Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

വെട്ടിക്കൊന്നവന്റെ കല്ലറ ആക്രമിച്ച് തകർക്കുക; എന്നിട്ട് അത് പുതിക്കിപ്പണിയുമ്പോൾ സ്റ്റീൽ ബോംബ്വെച്ച് കോൺക്രീറ്റ് ചെയ്യുക; കണ്ണൂരിന്റത് കേട്ടുകേൾവിയില്ലാത്ത പകയുടെ ചരിത്രം; ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഇന്ന് ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു; കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല; കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയുമൊക്കെ ഒരേ തൂവൽ പക്ഷികൾ; മറുനാടൻ പരമ്പര കൊലക്കത്തികൾ വാഴുന്ന കണ്ണൂർ മൂന്നാം ഭാഗം

വെട്ടിക്കൊന്നവന്റെ കല്ലറ ആക്രമിച്ച് തകർക്കുക; എന്നിട്ട് അത് പുതിക്കിപ്പണിയുമ്പോൾ സ്റ്റീൽ ബോംബ്വെച്ച് കോൺക്രീറ്റ് ചെയ്യുക; കണ്ണൂരിന്റത് കേട്ടുകേൾവിയില്ലാത്ത പകയുടെ ചരിത്രം; ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഇന്ന് ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു;  കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല; കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയുമൊക്കെ ഒരേ തൂവൽ പക്ഷികൾ; മറുനാടൻ പരമ്പര കൊലക്കത്തികൾ വാഴുന്ന കണ്ണൂർ മൂന്നാം ഭാഗം

രഞ്ജിത്ത് ബാബു

കണ്ണൂർ: കൊല്ലപ്പെട്ടവന്റെ ശവക്കല്ലറയെപ്പോലും പകയോടും പ്രതികാരത്തോടും നോക്കി കാണുന്ന സംഭവവും കണ്ണൂരിൽ നടക്കുകയുണ്ടായി. കണ്ണൂർ മുഴപ്പിലങ്ങാട്ട് പൊതു ശ്മശാനത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ആർ.എസ്. എസ്. പ്രവർത്തകൻ എം. സുരജിന്റെ ശവക്കല്ലറയിൽ നിന്നാണ് പൊലീസ് മൂന്ന് സ്റ്റീൽ ബോംബുകൾ നീക്കം ചെയ്തത്. കല്ലറയുടെ സിമന്റ് അടർന്ന് വീണപ്പോൾ അതിനകത്ത് സ്റ്റീൽ ബോംബിന്റെ അടപ്പ് കാണാനിടയായി. പൊളിച്ചു നോക്കിയപ്പോൾ ഒരെണ്ണം പൊട്ടുകയും ചെയ്തു. 2005 ൽ സിപിഎം. അക്രമത്തിലാണ് സൂരജ് വെട്ടേറ്റ് മരിച്ചത്. മൃതദേഹം സംസ്‌ക്കരിച്ച് പൊതു ശ്മശാനത്തിലെ കല്ലറയ്ക്ക് നേരെ എതിരാളികളുടെ അക്രമം നടന്നു. തുടർന്ന് അത് പുതുക്കി പണിയുമ്പോൾ സീറ്റീൽ ബോംബ് വെച്ച് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. എവിടേയും കേട്ടു കേൾവിയില്ലാത്ത കണ്ണൂരിലെ പകയുടെ രാഷ്ട്രീയ ചരിത്രമാണിത്.

ഒരു കാലത്ത് ബിജെപി.ക്കും സിപിഎം. നും എൻ.ഡി.എഫി നുമൊക്കെ ആയുധമെടുത്തുകൊല നടത്തിയവർ ജയിലിൽ നിന്നും പുറത്തെത്തിയപ്പോൾ പഴയ രാഷ്ട്രീയത്തിൽ നിന്നും മാറി ക്വട്ടേഷൻ സംഘങ്ങളായി ഒരുമിച്ചു. ബോംബെറിഞ്ഞും വാൾ വീശിയും ഭയപ്പെടുത്തി സുഖമറിഞ്ഞവർ ക്വട്ടേഷൻ ഏറ്റെടുത്തുകൊലപാതകമടക്കമുള്ള മേച്ചിൽ പുറം തേടി. . എന്നാൽ ഈ രഹസ്യ ഇടപാടുകളൊന്നും ആരും അറിയില്ല. ടി.പി. ചന്ദ്രശേഖരൻ വധം നടപ്പാക്കാൻ 35 ലക്ഷത്തിന് ക്വട്ടേഷൻ എടുത്തെന്ന് ആരോപണമുണ്ട്. അങ്ങിനെ ബോംബും വാളും ഉപയോഗിച്ച് പരസ്പരം പോരാടുന്ന കണ്ണൂർ രാഷ്ട്രീയം മെല്ലെ മാഞ്ഞു തുടങ്ങി. പണം മാത്രം. അതായിരുന്നു ലക്ഷ്യം. ഒരേ സമയം രാഷ്ട്രീയത്തിനും മണൽ മാഫിയക്കും കോഴിക്കടത്തിനും ബ്ലേഡ് കമ്പനിക്കാർക്കും മദ്യ കടത്തുകാർക്കും കാവൽ നിൽക്കാൻ അവർ തയ്യാറായി. പണം നൽകി ക്വട്ടേഷൻ നൽകുന്നവരുടെ ആജ്ഞ മാത്രമായിരുന്നു അവരുടെ പ്രത്യയശാസ്ത്രം. രാഷ്ട്രീയ നേതാക്കളേയും പ്രധാന പ്രവർത്തകരേയും ക്വട്ടേഷൻ സംഘങ്ങൾ കൊല ചെയ്യുന്നതിന്റെ താത്പര്യം എന്താണ് എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലാതായി.

ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു. കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല. ഇത് വളർന്ന് വളർന്ന് ഭാവിയിൽ വർഗ്ഗീയ കലാപംപോലും സംഘടിപ്പിക്കാൻ അവർക്ക് കഴിയും. ആർ.എസ്. എസും പോപ്പുലർ ഫ്രണ്ടും പോലുള്ള മതസംഘടനകൾ സജീവമാകുന്ന നമ്മുടെ സംസ്ഥാനത്ത് അവരും ഇത്തരം സംഘങ്ങളെ ഉപയോഗിച്ച് പൊരുതാൻ തയ്യാറായേക്കാം. പരസ്പരം വാൾപയറ്റ് നടത്തുന്ന രാഷ്ട്രീയ കക്ഷികൾക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാനാവില്ല. കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയും കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ രാഷ്ട്രീയത്തിലെ ഭയപ്പെടുത്തുന്ന പേരുകളാണ്. രാഷ്ട്രീയത്തിന്റെ പേരിൽ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുന്ന പ്രവണത ഗൗരവത്തോടെ കാണണമെന്ന് കോടതികൾ വിവിധ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.

2009 നവംബറിൽ കാസർഗോഡ് പെർളയിലെ കോൺഗ്രസ്സ് പ്രവർത്തകനായ ജബ്ബാറിനെ സിപിഎം. കാർ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിൽ സിപിഎം. ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വാടക ഗുണ്ടകളും ശിക്ഷിക്കപ്പെട്ടു. പാർട്ടികൾക്കായി കൊല നടത്തുന്നവർക്ക് സൗകര്യങ്ങൾ നിർലോഭം നൽകുന്നതിൽ നേതൃത്വം മടി കാണിക്കാറില്ല. ഭരണ തലത്തിൽ പൊലീസുകാർ അവരുടെ ആഞ്ജാനുവർത്തികളാകുന്നു. വി.ഐ. പി. പരിവേഷമാണ് കണ്ണൂർ സെട്രൽ ജയിലുകൾ ഉൾപ്പെടെയുള്ള ജയിലുകളിൽ ലഭിക്കുന്നത്. മൊബൈൽ ഫോണിൽ മന്ത്രിമാരേയും നേതാക്കളേയും വിളിക്കാം. സന്ദർശിക്കാൻ ഉന്നതർ വരെ എത്തും. കേസിനായി ലക്ഷങ്ങൾ ചിലവഴിക്കും. പാർട്ടിയിലെ മന്ത്രിമാർ ജയിൽ സന്ദർശിക്കുമ്പോൾ കൊലക്കേസിലെ പ്രതികൾ തന്നെ സഹായികളായി നടക്കും.

കണ്ണൂർ ജയിലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ തടവുകാരുള്ളത്. അതിൽ ഒന്നാം സ്ഥാനം സിപിഎം. നും തൊട്ടു പിറകിൽ ബിജെപി.യുമാണ്. . പട്ടാപകൽ ആളുകൾ നോക്കി നിൽക്കേ കൊലയാളി സംഘം ഏതെന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ ബാക്കി വെച്ച് അക്രമിക്കുന്ന സംഘവുമുണ്ട്. അതിന് സിപിഎം. ആർ.എസ്. എസ്. വ്യത്യാസമൊന്നുമില്ല. എതിരാളിയെ വയറുവെട്ടി പിളർന്ന് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ മണ്ണ് വാരിയിട്ട് കടന്നു കളയുന്ന രീതിയും കണ്ണൂരിലുണ്ടായിരുന്നു. തലശ്ശേരിയിൽ ഏറ്റവും ഒടുവിൽ നടന്ന തുടർ കൊലപാതകങ്ങൾ അതി ക്രൂരമായിരുന്നു. വെണ്ടുട്ടായിയിലെ സത്യൻ എന്ന പഴയ ബിജെപി. ക്കാരനെ സൗഹൃദം കാട്ടി വിളിച്ചു കൊണ്ടു പോയി തലയറുത്ത് വീടിന് സമീപം കൊണ്ടിടുകയായിരുന്നു. കേരളം മുഴുവൻ തിരുവോണക്കാലം ആഘോഷമായി കൊണ്ടാടുമ്പോൾ കണ്ണൂരിൽ അക്രമത്തിന് അവധി നൽകിയിരുന്നില്ല. സിപിഎം. ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി പി..ജയരാജനെ ആർ.എസ്. എസുകാർ അക്രമിച്ചത് ഒരു തിരുവേണനാളിലായിരുന്നു.

ഭാഗ്യവും മന:ശക്തിയും കൊണ്ടാണ് ജയരാജൻ അന്ന് രക്ഷപ്പെട്ടത്. 40 ലധികം വെട്ടുകളേറ്റ ജയരാജനെ മരിച്ചെന്ന് കരുതി അക്രമികൾ ഒഴിവാക്കുകയായിരുന്നു. യുവ മോർച്ചാ നേതാവ് കെ.ടി. ജയകൃഷ്ണനെ ക്ലാസു മുറിയിൽ കൊച്ചു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മുഖത്ത് തെറിച്ചു വീണ ചോരത്തുള്ളികൾ സർവ്വരേയും ഞെട്ടിച്ചു. ആർ.എസ്. എസ്. നേതാവ് സദാനന്ദൻ മാസ്റ്റരുടെ ഇരുകാലുകളും വെട്ടിയരിഞ്ഞതും ഇക്കാലത്താണ്. അതിന് പകരം വീട്ടിയതും എസ്.എഫ്.ഐ. നേതാവ് കെ.വി. സുധീഷിനെ വെട്ടിയരിഞ്ഞു കൊണ്ട്. സ്‌ക്കൂട്ടറിൽ ഭാര്യയോടൊപ്പം സഞ്ചരിക്കവേയാണ് പന്ന്യൻന്നൂർ ചന്ദ്രനെന്ന ആർ.എസ്. എസ് നേതാവിനെ വെട്ടി കൊലപ്പെടുത്തിയത്. അച്ഛനും അമ്മയോ ഭാര്യയോ കുട്ടികളോ ഒപ്പമുണ്ടെന്ന് നോക്കാതെ നിരവധി കൊലകൾ അരങ്ങേറിയത്. അതിലൊന്നാണ് സിപിഎം. പ്രവർത്തകനും കാർ ഡ്രൈവറുമായ സുധീറിനെ സ്‌ക്കൂൾ കുട്ടികളെ കൊണ്ടു പോകുമ്പോൾ തടഞ്ഞ് വച്ചാണ് വെട്ടിക്കൊന്നത്. കാലം എത്രമാറിയിട്ടും കൊലകൾക്കും മൃഗീയതക്കും കൊലക്കും യാതൊരു മാറ്റുവുമില്ല.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP