Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ്: മാസച്യുസെറ്റ്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;എല്ലാവരും സർക്കാരിന്റെ തീരുമാനത്തോട് സഹകരിക്കണമെന്ന് ഗവർണ്ണർ

കൊറോണ വൈറസ്: മാസച്യുസെറ്റ്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;എല്ലാവരും സർക്കാരിന്റെ തീരുമാനത്തോട് സഹകരിക്കണമെന്ന് ഗവർണ്ണർ

സ്വന്തം ലേഖകൻ

 ബോസ്റ്റൺ: 51 പുതിയ കേസുകളടക്കം മാസച്യുസെറ്റ്‌സിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 92 ൽ എത്തിയതിനാൽ മാസാച്യൂസെറ്റ്‌സ് ഗവർണർ ചാർലി ബേക്കർ ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൊളറാഡോ, റോഡ് ഐലൻഡ്, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവയടങ്ങുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ മാസച്യുസെറ്റ്‌സും ചേർന്നു.

ഇന്ന് (ചൊവ്വാഴ്ച) മാസച്യുസെറ്റ്‌സിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഗവർണ്ണർ ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാവരും സർക്കാരിന്റെ തീരുമാനത്തോട് സഹകരിക്കാനും അനിവാര്യമല്ലാത്ത യാത്രകളെ ഒഴിവാക്കാനും, വലിയ ഇവന്റുകളും സമ്മേളനങ്ങളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ഗവർണ്ണർ അഭ്യർത്ഥിച്ചു. പ്രായമായവരോടും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരോടും കഴിയുന്നതും വീടുകളിൽ തന്നെ കഴിഞ്ഞുകൂടണമെന്നും ജനക്കൂട്ടങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ഗവർണ്ണർ പറഞ്ഞു.

'അടിയന്തരാവസ്ഥയ്ക്ക് പുറമേ, തൊഴിലുടമകൾക്കും വലിയ ഓർഗനൈസേഷനുകൾക്കുമായി മെച്ചപ്പെട്ട മാർഗ്ഗനിർദ്ദേശവുമായി ഞങ്ങളുടെ ഭരണകൂടം മുന്നോട്ടു പോകുകയാണ്,' ബേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ ആരോഗ്യ ഭീഷണിയോട് പ്രതികരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കുകയും എല്ലാവരും ഈ ശ്രമത്തിന്റെ ഭാഗമാകുകയും വേണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് ചെയ്യപ്പെട്ട 92 കേസുകളിൽ 70 എണ്ണവും ഫെബ്രുവരിയിൽ ബോസ്റ്റണിലെ ബയോടെക്‌നോളജി കമ്പനിയായ ബയോജെൻ നടത്തിയ ജീവനക്കാരുടെ സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. അതിൽ ഏകദേശം 175 പേർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത മൂന്ന് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. അവർക്ക് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

മാനേജ്‌മെന്റ് മീറ്റിംഗിൽ പങ്കെടുത്ത ജീവനക്കാരെ ഞങ്ങൾ വിവരം അറിയിച്ചിട്ടുണ്ട്. അവരെ പൊതുജനാരോഗ്യ അധികൃതർ ബന്ധപ്പെടുമെന്നും അവർ സ്വയം നിരീക്ഷണത്തിന് വിധേയരാകണമെന്നും രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ബയോജൻ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ഈ ജീവനക്കാരോട് കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ അവർ താമസിക്കുന്ന സ്ഥലത്തെ ആളുകളിൽ നിന്ന് (ഉദാ. കുടുംബാംഗങ്ങൾ, പ്രിയപ്പെട്ടവർ അല്ലെങ്കിൽ റൂംമേറ്റ്‌സ്) അകന്നു കഴിയണമെന്നും ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുതുവരെ ആരുമായും അടുത്തിടപഴകരുതെന്നും നിർദ്ദേശിച്ചു.

ആരോഗ്യപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി ബോസ്റ്റണിലെ അധികൃതർ വാർഷിക സെന്റ് പാട്രിക് ഡേ പരേഡ് തിങ്കളാഴ്ച റദ്ദാക്കി. പരേഡ് റദ്ദാക്കാനുള്ള തീരുമാനം ബോസ്റ്റണിലെ നിവാസികളെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുതിന് ആവശ്യമായ കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണെന്ന് മേയർ മാർട്ടി വാൽഷ് പ്രസ്താവനയിൽ പറഞ്ഞു.

ബോസ്റ്റണിൽ നിന്ന് ഏകദേശം മൂന്ന് മൈൽ അകലെയുള്ള ഹാർവാർഡ് യൂണിവേഴ്‌സിറ്റി ചൊവ്വാഴ്ച തങ്ങളുടെ ക്ലാസുകളെല്ലാം ഓൺലൈനിലേക്ക് മാറ്റുകയാണെന്നും, സ്പ്രിങ് ബ്രേക്ക് അവസാനിച്ചതിന് ശേഷം വിദ്യാർത്ഥികൾ കാമ്പസിലേക്ക് മടങ്ങേണ്ടതില്ലെന്നും പ്രഖ്യാപിച്ചു.

വെർച്വൽ ഇൻസ്ട്രക്ഷനിലേക്ക് മാറാനുള്ള തീരുമാനം നിസ്സാരമല്ലെന്ന് ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലോറൻസ് എസ്. ബാക്കോ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. വലിയ ഗ്രൂപ്പുകളായി ഒത്തുചേരേണ്ടതിന്റെ ആവശ്യകത കുറയ്ക്കുക, ക്ലാസ് മുറികൾ, ഡൈനിങ് ഹാളുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ പരസ്പരം അടുത്തുനിൽക്കുന്നതിന്റെ ആവശ്യകത കുറയ്ക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സമീപകാല സ്ഥിതിവിവരക്കണക്കുകളനുസരിച്ച് അമേരിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 950 ആണ്. ഇതിൽ 30 വ്യക്തികളുടെ മരണമാണ് അണുബാധയുടെ സങ്കീർണത. എന്നാൽ, 15 പേരെ പൂർണമായും സുഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. 905 സജീവ കേസുകളിൽ എട്ട് പേർക്ക് ഗുരുതരമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ 118,766 പോസിറ്റീവ് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്താകമാനം 4,269 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 65,105 വ്യക്തികൾ പൂർണ്ണമായും വൈറസിൽ നിന്ന് മുക്തരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP