Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

രവീന്ദ്രൻ പട്ടയം വിവാദം കൊണ്ട് നേട്ടം സിപിഐ നേതാക്കൾക്ക്; പട്ടയം റദ്ദാക്കി റവന്യു വകുപ്പ് ഇറക്കിയ ഉത്തരവും നേതാക്കൾക്ക് കീശ വീർപ്പിക്കാൻ; സർവ്വീസിൽ നിന്ന് വിരമിക്കാൻ 15 മിനിട്ട് മാത്രമുള്ളപ്പോൾ സസ്പെൻഷൻ ഉത്തരവ് നൽകിയത് ആർക്കുവേണ്ടി? എം.ഐ.രവീന്ദ്രൻ മറുനാടനോട് മനസ് തുറക്കുന്നു

രവീന്ദ്രൻ പട്ടയം വിവാദം കൊണ്ട് നേട്ടം സിപിഐ നേതാക്കൾക്ക്; പട്ടയം റദ്ദാക്കി റവന്യു വകുപ്പ് ഇറക്കിയ ഉത്തരവും നേതാക്കൾക്ക് കീശ വീർപ്പിക്കാൻ; സർവ്വീസിൽ നിന്ന് വിരമിക്കാൻ 15 മിനിട്ട് മാത്രമുള്ളപ്പോൾ സസ്പെൻഷൻ ഉത്തരവ് നൽകിയത് ആർക്കുവേണ്ടി? എം.ഐ.രവീന്ദ്രൻ മറുനാടനോട് മനസ് തുറക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

 മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.

മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.

കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്. ഈ പശ്ചാത്തലത്തിൽ,പട്ടയ വിതരണത്തിന്റെ പിന്നാമ്പുറ കഥകൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് എം.ഐ.രവീന്ദ്രൻ. പരമ്പരയുടെ രണ്ടാം ഭാഗം:

സർക്കാർ വിചാരിച്ചാൽ താൻ നൽകിയ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തീർപ്പാക്കാമായിരുന്നു എന്ന് എം.ഐ.രവീന്ദ്രൻ ഉറപ്പിച്ചു പറയുന്നു. ഇത് ഇപ്പോഴും പരിഹരിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത് സിപിഐയിലെ നേതാക്കൾക്ക് പണം സമ്പാദിക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.

റവന്യൂവകുപ്പ് ഭരിക്കുന്നത് സിപിഐയുടെ സർവ്വീസ് സംഘടനയായ ജോയിന്റ് കൗൺസിലാണ്. പട്ടയങ്ങൾ റദ്ദാക്കുമെന്ന് കാണിച്ച് ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത് വൻ അഴിമതി ലക്ഷ്യമിട്ടാണ്. സാധാരണക്കാർക്കാണ് താൻ പട്ടയം നൽകിയിരുന്നത്. പലരും ഈ ഭൂമി പണം കൊടുത്തുവാങ്ങി റിസോർട്ടുകളും മറ്റും സ്ഥാപിച്ചു. ഇതിനായി കോടികൾ മുടക്കിയവരുണ്ട്. പട്ടയങ്ങൾ റദ്ദാക്കുന്ന സാഹചര്യം ഇവരെ പ്രതിസന്ധിയിലാക്കും. അപ്പോൾ പുതിയ പട്ടയം ലഭിക്കാൻ ഇവർ സമീപിക്കുമെന്ന് നേതാക്കൾക്ക് അറിയാം. ഇത് ഇവരുടെ പോക്കറ്റിൽ വൻതുകകൾ എത്തുന്നതിനും വഴിയൊരുക്കും, രവീന്ദ്രൻ ആരോപിച്ചു.

പെരിങ്ങാശേരി രവീന്ദ്രൻ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ പട്ടയം രവീന്ദ്രൻ എന്ന് പറഞ്ഞാൽ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവും. ലോക വ്യാപകമായി മലയാളികൾക്ക് ഇപ്പോൾ പട്ടയം രവീന്ദ്രൻ എന്ന പേരിൽ തന്നെ അറിയാം. ചാനലിലും പത്രത്തിലുമെല്ലാം അമ്മാതിരി വാർത്തകളാണ് വന്നിട്ടുള്ളത്. ഇതിന് ഉത്തരവാദി റവന്യൂ വകുപ്പാണ്. സാമ്പത്തിക ബുദ്ധിമുട്ടില്ലായിരുന്നെങ്കിൽ പണ്ടെ റവന്യൂവകുപ്പിനെതിരെ മാനനഷ്ടത്തിന് കോടതിയെ സമീപിക്കുമായിരുന്നു, രവീന്ദ്രൻ പറഞ്ഞു.

താൻ നൽകിയ പട്ടയങ്ങൾ വ്യാജമല്ലെന്നും, താനോ അന്നിരുന്ന കളക്ടറോ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലന്നും ലാന്റ് അസൈമെന്റ് കമ്മറ്റി അംഗീകാരത്തോടെയാണ് പട്ടയം നൽകിയതെന്നും രവീന്ദ്രൻ അവകാശപ്പെടുന്നു. ഈ പട്ടയങ്ങൾ സംബന്ധിച്ച് നിലവിലുള്ള നിയമപ്രശ്നങ്ങൾ ഒരു ഉത്തരവിലൂടെ സർക്കാരിന് പരിഹരിക്കാൻ കഴിയും. ഇത് നീട്ടിക്കൊണ്ടുപോകുന്നത് ഈ പട്ടയം 'പൊന്മുട്ടയിടുന്ന താറാവ് ' ആണെന്ന് മനസ്സിലാക്കിയവരാണ്. വിവാദങ്ങൾക്ക് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നുമാണ് എംഐ രവീന്ദ്രന്റെ വാദം. സിപിഐയെയാണ് രവീന്ദ്രൻ പ്രതിക്കൂട്ടിലാക്കുന്നത്.

സർവ്വീസിൽ നിന്ന് വിരമിക്കാൻ 15 മിനിട്ട് മാത്രമുള്ളപ്പോൾ സ്പെഷ്യൽ മെസഞ്ചർ മുഖേന തനിക്ക് സസ്പെൻഷൻ ഉത്തരവ് എത്തിച്ചു. പക്ഷേ പിറ്റേമാസം മുതൽ ഒരു രൂപ കുറയാതെ പെൻഷൻ കിട്ടുന്നുണ്ട്. വിരമിക്കൽ ചടങ്ങ് നടക്കുന്ന സ്ഥലത്ത്, സഹപ്രവർത്തകരുടെയും ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തിൽ സസ്പെൻഷൻ ഉത്തരവ് കൈമാറിയത് ആർക്കുവേണ്ടിയായിരുന്നു എന്നത് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഭൂമിപതിവ് ചട്ടമുൾപ്പെടെ റവന്യൂവകുപ്പിലെ നിലവിലുള്ള നിയമങ്ങൾ മന്ത്രിയെക്കാൾ കൂടുതൽ പഠിച്ചിട്ടുള്ള തന്നെ വ്യാജനെന്ന് മുദ്രകുത്താൻ ശ്രമം നടന്നിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഇത്തരത്തിൽ പ്രസ്താവനയും ഇറക്കിയിരുന്നു. മുൻ മന്ത്രി എം എം മണി അടക്കമുള്ളവർ എതിർത്തപ്പോൾ ആരോപണം അദ്ദേഹം മയപ്പെടുത്തി.

ഈ വിവാദം ഇത്രയും നാൾ മാധ്യമങ്ങളിൽ ചർച്ചയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് റവന്യൂ ഉദ്യോഗസ്ഥരിൽ ചിലരും രാഷ്ട്രീയ നേതാക്കളുമാണെന്നതാണ് യാഥാർത്ഥ്യം. ഇത് പോക്കറ്റ് വീർപ്പിക്കുന്നതിനുള്ള പിടിവള്ളിയാണെന്ന് തിരിച്ചറിവ് ഇക്കൂട്ടർക്കുണ്ട്. ഓരോ തവണ പട്ടയത്തെക്കുറിച്ച് മാധ്യമ വാർത്തകൾ പ്രത്യക്ഷപ്പെടുമ്പോഴും വൻകിടക്കാരിൽ പലരും വകുപ്പ് ഭരിക്കുന്ന നേതാക്കളെയും ഉദ്യോഗസ്ഥരയെയും കണ്ട് 'തൃപ്തി'പ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

താൻ അവധിയിലായിരുന്ന സമയത്ത് തന്റെ പേരും ഒപ്പുമിട്ട് പട്ടയം നൽകിയിട്ടുണ്ട്. ഇത് വിജിലൻസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ഉത്തരവാദി ആരാണെന്ന് ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല. താൻ നൽകിയ പട്ടയം സംബന്ധിച്ച് നിയമ പ്രശ്നങ്ങൾ ഇപ്പോഴത്തെ സർക്കാർ നീക്കം വഴി പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇത് പരിഹരി്ക്കാതിരിക്കാൻ പിന്നിൽ ഇപ്പോഴെ ചരടുവലികൾ ആരംഭിച്ചിട്ടുണ്ടാവും.

മൂന്നാറിലെ ഭൂമിപ്രശ്നങ്ങൾ പരിഹരിച്ചാൽ നഷ്ടം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമാണെന്ന് പകൽ പോലെ വ്യക്തം. ഇവിടുത്തെ ഭൂമിപ്രശനം ഇവർക്ക് കറവപശുവാണ്. ഇതുകൊണ്ടുതന്നെ പുതിയ പട്ടയവിതരണം എത്രത്തോളം ഫലപ്രാപ്തിയിൽ എത്തുമെന്ന കാര്യം കണ്ടറിയണം, രവീന്ദ്രൻ ചൂണ്ടിക്കാട്ടി. പട്ടയം നൽകാനുണ്ടായ സാഹചര്യവും നേരിട്ട വെല്ലുവിളികളെ കുറിച്ചും രവീന്ദ്രൻ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP