്ചിട്ടില്ലാത്ത 3 സെന്റ് ഭൂമിയിൽ ഓലക്കുടിൽ കഴിഞ്ഞിരുന്ന മുഹ്സിന്റെ പ്രായമായ ഉപ്പയും ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തെ സർവാത്മനാ ഏറ്റെടുക്കുകയായിരുന്നു ബഹ്റൈൻ സമൂഹം.

വീട് വെക്കാൻ ആവശ്യമായ ഭൂമിയും, വീടും, സംഘടനകളും വ്യക്തികളും വാഗ്ദാനം നൽകി.
ചികിത്സക്ക് ആവശ്യമായത്തിൽ കൂടുതൽ പണവും (60 ലക്ഷത്തോളം രൂപ ) ബഹ്റൈൻ സമൂഹം സമാഹരിച്ചു നൽകി.ബഹ്റൈൻ ജീവ കാരുണ്യ പ്രവർത്തന ചരിത്രത്തിൽ സമാനതകളില്ലാത്ത മികച്ച പ്രവർത്തനങ്ങളാണ് മുഹ്സിന് വേണ്ടി ഉണ്ടായത്.

ചികിത്സാക്കായി നാട്ടിൽ എത്തിയ മുഹ്സിനെയും പ്രയാസത്തിലായ കുടുംബത്തെയും പ്രദേശത്തെ പൊതു പ്രവർത്തകരും വേണ്ട സഹായങ്ങൾ നൽകി ചേർത്ത് നിർത്തി. ബഹ്റൈനിലെ ചികിത്സാ സഹായ സമിതിയുമായി ചേർന്ന് എല്ലാ കാര്യങ്ങൾക്കും വേണ്ട സഹകരങ്ങളുമായി ഏകോപനത്തോടെ പ്രവർത്തിക്കുകയായിരുന്നു.

നാട്ടിലെ വിദഗ്ദ്ധമായ ചികിത്സക്ക് ശേഷം മുഹ്സിന് ഇപ്പോൾ പൂർണമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. തന്റെ ചികിത്സക്ക് വേണ്ടി വലിയ സഹായം ചെയ്യുകയും സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുകയും ചെയ്ത ബഹ്റൈൻ മലയാളി സമൂഹത്തോടുള്ള മുഹ്സിന്റെയും കുടുംബത്തിന്റെയും നന്ദിയും കടപ്പാടും അവർ അറിയിക്കുന്നുണ്ട്.

കൂടാതെ ഈ ഘട്ടത്തിൽ തന്റെ തുടർ ചികിത്സക്കും, വീടുൾപ്പെടെയുള്ള ആവശ്യമായി വരുന്ന പണത്തിൽ നിന്നും ബാക്കി വരുന്ന ഒരു വിഹിതം താൻ അനുഭവിച്ചത് പോലെ പ്രയാസം നേരിടുന്നവരെ സഹായിക്കുന്നതിന് വേണ്ടി തിരിച്ചു നൽകാൻ തയ്യാറായിരിക്കുകയാണ് മുഹ്സിൻ.

തനിക്ക് പ്രയാസം നേരിട്ടപ്പോൾ സഹായിക്കാൻ പൊതു സമൂഹം തയ്യാറായത് പോലെ തന്നെ മറ്റു വിഷമങ്ങൾ നേരിടുന്നവരെ സഹായിക്കാനും അധികമായി ലഭിച്ച തുക വിനിയോഗിക്കാൻ ആണ് മുഹ്സിന്റെ നല്ല മനസ്സ് ആഗ്രഹിക്കുന്നത്. ചികിത്സാക്കായി ബഹ്റൈൻ സമൂഹം സമാഹരിച്ച തുകയിൽ നിന്നും ഒരു വിഹിതം കഷ്ടപ്പെടുന്ന രോഗികളായ മറ്റു പ്രവാസികൾക്ക് നൽകും എന്ന് പൊതുസമൂഹത്തെ അറിയിച്ചുകൊണ്ട് ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വേറിട്ട മാതൃക ആകുകയാണ് മുഹ്സിൻ എന്ന ചെറുപ്പക്കാരൻ

20 ലക്ഷം രൂപയാണ് മുഹ്സിൻ തന്റെ പേരിലുള്ള ചികിത്സാ സഹായ കമ്മിറ്റിക്ക് തിരിച്ചു കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ബഹ്റൈനിലെ രോഗികളായ പ്രവാസികൾക്കാണ് ഈ തുക നൽകുവാനായി കമ്മിറ്റിയെ മുഹ്സിൻ ഏൽപ്പിക്കുന്നത്. ഈ തുക മുഹ്സിന്റെ പേരിലുള്ള ചികിത്സാ സഹായ സമിതി അർഹരായവരെ കണ്ടെത്തി നൽകുന്നതാണ് , പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മൂന്നംഗ സമിതിയെ നാട്ടിൽ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ബഹ്‌റൈനിൽ ഇപ്പോൾ ഉള്ളവരോ, ഈയിടെ നാട്ടിൽ പോയവരോ ആയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കാണ് മുഹ്‌സിൻ തിരികെ ഏൽപ്പിച്ച തുക നൽകുക.
ബഹ്‌റൈൻ മുഹ്‌സിൻ ചികിത്സാ സഹായ കമ്മിറ്റി തീരുമാനിക്കുന്ന അർഹർക്ക്
നാട്ടിൽ പണം സ്വീകരിക്കുന്ന മൂന്നംഗ സമിതിയുടെ അക്കൗണ്ടിൽ നിന്നും പ്രസ്തുത തുക കൈമാറും എന്ന് സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP