Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഫീസ് കുടിശ്ശികയുള്ളതു കൊണ്ട് നിർധന വിദ്യാർത്ഥിയുടെ സർട്ടിഫിക്കേറ്റ് പിടിച്ചുവെച്ചത് മൂന്നുവർഷം; നിർബന്ധിത ഓൺലൈൻ ക്ലാസ് മറയാക്കി പുതിയ അധ്യനയവർഷത്തെ ഫീസും വാങ്ങുന്നു; തോൽക്കുമെന്ന് ഉറപ്പുള്ള കുട്ടികളെ പണം പറ്റി പഠന വൈകല്യമുള്ളവരുടെ ഗ്രൂപ്പിലേക്ക് മാറ്റി ജയിപ്പിച്ചെടുക്കും; ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകളിൽ നടക്കുന്നത് തട്ടിപ്പും വെട്ടിപ്പുമെന്ന് രക്ഷിതാക്കൾ; ഒത്താശ ചെയ്യുന്നത് പ്രിൻസിപ്പലും; മറുനാടൻ പരമ്പര-കോവിഡ് കാലത്തും കുവൈറ്റിൽ വിദ്യാഭ്യാസ കൊള്ള

ഫീസ് കുടിശ്ശികയുള്ളതു കൊണ്ട് നിർധന വിദ്യാർത്ഥിയുടെ സർട്ടിഫിക്കേറ്റ് പിടിച്ചുവെച്ചത് മൂന്നുവർഷം; നിർബന്ധിത ഓൺലൈൻ ക്ലാസ് മറയാക്കി പുതിയ അധ്യനയവർഷത്തെ ഫീസും വാങ്ങുന്നു; തോൽക്കുമെന്ന് ഉറപ്പുള്ള കുട്ടികളെ പണം പറ്റി പഠന വൈകല്യമുള്ളവരുടെ ഗ്രൂപ്പിലേക്ക് മാറ്റി ജയിപ്പിച്ചെടുക്കും; ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകളിൽ നടക്കുന്നത് തട്ടിപ്പും വെട്ടിപ്പുമെന്ന് രക്ഷിതാക്കൾ; ഒത്താശ ചെയ്യുന്നത് പ്രിൻസിപ്പലും; മറുനാടൻ പരമ്പര-കോവിഡ് കാലത്തും കുവൈറ്റിൽ വിദ്യാഭ്യാസ കൊള്ള

എം റിജു

തിരുവനന്തപുരം: കേരളത്തിലെന്നപോലെ കോടികൾ മറയുന്ന ബിഗ് ബിസിനസ് തന്നെയാണ് ഗൾഫിലും ഇന്ന് വിദ്യാഭ്യാസം. ഒന്നുമില്ലായ്മയിൽനിന്ന് കുവൈറ്റ് ചാണ്ടിയെന്ന കോടീശ്വരനിലേക്ക് തോമസ് ചാണ്ടി അതിവേഗം വളർന്നത് സ്‌കൂളുകളിലൂടെയായിരുന്നു. മാധ്യമ പ്രവർത്തകനായ കെ പി മോഹനൻ അടക്കമുള്ള എത്രയോ പേർ കുവൈറ്റിലും യുഎഇയിലുമായി വിദ്യാഭ്യാസ രംഗത്ത് ഭാഗ്യം പരീക്ഷിച്ച് ആരോപിതരായി. പക്ഷേ എന്തെല്ലാം പരിമിതികളും പരാതികളും ഉണ്ടെങ്കിലും മലയാളികളുടേതടക്കം അഭിമാനമായിരുന്നു കുവൈറ്റിലെ ഇന്ത്യൻ സ്‌ക്കൂളുകൾ.

പക്ഷേ ഇന്ന് അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ കേട്ടാൽ അമ്പരന്നുപോവും. കണ്ണിൽചോരയില്ലാതെ തത്വദീക്ഷയില്ലാതെ, ഈ കോവിഡ് കാലത്ത് തൊഴിൽ നഷ്ടത്തിൽ ഇരിക്കുന്ന പ്രവാസികളിൽനിന്നുപോലും അവർ പണം ഊറ്റുന്നു. ലക്ഷങ്ങളുടെ തട്ടിപ്പും വെട്ടിപ്പും ചോദിക്കാൻ പോലും ആളില്ലാത്ത അവസ്ഥ. നടത്തിപ്പുകാരുടെ പിടിപ്പുകേടുകൊണ്ട് ഇന്ത്യൻ സ്‌കൂളുകൾ നമ്മുടെ കൈയിൽനിന്ന് നഷടമാവുന്ന സാഹചര്യവും ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ അടക്കം പ്രതികരണം തേടി മറുനാടൻ മലയാളി നടത്തുന്ന അന്വേഷണ പരമ്പര ഇന്നുമുതൽ

ഫീസില്ലെങ്കിൽ സർട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുന്ന സ്‌കൂൾ

ബില്ലടക്കാൻ തുക ബാക്കിയുള്ളതുകൊണ്ട് ഡെഡ് ബോഡിവരെ പിടിച്ചുവെച്ച കഴുത്തറപ്പൻ ഹോസ്പിറ്റലുകളുടെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പക്ഷേ ഫീസ് കുടിശ്ശിക വന്നതുകൊണ്ട് നിർധന വിദ്യാർത്ഥിയുടെ സർട്ടിഫിക്കേറ്റ് മൂന്നുവർഷം പിടിച്ചുവെച്ച സകൂളിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. പക്ഷേ നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് താങ്ങാവേണ്ട, ഇന്ത്യൻ കമൂണിറ്റി സ്‌കൂൾ കുവൈത്ത് ( ICSK) സാൽമിയ സീനിയർ സ്‌കുളിൽ നടക്കുന്ന കാര്യങ്ങൾ അങ്ങനെ ഒക്കെയാണ്. ഈ കോവിഡ് കാലത്ത് ജോലി നഷ്ടവും ശമ്പളം വെട്ടിക്കുറക്കലുമൊക്കെയായി പ്രവാസി സമൂഹം പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ, ഇന്ത്യൻ സ്‌കൂൾ അധികൃതർ പ്രവാസികളെ ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നത് എന്നാണ് രക്ഷിതാക്കൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കോവിഡ് കാലത്ത് സ്‌കുളുകൾ എല്ലാം അടഞ്ഞപ്പോൾ, ഓൺലൈൻ ക്ലാസുകൾ നടത്തി പണം പിടുങ്ങാൻ ശ്രമിച്ചത്. എൽകെജി തൊട്ടുള്ള കുട്ടികളെ ഓൺലൈൻ ക്ലാസ് എന്ന പ്രഹസനത്തിൽ ഇരുത്തി പകുതി ഫീസടക്കാൻ ഉത്തരവിടുന്ന ഒരു സ്‌കൂളിന്റെ ധാർമ്മികയെക്കുറിച്ചാണ് ചോദ്യങ്ങൾ ഉയരുന്നത്.

ഒന്നും രണ്ടുമല്ല നിരവധി പരാതികളാണ് ഈ സ്‌കൂളിനെതിരെ രക്ഷിതാക്കൾ ഉന്നയിക്കുന്നത്. അമിതമായ ഫീസ് വാങ്ങൽ തൊട്ട് പാരൻസ് കൗണസിൽപോലും വിളിച്ചുചേർക്കാതെ എകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നത് അടക്കമുള്ള പരാതിക്കൂമ്പാരങ്ങൾ. ലക്ഷങ്ങളുടെ അഴിമതികളാണ് ഇവിടെ നടക്കുന്നതെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സിബിഎസ്ഇക്കും ഇന്ത്യൻ എംബസിക്കുമൊക്കെ പലതവണ പരാതി അയച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി പരാതികൾ വരുന്നത് മലയാളികൂടിയായ പ്രിൻസിപ്പലും സീനിയർ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ ബിനുമോൻ വാസുദേവനെ കുറിച്ചാണ്. ഇദ്ദേഹം ചുമതലയേറ്റശേഷമാണ് സ്‌കൂളിന്റെ പ്രവർത്തനം ഈ രീതിയിൽ വഷളായത് എന്നാണ് രക്ഷിതാക്കളുടെ ആരോപണം. അക്കാദമിക്കായ യാതൊരു കാര്യങ്ങളിലും താൽപ്പര്യമില്ലാതെ കേവലം ധന സമ്പാദനത്തിനുമാത്രമായി ഡോ ബിനുമോൻ ഈ തസ്തിക ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. നൂറുശതമാനവും വിജയും ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള കള്ളക്കളികൾ നടത്തുന്നതായും വാർത്തകൾ വരുന്നുണ്ട്. തോൽക്കുമെന്ന് ഉറപ്പുള്ള കുട്ടികളെ പഠന വൈകല്യമുള്ളവരുടെ ഗ്രൂപ്പിലേക്ക് മാറ്റി, ജയിപ്പിച്ചെടുക്കുന്ന വിദ്യയും ഇവിടെ നടക്കുന്നുണ്ടെന്ന് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും പറയുന്നു! ഇക്കാര്യങ്ങളുടെ തെളിവുകൾ സഹിതം അവർ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനുമൊക്കെ പരാതി നൽകിയിട്ടുണ്ട്. മാർക്ക് തിരുത്തി കുട്ടികളെ ജയിപ്പിച്ചെടുക്കുന്നുവെന്ന ഗുരുതരമായ ആരോപണവും ഇതോടൊപ്പമുണ്ട്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് പ്രിൻസിപ്പൽ ഡോ ബിനുമോൻ തന്നെയാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പിടിഎ പോലും ഇല്ലാത്തതിനാൽ രക്ഷിതാക്കൾക്ക് ഇവിടെ നടക്കുന്ന അഴിമതികൾ ചോദ്യം ചെയ്യാൻപോലും കഴിയുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിജലിൻസിന് അടക്കം നേരത്തെയും പരാതികൾ ലഭിച്ചിരുന്നു.

രോഷം ആളിക്കത്തിച്ചത് കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ

കോവിഡിന്റെ പശ്ചാത്തിലത്തിൽ കടുത്ത ഭീതിയാണ് കുവൈറ്റിലും നിൽനിൽക്കുന്നത്. മലയാളികൾ അടക്കം നല്ലൊരു വിഭാഗത്തിന് ജോലി നഷടപ്പെട്ടു. എങ്ങും കേൾക്കുന്നതും സാമ്പത്തിക മാന്ദ്യത്തിന്റെയും മറ്റും വാർത്തകളാണ്. നാട്ടിലേക്ക് പോകാൻ പോലും കഴിയാതെ പലരും പ്രതിസന്ധിയിലാണ്. ഈ സഹാചര്യത്തിൽ. പ്രവാസികൾ പ്രശ്‌നങ്ങൾ ഉൾപ്പെടുത്തി നോർക്കയും സർക്കാറും ഇടപെട്ടതോടെ ഇന്ത്യൻ എംബസിയും നടപടി ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഫീസ് അടയ്ക്കുന്ന സമയം നീട്ടി നൽകണം എന്നാണ് എംബസിയുടെ പ്രധാന നിർദ്ദേശം.

ഈ സമയത്താണ് ഐസിഎസ്‌കെ സാൽമിയ സീനിയർ സ്‌കുളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. എൽകെജി കുട്ടികൾ മുതൽ 12ാം ക്ലാസരരെയുള്ള കുട്ടികൾക്കാണ് ക്ലാസ്. ചെറിയ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസിൽ എന്ത് ചെയ്യാനാണ് എന്നും ഇത്രയും നേരം മൊബൈൽ ഫോണിലും മറ്റും നോക്കിയിരുന്നാൽ അത് കുട്ടികളുടെ കാഴ്ചയെ അടക്കം ബാധിക്കില്ലേ എന്നൊക്കെയുള്ള രക്ഷിതാക്കളുടെ പരാതി പ്രിൻസിപ്പലും കൂട്ടരും കേട്ടഭാഗം നടിച്ചില്ല. ഓൺലൈൻ ക്ലാസ് 9 തൊട്ടുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതായിരുന്നു രക്ഷിതാക്കളുടെ അഭിപ്രായം.

പക്ഷേ എന്തിനായിരുന്നു ഈ നിർബന്ധിത ഓൺലൈൻ ക്ലാസുകൾ എന്നതിന്റെ ഗുട്ടൻസ് പിന്നീടാണ് പിടികിട്ടുക. ഇത്തരം ക്ലാസുകൾ ഒക്കെ നടത്തിയതിനാൽ ഇനി പുതിയ അധ്യയനവർഷത്തെ ആദ്യ ടേമിനുള്ള ആദ്യഗഡു ഉടനെ അടക്കണം എന്ന് ആവശ്യപ്പെട്ട് സ്‌കുൾ അധികൃതർ രംഗത്തെത്തി. പലരും ജോലിപോലുമില്ലാതെ നട്ടം തിരിയുമ്പോഴാണ് ഒരു തട്ടിക്കുട്ട് ക്ലാസ് നടത്തി ഫീസ് പിടുങ്ങുന്നത് എന്നോർക്കണം. കുറ്റം മാത്രം പറയരുതല്ലോ, കോവിഡ് ബാധയുടെ ഭാഗമായ വെറും പത്തുശതമാനം ഫീസ് സ്‌കുൾ അധികൃതർ ഇളവ് നൽകിയിട്ടുണ്ട്.

ഇത് രക്ഷിതാക്കൾക്കിടയിൽ വൻ തോതിൽ രോഷം ആളിക്കത്തിച്ചു. നേരത്തെയുള്ള പല വിഷയങ്ങളിലും സ്‌കൂളിൽനിന്നുള്ള തിക്താനുഭവങ്ങൾ ഉള്ളവരും ഇതോടെ പ്രതികരിച്ചു. എംബസിക്കും സിബിഎസ്ഇക്കുമൊക്കെ വൻ തോതിൽ പരാതികൾ പോയി. നിരവധി രക്ഷിതാക്കൾ പേർന്ന് പ്രതികരിക്കാനായി ഒരു ടെലിഗ്രാം ഗ്രൂപ്പുതന്നെ തുടങ്ങി. പ്രിൻസിപ്പളിനെതിരെ രൂക്ഷവിമർശനമാണ് ഇവിടെ ഉയർന്നത്. ഫീസ് അടക്കാർ വീഴ്ചവരുത്തിയാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് ഭീഷണിയുണ്ടെന്ന് ചില രക്ഷിതാക്കൾ പരാതിപ്പെടുന്നു. ഓൺലൈൻ സംവിധാനത്തിനും സാധാരണ ക്ലാസിലേതിന് സമാനമായ ഫീസ് ഈടാക്കുന്നു, മണിക്കൂറുകൾ ഓൺലൈൻ ക്ലാസുകളിൽ മുഴുകേണ്ടിവരുന്ന കുട്ടികൾക്ക് മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു തുടങ്ങിയ വിഷയങ്ങളുമുണ്ട് പരാതിയിൽ.

സംഭവം വൻ വിവാദമായതോടെ സ്‌കൂൾ അധികൃതരിൽനിന്ന് ഇന്ത്യൻ എംബസിയും വിശദീകരണം തേടി. പക്ഷേ ഈ സംഭവത്തോടെയാണ് ഇത്രമാത്രം കണ്ണിൽ ചോരയില്ലാത്തവരാണ് ഈ സ്‌കൂൾ അധികൃതർ എന്ന കാര്യം പുറംലോകം അറിയുന്നത്. ഇതോടെയാണ് ഇവിടെ നടക്കുന്ന മുഴുവൻ തട്ടിപ്പും വെട്ടിപ്പും മാധ്യമങ്ങളെ അറിയിക്കാൻ രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും തീരുമാനിക്കുന്നത്.

കമ്യൂണിറ്റി സ്‌കൂൾ നമുക്ക് നഷ്ടമാവുമോ?

ദീർഘകാലത്തെ ചരിത്രവും പാരമ്പര്യവും ഉള്ളതാണ് കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്‌കുൾ. 1958ലാണ് ഇത് എളിയതോതിൽ തുടങ്ങുന്നത്. പലരിൽനുന്നും പിരിവ് നടത്തി, വാടകക്കെട്ടിടത്തിൽ നുഗ്ര എന്ന സ്ഥലത്ത് തുടങ്ങിയ സ്‌കൂളിൽ ആദ്യബാച്ചിൽ വെറും 22 കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഐഎസ്‌കെ അഥവാ ഇന്ത്യൻ സ്‌കുൾ കുവൈറ്റ് എന്നായിരുന്നു അന്ന് പേരിട്ടത്. കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ മക്കളെ വിദ്യാഭ്യാസ ഉന്നമനം ലക്ഷമിട്ട് തുടങ്ങിയ ഈ സ്ഥാപനത്തിന്, കുവൈറ്റിൽ തുടങ്ങിയ ആദ്യ വിദേശ സ്ഥാപനം എന്നപേരുമുണ്ട്. ആ ചരിത്ര സംഭവത്തിന്റ ഓർമ്മക്കായി സ്ുകൂളിന്റെ അന്നത്തെ താക്കോൽ ഇപ്പോഴും കുവൈറ്റ് മ്യൂസിയത്തിൽ ഉണ്ട്.

1970മുതൽ 76വരെയുള്ള ഗൾഫ് ബൂമിന്റെ കാലത്ത് സ്‌കൂളും വികസിച്ചു. 1970ൽ ആണ് സാൽമിയയിലെ കെട്ടിടത്തിലേക്ക് സ്‌കുൾ മാറ്റിയത്. പിന്നീടങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. ഐഎസ്‌കെ അഥവാ ഇന്ത്യൻ സ്‌കുൾ കുവൈറ്റ് എന്ന പേര് ഐസിഎസ്‌കെ ഇന്ത്യൻ കമ്യുണിറ്റി സ്‌കുൾ കുവൈറ്റ് എന്നായി മാറി. സാൽമിയ സീനിയർ സ്‌കുൾ, ജൂനിയർ സാൽമിയ, അമാൻ സാൽമിയ, ഖൈത്താൻ കമ്യൂണിറ്റി സ്‌കുൾ എന്നിങ്ങനെ നാല് ബ്രാഞ്ചുകളായി ഇത് വികസിച്ചു.

അതായത് ഇത് ഒരു സ്വകാര്യ വ്യക്തിയുടേതല്ല. ഈ സ്‌കൂൾ ഇന്ത്യൻ കമ്യൂണിറ്റിയുടെ മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ എംബസിയായിരുന്നു ഇവിടെത്തെ തെരഞ്ഞെടുപ്പുവരെ നിയന്ത്രിച്ചിരുന്നത്. ഇങ്ങനെയാണ് ബോർഡ് ഓഫ് ട്രസ്റ്റീസിനെ വരെ തെരഞ്ഞെടുക്കുന്നത്. കുവൈറ്റിൽ ആയതിനാൽ സ്പോൺസർ വേണ്ടി വരുന്നതിനാൽ ഇന്ത്യൻ അംബാസിഡറായിരുന്ന അലീസ എന്നയാളെയാണ് നിയമിച്ചത്. ഇദ്ദേഹം ലാഭമെന്നും മേടിച്ചിരുന്നില്ല. ശമ്പളമൊക്കെ കഴിഞ്ഞ് ബാക്കിയുള്ള തുക കമ്യുണിറ്റിയുടെ പൊതുഫണ്ടായി സൂക്ഷിക്കയായിരുന്നു. ഇലക്ഷൻ അടക്കം എല്ലാകാര്യങ്ങളുടെയും മേൽ നോട്ടം നിർവഹിച്ചിരുന്നത് ഇന്ത്യൻ എംബസിയായിരുന്നു.

നാലുവർഷം മുമ്പ നിലവിലുള്ള ബോർഡിന്റെ പിടിപ്പുകേടും മറ്റുകാരണം സ്പോണസർ ഇവിടെ പിടിമുറിക്കി. ഇതിനുകാരണവും സാൽമിയ സീനിയർ സ്‌കുൾ പ്രിൻസിപ്പലും സീനിയർ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ ബിനുമോൻ വാസുദേവൻ അടക്കമുള്ളവർ ആയിരുന്നെന്ന് സ്‌കൂളിലെ പഴയ അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഫലത്തിൽ ഇപ്പോൾ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ പതുക്കെ നമ്മുടെ കൈയിൽനിന്ന് നഷ്ടമാവുന്ന അവസ്ഥയാണ്. മുമ്പ് കുവൈറ്റ് സർക്കാർ സകൂൾ വികസനത്തിനായി ഭൂമി അനുവദിച്ചിരുന്നു. ഇവിടെ കെട്ടിടം പണിതത് കമ്യൂണിറ്റിയുടെ കൈയിലുള്ള നീക്കിയിരിപ്പായ 2.8 മില്യൺ കുവൈറ്റ് ദിനാർ കൊണ്ടാണ്. പക്ഷേ പണിതുവന്നപ്പോൾ അത് കമ്യൂണിറ്റിയുടെ സ്‌കുൾ അല്ലാതായി മാറി. ഇപ്പോൾ സ്വകാര്യ സ്‌കൂൾ ആയാണ് ഇതിന്റെ രജിസ്ട്രേഷൻ. അതായത പതുക്കെ പതുക്കെ കമ്യൂണിറ്റി സ്‌കൂളിന്മേലുള്ള ഗ്രിപ്പ് ഇന്ത്യക്ക് ഇല്ലാതാവുകയാണ്. ഇപ്പോൾ ഇലക്ഷൻ ഇല്ലാതെ കയറിയ ഭരണസമിതിയാണ് രംഗത്തുള്ളത്. കാട്ടിലെ തടി തേവരുടെ ആന എന്നപോലെ അവർ പരമാവധി മുതലാക്കുന്നുവെന്നാണ് രക്ഷിതാക്കൾ പരാതിയിൽ ആരോപിക്കുന്നത്.

ഈ രീതിയിൽ കോടികളുടെ വെട്ടിപ്പും തട്ടിപ്പുമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അടക്കമുള്ളവർക്ക് രക്ഷിതാക്കൾ പരാതി അയച്ചിട്ടുണ്ട്. ഇതിന്റെതെല്ലാം സൂത്രധാരനായി അറിയപ്പെടുന്ന ഡോ ബിനുമോൻ വാസുദേവനെതിരെ അതി ഗുരുതരമായ പരാതികൾ ആണ് ഒരു വിഭാഗം രക്ഷിതാക്കൾ ഉയർത്തുന്നത്. 7 വർഷമായി ഇവിടെ ജോലിചെയ്യുന്ന അദ്ദേഹം ഒരു ക്ലാസിൽപോലും പഠിപ്പിച്ചിട്ടില്ല. 12 ഡിഗ്രികൾ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിന്റെ നിജസ്ഥിതിയെന്താണ്. വെറും 300 കുവൈത്ത് ദിനാറിന്റെ തുഛ ശമ്പളത്തിനാണ് ഇവിടെ അദ്ധ്യാപകർ ജോലിചെയ്യുന്നത്. ഒരു മനുഷ്യത്വപരമായ പരിഗണന ഇവർക്ക് ലഭിക്കുന്നില്ല. ഏത് നിമിഷവും പിരിച്ചുവിടാവുന്ന അരക്ഷിതാവസ്ഥയിലാണ് ഇവരുടെ ജീവിതം. പരാതിയിൽ മറുനാടൻ മലയാളി വിശദീകരണം ചോദിച്ചപ്പോൾ വ്യക്തമായി മറുപടി നൽകാൻപോലും ഡോ  ബിനുമോൻ തയാറായിട്ടില്ല.

(തുടരും) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP