Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാനുള്ള ഐപാഡ് മുക്കി; ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും തുക കണക്കിൽ കാണുന്നില്ല; കശ്മീർ ടൂറിനായി സർക്കാരിൽ നിന്ന് ലഭിച്ച തുകയും മുക്കി; കെ.പി.യോഹന്നാനെ നവോത്ഥാന നായകനാക്കി സുവനീർ ഇറക്കിയത് വൻ തുക വാങ്ങി; അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ; അഴിമതിയുടെ കൂത്തരങ്ങായ പ്രസ്‌ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം

കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാനുള്ള ഐപാഡ് മുക്കി; ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും തുക കണക്കിൽ കാണുന്നില്ല; കശ്മീർ ടൂറിനായി സർക്കാരിൽ നിന്ന് ലഭിച്ച തുകയും മുക്കി; കെ.പി.യോഹന്നാനെ നവോത്ഥാന നായകനാക്കി സുവനീർ ഇറക്കിയത് വൻ തുക വാങ്ങി; അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ; അഴിമതിയുടെ കൂത്തരങ്ങായ പ്രസ്‌ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം

മറുനാടൻ മലയാളി ടീം

കൊച്ചി: പ്രസ് ക്ലബുകളിൽ എങ്ങനെയെല്ലാം അഴിമതി നടത്താമെന്നു മനസിലാക്കണമെങ്കിൽ എറണാകുളം പ്രസ് ക്ലബ് അഴിമതി അന്വേഷണ റിപ്പോർട്ട് വായിക്കണം. അഴിമതിയുടെ വ്യാപ്തി കണ്ട് അന്വേഷണ സമിതി തന്നെ സുല്ലിട്ടു പോയി. സമഗ്ര അന്വേഷണത്തിനു പൊലീസിനെയോ വിജിലൻസിനെ സമീപിക്കണമെന്നായിരുന്നു അന്വേഷണ സമിതി റിപ്പോർട്ടിലെ ശുപാർശ. ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും പൊലീസ്, വിജിലൻസ് അന്വേഷണത്തിനായി പരാതി സമർപ്പിക്കാൻ ഭാരവാഹികൾ തയാറായില്ല. അഴിമതി നടത്തിയ ഭാരവാഹികളെ അനുകൂലിക്കുന്നവരാണു തുടർന്നു വന്ന ഭരണസമിതിയിലും എന്നതിനാൽ റിപ്പോർട്ട് ശുപാർശ നടപ്പാക്കുന്ന ലക്ഷണമില്ല.

പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാറും സെക്രട്ടറി ഉണ്ണിക്കൃഷ്ണനും നേതൃത്വം നൽകിയ ഭരണ സമിതി 2017 ഓഗസ്റ്റ് 29നു അവതരിപ്പിച്ച വരവു ചെലവു കണക്കുകൾ ജനറൽ ബോഡി അംഗീകരിച്ചില്ല. കണക്കുകൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പി.എൻ.വേണുഗോപാൽ, എൻ.ശ്രീനാഥ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങൾ.

അന്വേഷണ സമിതി റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയ അഴിമതികൾ:

1. നിബ് അവാർഡ് തട്ടിപ്പ്: മാധ്യമ പ്രവർത്തകരല്ലാത്തവർക്ക് നിബ് അവാർഡുകൾ സമ്മാനിച്ചു ഭാരവാഹികൾ വൻ തുകകൾ കോഴയായി കൈപ്പറ്റി. വ്യവസായികളായ സി.കെ.മേനോൻ, ബോബി ചെമ്മണ്ണൂർ, ഇറോം ഗ്രൂപ്പ് എംഡി, തൃശൂരിലെ സാലി, മതപ്രഭാഷകൻ കെ.പി.യോഹന്നാൻ എന്നിവരാണ് അവാർഡ് കോഴയ്ക്ക് ഇരകളായത്.

2. കുടുംബമേള തട്ടിപ്പ്: കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ എംഡി നിഷ് എന്ന പിആർ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഐപാഡുകൾ ഭാരവാഹികൾ മുക്കി. ഭീമാ ജൂവലറിയിൽ നിന്നു വാങ്ങിയ സ്വർണ നാണയങ്ങൾ എല്ലാ അംഗങ്ങൾക്കും കിട്ടിയില്ല. നാണയം കൈപ്പറ്റിയവരുടെ പേരു വിവരമുണ്ടെങ്കിലും അവർക്കു കിട്ടിയിട്ടില്ല. വാങ്ങിയതായി ഒപ്പിട്ടു നൽകിയിട്ടുമില്ല.

കുടുംബമേളയ്ക്കായി സിഎംആർഎർ കർത്തയിൽ നിന്നു 10 ലക്ഷം രൂപ സംഭാവന വാങ്ങിയതിൽ മൂന്നു ലക്ഷം മാത്രമാണ് പ്രസ് ക്ലബിന്റെ അക്കൗണ്ടിലെത്തിയത്. തൃശൂർ മില്ലേനിയം ചിട്ടീസ് ഉടമയിൽ നിന്ന് പ്രസ് ക്ലബ് ഓണററി മെമ്പർഷിപ്പിനെന്ന പേരിൽ ഒരു ലക്ഷം രൂപ വാങ്ങി.

3. സ്പോർട്സ് തട്ടിപ്പ്: ജിസിഡിഎ സ്റ്റേഡിയം പ്രസ് ക്ലബ് അംഗങ്ങളുടെ കായിക പരിശീലനത്തിനായി നവീകരിക്കാനുള്ള തുക പ്രസ് ക്ലബ് ചെലവിട്ടുവെന്നാണ് കണക്ക്. പക്ഷേ ജിസിഡിഎയുടെ ബജറ്റിൽ കാണുന്നത് ചെലവു ജിസിഡിഎ വഹിച്ചുവെന്നാണ്. ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും കണക്കിൽ കാണുന്നില്ല. സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിയെന്ന പേരിൽ സമർപ്പിച്ച ബില്ലുകൾ പലതും വ്യാജമാണെന്നും കണ്ടെത്തി.

4. സുവനീർ തട്ടിപ്പ്: പ്രസ് ക്ലബ് സുവനീറിന്റെ പേരിൽ പിരിച്ച തുകയ്ക്കു കണക്കൊന്നുമില്ല. സുവനീറിൽ കെ.പി.യോഹന്നാനെ കേരളത്തിലെ നവോത്ഥാന നായകരിലൊരാളായി അവതരിപ്പിച്ചതിനു വൻ തുക വാങ്ങിയിട്ടുണ്ട്. സ്പോൺസർഷിപ്പു ലഭിച്ച തുകയുടെ കണക്ക് ഭാരവാഹികൾ വെളിപ്പെടുത്തിയുമില്ല.

5. ടൂർ ഫണ്ട് തട്ടിപ്പ്: പിആർഡി ധനസഹായത്തോടെ പ്രസ് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച കശ്മീർ ടൂറിനായി സർക്കാരിൽ നിന്നു ലഭിച്ച തുക ഭാരവാഹികൾ മുക്കി. വിവേകാനന്ദ ട്രാവൽസിനു നൽകേണ്ടിയിരുന്ന തുക കൈമാറിയില്ലെന്ന് ഉടമ നരേന്ദ്രൻ അന്വേഷണ സമിതിക്കു മൊഴി നൽകി. തുക പ്രസ് ക്ലബ് ഭാരവാഹികൾക്കു കൈമാറിയ പിആർഡി ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസനും കുടുങ്ങി. ടൂർ ബിൽ സർക്കാരിൽ സമർപ്പിക്കാത്തതിനാൽ ചന്ദ്രഹാസനിൽ നിന്ന് തുക ഈടാക്കാനാണു വകുപ്പ് തീരുമാനം.

6. സമ്മേളന ഫണ്ടു തട്ടിപ്പ്: എറണാകുളത്ത് 2016ൽ നടന്ന സംസ്ഥാന സമ്മേളനത്തിനു 25 ലക്ഷം രൂപ വരവും 20 ലക്ഷം രൂപ ചെലവുമാണു കണക്കിൽ. റസ്മാറ്റ്സ് ഇവന്റ് മാനേജ്മെനറ് സ്ഥാപനത്തിനു 3.35 ലക്ഷം രൂപ നൽകിയതായി കണക്കിലുണ്ടെങ്കിലും അവർ എന്തു സേവനമാണു ചെയ്തതെന്നു കണ്ടെത്താൻ സമിതിക്കുമായില്ല. സമ്മേളന പ്രതിനിധികൾക്കായി നാലര ലക്ഷം രൂപ ചെലവിൽ വാങ്ങിയ ബാഗുകളിൽ 300 എണ്ണം കാണാതായതായി രേഖപ്പെടുത്തി കണക്കൊപ്പിച്ചു.

പ്രസ് ക്ലബുകളിലെ തട്ടിപ്പുകൾ ഏതൊക്കെ തരത്തിലാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. എറണാകുളത്തു മാത്രമല്ല കേരളത്തിലെ മിക്ക പ്രസ് ക്ലബുകളിലും ഇതൊക്കെ തന്നെയാണു നടക്കുന്നത്. അഴിമതി നടത്താനും അതു മറച്ചു വയ്ക്കാനുമൊക്കെ യൂണിയൻ ഭാരവാഹികൾ വൈദഗ്ധ്യം നേടിക്കഴിഞ്ഞു. തുടർച്ചയായി ഭാരവാഹിത്വം വഹിച്ച് അഴിമതി നടത്തും. എതിർപ്പുയരുമ്പോൾ വിശ്വസ്തരെ രംഗത്തിറക്കി യൂണിയനും പ്രസ് ക്ലബും പിടിക്കും. അഴിമതി കണ്ടു പിടിച്ചാലും പൊലീസിനെയോ വിജിലൻസിനെ അറിയിക്കാൻ തയാറാകുകയുമില്ല. പ്രസ് ക്ലബുകൾ നിയന്ത്രിക്കുന്ന കെയുഡബ്ല്യൂജെ സംസ്ഥാന ഭാരവാഹികളുടെ ഒത്താശയോടെയാണു ക്രമക്കേടുകളും അഴിമതികളും. ജില്ലാ ഭാരവാഹികളിൽ നിന്നു വിഹിതം വാങ്ങി സംസ്ഥാന ഭാരവാഹികൾ അഴിമതി മൂടിവയ്ക്കുന്നു.

ജില്ലാ പ്രസ് ക്ലബുകൾ വെറും തരികിട

കേരള പത്രപ്രവർത്തക യൂണിയന്റെ നിയന്ത്രണത്തിലുള്ള ജില്ലാ പ്രസ് ക്ലബുകൾ വെറും ഉഡായിപ്പു വേലയാണെന്നു നിയമപരമായി സ്ഥാപിച്ചത് കേരള ശബ്ദം കൽപറ്റ ലേഖകൻ കോയാമു കുന്നത്താണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഒഴികെയുള്ള ജില്ലാ പ്രസ് ക്ലബുകളെല്ലാം കെയുഡബ്ല്യൂജെയുടെ അഡ്ജസ്റ്റ്മെന്റ് ഏർപ്പാടുകളാണ്. ജില്ലാ പ്രസ് ക്ലബുകൾക്ക് പ്രത്യേക രജിസ്റ്റ്രേഷൻ ഇല്ല. ട്രേഡ് യൂണിയനായ കെയുഡബ്ല്യൂജെയുടെ ജില്ലാ ഭാരവാഹികൾ ജില്ലാ പ്രസ് ക്ലബുകളുടെ ഭാരവാഹികളുമാകും. അംഗത്വം യൂണിയനിൽ മാത്രം. പ്രസ് ക്ലബിനു വേറിട്ട അംഗത്വമോ ബൈലോയോ ഭാരവാഹികളോ ഇല്ല (തിരുവനന്തപുരം ഒഴികെ). തിരുവനന്തപുരത്തു പ്രസ് ക്ലബ് ഇല്ലാത്തതിനാൽ കേസരി സ്മാരക ട്രസ്റ്റ് എന്ന പേരിലാണ് കാര്യങ്ങൾ.

കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റി ഓഫിസുകളിൽ പ്രസ് ക്ലബ് എന്ന ബോർഡ് സ്ഥാപിക്കുന്നതിനു ചില ലക്ഷ്യങ്ങളുണ്ട്. ട്രേഡ് യൂണിയനു സർക്കാരിൽ നിന്നും നഗരസഭകളിൽ നിന്നും സ്ഥലവും ഫണ്ടുമൊക്കെ ലഭിക്കാൻ നിയമതടസമുണ്ട്. പ്രസ് ക്ലബ് എന്ന പേരിലാണെങ്കിൽ പ്രശ്നമില്ല. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പ്രസ് ക്ലബിനു രജിസ്റ്റ്രേഷനുണ്ടോ എന്നൊന്നും ആരും അന്വേഷിക്കുകയുമില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്ന തരത്തിൽ പ്രസ് ക്ലബുകൾക്ക് സർക്കാർ പണമൊഴുകിക്കൊണ്ടിരിക്കുന്നു.

വയനാട് പ്രസ് ക്ലബ് മന്ദിര നിർമ്മാണത്തിനു 25 ലക്ഷം രൂപ ഫണ്ട് സമാഹരിച്ചത് എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ്. ഇതിനെ ചോദ്യം ചെയ്താണ് കോയാമു കുന്നത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പരാതി നൽകിയത്. വയനാട് പ്രസ് ക്ലബ് വെറും കടലാസു സംഘടനയാണെന്നും കെയുഡബ്ല്യുജെ ജില്ലാ ഘടകമെന്ന ട്രേഡ് യൂണിയനാണ് പ്രസ് ക്ലബ് എന്ന പേരിൽ ഫണ്ടു കൈക്കലാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്ഥലവും ഫണ്ടുമൊക്കെ പ്രസ് ക്ലബിന്റെ പേരിൽ കിട്ടിയാലും കേരളത്തിലെ എല്ലാ ജില്ലാ ഓഫിസുകളുടെയും ആസ്തികളുടെയും ഉടമസ്ഥാവകാശം കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറിക്കാണെന്നു കെയുഡബ്ല്യൂജെ ബൈലോയിൽ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.

കോയ കുഞ്ഞാമുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പുകളിലും വയനാട് പ്രസ് ക്ലബ് എന്നതു യൂണിയന്റെ മുഖം മൂടിയാണെന്നു വ്യക്തമായി. ട്രേഡ് യൂണിയനു എംപി ഫണ്ടിന് അർഹതയില്ലാത്തതിനാൽ അനുവദിച്ച 25 ലക്ഷം രൂപ പലിശ സഹിതം തിരിച്ചു പിടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. ഇതനുസരിച്ചു സംസ്ഥാന ആസൂത്രണ വകുപ്പ് തുക തിരിച്ചു പിടിക്കാൻ ജില്ലാ കലക്ടർക്കു നിർദ്ദേശം നൽകി. വയനാട് കെയുഡബ്ല്യൂജെ ഘടകത്തിൽ നിന്നു തുക ഈടാക്കാൻ കലക്ടർ നഗരസഭാ അധികൃതരോട് ഉത്തരവിട്ടിട്ടുമുണ്ട്.

വയനാട്ടിലെ തരികിട വെളിപ്പെട്ടതു കേരളത്തിലെ ജില്ലാ പ്രസ് ക്ലബുകൾക്കെല്ലാം കുരിശായിട്ടുണ്ട്. പ്രസ് ക്ലബുകളുടെ മറവിൽ കെയുഡബ്ല്യൂജെ നേടിയിട്ടുള്ള സർക്കാർ ഫണ്ടുകളെല്ലാം പലിശ സഹിതം തിരിച്ചു പിടിക്കാനായി മുഖ്യമന്ത്രിക്കും പിആർഡി ഡയറക്ടർക്കും നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. പിആർഡി ഡയറക്ടർ ഇക്കാര്യം പരിശോധിച്ചു വരുന്നതായാണു വിവരം.

(തുടരും: അടുത്തലക്കത്തിൽ- പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP