Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എകെ ആന്റണിയെ ശപിക്കാത്തവരാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവില്ല; അത്രയ്ക്കുണ്ട് അങ്ങേരുചെയ്ത ദ്രോഹം; പ്ലാസ്റ്റിക് ഷീറ്റും ഒരു വാക്കത്തിയും കഞ്ഞിയും കറിയും വയ്ക്കുന്നതിനുള്ള പാത്രവും മാത്രമാണ് കൈയേറ്റക്കാർക്ക് നഷ്ടമായത്; എല്ലാം പോയത് കർഷകർക്കും; മതികെട്ടാനിലെ ദുരിത കാഴ്ച സമാനതകളില്ലാത്തത്

എകെ ആന്റണിയെ ശപിക്കാത്തവരാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവില്ല; അത്രയ്ക്കുണ്ട് അങ്ങേരുചെയ്ത ദ്രോഹം; പ്ലാസ്റ്റിക് ഷീറ്റും ഒരു വാക്കത്തിയും കഞ്ഞിയും കറിയും വയ്ക്കുന്നതിനുള്ള പാത്രവും മാത്രമാണ് കൈയേറ്റക്കാർക്ക് നഷ്ടമായത്; എല്ലാം പോയത് കർഷകർക്കും; മതികെട്ടാനിലെ ദുരിത കാഴ്ച സമാനതകളില്ലാത്തത്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: എകെ ആന്റണിയെ ശപിക്കാത്തവരാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവില്ല. അത്രയ്ക്കുണ്ട് അങ്ങേരുചെയ്ത ദ്രോഹം. കയ്യേറ്റക്കാർക്ക് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. ഷെഡ് കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും ഒരു വാക്കത്തിയും കഞ്ഞിയും കറിയും വയ്ക്കുന്നതിനുള്ള പാത്രവുമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെത്തുന്നതു കണ്ടപ്പോൾ ഇതും എടുത്ത് അവർ ഓടി രക്ഷപെട്ടു. ദുരിതത്തിലായത് ഞങ്ങളാണ്. ഒരു നോട്ടീസുപോലും നൽകാതെ ഒരുദിവസം ഉദ്യോഗസ്ഥരെത്തി പണിയെടുത്തിരുന്ന ഭൂമി പിടിച്ചെടുക്കുകയായിരുന്നു. മതികെട്ടാൻ കുടിയറക്കിൽ പട്ടയ ഭൂമി നഷ്ടപ്പെട്ട ഏലം കർഷകർ വെളിപ്പെടുത്തി.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുമൊന്നും ഞങ്ങളാരും എതിരായിരുന്നില്ല.ഇതൊക്കെ വേണമെന്നുതന്നെയായിരുന്നു ഞങ്ങളുടെയും നിലപാട്.ഇതൊക്കെ വ്യക്തമാക്കിയിട്ടും ഞങ്ങളോട് കൊലച്ചതിയാണ് ഏകെ ആന്റണി സർക്കാർ ചെയ്തത്.അത് ഓർക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ കഴിയുന്നില്ല.അവർ വ്യക്തമാക്കി. 2002-ൽ ഏകെ ആന്റണി സർക്കാരാണ് മതികെട്ടാനിൽ പട്ടയഭൂമിയുണ്ടായിരുന്ന 187 കർഷകരെ വഴിയാധാരമാക്കിയ കുടിയിറക്കിന് ഉത്തരവിട്ടത്.

കുടിയിറക്കിന് പിന്നാലെ കർഷകർ തോണ്ടിമലത്താവളം ഏലം കർഷക സമിതി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പട്ടയ ഭൂമിവിട്ടുകിട്ടണമെന്ന ആവശ്യവുമായി പ്രത്യക്ഷ സമരപരിപാടികൾ നടത്തിയിരുന്നു.പൂപ്പാറ,ശാന്തൻപാറ എന്നിവിടങ്ങളായിരുന്നു സമരത്തിന്റെ കേന്ദ്രങ്ങൾ.ആദ്യം റിലേ നിരാഹാരവും പിന്നീട് സത്യാഗ്രഹ സമരവുമായി 45 ദിവസത്തോളം സമരം നീണ്ടുനിന്നു.200 പേർ സമരത്തിൽ പങ്കാളികളായി.കെ ജി സുകുമാരൻ,ജോർജ്ജ് പുല്ലാട്ട്,ജോർജ്ജ് ഫിലിപ്പ് തുടങ്ങിയവരായിരുന്നു സമരസമിതി ഭാരവാഹികൾ.

കേരള കോൺഗ്രസ്സ് നേതാവ് പി ജെ ജോസഫ്,മുൻ എം പി ഫ്രാൺസീസ്,ഫാദർ വടക്കൻ തുടങ്ങി പ്രമുഖരും ഇൻഫാം ഉൾപ്പെടെയുള്ള സംഘടനകളും സമരത്തിന് പിൻതുണ നൽകിയിരുന്നു.ഇതിനിടയിൽ വലിയ പ്രതീക്ഷയോടെ കർഷക പ്രതിനിധികൾ മുഖ്യമന്ത്രി ഏ കെ ആന്റണിയെ കണ്ടു.അഴിക്കും തോറും മുറുകുന്ന കുരുക്കാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് സമിതി ഭാരവാഹികളിലൊരാളായിരുന്ന ജോർജ്ജ് ഫിലിപ്പ് അറിയിച്ചു.പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ മുന്നിലും കർഷക പ്രതിനിധികൾ വിഷയം അവതരിപ്പിച്ചു.തുടർന്ന് പട്ടയഭൂമി നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കാൻ അദ്ദേഹം കളക്ടറോട് നിർദ്ദേശിച്ചു.187 പേരുടെ കൈവശത്തിലുണ്ടായിരുന്ന 847 ഏക്കർ പട്ടയഭൂമി നഷ്ടപ്പെട്ടെന്നായിരുന്നു കളക്ടറുടെ കണ്ടെത്തൽ.പിന്നീട് അധികാരത്തിലെത്തിയ വി എസ് അച്യുതാനന്ദൻ സർക്കാർ ഇക്കാര്യത്തിൽ തിരിഞ്ഞുനോക്കിയില്ല.

മതികെട്ടാൻ സന്ദർശിച്ച അവസരത്തിൽ കർഷകർ തങ്ങളുടെ ദുസ്ഥിതി വി എസിന്റെ മുമ്പാകെ വിവരിച്ചിരുന്നു.വേണ്ടത് ചെയ്യാമെന്ന് അന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു.അന്നത്തെ റവന്യൂവകുപ്പ് മന്ത്രി കെ എം മാണിക്ക് 2005 ഡിസംബർ 8-ന് വി എസ് ഒരു കത്തുനൽകിയിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.ഇതിനിടയിൽ കർഷകരിൽ ചിലർ നിയമനടപടികളുമായി രംഗത്തിറങ്ങിയിരുന്നു.സുമ ജോണി,റൂബി മാത്യു,റോയി വറുഗീസ് എന്നിവർക്ക് അനുകൂല വിധിയും ലഭിച്ചിരുന്നു.

എന്നാൽ ഇത് ഇതുവരെ നടപ്പിലായിട്ടില്ല.തുടർനടപടികൾക്കായി നീങ്ങുന്നതിനുള്ള സാമ്പത്തീക ബുദ്ധിമുട്ട് വിധിനടപ്പാക്കിയെടുക്കുന്നതിനുള്ള ഇവരുടെ നീക്കത്തിന് തിരിച്ചടിയായി.ജി ഒ (എം എസ് )നമ്പർ 327/2002/ആർ ഡി -17-10-2002 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം മതികെട്ടാനിലെ പട്ടയങ്ങൾ റദ്ദാക്കി, ഭൂമി വനം-വന്യജീവി വകുപ്പിന് കൈമാറിയിരുന്നു.പട്ടയ ഭൂമിയുണ്ടായിരുന്ന പ്രദേശം ഇപ്പോൾ മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ ഭാഗമാണ്.ഇനി ഇവിടെ ഭൂമി കർഷകർക്ക് വിട്ടുക എന്ന കാര്യത്തിൽ വിദൂരസാധ്യതമാത്രമാണുള്ളതെന്നാണ് വനംവകുപ്പധികൃതർ നൽകുന്ന സൂചന.

അടിമാലി വെട്ടിക്കാട്ടിൽ ജോർജ്ജ്,കൊന്നത്തടി കിഴക്കെ വീട്ടിൽ സുകുമാരൻ ,സേനാപതി താഴത്തെ പുത്തൻപുരയ്ക്കൽ നാരായണൻ,ശാന്തൻപാറ മരുതുപറമ്പിൽ റോയി വറൂഗീസ് തുടങ്ങിയവരെല്ലാം കുടിയിറക്കിനെത്തുടർന്ന് കടക്കെണിയിലായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.ആകെയുണ്ടായിരുന്ന ടാക്ടറാണ് കുടിയറക്കിന് ശേഷം ജോർജ്ജിന്റെ ജീവിതം പിടിച്ചുനിർത്തിയത്.അക്കാലത്ത് അടുത്തെങ്ങും ടാക്ടർ ഇല്ലാതിരുന്നതിനാൽ നിലമൊരുക്കാൻ നാട്ടുകാരായ കൃഷിക്കാർ ഏറെയും ആശ്രയിച്ചിരുന്നത് ജോർജ്ജിനെയായിരുന്നു.വീണ്ടും സ്ഥലം പാട്ടിനെടുത്ത് പലവിധ കൃഷികൾ നടത്തിയും കന്നുകാലിയെ വളർത്തിയുമൊക്കെയാണ് നാരാണൻ ഈ പ്രതിസന്ധിയിൽ നിന്നും ഏറെക്കുറെ കരകയറിയത്.കഷ്ടി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നെങ്കിലും ഇവരുൾപ്പെടെയുള്ള കർഷകരിൽ ഭൂരിഭാഗവും ഇന്നും വലിയ കടബാദ്ധ്യതയുമായിട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

കുടിയറക്കിൽ ദുരിതം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുകയോ പകരം ഭൂമി നൽകുകയോ വേണമെന്ന് പരക്കെ ആവശ്യമുയർന്നെങ്കിലും മാറിമാറി വന്ന സർക്കാരുകൾ ഇക്കാര്യം പരിഗണിച്ചില്ല.കുടിയിറക്കിന് ശേഷം തലസ്ഥാനത്തെത്തി കണ്ടപ്പോൾ,പട്ടയഭൂമി ഉള്ളതായുള്ള വിവരം താൻ അറിഞ്ഞിരുന്നില്ലന്നാണ് കെ സുധാകരൻ പ്രതികരിച്ചതെന്ന് ഭൂമിപ്രശ്നത്തിൽ സജീവ ഇടപെടൽ നടത്തിവന്നിരുന്ന വെട്ടിക്കാട്ടിൽ ജോർജ്ജ് അറിയിച്ചു.

ഇനി ദുരിതബാധിതകരുടെ പ്രതീക്ഷ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിലാണ്.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എൽ ഡി എഫ് നേതാക്കളുടെ ശ്രദ്ധയിലേയ്ക്ക് ഈ വിഷയം എത്തിക്കുന്നതിനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ഏലം കൃഷിക്ക് ഉപയുക്തമാവുന്ന തരത്തിലുള്ള ഭൂമി സർക്കാർ വിട്ടുനൽകുകയാണെങ്കിൽ ഇതിൽ പണിയെടുത്തെങ്കിലും കടബാദ്ധ്യതയിൽ നിന്നും കരകയറാനാവുമെന്നാണ് ഭൂമി നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

നഷ്ടപ്പെട്ട ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കോവിഡ് കാലമെത്തിയതോടെ ഭൂമി നഷ്ടപ്പട്ട് ,കൂലിപ്പണിയിലേയ്ക്ക് ഇറങ്ങേണ്ടി വന്നവർ വരെ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുകയാണ്.കർഷകരുടെ ഈ ദുരിതക്കണ്ണീർ സർക്കാർ കണ്ടില്ലന്ന് നടിക്കരുത്.ഈ പ്രശ്നം പരിഹരിക്കാനായാൽ അത് പിണറായി സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നായി മാറും.സംശയമില്ല.
(അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP