Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

2002ൽ സുധാകരൻ പറഞ്ഞത് വനഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ; മാണി നടത്തിയത് പട്ടയ ഭൂമി അടക്കം പിടിച്ചെടുക്കുന്ന അസാധാരണ ഇടപെടൽ; കുടിയിറക്കിന് രണ്ട് ദശാബ്ദമാകുമ്പോൾ കോടികളുടെ ആസ്തിയുണ്ടായിരുന്നവരെല്ലാം ദുരിത കയത്തിലായി; കടബാധ്യത പെരുകി ഇവരെല്ലാം ആത്മഹ്യാ മുനമ്പിൽ; മതികെട്ടാനിലെ കണ്ണീർ കാഴ്ച തേടി മറുനാടൻ

2002ൽ സുധാകരൻ പറഞ്ഞത് വനഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ; മാണി നടത്തിയത് പട്ടയ ഭൂമി അടക്കം പിടിച്ചെടുക്കുന്ന അസാധാരണ ഇടപെടൽ; കുടിയിറക്കിന് രണ്ട് ദശാബ്ദമാകുമ്പോൾ കോടികളുടെ ആസ്തിയുണ്ടായിരുന്നവരെല്ലാം ദുരിത കയത്തിലായി; കടബാധ്യത പെരുകി ഇവരെല്ലാം ആത്മഹ്യാ മുനമ്പിൽ; മതികെട്ടാനിലെ കണ്ണീർ കാഴ്ച തേടി മറുനാടൻ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കടബാദ്ധ്യത പെരുകി പിടിച്ചുനിൽക്കാനാവാതെ കർഷകർ ആത്യഹത്യ ചെയ്യുന്നത് തുടർക്കഥയാകുന്നു. നിരവധി പേർ ആത്മഹത്യ മുമ്പിലാണ്. രക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് മതികെട്ടാനിലെ ദുരിതബാധിതർ പറയുന്നു. ഈ കണ്ണീർ കാഴ്ചയുടെ സത്യം അന്വേഷിക്കുകയാണ് മറുനാടൻ. കർഷകരുടെ തീരാദുരിതം വാർത്ത പരമ്പരയായി അവതരിപ്പിക്കുന്നത് അധികൃതരുടെ കണ്ണ് തുറക്കാനും വീണ്ടും രേഖകളിലൂടെ എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാനുമാണ്.

കയ്യേറ്റക്കാരെ ഒഴിപ്പിച്ച കൂട്ടത്തിൽ തങ്ങളുടെ പട്ടയഭൂമികൂടി സർക്കാർ പിടിച്ചെടുത്തെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ രേഖകൾ കാണിച്ചിട്ടും അനുകൂല കോടതി ഉത്തരവുണ്ടായിട്ടും പിന്നീട് അധികാരത്തിലെത്തിയ സർക്കാരുകൾ ഈ ഭൂമി വിട്ടുനൽകിയില്ലെന്നുമാണ് കർഷകരുടെ വെളിപ്പെടുത്തൽ. ഭൂമി വാങ്ങുന്നതിനും കൃഷിയിറക്കുന്നതിനുമായി കിടപ്പാടം വിറ്റും ബാങ്ക് വായ്പയെടുത്തുമൊക്കെയാണ് പണം കണ്ടെത്തിയതെന്നും ഈ ബാദ്ധ്യത ജീവിതം ദുസഖമാക്കിയിരിക്കുകയാണെന്നും മാറിയ സാഹചര്യത്തിൽ കൂട്ട ആത്മഹത്യകൾക്കുവരെ ഇത് കാരണമായേക്കാമെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

2002-മെയ് ആദ്യവാരത്തിലായിരുന്നു മതികെട്ടാനിൽ കുടിയിറക്കുണ്ടായത്. അന്നത്തെ ഏ കെ ആന്റണി സർക്കാരാണ് കുടിയിറക്കിന് ഉത്തരവിട്ടത്. കെ സുധാകരനായിരുന്നു അന്നത്തെ വനംവകുപ്പുമന്ത്രി. ആദിവാസികൾക്കുള്ള പട്ടയവിതരണവുമായി ബന്ധപ്പെട്ട് കുടിയിറക്കിന് ഏതാനും മാസം മുമ്പ് കെ സുധാകരൻ പൂപ്പാറയിൽ എത്തിയിരുന്നു. ഈയവസരത്തിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കളിൽ ഒരാൾ മതികെട്ടാനിലെ കയ്യേറ്റത്തെക്കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. ഈ സമയം പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന മതികെട്ടാൻ ചോലയിൽ വ്യാപക കയ്യേറ്റമുണ്ടായെന്നും ഇത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

വിവരമറിഞ്ഞയുടൻ കെ സുധാകരൻ പ്രദേശിക കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം മതികെട്ടാൻ സന്ദർശിച്ചു. കയ്യേറ്റമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തലസ്ഥാനത്തു തിരിച്ചെത്തി, മന്ത്രിസഭ യോഗത്തിൽ മതികെട്ടാനിലെ സ്ഥിതിഗതികൾ മന്ത്രി വിവരിച്ചു. ഇക്കാര്യത്തിൽ റവന്യൂവകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്ന് റവന്യൂവകുപ്പ് കൈകാര്യം ചെയ്തിരുന്നത് അന്തരിച്ച കെ എം മാണിയായിരുന്നു.

2400 ഏക്കറോളം വരുന്ന വനഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യമാണ് കെ സുധാകരൻ മുന്നോട്ടുവച്ചതെന്നും ഇത് ചെവിക്കൊള്ളാതെ റവന്യൂവകുപ്പ് മന്ത്രി പട്ടയഭൂമി ഉൾപ്പെടെ 3200-ൽപ്പരം ഏക്കർ ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നെന്നും ഇതാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നുമാണ് കർഷകർ വിശദമാക്കുന്നത്. സുധാകരന്റെ സന്ദർശനത്തിന് പിന്നാലെ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, റവന്യു മന്ത്രി കെ എം മാണി, സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ എന്നിവരെല്ലാം മതികെട്ടാനിലെ കയ്യേറ്റം കാണാനെത്തി.

ഇതിനെല്ലാം വലിയ വാർത്താപ്രാധാന്യവും ലഭിച്ചു. പട്ടയഭൂമിയുള്ളവർ ഇവരെക്കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് റവന്യു-വനംവകുപ്പ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കലിന് അന്തിമ രൂപമായത്.
സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കാനെന്ന പേരിൽ ദേവികുളത്തും ശാന്തൻപാറയിലുമെല്ലാം തങ്ങളെ ആർ ഡി ഒ അടക്കമുള്ള ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നെന്നും ഇതെ സമയത്തുതന്നെ തങ്ങളുടെ ഷെഡും വീടുമെല്ലാം റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ ഡൈനാമിറ്റും മറ്റും ഉപയോഗിച്ച് തകർക്കുകയായിരുന്നെന്നും ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ഇതെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും മനസ്സ് പിടിവിട്ടുപോകുന്ന അവസ്ഥയിലാണെന്നുംകർഷകർ പറയുന്നു.

ആര ഏക്കർ മുതൽ 70-80 ഏക്കറിൽ വരെ ഏലകൃഷി നടത്തിവന്നിരുന്ന 172 പേരുടെ 847 ഏക്കറോളം വരുന്ന പട്ടയഭൂമി ഒരു നോട്ടീസുപോലും നൽകാതെ സർക്കാർ പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും ഇപ്പോഴും പലരും നിധിപോലെ സൂക്ഷിക്കുന്നു. കുടിയറക്ക് നടക്കുമ്പോൾ പട്ടയവും മറ്റും രേഖകളമായി സമീപിച്ചപ്പോൾ, ഇപ്പോൾ ഒന്നും പറയേണ്ടെന്നും വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളാനുമായിരുന്നു സ്ഥലത്തുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാൾ നിർദ്ദേശിച്ചതെന്ന് കർഷകരിലൊരാൾ അറിയിച്ചു.

2002-മുതൽ പലഘട്ടങ്ങളിൽ ആയിട്ടാണ് കുടിയിറക്ക് നടന്നത്. 10-ഉം 15 ഉം പേരെ വീതമൊക്കെയാണ് കുടിയിറക്കിയത്. 2005 വരെ കുടുയറക്ക് നീണ്ടുനിന്നു. കുടിയിറക്കിനെത്തുടർന്ന് ഭൂമി നഷ്ടപ്പെട്ട കർഷകർ കൂട്ടായ്മ രൂപീകരിച്ച് സമരരംഗത്തിറങ്ങി. ഇതിനുപുറമെ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചിലർക്ക് അനുകൂല കോടതിവിധ ലഭിച്ചിരുന്നു.ഇതുമായി എത്തിയിട്ടും ബന്ധപ്പെട്ട അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

സാമ്പത്തീക സ്ഥിതി പരിതാപകരമായതിനാൽ ഇവർക്ക് നിയമനടപടികളുമായി പിന്നീട് മുന്നോട്ടുപോകാനുമായില്ല.കുടിയിറക്കിന് ശേഷം ഇതുമൂലം ദുരിതത്തിലായ തങ്ങളുടെ സങ്കടം കേൾക്കാൻ ആരും തയ്യാറായില്ലെന്നും ഈ അവഗണന ആത്മവിശ്വാസം തകർത്തതിനാലാവാം അത്മഹത്യകൾ ഉണ്ടായതെന്നുമാണ് ഇവരിലേറെപ്പേരും വിശ്വസിക്കുന്നത്. കുടിയറക്കുകഴിഞ്ഞ് 2 ദശാബ്ദം പിന്നിടുമ്പോഴും കോടികളുടെ ആസ്തിയുണ്ടായിരുന്ന കർഷകരിൽ പലരും വലിയ കഷ്ടപ്പാടും പേറിയാണ്് ജീവിക്കുന്നതെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ ബോദ്ധ്യമായി.

കടബാദ്ധ്യത പെരുകി ഇവരിൽ പലരുടെയും ഭാവി ജീവിതം ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. മറ്റു ചിലരാവട്ടെ എങ്ങിനെയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണ്. കൈവിട്ട് പോയെന്നുകരുതിയ ജീവിതം പൊരുതി തിരികെ പിടിച്ചവരും ഇവർക്കിടയിലുണ്ട്. ഇവരിൽ ചിലർ തങ്ങളുടെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളും പ്രതിസന്ധികളുമെല്ലാം മറുനാടനുമായി പങ്കിട്ടു.

ഇവിയിൽ ചിലതെല്ലാം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടിയായിരുന്നു. അതെക്കുറിച്ച് നാളെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP