Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

സംഘപരിവാർ വംശഹത്യയോട് പുറം തിരിഞ്ഞ് നിൽക്കുന്നതോ പ്രവാചകചര്യയെന്ന് നാസർഫൈസി കൂടത്തായി; കോവിഡിൽ മരിച്ച ഒരു ലക്ഷത്തിലധികം ആളുകൾ മർകസിൽ വന്നവരാണോയെന്ന് ഡോ ഹുസൈൻ മടവൂർ; കൊറോണ ജിഹാദ് ആരോപണം കൃത്യമായി ചെറുക്കേണ്ടതുണ്ടതെന്ന് നജീബ് കാന്തപുരം; അരാഷ്ട്രീയ സംഘടനയെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്; കേരളത്തിലെ മുസ്ലിം സംഘടനകൾ തബ്ലീഗിനൊപ്പം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ പരമ്പര അവസാനഭാഗം

സംഘപരിവാർ വംശഹത്യയോട് പുറം തിരിഞ്ഞ് നിൽക്കുന്നതോ പ്രവാചകചര്യയെന്ന് നാസർഫൈസി കൂടത്തായി; കോവിഡിൽ മരിച്ച ഒരു ലക്ഷത്തിലധികം ആളുകൾ മർകസിൽ വന്നവരാണോയെന്ന് ഡോ ഹുസൈൻ മടവൂർ; കൊറോണ ജിഹാദ് ആരോപണം കൃത്യമായി ചെറുക്കേണ്ടതുണ്ടതെന്ന് നജീബ് കാന്തപുരം; അരാഷ്ട്രീയ സംഘടനയെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്; കേരളത്തിലെ മുസ്ലിം സംഘടനകൾ തബ്ലീഗിനൊപ്പം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ പരമ്പര അവസാനഭാഗം

ജാസിം മൊയ്തീൻ

കോഴിക്കോട്: 'നടിക്കൊപ്പം നിൽക്കുകയും ചെയ്യും ദിലീപിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന്' സിനിമാ വിവാദത്തിൽ നടൻ മോഹൻലാൽ പറഞ്ഞതാണ് തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയോടുള്ള മുഖ്യധാരാ മുസ്ലിം സംഘടനകളുടെ സമീപനം കണ്ടപ്പോൾ തോന്നുന്നത്! തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയോട് സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി ഭേദമില്ലാതെ കേരളത്തിലെ എല്ലാം മുസ്ലിം സംഘടനകളും ആശയപരമായി എതിർപ്പാണ്. സംഘപരിവാർ ഗുജറാത്തിൽ നടത്തിയ വംശഹത്യയോട് പോലും പുറം തിരിഞ്ഞ് നിൽക്കുന്നതാണോ തബ്ലീഗിന്റെ പ്രവാചകചര്യയെന്ന് ഇവർ ചോദിക്കുന്നു.

പക്ഷേ അങ്ങനെ തബ്ലീഗിനെ വിമർശിച്ച് തുടങ്ങി കുറച്ചുകഴിഞ്ഞാൽ തന്നെ അവർ കറങ്ങിത്തിരിഞ്ഞ് സംഘപരിവാർ ഫാസിസത്തിലും ഇസ്ലാമോഫോബിയയിലും ലാൻഡ് ചെയ്യുന്നു. ആശയം വ്യക്തമാണ്. തബ്ലീഗിലൂടെ ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്തുമെന്നായി പിന്നെ വാദങ്ങൾ. അതല്ലാതെ തബ്ലീഗ് തകർക്കുന്നത് മുസ്ലിം കുടുംബങ്ങളെ തന്നെയാണെന്നും ഇവർ ഷണ്ഡീകരിക്കുന്നത് ശക്തമായി പ്രതികരിക്കേണ്ട മുസ്ലീ യുവത്വങ്ങളെയാണെന്നും അതിനാൽ അതിനെ നിശിതമായി വിമർശിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാട് ഇവിടെയില്ല.

'കേരളത്തിലെ മുസ്ലിം പൊതുസമൂഹം ഈ വിഷയത്തിൽ എടുക്കുന്ന അഴകൊഴമ്പൻ നിലപാടുതന്നെയാണ് തബ്ലീഗിന് തുണയാവുന്നത്. പുറമെ ഇങ്ങനെ പറയുമെങ്കിലും പലരും രഹസ്യമായി തബ്ലീഗിനെ പ്രോൽസാഹിപ്പിക്കുന്നുണ്ടുവെന്നതും പരസ്യമായ രഹസ്യമാണ്. '- സ്വതന്ത്ര ചിന്തകയും പ്രാസംഗികയുമായ ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും മുസ്ലിം സമുദായത്തിന് അകത്തുനിന്നുതന്നെ ശക്തമായ ബോധവത്ക്കരണ കാമ്പയിനുകൾ ഉയരാത്തിടത്തോളം കാലം തബ്ലീഗ് ഇനിയും വളരുമെന്നതിൽ യാതൊരു സംശയവും ഇല്ല.

തബ്ലീഗിന്റെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തരുത്- ഡോ ഹുസൈൻ മടവൂർ

നിസാമുദ്ദീനിലെ സമ്മേളനവുമായി ബന്ധപ്പെട്ട് തബ്ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തിയുള്ള മാധ്യമങ്ങളുടെ പ്രചരണം തെറ്റായിരുന്നു എന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിസാമുദ്ദീനിൽ നിന്നാണ് രാജ്യത്താകെ വൈറസ് പടർന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വെറുപ്പ് പ്രചരിപ്പിക്കാൻ കാരണമായെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഒരുമിച്ച് നിന്ന് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഈ സമയത്ത് തബ്ലീഗിന്റെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ഒരു നൂറ്റാണ്ടിനടുത്തായി ഡൽഹിയിൽ പ്രവർത്തിക്കുന്ന നിസാമുദ്ദീൻ മർകസ് തബ്ലീഗ് ജമാഅത്തിന്റെ ലോക ആസ്ഥാനമാണ്. അവിടെ എല്ലാ ദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ട്. അവരവിടെ ഒരുമിച്ച് കൂടി അവരുടെ കാര്യങ്ങൾ ചർച്ച ചെയ്ത് തിരിച്ചുപോകുന്നു. ഇതാണ് അവിടുത്തെ ഒരു രീതി. മാർച്ച് 20, 21 തിയ്യതികളിലായിരുന്നു പ്രസ്തുത സംഗമം നടക്കുന്നത്. അന്ന് രാജ്യത്ത് ലോക് ഡൗണോ കർഫ്യൂവോ ഇല്ല. അതുകൊണ്ട് തന്നെ അക്കാലത്ത് ഡൽഹിയിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളും പൗരത്വ പ്രതിഷേധ കൂട്ടായ്മകളും മതസമ്മേളനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും നിർബാധം നടക്കുന്നുണ്ടായിരുന്നു.

എത്രയെത്ര ക്ഷേത്രോത്സവങ്ങൾ, ക്രിസ്ത്യൻ പള്ളി പെരുന്നാളുകൾ. ഡൽഹിയിൽ തന്നെ അന്ന് ജന്തർ മന്തറിൽ മൂന്നോ നാലോ ധർണകൾ. പാർലമെന്റ് സമ്മേളനത്തിനായി നമ്മുടെ എംപി.മാരും ഡൽഹി അസംബ്ലിയുള്ളതിനാൽ ഡൽഹി എം എൽ എ മാരും ഡൽഹി കലാപ ദുരിതങ്ങൾ നേരിട്ട് കാണാൻ പോയ സാമൂഹ്യ പ്രവർത്തകരും ഡൽഹിയിലുണ്ടായിരുന്ന സമയമാണത്. എന്തിനേറെ, യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത മഹാസമ്മേളനങ്ങളും ഇക്കാലത്ത് നടന്നിട്ടുണ്ട്. വിമാനങ്ങളും ട്രെയിനുകളും മറ്റു വാഹനങ്ങളും അന്നുണ്ടായിരുന്നു. ഡൽഹി ജുമാ മസ്ജിദിൽ അടക്കം അവിടെയെല്ലാ പള്ളികളിലും ജമാഅത്തും ജുമുഅയും ഉണ്ടായിരുന്നു. ആ സമയത്തായിരുന്നു തബ്ലീഗ് സംഗമവും. എന്നാൽ പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചു. 23 മുതൽ എല്ലാം നിശ്ചലം. ഒരു പകൽകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നവരെല്ലാം സ്ഥലം വിട്ടു. മറ്റുള്ളവർ അവിടെ കുടുങ്ങി. ഇനി പുറത്ത് പോവരുതെന്ന് പൊലീസും പറഞ്ഞു. ഇതാണ് സംഭവിച്ചത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമോ സൂക്ഷ്മതക്കുറവോ സംഭവിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇന്ത്യാ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നവർക്ക് ട്രെയിനിൽ സ്വന്തം വീട്ടിലെത്താൽ രണ്ടോ മൂന്നോ ദിവസം വേണം. ലോക്ഡൗണിന് മുമ്പ് അത്രയും ദിവസം സാവകാശം കൊടുക്കേണ്ടിയിരുന്നു. അതിനി പറഞ്ഞിട്ട് കാര്യമില്ല. രോഗികളെ ചികിത്സിക്കുകയും നിവാരണ മാർഗ്ഗങ്ങൾ ശക്തമാക്കുകയുമാണിപ്പോൾ വേണ്ടത്.

രോഗം വന്നത് ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും അമേരിക്കയിൽ നിന്നും ഗൾഫിൽ നിന്നുമൊക്കെയാണ്. അത് ബാധിച്ചവരെല്ലാം തബ്ലീഗിന് വന്നവരല്ലല്ലോ. ലോകത്ത് മരണപ്പെട്ട ഒരു ലക്ഷത്തിലധികം ആളുകൾ ഡൽഹി മർകസിൽ വന്നവരോ വന്നവരുമായി ഇടപഴകിയവരോ അല്ല. എങ്കിൽ പിന്നെ മാധ്യമങ്ങൾ ഈ ഹതഭാഗ്യർക്കെതിരിൽ പെട്ടെന്ന് ചാടി വീണ് രംഗത്ത് വന്നത് അക്രമവും അനീതിയും തന്നെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ 29ന് രാത്രി 2 മണിക്ക് മർകസിലെത്തി ഭാരവാഹികളുമായി വിശദമായി ചർച്ച നടത്തുകയും ചെയ്തതായി അറിഞ്ഞു. അവർ സർക്കാർ നിർദ്ദേശങ്ങളോട് സഹകരിക്കുകയും അവിടെ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തന്നെ കൊറോണ ബാധ ഏറ്റവും ആദ്യം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലായതിനാൽ നാം കേരളത്തിൽ നേരത്തെത്തന്നെ ജാഗ്രത പുലർത്തിയിരുന്നു.

മാർച്ച് 19 ന് തന്നെ കേരളത്തിൽ പള്ളികളിൽ ജുമുഅ ജമാഅത്തുകൾ നിർത്തി തുടങ്ങിയിരുന്നു. അപ്പോഴൊന്നും ഡൽഹിയിൽ ഈ രോഗബാധ വലിയ വിഷയമായിരുന്നില്ല. എയർപോർട്ടിൽ രോഗ പരിശോധനയോ വിദേശികൾക്ക് വിലക്കോ വിമാനങ്ങളോ ട്രെയിനുകളോ റദ്ദാക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ അവിടെ ഒരു നിരോധനാജ്ഞയും തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മർകസിലെ സാധാരണയായി നടക്കുന്ന സംഗമങ്ങൾ നടന്നത്. വിദേശികൾ വന്നാൽ നിയമ പ്രകാരം അപ്പപ്പോൾ തന്നെ പള്ളിയോട് ചേർന്ന് കിടക്കുന്ന പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകാറുണ്ടെന്നും ഭാരവാഹികൾ പറയുന്നു. പിന്നെ തബ്ലീഗുകാരെ മാത്രം ഇക്കാര്യത്തിൽ കുറ്റം പറയുന്നതിനോട് തീർത്തും വിയോജിക്കുന്നു. തബ്ലീഗ് ജമാഅത്തുമായി നിരവധി അഭിപ്രായ വ്യാത്യാസങ്ങളുണ്ട്. എന്നാൽ അതൊന്നും പ്രകടിപ്പിക്കേണ്ട സമയമല്ലിത്. എല്ലാ ഭിന്നതകളും മറന്ന് പിടിപെട്ട വിപത്തിനെ പ്രതിരോധിക്കേണ്ട സമയമാണിതെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആശയത്തോട് വിയോജിപ്പുണ്ട് പക്ഷേ -നാസർഫൈസി കൂടത്തായി

തബലീഗുകാരുടെ ആശയങ്ങളോട് വിയോജിപ്പുണ്ടെന്നും എന്നു കരുതി നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ അവരെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഇകെ സമസ്ത വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് തബ്ലീഗ് സമ്മേളനം നടത്തിയത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. അല്ലാഹുവിൽ നിന്ന് അകന്നതാണ് രോഗകാരണമെന്നും അതിനെ പ്രതിരോധിക്കാൻ നാല്പത് ദിവസത്തെ ജമാഅത്ത് (കൂട്ട യോഗങ്ങൾ) ഒരുക്കി അല്ലാഹുവിലേക്കടുക്കാമെന്നുമുള്ള തബ്ലീഗുകാരുടെ 'കാര്യബോധമില്ലായ്മ 'യെ സമ്മതിച്ച് കൊടുക്കാനാവില്ല. നിയമത്തിന്റെ വിലങ്ങിടുക തന്നെ വേണം. അതോടൊപ്പം അവരുടെ ആശയത്തോടും വിയോജിപ്പുണ്ട്. ന്യൂനപക്ഷ ഇന്ത്യകത്തുമ്പോഴും സംഘപരിവാറിന്റെ വംശഹത്യ മുടിയഴിച്ചാടുമ്പോഴും അതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ പുറംതിരിഞ്ഞ് നിൽക്കുന്നവർക്ക് പ്രവാചകര്യഅവകാശപ്പെടാവില്ല.

എന്നാൽ തബ്ലീഗിന്റെ ഡൽഹി സമ്മേളനത്തിന്റെ പേരിൽ അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് സിയോണിസത്തിനും ഫാഷിസത്തിനും കുന്തംചാരിവെച്ചവർ കരുതേണ്ട. കേരളത്തിലെ രണ്ട് പ്രമുഖ ചാനലുകളാണ് ' തബ്ലീഗ് കോവിഡ് കേരളത്തിലും ' എന്ന വാർത്ത നൽകിയത്. ഹിന്ദു നാമധാരി പെൺകുട്ടിയെ മുസ്ലിം നാമധാരി യുവാവ് പ്രേമിച്ച് വിവാഹം ചെയ്തതിനെ ലൗ ജിഹാദ് എന്ന് പേരിട്ട സങ്കിസം തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. അധികാരികളിൽ നിന്നു അനുമതി വാങ്ങിയതിന് ശേഷമാണ് മാർച്ച് 8 മുതൽ 15 വരേ ഡൽഹി നിസാമുദ്ധീൻ മർക്കസിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയത്. അതിന് ശേഷമാണ് 16ന് മത യോഗങ്ങൾ തടഞ്ഞ സർക്കാർ തീരുമാനം വരുന്നത്.സമ്മേളന ശേഷം ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ മടങ്ങി പോവുകയും ചെയ്തു. മൂവ്വായിരത്തോളമാളുകൾ പങ്കെടുത്ത സമ്മേളനം കഴിഞ്ഞ് മടങ്ങിപോകുണ്ട ആയിരത്തോളമാളുകൾ യാത്രാഷെഡ്യൂൾ പ്രകാരം കാത്തിരിക്കുമ്പോഴാണ് 19 ന് ജനതാ കർഫ്യൂ, തുടർന്ന് ഒരു മുൻകരുതലുമില്ലാതെ ലോക് ഡൗണും പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ സംഘാടകർ സർക്കാറിനെ സമീപിച്ചു . ബസ്സുകൾ തങ്ങളുടേത് തന്നെ ഉണ്ടെന്നും അത് ഗതാഗതം നടത്താൻ അനുമതി മാത്രം സർക്കാർ നൽകിയാൽ മതിയെന്നും രേഖാമൂലം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. മർക്കസിൽ തന്നെ ഒതുങ്ങി നിൽക്കാനാണത്രെ അവരോട് സർക്കാർ പറഞ്ഞത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത കുറച്ചാളുകൾക്ക് കൊവിഡ് സ്ഥീതീകിരച്ചതിന്റെ പേരിൽ തബ്ലീഗ് കോവിഡെന്ന് ച്രചരണം നടത്തുന്നത് ഇസ്ലാമോഫോബിയ തന്നെയാണ്.

കൊറോണ ബാധിച്ച കനിക കപൂർ വിദേശത്ത് നിന്ന് വന്നയുടൻ മഹത് ചടങ്ങുകൾ നടത്തി. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യക്ക് ബിജെപി.വൻ വരവേൽപ്പ് നടത്തി.കർണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ മകളുടെ വിവാഹം ആർഭാഢവും കെങ്കേമവുമാക്കി നടത്തി.കൽക്കട്ടയിൽ ആയിരങ്ങൾ പങ്കെടുത്ത രാമനവമി നടന്നു. യോഗി ആഥിത്യ നാഥ് യു.പി.യിൽ രാമക്ഷേത്ര നിർമ്മാണ യാത്ര നടത്തി.ആറ്റുക്കൽ പൊങ്കാല നടന്നു. കോവിഡ് കാലത്ത് പാർലമെന്റ് സമ്മേളനം നടന്നു..... ഒരു ഭാഗത്ത് കർശന നിയമവും മറ്റൊരു ഭാഗത്ത് കോവിഡ് വ്യാപന പൊങ്കാലകളും .എന്നാലും മൊത്തം കുറ്റം തബ്ലീഗിനും. മുഖ്യമന്ത്രി പറഞ്ഞത് പോലെ കോവിഡിന് മതമില്ല. അത് മനുഷ്യന്റെ ശത്രു വാണ്. തിരിച്ചറിഞ്ഞ് സംഘടിച്ച് പ്രതിരോധിക്കുന്നതിന് പകരം മതം തിരിച്ച് ഗണിക്കുന്നത് മറ്റൊരു കൊറോണ മഹാമാരിയാണ്.ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും വന്നവർക്ക് അടയാളപ്പെടുത്താത്ത മത ചാപ്പ സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നും വന്നവർക്ക് മാത്രം ചാർത്തുന്നതിനെയും പ്രതിരോധിക്കണം. മതം തിരിച്ച കൊറോണയെ ചെറുക്കേണ്ടതുണ്ടെന്നും നസാർ ഫൈസി കൂടത്തായി പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് ആശാവഹമല്ല- നജീബ് കാന്തപുരം

കോവിഡ് വ്യാപനത്തിന്റെ പേരിൽ രാജ്യത്തെ മുസ്ലിംകൾക്ക് നേരെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് ആശാവഹമല്ലെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം പരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 'കൊറോണ ജിഹാദ്' എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡാണ്. ദേശീയ ചാനലുകളും ഹിന്ദി പ്രാദേശിക ചാനലുകളും മുഴുവൻ സമയവും നിസാമുദ്ധീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയത്. മുസ്ലിംകൾ രാജ്യത്തിനെതിരെ ഉപയോഗിക്കുന്ന ബയോ വെപ്പൺ ആണ് കൊറോണയെന്നുവരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഗൂഢാലോചന പ്രചാരണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ആഗോളവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു പാൻഡമിക് ഡിസീസ് ഇന്ത്യയിലും പടർന്ന് പിടിച്ചപ്പോൾ അത് ചില മതസമൂഹങ്ങളുടെ പ്ലാൻഡ് പദ്ധതിയാണെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും മാത്രം നമ്മുടെ സമൂഹികബോധം താഴ്ന്നാണ് നിൽക്കുന്നതെന്ന് പറയാതെ വയ്യ.

ആദ്യമായിട്ട് രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദിവസമാണ് മാർച്ച് പതിമൂന്ന്. അതേ ദിവസം തന്നെയാണ് നിസാമുദ്ധീനിൽ തബ്ലീഗ് സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസം നടന്ന സമ്മേളനം മാർച്ച് 15 ന് സമ്മേളനം സമാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര രംഗത്ത് ഈ രോഗം എല്ലാ മേഖലയിലും പടർന്ന് പിടിക്കുന്ന സന്ദർഭത്തിലും നമ്മുടെ രാജ്യം എത്ര അലസമായാണ് ഈ വിഷയത്തെ സമീപിച്ചത് എന്നതിന്റെ ഉത്തമോദാഹരണമാണ് അന്നേ ദിവസത്തെ കേന്ദ്രസർക്കാർ പ്രസ്താവന. പൊതുജന സമ്പർക്കവും കൂടിച്ചേരലുകളും മതചടങ്ങുകളും സാധാരണപോലെ നടക്കുന്ന ദിവസങ്ങളിൽ തന്നെയാണ് ഈ തബ്ലീഗ് സമ്മേളനവും നടക്കുന്നത് എന്നതാണ് വസ്തുത. അസ്വാഭാവികമായി കരുതാൻ മാത്രം സർക്കാർ നിയന്ത്രണങ്ങളോ നടപടികളോ കാര്യമാത്ര പരിശോധനയോ ഒന്നും ആ സമയത്ത് ഡൽഹിയിൽ നടക്കുന്നില്ല. അപ്പോൾ ഒരു വിഭാഗം മാത്രമെങ്ങനെയാണ് ജാഗ്രതപാലിക്കുക എന്ന് മനസിലാവുന്നേയില്ല.

ഇപ്പോൾ മുസ്ലിംകൾക്ക് നേരെ ഉയർന്നുവരുന്ന കൊറോണ ജിഹാദ് ആരോപണം കൃത്യമായി ചെറുക്കേണ്ടതുണ്ട്. അത് വംശീയ ഉന്മൂലനത്തിന്റെ മുന്നൊരുക്കമാണ്. മധ്യകാല യൂറോപ്പിൽ പ്ലാഗ് പടർന്ന് പിടിച്ചതിന്റെ കാരണമായി കണ്ടെത്തിയത് യഹൂദവംശത്തെയായിരുന്നു. ബ്ലാക് ഡെത് അഥവാ കറുത്തമരണം എന്നറിയപ്പെടുന്ന ഈ മഹാവ്യാധി പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലെ പകുതി ജനസംഖ്യയെയും കവർന്നെടുത്തപ്പോൾ അതിന് കാരണക്കാരായി ഇരുനൂറിലേറെ യഹൂദ കമ്യൂണിറ്റികൾ കുഴിച്ചു മൂടിയും അഗ്‌നിക്കിരയാക്കിയും വംശഹത്യ നേരിട്ടിട്ടുണ്ട്. ലോകത്ത് സംഭവിക്കുന്ന എല്ലാ സാംക്രമിക രോഗങ്ങൾക്കും കുറ്റവാളികൾ ന്യൂനപക്ഷങ്ങളായിരുന്നു. ഇന്ത്യയിൽ ഈ മാതാന്ധതയുടെ വൈറസ് കൊറോണക്കൊപ്പം ഒരുപോലെ ചെറുക്കപ്പെടേണ്ടതുണ്ടെന്നും നജീബ് കാന്തപുരം പറഞ്ഞു

ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. -ശൈഖ് മുഹമ്മദ് കാരക്കുന്ന്

തബ്ലീഗ് ജമാഅത്ത് ഒരു അരാഷ്ട്രീയ സംഘടനയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. രാജ്യത്തെ രാഷ്ട്രീയ, ഭൗതിക കാര്യങ്ങളിൽ യാതൊരു ശ്രദ്ധയുമില്ലാത്ത ആത്മീയത മാത്രം ആധാരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

തബ്ലീഗ് ജമാഅത്ത് കേവലമൊരു ആത്മീയ സംഘടനയാണ്. രാഷ്ട്രീയ, ഭൗതിക കാര്യങ്ങളിൽ യാതൊരു ശ്രദ്ധിയുമില്ലാത്ത ഒരു അരാഷ്ട്രീയ സംഘടന. അതുകൊണ്ട് തന്നെ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും അവരെ ബാധിക്കുന്നതല്ല. അവരെ സംബന്ധിച്ച് ആത്മീയതയാണ് പരമപ്രധാനം.മാധ്യമങ്ങൾ പോലും അവർ ശ്രദ്ധിക്കാറില്ല. എല്ലാത്തിനും മതവും ആത്മീയതയുമാണ് തബ്ലീഗ് ജമാഅത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ജമാഅത്തെ ഇസ്ലാമിക്ക് അവരുമായി പലകാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ജിവിതത്തിന്റെ സമസ്തമേഖലകളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിലെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇടപെടേണ്ടതുണ്ട്.

അതിനെല്ലാം ആധാരമാക്കേണ്ടത് ഇസ്ലാമിക വീക്ഷണങ്ങളായിരിക്കണമെന്നതാണ്. എന്നാൽ തബ്ലീഗ് ജമാഅത്തിനെ സംബന്ധിച്ച് ജീവിത്തിന്റെ ഭൗതിക, രാഷ്ട്രീയ കാര്യങ്ങളിൽ യാതൊരും പുരോഗതിയും ആവശ്യമില്ലെന്നും പരലോക ജീവിതത്തിന് വേണ്ടി മാത്രം ജീവിക്കുന്നവരുമാണ്. ഇത്തരം കാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിക്ക് തബ്ലീഗ് ജമാഅത്തുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

അതേ സമയം നിസാമുദ്ദീൻ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ തബ്ലീഗുകാരാണ് രാജ്യത്തുകൊറോണ വ്യാപനത്തിന് കാരണം എന്ന തരത്തിലുള്ള പ്രചരണം ഈ ഘട്ടത്തിൽ നടത്തുന്നത് ശരിയല്ല. അവരെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. അത് വെറുപ്പ് പടർത്താൻ കാരണമാകും. നേരത്തെ പറഞ്ഞതുപോലെ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലാത്ത ഇവർക്ക് ഈ സമ്മേളനം നടത്തുന്ന ഘട്ടത്തിൽ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പോലും അറിവുണ്ടായിരിക്കില്ല. സർക്കാറിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് തബ്ലീഗ് ജമാഅത്ത്. കേന്ദ്ര സർക്കാറിന്റെ എല്ലാ അധികാര കേന്ദ്രങ്ങൾക്കും തൊട്ടടുത്താണ് അവരുടെ ആസ്ഥാനം. അവിടെയാണ് ഈ സമ്മേളനം നടക്കുന്നത്. സർക്കാറിന്റെ അനുമതിയോടുകൂടിയാണ് അത് നടന്നിട്ടുള്ളത്. എന്തുകൊണ്ടാണ് ഡൽഹി സർക്കാറോ, കേന്ദ്ര സർക്കാറോ അത് തടയാതിരുന്നത് എന്നും ചർച്ച ചെയ്യണം. ഈ സമയത്ത് തന്നെ നിരവധി പൊതു സമ്മേളനങ്ങൾ വേറെയും നടന്നിട്ടുണ്ട്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ഷേത്രപരിപാടികൾ നടന്നിട്ടുണ്ട്. മധ്യപ്രദേശിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിട്ടുണ്ട്. പാർലമെന്റ് സമ്മേളനവും ഈ സമയത്ത് തന്നെയാണ് നടന്നിട്ടുള്ളത്. എന്നാൽ അതിനോടൊന്നുമില്ലാത്ത വിമർശനം തബ്ലീഗ് ജമാഅത്തിനോട് മാത്രമുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP