Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്‌ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളുടെ പൊതുസ്ഥലത്തെ നോമ്പുതുറയെ ഭയപ്പെടുത്തിയത് ആര്? കണ്ണൂരിൽ നിന്ന് കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചത് എങ്ങനെ? നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് ആരുടെ തണലിൽ? രാഷ്ട്രീയ ഗുണ്ടകളിൽനിന്ന് ക്വട്ടേഷൻ സംഘങ്ങൾ വഴിമാറിയ അക്രമരാഷ്ട്രീയം വളമിടുന്നത് തീവ്രവാദ പ്രവർത്തനത്തിന്; 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' പരമ്പര അവസാനിക്കുന്നു

കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്‌ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളുടെ പൊതുസ്ഥലത്തെ നോമ്പുതുറയെ ഭയപ്പെടുത്തിയത് ആര്? കണ്ണൂരിൽ നിന്ന് കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചത് എങ്ങനെ? നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് ആരുടെ തണലിൽ? രാഷ്ട്രീയ ഗുണ്ടകളിൽനിന്ന് ക്വട്ടേഷൻ സംഘങ്ങൾ വഴിമാറിയ അക്രമരാഷ്ട്രീയം വളമിടുന്നത് തീവ്രവാദ പ്രവർത്തനത്തിന്; 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' പരമ്പര അവസാനിക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: മുന്നൂറിലേറെ രക്തസാക്ഷികളും ബലിദാനികളും കണ്ണൂരിലെ അക്രമ രാഷ്ട്രീയം സംഭാവന ചെയ്തിട്ടുണ്ട്. കുടിപ്പകയുടെ നിണമണിഞ്ഞ കണ്ണൂർ രാഷ്ട്രീയം ഭയപ്പെടുത്തുന്ന ക്വട്ടേഷൻ കൊലപാതകത്തിലേക്ക് വഴിമാറിയിരിയത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഒഞ്ചിയത്തെ ആർ. എം. പി നേതാവായ ടി.പി. ചന്ദ്രശേഖരൻ മുതൽ കാസർഗോട്ടെ യൂത്ത് കോൺഗ്രസ്സ്‌കാരുടെ ഇരട്ട കൊലപാതകം വരെ ക്വട്ടേഷൻ സംഘമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. രാഷ്ട്രീയം അടിമുടി മാറി. പരസ്പരം കയ്യാങ്കളിയിലോ ചില്ലറ തെറിവിളിയിലോ ഒതുങ്ങുന്ന ഭിന്നത പഴയ കാലത്ത് പ്രാദേശികമായി പറഞ്ഞ് തീർക്കുന്ന പതിവുണ്ടായിരുന്നു. അതെല്ലാം മാറി. ആയുധങ്ങൾ കൊണ്ട് കഴുത്തറുക്കുകയും തിരിച്ച് പകരം വീട്ടുകയും ചെയ്യുന്ന അവസ്ഥയും മറി കടന്ന് എതിരാളിയുടെ കുടുംബത്തേയോ കൂട്ടുകാരേയോ ഒറ്റയടിക്ക് കൊന്നൊടുക്കാൻ പാകത്തിലുള്ള ക്വട്ടേഷൻ സംഘങ്ങൾ വളർന്നു കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ ഉയിർകൊണ്ട രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ അടുത്ത ജില്ലകളിലെ പ്രവർത്തന മണ്ഡലങ്ങളിൽ വരെ വികസിച്ചു കഴിഞ്ഞു.

ക്വട്ടേഷൻ സംഘങ്ങൾ വഴിമാറി വിധ്വംസക പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരുമോ എന്ന ഭയവും ഉന്നത പൊലീസ് അധികൃതർക്കുണ്ട്. കാരണം എല്ലാം പണം വെച്ചുള്ള കളിയായി മാറി. ആയുധങ്ങൾ എളുപ്പം കിട്ടുന്ന അവസ്ഥയായി. അതിനായി സംഭരണകേന്ദ്രങ്ങളൊക്കെ വന്നതോടെ തീവ്രാവാദ പ്രവർത്തനത്തിന് ഏർപ്പെടുന്നവർക്കും ഇത് സൗകര്യമായി. അഥവാ പിടിക്കപ്പെട്ടാൽ അത് രാഷ്ട്രീയ പാർട്ടികഴുടെ പിരടിക്കിട്ട് രക്ഷപ്പെടുകയും ചെയ്യാം. എതിരാളിയുടെ ജീവൻ ഹനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ആയുധങ്ങൾ സംഭരിച്ചു വെക്കുമ്പോൾ അത് മറയാക്കി തീവ്രവാദികളും അവരുടെ കേന്ദ്രങ്ങളിലെ ആയുധ പുരകൾ നിറച്ചു. അതിനവർക്ക് ധൈര്യം നൽകിയത് രാഷ്ട്രീയക്കാരുടെ പ്രവൃത്തി തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ അക്രമരാഷ്ട്രീയത്തിന്റെ മറവിൽ തീവ്രവാദസംഘടനകൾ തങ്ങൾക്ക് നിന്നുപോകാൻ വളക്കൂറുള്ള മണ്ണായാണ് കണ്ണൂരിനെ വിലയിരുത്തുന്നത്.

നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് രാഷ്ട്രീയക്കാർ പകർന്ന് നൽകിയ ധൈര്യം കൊണ്ടാണ്. തീവ്രവാദികൾക്ക് അവരുടെ പ്രവർത്തന തട്ടകം കണ്ണൂരാക്കി മാറ്റാനും കഴിഞ്ഞു. കണ്ണൂരിൽ നിന്നും കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചതും അക്രമ രാഷ്ട്രീയത്തിന്റെ സംഭാവനയാണ്. ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വിന്റൽ കണക്കിന് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചു വെക്കാൻ പാകത്തിലുള്ള ധൈര്യം തീവ്രവാദികൾക്ക് കഴിഞ്ഞു. രാഷ്ട്രീയ ആയുധങ്ങൾ ജില്ലക്കകത്ത് കുന്നുകൂടിയപ്പോൾ തീവ്രവാദികൾ അവരുടെ പങ്കും കൃത്യമായി നിർവ്വഹിച്ചു. തടിയന്റവിട നീസിന്റെ അറസ്റ്റും ആടുമേക്കൽ സംഘങ്ങളിലേക്കുള്ള യാത്രകളും ഉയർത്തിയ വിവാദങ്ങൾ വേറെയുമുണ്ട്.

ഒരു പെരുന്നാൾ കാലം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്‌ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്താനും ധൈര്യം കാട്ടി. മുസ്ലിം സ്ത്രീകൾ പരസ്യമായ സ്ഥലത്ത് നോമ്പുതുറ അനുഷ്ഠിക്കുന്നതിനെതിരായിരുന്നു ഈ ബോംബ് ഭീഷണി. അക്രമ രാഷ്ട്രീയം അരങ്ങ് തകർത്തപ്പോഴും കഴിഞ്ഞ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പൊലീസിന്റെ ശ്രദ്ധ മുഴുവനും. തീവ്രവാദ കേന്ദ്രങ്ങൾ സമീപകാലത്ത് ഒരു പൊലീസ് പരിശോധനയും നടത്തിയിട്ടില്ല.

നേരത്തെ മാസത്തിൽ ഒരു തവണ ബോംബ് സ്‌ക്വാഡിന്റെ പരിശോധന ഏതാണ്ട് കൃത്യമായി നടത്താറുണ്ടായിരുന്നു. പൊലീസിന്റെ ശ്രദ്ധ മാറിയതോടെ ജില്ലയിലെ പരിശോധന താളം തെറ്റിയിരിക്കയാണ്. തെരഞ്ഞെടുപ്പ് ആസന്നമായതോടെ നിലവിലുള്ള എസ്‌ഐ. മുതൽ മുകളിലുള്ള ഉദ്യോഗസ്ഥരെ അടക്കം മാറ്റിയിരിക്കയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംഘർഷ മേഖലയിൽ പോലും പരിശോധന കാര്യക്ഷമമല്ല. ലക്ഷങ്ങൾ കണ്ടാൽ എന്ത് കൃത്യത്തിനും മുതിരുന്ന ക്വട്ടേഷൻ സംഘങ്ങളെ തീവ്രവാദികൾക്കു പോലും ഉപയോഗപ്പെടുത്താൻ കഴിയും. വിധ്വംസക പ്രവർത്തകർ ജില്ലയുടെ പല ഭാഗത്തും ചുവടുറപ്പിച്ചിട്ടുമുണ്ട്. അവർക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ പാകത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വളർന്നു കഴിഞ്ഞു. അവർ കാട്ടിക്കൊടുക്കുന്ന ഏത് നേതാവിനേയും അപകടപ്പെടുത്താൻ പാകത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വളർന്നിട്ടുണ്ട്. അപകടകരമായ ഇത്തരമൊരു സാഹചര്യത്തിലാണ് കണ്ണൂർ ഇപ്പോൾ എത്തി നിൽക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ സംഭാവനയായി ക്വട്ടേഷൻകാർ തഴച്ച് വളർന്ന് കഴിഞ്ഞിരിക്കയാണ്. അതിനെ നേരിടാനുള്ള തന്റേടം ഭരണാധികാരികൾ കാട്ടേണ്ടതുണ്ട്. പൊലീസിന് സ്വതന്ത്രമായ പ്രവർത്തന സാഹചര്യവും ഒരുക്കണം.

അതോടൊപ്പം ഈ തീക്കളി നിർത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും വിശേഷിച്ച് കണ്ണൂരിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മും മുൻ കൈയെടുക്കണം. സംസ്ഥാന ഭരണവും അവർക്കൊപ്പമായതുകൊണ്ടുകൂടിയാണ് സിപിഎമ്മിന്റെ പേര് എടുത്തു പറയുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലൊക്കെ പലപ്പോഴും നടക്കുന്ന സമാധാന യോഗങ്ങൾ പ്രഹസനമാവുകയാണ് പതിവ്. ഇനിയും യുവാക്കളുടെ ചുടുചോര കണ്ണൂരിൽ ചിന്തരുതെന്ന് തീർത്തുപറയാൻ നമുക്ക് ആവണം. മനുഷ്യൻ മനുഷ്യനെ വെട്ടിയും കുത്തയും കൊല്ലുന്ന പ്രാകൃതാവസ്ഥക്ക് ഒരിക്കലും വളം വെച്ചുകൂടാ.മാത്രമല്ല ഈ അരക്ഷിതാവസ്ഥ തീവ്രവാദ സംഘങ്ങൾ കൃത്യമായി മുതലെടുക്കുമെന്നതും കാണാതിരുന്നുകൂടാ.

(അവസാനിച്ചു)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP