Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202119Sunday

ലയൺസ് ക്ലബോ റോട്ടറി ക്ലബോ പോലുള്ള ഒരു സംഘടനയാവാതെ ഇതൊരു ട്രേഡ് യൂണിയൻ ആവണം; സംസ്ഥാന നേതൃത്വത്തേക്കാൾ ഗുണം ജില്ലാ നേതൃത്വത്തിന് എന്ന നില മാറണം; പത്രപ്രവർത്തക യൂണിയനിൽ ശുദ്ധികലശം അനിവാര്യം, പ്രസ് ക്ലബുകൾക്കു രജിസ്ട്രേഷനും; അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ; മറുനാടൻ പരമ്പര അവസാനിക്കുന്നു

ലയൺസ് ക്ലബോ റോട്ടറി ക്ലബോ പോലുള്ള ഒരു സംഘടനയാവാതെ ഇതൊരു ട്രേഡ് യൂണിയൻ ആവണം; സംസ്ഥാന നേതൃത്വത്തേക്കാൾ ഗുണം ജില്ലാ നേതൃത്വത്തിന് എന്ന നില മാറണം; പത്രപ്രവർത്തക യൂണിയനിൽ ശുദ്ധികലശം അനിവാര്യം, പ്രസ് ക്ലബുകൾക്കു രജിസ്ട്രേഷനും; അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ; മറുനാടൻ പരമ്പര അവസാനിക്കുന്നു

മറുനാടൻ മലയാളി ടീം

തിരുവനന്തപുരം: പൂച്ചക്ക് ആര് മണികെട്ടും. കേരള പത്രപ്രവർത്തക യൂണിയനിലെ അഴിമതിയെക്കുറിച്ചുള്ള വാർത്തകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മാധ്യമ ലോകത്തുനിന്ന് കിട്ടുന്ന പ്രതികരണം ഇങ്ങനെയാണ്. പത്രപ്രവർത്തക യൂണിയൻ നേതാക്കൾ ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെങ്കിലും അംഗങ്ങളായ സാധാരണക്കാർ പറയുന്നത് നിങ്ങൾ എഴുതിയത് ഒന്നും അല്ലെന്നാണ്. മൂടിവെക്കപ്പെട്ട അഴിമതികളുടെയും ക്രമക്കേടുകളുടെയും നൂറായിരം കഥകളാണ് ഓരോ പ്രസ്‌ക്ലബുകൾക്കും പറയാനുള്ളത്.

അഴിമതിക്ക് എല്ലാ മാധ്യമ പ്രവർത്തകരെയും അടച്ചാക്ഷേപിക്കാൻ മറുനാടൻ മലയാളി ഉദ്ദേശിച്ചിട്ടില്ല. മാധ്യമ പ്രവർത്തകരിൽ 90 ശതമാനം പേരും യൂണിയന്റെയും പ്രസ് ക്ലബുകളുടെയും പ്രവർത്തനം സുതാര്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. പത്തു ശതമാനം പേർ മാത്രമാണ് ഈ തിരികിടകളുടെ ഗുണഭോക്താക്കൾ. അവർ സംഘടിതരും രാഷ്ട്രീയ സ്വാധീനവുമുള്ളവരുമാണ്. ഓണത്തിനും വാർഷികത്തിനുമൊക്കെ നേതൃത്വം സംഘടിപ്പിച്ചു കൊടുക്കുന്ന സൗജന്യ കിറ്റുകളുടെ സന്തോഷത്തിൽ അഴിമതിക്കു കണ്ണടച്ചു കൊടുക്കുന്ന അനുചര സംഘവും നേതാക്കൾക്കുണ്ട്. ഭാവിയിൽ നേതൃത്വവും കിമ്പളവും തരപ്പെടുത്താനായി കരുനീക്കുന്നവരും അനുചരന്മായി ഒപ്പം കൂടും.

കെയുഡബ്ല്യുജെയെയും പ്രസ് ക്ലബുകളെയും നിയന്ത്രിക്കുന്ന ഈ നേതൃ- അനുചര സംഘത്തെ തിർക്കാനോ തിരുത്താനോ കെൽപുള്ളവരല്ല ഭൂരിപക്ഷം വരുന്ന അംഗങ്ങൾ. യൂണിയൻ പ്രവർത്തനത്തിലും ക്ലബുകളുടെ ദൈനംദിന പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം തീരെ കുറവാണ്. ജനറൽ ബോഡികളിൽ പോലും ഭൂരിഭാഗവും പങ്കെടുക്കാറില്ല. ഈ അസംഘടിതരിൽ ഭൂരിഭാഗം പേർക്കും ഇതൊക്കെ മാറണമെന്നും, മാധ്യമലോകം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് ശക്തമായ ട്രേഡ യൂണിയനായി കെയുഡബ്ല്യുജെ മാറണമെന്നും ആഗ്രഹം ഉള്ളവരാണ്. പക്ഷേ അവരുടെ വാക്കുകൾ എവിടെയും എത്തുന്നില്ല. ആരും കേൾക്കുന്നില്ല. ഒരു ട്രേഡ് യൂണിയൻ എന്നതിനേക്കാൾ ലയൺസ് ക്ലബോ റോട്ടറി ക്ലബോ പോലുള്ള ഒരു സംഘടനയായിട്ടാണ് പലപ്പോഴും കെയുഡബ്ല്യുജെ പ്രവർത്തിക്കുന്നത്. ജോലിസ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സ്ഥാപനത്തിന്റെ കൺഫർമേഷൻ ലെറ്ററിന്റെ അടിസ്ഥാനത്തിലാണ് ഇതിൽ അംഗത്വം കൊടുക്കുന്നത്. പത്രമുടമയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അംഗത്വം തീരുമാനിക്കുന്ന ലോകത്തിന്റെ ഏക ട്രേഡ് യൂണിയനും ഒരുപക്ഷേ പത്രപ്രവർത്തക യൂണിയൻ ആയിരിക്കും. ഇതുകാരണം ചെറുകിട പത്രങ്ങളിലും മറ്റും ജോലിചെയ്യുന്ന ഒരു പാട് പേർക്ക് സംഘടനയിൽ അംഗത്വം കിട്ടാറില്ല. ഓൺലൈൻ മാധ്യമങ്ങൾക്ക് അംഗത്വം കിട്ടുമെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും നടപടിയായിട്ടില്ല.

സംസ്ഥാന നേതൃത്വത്തേക്കാൾ ഗുണം ജില്ലാ നേതൃത്വത്തിന്

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതൃത്വത്തേക്കാൾ അഴിമതി നടക്കുന്നത് ജില്ലാഘടകങ്ങളുടെ ഭാഗമായ പ്രസ് ക്ലബുകളിലാണ്. ജില്ലാ പ്രസ് ക്ലബുകൾക്കാണു വരുമാനവും ഫണ്ടുമൊക്കെ. തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ഉടമസ്ഥതയിലുള്ള കേസരി സ്മാരക മന്ദിരത്തിൽ രണ്ടു കുടുസു മുറികളിലൊതുങ്ങുന്നതാണ് സംസ്ഥാന നേതാക്കളുടെ അധികാരം. പക്ഷേ രേഖകളനുസരിച്ചു ജില്ലാ ഘടകങ്ങളുടെ ആസ്തികളുടെയെല്ലാം ഉടമസ്ഥാവകാശം സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരിലാണ്. ജില്ലാ പ്രസ് ക്ലബുകളിൽ ഭിന്നതയോ പിളർപ്പോ ഉണ്ടായാൽ സ്വത്തു കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ.

സംസ്ഥാന ഭാരവാഹിത്വത്തേക്കാൾ പലർക്കും ആകർഷകമായി തോന്നുന്നതു ജില്ലാ പ്രസ് ക്ലബ് ഭാരവാഹിത്വമാണ്. സംസ്ഥാന പ്രസിഡന്റായിരുന്ന പലരും തിരികെ ജില്ലാ പ്രസിഡന്റുമാരായി പ്രസ് ക്ലബുകൾ ഭരിക്കുന്നതിന്റെ ഗുട്ടൻസ് ക്ലബുകളുടെ വരുമാനവും പ്രാധാന്യവുമാണ്. സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വങ്ങളെ നേർവഴിക്കു നയിക്കാൻ കെൽപില്ലാത്ത വിധം ദുർബലമാണ്. തൊട്ടു മുൻപു രണ്ടു തവണ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നാരായണനാകട്ടെ ജില്ലാ പ്രസ് ക്ലബുകളുടെ അഴിമതിക്കു കൂട്ടു നിൽക്കുകയും പങ്കു പറ്റുകയും ചെയ്ത് അഴിമതി അന്വേഷണങ്ങൾക്കു തടയിടാനായി ശ്രമിച്ച ചരിത്രവുമുണ്ട്.

പണ്ടു തിരുവനന്തപുരം കേസരി ട്രസ്റ്റിനെ കുറിച്ച് അഴിമതി ആരോപണമുയർന്നപ്പോൾ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ ഘടകത്തെ പിരിച്ചു വിടാൻ ധൈര്യം കാണിച്ച സംസ്ഥാന നേതൃത്വത്തിന്റെ പാത പിന്തുടരണം. പ്രസ് ക്ലബുകൾ കൈപ്പറ്റിയ സർക്കാർ ഫണ്ടിനു വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്ത വിധത്തിൽ ദുരുപയോഗം ചെയ്ത ജില്ലാ ഭാരവാഹികൾക്കും മുൻ ഭാരവാഹികൾക്കുമെതിരെ അച്ചടക്ക നടപടിയെടുക്കണം. പ്രസ് ക്ലബ് അഴിമതിയെ കുറിച്ചു വിജിലൻസ് അന്വേഷണത്തിനു സർക്കാരിനോടു ശുപാർശ ചെയ്യാനുള്ള ധൈര്യവും സംസ്ഥാന നേതൃത്വം കാണിക്കണം. അല്ലാത്ത പക്ഷം സർക്കാരും വ്യവസായികളും നൽകുന്ന ഫണ്ടു വിഴുങ്ങാൻ മോഹിക്കുന്നവർ മാത്രമാകും പ്രസ് ക്ലബ് നേതൃത്വത്തിലേക്കു വരിക.

കെയുഡബ്ല്യജെ പ്രവർത്തനം ട്രേഡ് യൂണിയൻ രംഗത്തേക്കു മാത്രമായി നിർത്താനും ജില്ലാ പ്രസ് ക്ലബുകൾ നിയമപരമായി രജിസ്റ്റർ ചെയ്ത് സ്വതന്ത്രമായി പ്രവർത്തിക്കാനും നേതൃത്വം തയാറാകണം. പ്രസ് ക്ലബുകൾക്ക് വേറിട്ട സ്വത്വമുണ്ടായാൽ കെയുഡബ്ല്യൂജെ ജില്ലാ ഭാരവാഹികൾക്കു പ്രസ് ക്ലബ് നിയന്ത്രിക്കാൻ കഴിയില്ലെന്ന ചിന്തയിലാണ് പ്രസ് ക്ലബുകളെ കാലാകാലങ്ങളായി അനധികൃതമായി നിർത്തുന്നത്. യൂണിയൻ ഭാരവാഹികൾ പ്രസ് ക്ലബ് ഭാരവാഹികളുമാകുന്ന അനധികൃത സംവിധാനം മാറണം.

രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വരവു ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്തു രജിസ്റ്റാർക്കു നൽകിയാലേ രജിസ്റ്റ്രേഷൻ പുതുക്കി ലഭിക്കുകയുള്ളു. സർക്കാർ ഫണ്ടു വെട്ടിപ്പു പോലുള്ള ഗുരുതരമായ ക്രമക്കേടുകളൊക്കെ നിയന്ത്രിക്കാൻ വേറെ മാർഗമില്ല. കെയുഡബ്ല്യൂജെ നേതൃത്വത്തിൽ ശുദ്ധികലശവും പ്രസ് ക്ലബുകൾക്ക് നിയമാനുസൃത രജിസ്റ്റ്രേഷനുമാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ അന്തസ് സംരക്ഷിക്കാനുള്ള പോംവഴി.

സേവ് കെയുഡബ്ല്യുജെ കാമ്പയിൻ

ഇതിന്റെ ഭാഗമായി പലയിടത്തും ഇപ്പോൾ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ സേവ് കെയുഡബ്ല്യുജെ എന്ന പേരിൽ പല സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. തൃശൂരിൽനിന്നൊക്കെ ഇത്തരം വാർത്തകളാണ് ഉയരുന്നത്.തൃശൂരില മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന അത്തരം ഒരു കത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

സുഹൃത്തുക്കളെ; സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുത്ത തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനം ഒട്ടും ആശാവഹമല്ലെന്നതിൽ വിഷമമുണ്ട്. ഉയർന്ന് വന്ന വിഷയങ്ങളെല്ലാം പരിഹരിച്ച് കെട്ടുറപ്പോടെ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുകയെന്ന ലക്ഷ്യത്തിൽ നിന്ന് നേതൃത്വം പിന്നോക്കം പോകുന്നുവെന്ന സംശയം തീരുമാനങ്ങളിൽ നിഴലിക്കുന്നു. പ്രതികരിക്കാനുള്ള സംവിധാനങ്ങൾ കെട്ടിപൂട്ടിയതോടെയാണ് ഇത്തരത്തിൽ ഇ-മെയിൽ വഴി സംവദിക്കേണ്ടി വന്നത്. ഈ കൂട്ടായ്മയിൽ ദൃശ്യ- അച്ചടിമാധ്യമങ്ങളിൽ നിന്നുള്ളവരും ജില്ലാ ഭാരവാഹികളും സംസ്ഥാന പ്രതിനിധികളും യൂണിയൻ അംഗങ്ങളും അംഗങ്ങളല്ലാത്തവരുമെല്ലാമുണ്ട്. സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ഏക സംഘടനയായ കെയുഡബ്ല്യുജെയുടെ കെട്ടുറപ്പും ആരോഗ്യകരമായ വളർച്ചയും മാത്രമാണ് ലക്ഷ്യം. അംഗങ്ങളായ സഹോദങ്ങൾക്ക് കൈതാങ്ങാകേണ്ട ആവശ്യകത ഓർപ്പിക്കലാണ് പ്രവർത്തനം. നേതൃത്വം കടമ മറക്കുകയോ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്യുമ്പോൾ തിരുത്താനുള്ള ചാലകശക്തിയായി മാറുകയാണ് ഉദ്ദേശം.

ഇതൊരിക്കലും വ്യക്തിനിഷ്ഠമോ വ്യക്തികേന്ദ്രീകൃതമോ അല്ല. വിമർശനം വ്യക്തികൾക്ക് നേരെയുമല്ല. സംവദിക്കുന്നതും തിരുത്തൽ ആവശ്യപ്പെടുന്നതും നേതൃപദവിയോടാണ്. അവിടെ വ്യക്തികൾ മാറി വരും. ഇത്തരത്തിൽ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ സംഘടനയെ തകർക്കുന്നേയെന്ന മുറവിളിയിൽ കഴമ്പില്ലെന്നും വ്യക്തം. ''ഇന്ത്യയാണ് ഇന്ദിര; ഇന്ദിരയാണ് ഇന്ത്യ'' എന്നത് അടിയന്തരാവസ്ഥ കാലത്തെ ആപ്തവാക്യമായിരുന്നു; ജനാധിപത്യത്തിൽ ഇതിന് പ്രസക്തിയില്ലെന്നതും ചരിത്രം. അതായത് ഏതെങ്കിലുമൊരു വ്യക്തിയല്ല സംഘടന; വ്യക്തികളുടെ കൂട്ടായ്മയാണ് സംഘടനാ സംവിധാനം.

സംവദിക്കാനുള്ള സ്പെയ്സായ യൂണിയൻ വാട്സാപ്പ് ഗ്രൂപ്പ് പൂട്ടി അഡ്‌മിൻ ഓൺലിയാക്കിയതോടെയാണ് ഇത്തരമൊര് സംവേദന മാർഗം സ്വീകരിക്കേണ്ടി വന്നത്. ഇതിനകം വന്ന പോസ്റ്റുകളിലൊന്നും വ്യക്തിഹത്യയോ അധികാര അട്ടിമറിക്കുള്ള ആഹ്വാനമോ ഉണ്ടായിട്ടില്ല. മുമ്പത്തെ കുറിപ്പുകളിൽ പരാമർശിച്ച, സംസ്ഥാന സമ്മേളന കണക്കവതരണവും വാടക കെട്ടിടത്തിന്റെ കേസും ദൃശ്യമാധ്യമ പ്രവർത്തകരുടെ പരാതിയും അടക്കമുള്ള വിഷയങ്ങൾ നേതൃത്വം പരിഗണിക്കാൻ തയ്യാറായെന്നത് സ്വാഗതാർഹം. ഇത് തന്നെയാണ് ഈ കൂട്ടായ്മയുടെ പ്രസക്തിയും അനിവാര്യതയും...
എന്നാൽ തീരുമാനങ്ങൾ പലതും പ്രശ്ന പരിഹാരം ലാക്കാക്കിയല്ലെന്നതും എരിതീയിൽ എണ്ണയൊഴിക്കലാണെന്നതും ദുഃഖകരം. -

തുടർന്ന് ചില ഗൗരവകരമായ ആരോപണങ്ങളും ഈ കത്തിൽ ഉന്നയിക്കുന്നു.

1. കഴിഞ്ഞ വർഷം സിസംബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ വരവ് ചെലവ് കണക്കവതരണം പിന്നേയും നീട്ടിവച്ചതായാണ് കാണുന്നത്. കുറ്റം ലോക് ഡൗണിനുമായി. ലോക് ഡൗൺ പ്രഖ്യാപിച്ചത് സമ്മേളനത്തിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് മാർച്ച് ഒടുവിലാണെന്നും ഓർക്കണം. സ്വാഗത സംഘം പിരിച്ചുവിടൽ ആഘോഷമാക്കി നടത്താനാണെങ്കിൽ ലോക് ഡൗൺ കഴിയും വരെ കാത്തിരിക്കാം. പക്ഷേ, അഞ്ച് മാസമായിട്ടും വരവ് ചെലവ് കണക്ക് തിട്ടപ്പെടുത്തി കഴിഞ്ഞില്ലേ..? അത് പരസ്യപ്പെടുത്താൻ എന്തിന് ലോക് ഡൗൺ തീരും വരെ കാത്തിരിക്കണം.? ഇ-മെയിൽ വഴി അംഗങ്ങളെ അറിയിക്കാമല്ലോ... കണക്കിൽ പൊരുത്തക്കേടില്ലെങ്കിൽ, സുതാര്യമെങ്കിൽ, എത്രയും വേഗം കണക്കറിയാൻ സാധിക്കുമെന്ന് പ്രതീക്ഷ.

2. തൃശൂർ പ്രസ് ക്ലബ്ബിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന കടമുറിയുടെ വാടകക്കാരനുമായി മുൻകാല ഭരണസമിതികളുടെ കാലം മുതലേ നടക്കുന്ന കേസിൽ അനുകൂല വിധിയുണ്ടായെന്ന് സെക്രട്ടറി അറിയിച്ചത് കഴിഞ്ഞ ജനുവരിയിൽ. പിന്നെ അതേ കുറിച്ച് മിണ്ടാട്ടമേയില്ല. കടക്കാരൻ ഒഴിഞ്ഞതുമില്ല. അതേക്കുറിച്ചാണ് കഴിഞ്ഞ കുറിപ്പുകളിൽ നിരന്തരം ആരാഞ്ഞത്. സർട്ടിഫൈ ഓർഡർ ലഭിച്ചത് നാല് ദിവസം മുന്നെയെന്ന് അറിയിച്ചതിൽ സന്തോഷം. ജനുവരിയിൽ വന്ന വിധിയുടെ പകർപ്പ് കക്ഷിക്ക് ലഭിക്കാനെടുത്ത കാലയളവ് നാല് മാസം..! യൂണിയൻ പ്രവർത്തനത്തെ കുറിച്ച് മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ കുറിച്ചും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തോ എന്ത് രോ..!

3. മെയ് അവസാനം എല്ലാ അംഗങ്ങൾക്കും പ്രതിവർഷം നൽകുന്ന 3000 രൂപയുടെ കൂപ്പൺ ഇത്തവണ 2000 രൂപയാക്കി കുറച്ചത് ഇരുട്ടടിയായി. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമാകുന്ന, ശമ്പളം കിട്ടാക്കനിയായ, വെട്ടിക്കുറയ്ക്കപ്പെട്ട മാധ്യമ പ്രവർത്തകർക്കുള്ള ഇരുട്ടടി. സംസ്ഥാന സമ്മേളന നടത്തിപ്പിൽ മൂന്ന് മന്ത്രിമാരും ഉൾപ്പെടെ സഹായിച്ചതിന്റെ ഫലമായി പത്ത് ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കിയ സാഹചര്യത്തിൽ തന്നെയാണ് പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായധനം വെട്ടിക്കുറച്ചത്. ആനുപാതിക കുറവ് അംഗങ്ങളല്ലാത്തവർക്കുമുണ്ട്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.- ഇത്തരം ആരോപണങ്ങളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്.

ഈ കോവിഡ് കാലത്ത് വേണ്ടത് ശക്തമായ യൂണിയൻ തന്നെയാണെന്ന അഭിപ്രായം എല്ലാ മാധ്യമ പ്രവർത്തകരിലുമുണ്ട്. കാരണം മറ്റെല്ലാമേഖലയിലും എന്നപോലെ കടുത്ത പ്രതിസന്ധി ഈ മേഖലയിലും നിൽനിൽക്കയാണ്. നരവധി മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടമായി. കോവിഡിന്റെ മറവിൽ 20 മുതൽ 50 ശതമാനം സാലിറി കട്ടാണ് വന്നിട്ടുള്ളത്. ഈ സമയത്തൊക്കെ ശക്തമായി പോരടിക്കേണ്ട ഒരു ട്രേഡ് യൂണിയൻ ഏതാനും ഗിഫ്റ്റുകളിലും അഴിമതിക്കഥകളിലും കിടന്ന് വട്ടം കറങ്ങുകയല്ല വേണ്ടത്. അതിനുള്ള ആദ്യ പടി നടന്ന അഴിമതികൾ മൂടിവെക്കുകയല്ല, അത്തരക്കാർക്കെതിരെ കർശന നടപടിയാണ്. അതിന് പത്രപ്രവർത്തക യൂണിയൻ തുനഞ്ഞ് ഇറങ്ങുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP