Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഇവിടെ ഹോം സയൻസും ശരിക്കും സയൻസ് തന്നെ! ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാൻ പോലും കുട്ടികൾക്ക് സ്വാതന്ത്ര്യമില്ല; 5 വിഷയം പഠിപ്പിക്കേണ്ടിടത്ത് 6 വിഷയം പഠിപ്പിച്ച് വഴിവിട്ട പരിഷ്‌ക്കാരം; പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ; ഇവിടെ സർക്കാരും എംബസിയും ഇടപെടണം; ഈ സ്‌കൂളിന്റെ പ്രൗഡി തിരിച്ചുപിടിക്കണമെന്നും ഇന്ത്യൻ സമൂഹം; കോവിഡ് കാലത്തും കൂവൈറ്റിൽ വിദ്യാഭ്യാസ കൊള്ള; മറുനാടൻ പരമ്പര അവസാന ഭാഗം

ഇവിടെ ഹോം സയൻസും ശരിക്കും സയൻസ് തന്നെ! ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാൻ പോലും കുട്ടികൾക്ക് സ്വാതന്ത്ര്യമില്ല; 5 വിഷയം പഠിപ്പിക്കേണ്ടിടത്ത് 6 വിഷയം പഠിപ്പിച്ച് വഴിവിട്ട പരിഷ്‌ക്കാരം; പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ; ഇവിടെ സർക്കാരും എംബസിയും ഇടപെടണം; ഈ സ്‌കൂളിന്റെ പ്രൗഡി തിരിച്ചുപിടിക്കണമെന്നും ഇന്ത്യൻ സമൂഹം; കോവിഡ് കാലത്തും കൂവൈറ്റിൽ വിദ്യാഭ്യാസ കൊള്ള; മറുനാടൻ പരമ്പര അവസാന ഭാഗം

എം റിജു

തിരുവനന്തപുരം: മലയാളികൾ അടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഗൾഫിൽ ഇത്രയേറെ സ്വീകാര്യത കിട്ടാനുള്ള പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ മികവ് തന്നെയാണ്. എന്തുകാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അരുത്. കാരണം അത് പാളിയാൽ പിന്നെ നാം ഇല്ല. ഈ ഒരു തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ കുവൈറ്റിൽ നടക്കുന്ന തെറ്റായ നടപടികൾ പുറം ലോകത്തെ അറിയിക്കാൻ ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും തീരുമാനിച്ചത്. അടിയന്തരമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവർ ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനുമൊക്ക അയച്ച പരാതിയിൽ വ്യക്തമാക്കുന്നു.

ഹോംസയൻസ് ഒരു സയൻസ് ആണോ

പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ലെന്ന് ശ്രീനിവാസൻ കഥാപാത്രം പറയുന്നപോലെ , ഇന്ത്യൻ കമ്യുണിറ്റി സ്‌കൂൾ കുവൈത്ത് സീനിയർ സാൽമിയിലെ പ്രിൻസിപ്പൽ ഡോ ബിനുമോൻ വാസുദേവന്റെ അഭിപ്രായത്തിൽ ഹോം സയൻസും ഒരു സയൻസാണ്! പത്താംക്ലാസ് കഴിഞ്ഞ് കുട്ടികൾ ഇന്റവ്യുവിന് വരുമ്പോൾ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പ്രിൻസിപ്പൽ അനുവദിക്കാറില്ലെന്നാണ് രക്ഷിതാക്കൾ വ്യാപകമായി പരാതിപ്പെടുന്നത്. പലപ്പോഴും കുട്ടിയുടെ മേൽ പ്രിൻസിപ്പൽ വിഷയം അടിച്ചേൽപ്പിക്കയാണ്. വിവിധ മേഖലകളിലായി ബാച്ചുകൾ ഫില്ലുചെയ്യുന്നതിലാണ് അവരുടെ ശ്രദ്ധ. അല്ലാതെ കുട്ടിയുടെ അഭിരുചിയും താൽപ്പര്യവും അല്ല. ബയോ മാതസ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് ഇങ്ങനെ മാത്സ് ഒഴിവാക്കി ഹോംസയൻസ് കൊടുത്തത് നേരത്തെ വിവാദമായിരുന്നു. ഹോംസയൻസും ഒരു സയൻസ് ആണത്രേ. അതുപോലെ സൈക്കോളജിയുംമാത്സിന് പകരംകൊടുക്കാറുണ്ട്.

സാധാരണ അഞ്ചുവിഷയങ്ങളാണ് കുട്ടികൾ പ്ലസ്ടുവിന് ഇവിടെ പഠിക്കേണ്ടത്. എന്നാൽ പ്രിൻസിപ്പിൽ ഇത് ആറു വിഷയം ആക്കി. അതായത് ഒരു സബ്ജക്റ്റ് കൂടി കുട്ടികൾ അഡീഷണലായി പഠിക്കണം. അതിന് അദ്ദേഹം പറയുന്ന ന്യായീകരണം, കുട്ടി ആറുവിഷയം പഠിച്ചാൽ ഏതെങ്കിലും ഒന്നിൽ തോറ്റുപോയാലും പ്രശ്‌നമില്ലല്ലോ, ബാക്കി അഞ്ചണ്ണം ഉണ്ടല്ലോ എന്നാണ്. അതുകൊണ്ടുതന്നെ പഠനത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പോലും സിക്ത്ത് ഓപ്ഷൻ പഠിക്കേണ്ടി വരുന്നു.

ഇത് തന്റെ കരുതൽ ആയാണ് പ്രൻസിപ്പൽ പറയുന്നത്. ഭാവിയിൽ വീഴുമെന്ന് കരുതി ഇപ്പോഴേ വടിയും കുത്തി നടക്കേണ്ടതുണ്ടോ എന്നാണ്, ഇതേക്കുറിച്ച് ഒരു രക്ഷിതാവ് ചോദിച്ചത്. പുറമെ നിഷ്‌ക്കളങ്കമെന്ന് തോന്നുമെങ്കിലും ബുക്ക് പബ്ലിഷിങ്ങ് കമ്പനികളെ സഹായിക്കാനുള്ള ശ്രമമാണ് പ്രിൻസിപ്പലിന്റെ ആറു വിഷയ ഭ്രമം എന്നാണ് ചില അദ്ധ്യാപകർ തന്നെ പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് ഇങ്ങനെ സ്‌കൂളിലേക്ക് എത്തുന്നത്. ഈ വിഷയങ്ങളിലൊക്കെ വർഷങ്ങളായി രക്ഷിതാക്കൾക്കും ഒരു വിഭാഗം അദ്ധ്യാപർക്കും പരാതിയുണ്ട്. പക്ഷേ അവരുടെ പരാതികളിൽ നടപടികൾ മാത്രം ഒന്നും ഉണ്ടാകുന്നില്ല.

പ്രിൻസിപ്പലിന്റെ സർട്ടിഫിക്കേറ്റ് പരിശോധിക്കണം!

സാധാരണ വിദ്യാർത്ഥികളുടെ സർട്ടിഫിക്കേറ്റ് പരിശോധിക്കാൻ കുടി ചുമതലപ്പെട്ട വ്യക്തിയാണെല്ലോ പ്രിൻസിപ്പൽ. എന്നാൽ ഈ സ്‌കൂളിൽ പ്രിസിപ്പലിന്റെ സർട്ടിഫിക്കേറ്റ് പരിശോധിക്കണം എന്നാണ് ഒരു വിഭാഗം അദ്ധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. വിദേശകാര്യ വകുപ്പിനും ഇന്ത്യൻ എംബസിക്കുമൊക്കെ നൽകിയ പരാതിയിലും അവർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ നിന്ന് എടുത്ത ബിഎസ്സി സുവോളജി തൊട്ട് 11 ബിരുദങ്ങൾ പ്രിൻസിപ്പലിന്റെ അക്കൗണ്ടിലുണ്ട്. എംഎസ്സി (സുവോളജി), എംഫിൽ (സുവോളജി), എംഫിൽ ( എജുക്കേഷൻ), എംഡ് (നാച്ച്വറൽ സയൻസ്), എംഎസ്സി ( സൈക്കോളജി), എംഎ ( പൊളിറ്റിക്കൽ സയൻസ്), എംബിഎ ( എച്ച് ആർ), പിജി ഡിപ്ലോമ ഇൻ സ്‌കുൾ ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്, ഡിപ്ലോമ (യോഗ), പിഎച്ച്്ഡി ( എജുക്കേഷൻ) ഇങ്ങനെ നീളുന്നു ബിനുമോൻ വാസുദേവന്റെ ബിരുദങ്ങൾ. പരസ്പര വിരുദ്ധമായ സബജ്കറ്റുകളാണ് ഇവയെന്നത് നോക്കണം. അതുമാത്രമല്ല, ഇത്രയും ബിരുദവും ഡോക്ടറേറ്റുമൊക്കെയുള്ള ഒരു വ്യക്തിക്ക് വേണ്ട അക്കാദമിക്ക് ബ്രില്ല്യൻസ് അദ്ദേഹത്തിന് തൊട്ടു തീണ്ടിയിട്ടില്ല എന്നാണ് സഹപ്രവർത്തകരിൽ ചിലർ പറയുന്നത്. ഇത്രയും വർഷത്തിനിടെ അദ്ദേഹം ഒരു ക്ലാസിൽപോലും പഠിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മറ്റ് അദ്ധ്യാപകർ പറയുന്നു.

മികച്ച അദ്ധ്യാപകനുള്ള വൈസ് പ്രസിഡന്റിന്റെ അവാർഡ് വാങ്ങിയത് ഡോ ബിനുമോൻ പറയാറുണ്ട്. എന്നാൽ അവാർഡ് സർട്ടിഫിക്കേറ്റിൽ ഡോ ബിനുമോൻ എന്നില്ല. വെറും ബിനുമോനാണ്. ഇത്രയും വലിയ അവാർഡിലൊക്കെ ഈ രീതിയിൽ അക്ഷരത്തെറ്റ് വരുമോ എന്നാണ് ചോദ്യം. അതുകൊണ്ടുതന്നെയാണ് ഈ യോഗ്യതകൾ ഒക്കെ പ്രിൻസിപ്പളിന് ഉണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും ആവശ്യപ്പെടുന്നത്.

മാനേജ്‌മെന്റിനെപ്പോലും മറികടന്നുകൊണ്ട് സമ്പുർണ്ണമായ ഏകാധിപത്യമാണ് ഇദ്ദേഹത്തിന്റെ ശൈലി. എതിർക്കുന്നവർക്ക് പണി പോകും. വൈസ് പ്രിൻസിപ്പൽ തസ്തികയിൽവരെ ഇരുന്നിരുന്ന ആരാധ്യനായ ഒരു അദ്ധ്യാപകൻ ഇങ്ങനെ രാജിവെച്ചു പോയിട്ടുണ്ട്. നിരവധി അദ്ധ്യാപകർ ഇങ്ങനെ സ്വയം രാജിവെച്ച് പോകാൻ നിർബന്ധിതമാവുകയോ അല്ലെങ്കിൽ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തുഛമായ ശമ്പളത്തിന് പത്തിരുപത് വർഷത്തോളം ഈ സ്‌കൂളിൽ ജോലി ചെയ്തിരുന്നു ഒരു ഡൈവ്രറെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട സംഭവം നേരത്തെ വിവാദമായിരുന്നു. ഇന്നും ഇവിടെ ഡ്രൈവർമാർ പീഡനം അനുഭവിക്കയാണ്. ഈ കോവിഡ് കാലത്തും ഡ്രൈവർമാരെ പുറം ജോലിക്ക് നിയമിക്കുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ അവർക്ക് ഇത് പുറത്തുപറയാൻ പേടിയാണ്. കാരണം പ്രതികരിച്ചാൽ പിന്നെ ശമ്പളം പോലും ഉണ്ടാവില്ല.

അതുപോലെ തന്നെ തന്റെ ഇഷ്ടക്കാരെ രക്ഷിച്ച് എടുക്കാനും ഡോ ബിനുമോന് ബഹുമിടുക്കാണെന്നതിന് പഴയ ചില സംഭവങ്ങൾ ഉദാഹരണം. ഇദ്ദേഹത്തിന്റെ ഡ്രൈവർ സകൂളിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയത് മുമ്പ് വിവാദമായിരുന്നു. രക്ഷിതാക്കൾ ഇയാളെ പൊലീസ് എൽപ്പിക്കാൻ ഒരുങ്ങവെ, രക്ഷിച്ച് നാട്ടിലേക്ക് അയച്ചത് പ്രിൻസിപ്പൽ തന്നെയാണെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അദ്ധ്യാപകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീ പീഡന പരാതികളിൽ കർശന ശിക്ഷയുള്ള കുവൈറ്റിൽനിന്ന് ഇയാൾ രാക്കുരാമാനം രക്ഷപ്പെടുക ആയിരുന്നു.പക്ഷേ സംഭവത്തിൽ കുറേക്കാലം കേസ് ഉണ്ടായിരുന്നു. പൊലീസ് സ്‌കൂളിൽ എത്തി മൊഴി എടുക്കുകയും ചെയ്തിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പബ്ലിക്ക് റിലേഷൻ വർക്കുകൾക്ക് പ്രിൻസിപ്പൽ ബഹുമിടുക്കനാണ്. മീഡിയാ ശ്രദ്ധ കിട്ടുന്ന പരിപാടികൾ ഇടക്കിടെ സ്‌കൂളിൽ ആരങ്ങേറാറുണ്ട്. ഇത് വല്ലാതെ വർധിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങളെ ബാധിക്കും എന്ന ഘട്ടം വന്നതോടെ ഇപ്പോൾ മനേജ്‌മെന്റ് തന്നെ കടിഞ്ഞാൺ ഇട്ടിരിക്കയാണ്. സ്‌കൂളിലെ ചാരിറ്റി ബോക്‌സിന്റെ കഥയും രസകരമാണ്. കുട്ടികൾ കൈയിലുള്ള പണം പാവങ്ങളെ സഹായിക്കാനായി ചാരിറ്റി ബോക്‌സിൽ നിക്ഷേപിക്കുന്നതിൽ തെറ്റു പറയാൻ ആവില്ല. പക്ഷേ ടീച്ചർമാർ എല്ലാദിവസവും നിർബന്ധിച്ച് പണം ഇടീക്കുന്ന രീതിയാണ് ഇവിടെ.പണം ഇടാത്ത കുട്ടികളെ വഴക്കു പറയുകയും വെയിലത്ത് നിർത്തിക്കുകയും ചെയ്യും.

ഈ പണം ഒക്കെ ഉപയോഗിച്ച് പാവപ്പെട്ട കാൻസർ രോഗികളെയും മറ്റും സഹായിക്കുന്നുണ്ട്. ഇവരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയെടുത്ത് നല്ല പബ്ലിസിറ്റി കൊടുക്കം. രക്ഷിതാക്കളിൽനിന്ന് എല്ലാ അവശ്യസാധനങ്ങളും വാങ്ങി പാക്ക് ചെയ്ത് ലേബർക്യാമ്പിലും മറ്റു കൊണ്ടുപോയി വിതരണം ചെയ്യുന്ന പരിപാടികൾ വേറെയും. ഇങ്ങനെയുള്ള പബ്ലിസിറ്റിയിൽനിന്നാണ് ഇദ്ദേഹത്തിന് അവാർഡ് ഒക്കെ കിട്ടിയതെന്നാണ് പറയുന്നത്. അല്ലാതെ അക്കാദമിക്ക് രംഗത്തുള്ള മിടുക്കുകൊണ്ടല്ല.

നിലനിൽക്കണം ഈ സ്‌കുൾ അഭിമാനത്തോടെ

ഏറ്റവും ശ്രദ്ധേയായ ഒരു കാര്യം പ്രിൻസിപ്പലിന്റെ നടപടികളെ വിമർശിക്കുന്ന എല്ലതരം രക്ഷിതാക്കളും സകൂൾ മാനേജ്‌മെന്റിന് എതിരെയോ സ്‌പോർസർക്കെതിരെയോ കാര്യമായ പരാതികൾ ഒന്നും പറയുന്നില്ല എന്നതാണ്. പലപ്പോഴും മനേജ്‌മെന്റിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് പ്രിൻസിപ്പൽ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുകയാണ് വേണ്ടത് എന്ന് മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രിൻസിപ്പലിന് ആവുന്നു. ഇന്ത്യൻ കമ്യൂണിറ്റി സ്‌കുൾ കുവൈത്തിന് സാൽമിയയെ കൂടാതെ മറ്റ് മൂന്ന് ബ്രാഞ്ചുകൾ കൂടിയുണ്ട്. ജൂനിയർ സാൽമിയ, അമാൻ സാൽമിയ, ഖൈത്താൻ കമ്യൂണിറ്റി സ്‌കുൾ എന്നിവിടങ്ങളിൽ. അവിടെയൊന്നും ഇത്ര ഗുരതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ല എന്ന് ഓർക്കുമ്പോൾ തന്നെ പ്രശ്‌നം വ്യക്തികളുടേതാണെന്ന് വ്യക്തമാവുകയാണ്.

ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും അടിയന്തരമായ ചില പരിഷ്‌ക്കരണ നടപടികൾ ആവശ്യപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനം ഇപ്പോഴത്തെ ഏകാധിപത്യ രീതികൾ മാറി സ്‌കുൾ ജനാധിപത്യത്തിന്റെ പാതയിലേക്ക് നീങ്ങണം എന്നാണ്. അതിന്റെ ആദ്യ പടിയായി പാരൻസ് കൗൺസിലുകൾ പുനഃസ്ഥാപിക്കണം. നിലവിൽ രക്ഷാകർത്താക്കൾക്ക് തമ്മിൽ കാണുന്നില്ല. ഗൗരവമായി എടുക്കേണ്ട പലകാര്യങ്ങളിലും കൂട്ടായ അഭിപ്രായം ഉണ്ടാകുന്നില്ല. സ്‌കൂളിന് നേരയുണ്ടായ വിവിധ ആരോപണങ്ങളിൽ സമഗ്രമായ ഒരു അന്വേഷണം വേണമെന്നും ഇവർ പറയുന്നു.

62 വർഷം കുവൈററിൽ ഒരു ഇന്ത്യൻ സ്‌കൂൾ തുടങ്ങുന്നത് സത്യത്തിൽ ദീർഘവീക്ഷണത്തോട് കൂടിയുള്ള വലിയൊരു വിദ്യാഭ്യാസ വിപ്ലവം തന്നെയായിരുന്നു. അഞ്ചും പത്തും പലരിൽ നിന്നായി പിരിച്ചെടുത്ത് എളിയ നിലയിൽ തുടങ്ങിയ സകൂളിന് വലിയ പാരമ്പര്യമാണ് ഉള്ളത്. മിടുക്കരായ ആയിരക്കണക്കിന് വിദ്യാർത്ഥികളെ സൃഷ്്ടിക്കാൻ ഈ സ്‌കൂളിന് ആയി. പകലന്തിയോളം ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ മക്കളെ വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന ഒരിടം ആയിരുന്നു ഇന്ത്യൻ സ്‌കൂളുകൾ. ആ പാരമ്പര്യവും അക്കാദമിക നിലവാരവും എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണം എന്നാണ് രക്ഷിതാക്കളും, സ്‌കൂളിനെ സ്‌നേഹിക്കുന്ന പൂർവ വിദ്യാർത്ഥികളും പറയുന്നത്. ഇന്ത്യക്കാരുടെ അഭിമാനമായിരുന്നു ഈ സ്‌കൂൾ അങ്ങനെ തന്നെ തുടരാനായി ഇന്ത്യൻ എംബസിയുടെയും വിദേശകാര്യ വകുപ്പിന്റെയുമൊക്കെ ശക്തമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്നാണ് കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ പൊതു നിലപാട്.ഇതും സംബന്ധിച്ച് നവമാധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. ഈ ആരോപണങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ ബിനുമോന്റെ പ്രതികരണം മറുനാടൻ മലയാളി ആരാഞ്ഞെങ്കിലും ലഭ്യമായിട്ടില്ല.

( അവസാനിച്ചു)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP