Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊന്നാനിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തേടി വീണ്ടും ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ കത്ത്; അമാനയ്ക്ക് ലഭിക്കുന്നത് ജസീന്ത ആർഡെന്റെ രണ്ടാമത്തെ മറുപടി കത്ത്; മാധ്യമ ശ്രദ്ധ നേടി മലയാളി പെൺകുട്ടി

പൊന്നാനിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തേടി വീണ്ടും ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ കത്ത്; അമാനയ്ക്ക് ലഭിക്കുന്നത് ജസീന്ത ആർഡെന്റെ രണ്ടാമത്തെ മറുപടി കത്ത്; മാധ്യമ ശ്രദ്ധ നേടി മലയാളി പെൺകുട്ടി

സ്വന്തം ലേഖകൻ

മലപ്പുറം; പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാർത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. ഈ പ്ലസ് വൺ വിദ്യാർത്ഥിനിയെ തേടി ന്യൂസിലാന്റിൽ നിന്നും എത്തിയ പ്രധാനമന്ത്രിയുടെ കത്താണ് ഇപ്പോൾ മാധ്യമ ശ്രദ്ധ നേടുന്നത്. ജെസീന്താ ആർഡെന്റെ ഓഫീസിലേക്ക് അമാന അയച്ച കത്തിനുള്ള മറുപടി കത്താണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് അമാനയെ തേടി പ്രധാനമന്ത്രിയുടെ കത്ത് എത്തുന്നത്. ആദ്യ തവണ ജെസീന്ത നേരിട്ടാണ് കത്തെഴുതിയതെങ്കിൽ ഇക്കുറി ജെസീന്തയുടെ നിർദ്ദേശ പ്രകാരം അവരുടെ പേഴ്‌സണൽ സ്റ്റാഫ് ദിന ഒക്കേബിയയാണ് കത്തയച്ചിരിക്കുന്നത് എന്നു മാത്രം.

പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആർഡന് വിജയാശംസകൾ നേർന്നും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ വിജയം കണ്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ചും അമാന അയച്ച കത്തിനുള്ള മറുപടിയാണ് ഇപ്പോൾ വന്നത്. കത്ത് കിട്ടിയ വൈകുന്നേരത്തോടെ ജസീന്ത ആർഡന്റെ പാർട്ടി മികച്ച വിജയം നേടി ഭരണത്തുടർച്ച സാധ്യമാക്കിയതിലുള്ള വാർത്ത പുറത്തു വരികയും ചെയ്തു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കത്തയച്ചിരിക്കുന്നതെന്നും പ്രത്യേകം പറയുന്നുണ്ട്.

തിരഞ്ഞെടുപ്പിനെ തുടർന്നുള്ള തിരക്കിലായതിനാലാണ് പ്രധാനമന്ത്രി നേരിട്ട് കത്തെഴുതാത്തതെന്നും പരാമർശമുണ്ട്. ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ ജസീന്ത സ്വീകരിച്ച ധീരമായ നിലപാടുകളെ പ്രശംസിച്ച് അമാന എഴുതിയ കത്തിനാണ് ആദ്യ മറുപടി വന്നത്. ആദ്യത്തെ കത്ത് ജസീന്തയുടെ വ്യക്തിപരമായ വിശേഷങ്ങൾക്ക് മറുപടി നൽകിയും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുമുള്ളതായിരുന്നു. ജസീന്തയുടെ മകളെ കുറിച്ചുള്ള അമാനയുടെ അന്വേഷണത്തിന് ആദ്യ കത്തിൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു. അമാനക്ക് അന്നു ലഭിച്ച മറുപടി ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

ന്യൂസിലാന്റിലെ മാധ്യമങ്ങളിലും ഇത് വാർത്തയായിരുന്നു. ഇതിനു ശേഷം ജസീന്തയുടെ ഓഫീസിൽ നിന്ന് തുടർച്ചയായി ഇമെയിൽ സന്ദേശങ്ങൾ അമാനക്ക് ലഭിച്ചിരുന്നു. ന്യൂസിലാന്റിൽ നടക്കുന്ന ഔദ്യോഗിക പരിപാടികൾ, വികസന പ്രവർത്തനങ്ങൾ, ലേബർ പാർട്ടിയുടെ കാമ്പയിനുകൾ എന്നിവ ഇമെയിൽ വഴി തുടർച്ചയായി ലഭിച്ചു.കൊവിഡിനെ തുരുത്തിയതിൽ ന്യൂസിലാന്റ് സാദ്ധ്യമാക്കിയ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനമറിച്ചാണ് അമാന രണ്ടാമത് കത്തയച്ചത്.

കത്തിനുള്ള മറുപടി ഓഗസ്റ്റ് 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നെങ്കിലും വെള്ളിയാഴ്‌ച്ചാണ് പൊന്നാനിയിലെത്തിയത്. കോവിഡ് കാരണമുള്ള കാലതാമസമാണ് കത്ത് ലഭിക്കുന്നത് വൈകാൻ കാരണമായതെങ്കിലും, കത്ത് കൈപ്പറ്റിയത് ജസീന്തയുടെ വിജയാഹ്ലാദ ദിനത്തിലായെന്നത് അമാനക്ക് ഇരട്ടി മധുരമാണ് നൽകിയത്. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാർത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫിന്റെയും വഹീദയുടേയും മകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP