Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പൊള്ളുന്ന വെയിലിൽ സ്‌കൂൾബാഗും ചുമലിലേറ്റി നിർത്തിച്ച് ശിക്ഷ; പെൺകുട്ടികളെ കൊണ്ടുപോലും ഫ്ളാറ്റുകൾ തോറും ഡോർ ടു ഡോർ കാൻവാസിങ് നടത്തി സ്‌കൂളിനായി പിരിവ്; അർധ വാർഷിക പരീക്ഷയിൽ അഞ്ചു വിഷയത്തിൽ തോറ്റകുട്ടി വാർഷിക പരീക്ഷയിൽ പൊടുന്നനേ ക്ലാസ് ടോപ്പർ; ഇവിടെ മാർക്ക് തിരുത്തലും ചോദ്യപേപ്പർ ചോർച്ചയും നടക്കുന്നുണ്ടെന്ന് സംശയം; പഠന വൈകല്യങ്ങളും പണം കൊടുത്ത് വാങ്ങാം; കോവിഡ്കാലത്തും കുവൈറ്റിൽ വിദ്യഭ്യാസ കൊള്ള; മറുനാടൻ പരമ്പര രണ്ടാം ഭാഗം

പൊള്ളുന്ന വെയിലിൽ സ്‌കൂൾബാഗും ചുമലിലേറ്റി നിർത്തിച്ച് ശിക്ഷ; പെൺകുട്ടികളെ കൊണ്ടുപോലും ഫ്ളാറ്റുകൾ തോറും ഡോർ ടു ഡോർ കാൻവാസിങ് നടത്തി സ്‌കൂളിനായി പിരിവ്; അർധ വാർഷിക പരീക്ഷയിൽ അഞ്ചു വിഷയത്തിൽ തോറ്റകുട്ടി വാർഷിക പരീക്ഷയിൽ പൊടുന്നനേ ക്ലാസ് ടോപ്പർ; ഇവിടെ മാർക്ക് തിരുത്തലും ചോദ്യപേപ്പർ ചോർച്ചയും നടക്കുന്നുണ്ടെന്ന് സംശയം; പഠന വൈകല്യങ്ങളും പണം കൊടുത്ത് വാങ്ങാം; കോവിഡ്കാലത്തും കുവൈറ്റിൽ വിദ്യഭ്യാസ കൊള്ള; മറുനാടൻ പരമ്പര രണ്ടാം ഭാഗം

എം റിജു

തിരുവനന്തപുരം: 'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി' എന്നു പറഞ്ഞതുപോലെയാണ് ഇന്ത്യൻ കമ്യൂണിറ്റി സ്‌കുൾ കുവൈറ്റ് ( ഐസിഎസ്‌കെ) സാൽമിയ സീനിയറിൽ സംഭവിക്കുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ ഉന്നതിക്കും വിദ്യാഭ്യാസ പുരോഗതിക്കുമായി ചില സുമനസ്സുകൾ തുടങ്ങിയ സ്‌കൂൾ പടർന്ന പന്തലിച്ചതോടെ പുതിയ ഭരണസമിതിക്കും പ്രിൻസിപ്പലിനും നോട്ടം കാശിൽ മാത്രം. ബ്ലേഡ് കമ്പനിയേക്കാൾ മോശമായ അവസ്ഥയിലാണ് പലപ്പോഴും ഈ സ്‌കൂൾ പ്രവർത്തിക്കുന്നതെന്നാണ് രക്ഷിതാക്കൾ ഇമെയിലും വാട്സാപ്പിലുമായി മറുനാടൻ മലയാളിക്ക് അയച്ച സന്ദേശങ്ങളിൽ പറയുന്നത്. ഉള്ളംകാൽ മുതൽ ഉച്ചിവരെ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന ഒരു സ്ഥാപനം. ഇന്ത്യൻ എംബസി അധികൃതരുടെയും വിദേശകാര്യ വകുപ്പിന്റെയുമൊക്കെ സത്വര ശ്രദ്ധ ഇവിടേക്ക് തിരിയേണ്ടതാണ്. ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെകൂടി ബാധിക്കുന്ന വിഷയമാണ്.

പണം കൊടുത്ത് വാങ്ങാം, പഠന വൈകല്യം!

എസ്എസ്എൽസിക്ക് നൂറുശതമാനം വിജയം ഉറപ്പിക്കുന്നതിനായി, 9ാംക്ലാസിൽ കുട്ടികളെ തോൽപ്പിക്കുന്ന ചില വൻകിട സ്‌കൂളുകളെ മാത്രമേ നമുക്കറിയാവൂ. പക്ഷേ ഇന്ത്യൻ കമൂണിറ്റി സ്‌കൂൾ കുവൈറ്റ് സാൽമിയയിലെ അധികൃതർ ഇതിലും വലിയ ജഗ ഗില്ലാഡികളാണ് ഇരിക്കുന്നത്. തോൽക്കുമെന്ന് സംശയം ഉള്ളവരെ ഡിസ്ലക്സിക്ക് അഥവാ പഠന വൈകല്യമുള്ളവരുടെ ലിസ്റ്റിൽ പെടുത്തുകയാണ് ചെയ്യുക! ഇവിടുത്തെ ഒരു പ്രധാന പരിപാടിയാണ് ഇതെന്ന് രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കുന്നു.

പണം വാങ്ങിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ്. പഠനത്തിൽ അൽപ്പം പിന്നോക്കമുള്ള കുട്ടികളുരെ രക്ഷിതാക്കളെ വിളിച്ച് സ്‌കൂൾ പ്രിൻസിപ്പൽ തന്നെ വിരട്ടുകയാണെന്നാണ് രക്ഷിതാക്കൾ പരാതിയിൽ പറയുന്നത്. അൽപ്പം ചിലവേറിയ കാര്യം തന്നെയാണ് ഇങ്ങനെ ഡിസ്ലക്സിക്ക് ആക്കൽ. ഇതിനായി സ്്കൂൾ അധികൃതരുടെ കസ്റ്റഡിയിൽ ചില ഡോക്ടർമാരും ഉണ്ട്. ഇവർ സർട്ടിഫൈ ചെയ്യുന്നതോടെ ഈ വിഭാഗം കുട്ടികൾ പഠന വൈകല്യം ഉള്ളവർ ആവും. പിന്നെ അവർക്ക് പരീക്ഷയിൽ അടക്കം പ്രത്യേക പരിഗണന കിട്ടും. സാധാരണകുട്ടികളേക്കാൾ കൂടുതൽ സമയം പരീക്ഷയെഴുതാൻ ഈ വിഭാഗം കുട്ടികൾക്ക് ലഭിക്കും. ഇങ്ങനെ വഴിവിട്ട് മാറ്റിയതിന്റെ ഭാഗമായി ഒരു ജില്ലയിൽ വരേണ്ട പഠന വൈകല്യമുള്ള കുട്ടികൾ ഒരു സ്‌കൂളിൽ മാത്രം കാണാം. ഇതിന്റെ കണക്കുകളും ചിലർ പുറത്തുവിട്ടിട്ടുണ്ട്. രക്ഷിതാക്കൾ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യൻ എംബസിക്കുമൊക്കെ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്.

കുട്ടികളുടെ മനസ്സിലേക്ക് വെളിച്ചം കടത്തിവിടേണ്ടവരും അവരെ നേർ വഴിക്ക് നയിക്കേണ്ടവരുമാണ് അദ്ധ്യാപകർ. വിദ്യാഭ്യാസം എന്നാൽ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള കരുത്തുകൂടി കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കയെന്നാണ്. പഠനത്തിൽ മോശമായ കുട്ടിക്ക് കുറക്കുവഴിയിലൂടെ ജയിക്കാൻ കഴിയുന്ന ക്രിമിനൽ ബുദ്ധിയല്ല ഉപദേശിക്കേണ്ടത്. ഇങ്ങനെ ചെറുപ്പത്തിലെ ഒരു അനുഭവം ഉണ്ടാകുന്ന കുട്ടിയുടെ ധാർമ്മിക നിലവാരം എങ്ങനെ ഉയരുമെന്നാണ്് ഒരു വിഭാഗം അദ്ധ്യാപകരും ചോദിക്കുന്നത്. എന്നാൽ ഇവിടെ നടക്കുന്ന എല്ലാ തരികിടയ്ക്കും സ്‌കൂൾ അധികൃതരും പ്രിൻസിപ്പലും തന്നെ കൂട്ടുനിൽക്കയാണ്. മാതാ, പിതാ, ഗുരു, ദൈവം!

ഇഷ്ടക്കാർക്ക് തോന്നിയപോലെ മാർക്ക് കൊടുക്കുന്ന രീതിയും ഇവിടെയുണ്ട്. കുറച്ചു കാലം മുമ്പ് പ്ലസ് വണ്ണിൽ പഠിക്കുന്ന, സ്‌കൂളിലെ ഒരു ഉന്നതന്റെ മകൾക്ക് വാർഷിക പരീക്ഷക്ക് കിട്ടിയ മാർക്ക് കണ്ട് അദ്ധ്യാപകർ അമ്പരുന്ന് പോയിട്ടുണ്ട്. അർധവാർഷിക പരീക്ഷക്ക് അഞ്ചുവിഷയങ്ങളിൽ തോറ്റ കുട്ടി വാർഷിക പരീക്ഷക്ക് ക്ലാസ് ടോപ്പർ ആയിരിക്കുന്നു! ഈ മറിമായം എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ച ചില അദ്ധ്യാപകരോട് തട്ടിക്കയറുകയാണ് പ്രിൻസിപ്പൽ അടക്കമുള്ളവർ ചെയതത്. സ്വന്തമായി പഠിച്ച് ഇത്രയൊന്നും മാർക്ക് മേടിക്കാൻ കഴിവുള്ള കുട്ടിയാണ് ഇതെന്ന് അദ്ധ്യാപകർ ആരും പറയില്ല. പിന്നീട് 12ാം ക്ലാസിൽ ഈ കുട്ടിയെ വീണ്ടും റെമഡിയൽ ക്ലാസിന് വിടേണ്ടി വന്നു. പഠിക്കാൻ മിടുക്കുള്ള കുട്ടിയാണെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. അപ്പോൾ സ്വന്തക്കാർക്ക് ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നതടക്കമുള്ള ഹീനമായ നടപടികൾ ഈ സ്്കൂളിൽ നടക്കുന്നുണ്ടെന്ന് ചുരുക്കം.

വിദ്യാലയമോ ബ്ലേഡ് കമ്പനിയോ?

ബ്ലേഡ് കമ്പനി മുതലാളിമാരുടെ ധാർമ്മികപോലും ഇല്ലാതെയാണ് പലപ്പോഴും ഇന്ത്യൻ സ്‌കുൾ അധികൃതർ പ്രവർത്തിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. ഫീസ് കുടിശ്ശികയുടെ പേരിലൊക്കെ ഒരു കുട്ടിയുടെ സർട്ടിഫിക്കേറ്റ് മൂന്നു വർഷം പിടിച്ചുവെച്ചത് വൻ വിവാദം ആയിരുന്നു. ആന്ധ്രാ സ്വദേശിനിയായ ഒരു പെൺകുട്ടി  പ്രിൻസിപ്പലിന് എഴുതിയ കത്ത്് ഇപ്പോൾ കുവൈറ്റ് മലയാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. 2017-18 ബാച്ചിൽ ഐസിഎസ്‌കെ സീനിയർ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്നു താൻ എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന കത്തിൽ തന്റെ ദുരനുഭവമാണ് കുട്ടി വിശദീകരിക്കുന്നത്. എന്റെ പിതാവിന് ശമ്പളം തീരെ കുറവായതിനാലാണ് ഫീസ് കുടിശിക വന്നതെന്നും സർട്ടിഫിക്കേറ്റ് തന്നില്ലെങ്കിൽ ഉപരി പഠനത്തിന് തനിക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നും കുട്ടി പറയുന്നു. 'ഞാൻ പലതവണ പറഞ്ഞിട്ടും അങ്ങ് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഞാൻ ഫീസ് ഇളവിനുവേണ്ടി താങ്കളുടെ അടുക്കൽ എത്തിയപ്പോൾ അങ്ങ് അത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. എനിക്ക് താഴെ രണ്ട് സഹോദരങ്ങൾ ഉണ്ട്. അവുടെ കാര്യം നോക്കേണ്ടത് ഞാനാണ്. സർട്ടിഫിക്കേറ്റ് കിട്ടാത്തതിനാൽ എന്റെ രണ്ടര വർഷമാണ് പാഴായത്. ഇനിയെങ്കിലും എന്നെ സഹായിക്കണം'- കുട്ടി പ്രിൻസിപ്പൽ ഡോക്ടർ ബിനുമോന് അയച്ച പരാതിയാണിത്. ഇത് സോഷ്യൽ മീഡിയിൽ വൈറലായതോടെ പെട്ടെന്ന് കുട്ടിയുടെ സർട്ടിഫിക്കേറ്റ് തിരിച്ചുകൊടുത്തിട്ടുണ്ട്. നോക്കുക, അപ്പോഴേക്കും രണ്ടര വർഷമാണ് ഒരു കുട്ടിയുടെ അധ്യയന ജീവിതത്തിൽനിന്ന് നഷ്ടമാവുന്നത്.

എല്ലാറ്റിനും അമിത ഫീസ് ഇടാക്കുന്നത് ഈ സ്്കൂളിൽ പതിവാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഓവർസീസ് സ്റ്റുഡൻസിൽനിന്ന് പതിനായിരം രൂപ രജിസ്ട്രേഷനുവേണ്ടി ഫീസായി ഈടാക്കാമെന്ന് സിബിഎസ്ഇ പറഞ്ഞപ്പോൾ സാൽമിയ ഐസിഎസ്‌കെ ഈടാക്കിയത ഇരട്ടി തുകയാണ്. ഇത് വിവാദമായതോടെ രക്ഷിതാക്കളിൽ ചിലർ സിബിഎസ്ഇ വിജിലൻസിന് പരാതി കൊടുത്തു. ഇതിന്റെ പേരിൽ സിബിഎസ്ഇയിൽ നിന്ന് അന്വേഷണം വന്നെങ്കിലും മുകളിലുള്ള പിടിവെച്ച് സ്‌കൂൾ അധികൃതർ രക്ഷപ്പെടുകയായിരുന്നു.

കുട്ടികളിലുടെ ഫ്ളാറ്റുകൾ തോറും പിരിവ്

ഈ ബ്ലേഡ് കമ്പനി കൾച്ചറിന്റെ മറ്റൊരു ഉദാഹരണമാണ് കുട്ടികളെകൊണ്ട് നിർബന്ധിത പിരിവ് നടത്തിക്കുന്നത്. എല്ലാവർഷവും സ്‌കൂളിന്റെ നാല് ബ്രാഞ്ചുകളുടെയും ബന്ധിപ്പിച്ച് ഇവിടെ കാർണിവെൽ നടത്താറുണ്ട്. ഇത് ഇന്ത്യൻ കമ്യൂണിറ്റിയുടെ മൊത്തം പങ്കാൽത്തോടെയാണ് നടത്തുന്നത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം അമ്പതിനായിരം കുവൈത്ത് ദിനാറൊക്കെയാണെന്ന് അദ്ധ്യാപകർ പറയുന്നു. അതായത് ഏകദേശം ഒരു കോടിയിലേറ രൂപ. ഈ ഭീമമായ ഫണ്ട് ഇന്ത്യൻ കമ്യൂണിറ്റിയുടെ ഉന്നതിക്കായി ഉപയോഗിക്കാനാണ് മാറ്റവെക്കുക എന്നാണ് പറയുക. പക്ഷേ ഇത് അർഹതയുള്ള കൈകളിൽ എത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ഇനി ഫണ്ടുണ്ടാക്കാൻ ചെയ്യുന്ന മാർഗങ്ങളാണ് ഏറ്റവും ദയനീയം. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് 10 ലീഫുകളുള്ള ഒരു റാഫിൾ കൂപ്പൺ ക്ലാസ് ടീച്ചർമാർ വഴി നിർബന്ധിച്ച് അടിച്ചേൽപ്പിക്കയാണ്. കുട്ടികൾ ഇത് ഫ്ളാറ്റുകളിലും മറ്റുമായി ഡോർ ടു ഡോർ കാൻവാസിങ് നടത്തിയാണ് ഇത് പൂരിപ്പിച്ച് പണം കണ്ടെത്തേണ്ടത്. പെൺകുട്ടികളും കൊച്ചുകുട്ടികളുമൊക്കെ ഇങ്ങനെ ഫ്ളാറ്റ് ഫ്്ളാറ്റാന്തരം കേറിയിറങ്ങി വിൽക്കുന്നത് വല്ലാത്തൊരു ദയനീയ കാഴചയാണ്. ആധുനിക യുഗത്തിലെ ഒരുതരം യാചകവൃത്തി തന്നെ. ഇങ്ങനെ കുട്ടികളെ ഉപയോഗിക്കുന്ന ഏക സ്‌കൂൾ ഇന്ത്യൻ കമ്യുണിറ്റ് സ്‌കൂൾ മാത്രം ആയിരിക്കും. ബാലവേലയടക്കം നിരോധിച്ച ഒരു രാജ്യത്തെ കുട്ടികളാണ് കൊടും ചൂടിൽ ഇങ്ങനെ അധ്വാനിച്ച് സ്‌കൂളിന് പണം ഉണ്ടാക്കിക്കൊടുക്കുന്നത്. ഇത്തരം പരിപാടികൾ ഒക്കെ കുവൈറ്റിൽ നിയമ വിരുദ്ധമാണ്. പത്തെണ്ണം വിറ്റുകഴിയുമ്പോൾ ഒരു കുവൈറ്റ് ദിനാർ കുട്ടികൾക്ക് കൊടുക്കും. ഇങ്ങനെയൊക്കെ ഉണ്ടാക്കുന്ന പണകൊണ്ട് എവിടെ പോകുന്നുവെന്നാണ് മറ്റൊരു ചോദ്യം. എല്ലാവർഷവും കാർണിവൽ നടത്തുന്നു, അതിന് സുവനീർ ഇറക്കി പരസ്യങ്ങൾ പിടിക്കുന്നു. അങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഈ രീതയിൽ ഉണ്ടാക്കിയത്.

പലപ്പോഴും പ്രാകൃത ശിക്ഷയാണ് ഇവിടെ കുട്ടികളുടെ നേർക്ക് ഉണ്ടാവാറ്. കുവൈറ്റിലെ പൊള്ളുന്ന വെയിൽ കുപ്രസിദ്ധമാണ്. ഈ വെയിലത്ത് പത്തുകിലോയുള്ള ബാഗും തൂക്കി കുട്ടികളെ നിർത്തിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിലും നിരവധി രക്ഷിതാക്കൾ രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്്കൂളിൽ കുട്ടികളിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ പിന്നെ രക്ഷിതാക്കൾ വന്നാലും കൊടുക്കാറില്ല. ഇത് ഒരു ബോക്സിലിട്ട് സൂക്ഷിക്കയാണ്. ഇതിനെതിരെയും രക്ഷിതാക്കൾ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്

അദ്ധ്യാപകർക്ക് പീഡനം; അക്കാദമിക നിലവാരം ഇടിയുന്നു

പേരൻസ് കൗൺസൽ ഇല്ല എന്നതാണ് ഇവിടുത്തെ ഒരു പ്രധാന പോരായ്മയായി അദ്ധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നത്. ഇത്മൂലം സകൂളിൽ എന്ത് അനീതിയുണ്ടായാലും അത് ചോദ്യം ചെയ്യാൻ പോലും കഴിയില്ല. ഇനി പ്രൻസിപ്പലിന്റെ മുന്നിൽ എത്തിയാലോ. ക്ഷേത്ര ദർശനത്തിന് നിൽക്കുന്നപോലെ മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറയുന്നു. പലപ്പോഴും കുവൈറ്റിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർ ഒരു മണിക്കൂർ സമയമൊക്കെ ചോദിച്ച് വാങ്ങിയാണ് ജോലിക്കിടെ സ്‌കൂളിൽ എത്തുക. എന്നാൽ പ്രിൻസിപ്പലിന് ഈ വിഷമം ഒന്നും അറിയേണ്ട. പല രക്ഷിതാക്കളെയും പ്രിൻസിപ്പലിന്റെ മുന്നിൽ മണിക്കുറുകൾ ചോദ്യം ചെയ്യും. 'ആംഗ്രി മാനേജ്മെന്റ്' എന്നതിന്റെ ബാല പാഠംപോലും അറിയാത്ത വ്യക്തിയാണ് പ്രിൻസിപ്പൽ ഡോ ബിനുമോൻ വാസുദേവൻ എന്നാണ് രക്ഷിതാക്കൾ പറയുന്നത്. സൈക്കോളിജിയിൽ ബിരുദവും കൗൺസലറായി പ്രവർത്തിച്ചുവെന്നുമൊക്കെ ഇദ്ദേഹം ഇടക്കിടെ തള്ളാറുണ്ടെങ്കിലും ഷൗട്ട് ചെയ്യാതെ സംസാരിക്കാൻ ഇദ്ദേഹത്തിന് കഴിയില്ല എന്നാണ് രക്ഷിതാക്കൾ പറയുന്നത്.

പ്രിൻസിപ്പൽ ലക്ഷക്കണക്കിന് രൂപ ശമ്പളം പറ്റുമ്പോൾ വെറും 300, 350 കെഡി ( കുവൈറ്റ് ദിനാർ ) മാത്രമാണ് അദ്ധ്യാപകർക്ക് ശമ്പളം. ലേഡി ടീച്ചേഴ്സിന് അടക്കം പീഡനങ്ങളുടെ നീണ്ട കഥകൾ പറയാനുണ്ട്. സെൽഫ് ബൂസ്റ്റിങ്ങിനായി പ്രൻസിപ്പൽ തുടങ്ങിയ എക്സ്ട്രാ കരിക്കുലർ ആക്റ്റവിറ്റീസ് നടത്തി ടീച്ചേഴ്സിന് പഠിപ്പിക്കാൻ നേരമില്ല എന്ന അവസ്ഥയാണ്. കാർണിവൽ ഒക്കെ നടക്കുന്ന സമയത്ത് രാത്രി 10 മണി 11 മണിവരെ ്ഡെക്കറേഷൻ ഉണ്ട് എന്നൊക്കെ പറഞ്ഞ് ടീച്ചർമാരെ ഇവിടെ പിടിച്ചുവെക്കും. തുഛമായ ശമ്പളം പറ്റുന്ന ഇവരെ പലപ്പോഴും 12 മണിക്കുറാണ് ജോലിചെയ്യിക്കുക. ശനിയാഴ്ച അഡീഷണൽ പരിപാടിവെച്ച് എൻഗേജഡ് ആക്കുക. ഇങ്ങനെ പീഡനം തുടർക്കഥയായതോടെ പല നല്ല അദ്ധ്യാപകരും ഇവിടെ നിന്ന് രാജിവെച്ച് പോയി. പ്രിൻസിപ്പലുമായി പൊരുത്തപ്പെടാൻ ആകാതെയും പലരും പടിയിറങ്ങി. ഇതോടെ സ്‌കൂളിന്റെ അക്കാദമിക നിലവാരം വല്ലാതെ കുറയുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ചൂടുകാലത്ത് നല്ല ചൂടും തണുപ്പുകാലത്ത് നല്ല തണുപ്പുമാണ് കുവൈറ്റിലെ കാലാവസ്ഥ. അതുപോലെ പൊടിക്കാറ്റും. ഈ വരുന്ന സാഹചര്യങ്ങളിലൊക്കെ കുട്ടികളെ പുറത്തുകൊണ്ടുപോയി ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി നിർബന്ധമാണ്. കുവൈറ്റിലെ സമയക്രമം ആനുസരിച്ച് 7 മണിമുതൽ 1.30 വരെയാണ് ക്ലാസുകൾ നടത്താറ്. അപ്പോൾ അസംബ്ലിക്ക് വേണ്ടി ഒരു മണിക്കൂർ കൂടി നഷ്ടപ്പെടുന്നതോടെ ഒരുപാട് സമയം ആണ്്്. ഇതും ബാധിക്കുന്നത് അക്കാദമിക നിലവാരത്തെയാണ്.ഒടുവിൽ മനേജ്മെന്റ് തന്നെ ഇക്കാര്യത്തിൽ പ്രിൻസിപ്പലിൽനിന്ന് വിശദീകരണം തേടിയെന്നാണ് അറിയുന്നത്.

13ലേറെ വിവിധ ഡ്രിഗികൾ ഉണ്ടെന്ന് പറയുന്ന ഡോ ബിനുമോന് എന്തുകൊണ്ടാണ് സ്‌കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താൻ കഴിയാത്തത. അവിടെയാണ് അദ്ദേഹത്തിന്റ യോഗ്യതകളെ കുറിച്ചും കഴിവിനെ കുറിച്ചുമെല്ലാം ഗുരുതരമായ സംശയങ്ങൾ ഉയരുന്നത്.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP