Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി; യുവാവിന് നെഞ്ചുവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

വടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി; യുവാവിന് നെഞ്ചുവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉയർന്നത്. കസ്റ്റഡിയിലിരിക്കെ സജീവന് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ സജീവൻ കുഴഞ്ഞുവീണു. ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം ചോദിച്ചെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതിയിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

വടകര എസ്‌ഐ എ.നിജേഷ്, എഎസ്‌ഐ എ.എൻ.അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവർക്കാണ് സസ്‌പെൻഷൻ. ഉത്തര മേഖലാ ഐജി രാഹുൽ ആർ.നായരാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. സംഭവം നടക്കുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വടകര കല്ലേരി സ്വദേശി സജീവനാണ് വ്യാഴാഴ്ച രാത്രി വടകര സ്റ്റേഷനിൽ ചികിത്സ കിട്ടാതെ മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 29ന് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യുഡിഎഫും ബിജെപിയും പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി

സംഭവത്തിൽ, പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവറാണ് രംഗത്തുവന്നത്. കല്ലേരി സ്വദേശി സജീവനാണ് കുഴഞ്ഞു വീണു മരിച്ചത്. അർദ്ധരാത്രി പൊലീസ് സ്റ്റേഷന്റെ വളപ്പിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടെന്നും ഒരു പൊലീസുകാരൻ മാത്രമാണ് വന്നുനോക്കിയതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളുമാണ് സജീവനെ വടകരയിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞതായി ഓട്ടോ ഡ്രൈവർ വ്യക്തമാക്കി. സജീവന് ക്രൂരമായി മർദനമേറ്റിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ തന്നെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിറപ്പോൾ സജീവൻ കുഴഞ്ഞുവീണു.

ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം ചോദിച്ചെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും, പിന്നാലെ എസ് ഐ മർദിച്ചെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.

എന്നാൽ പൊലീസ് കസ്റ്റഡിയിലിരിക്കെയല്ല സജീവൻ കുഴഞ്ഞുവീണതെന്നാണ് പൊലീസുകാർ നൽകുന്ന വിശദീകരണം. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തങ്ങളോട് വടകര എസ്ഐ ക്രൂരമായാണ് പെരുമാറിയതെന്ന് സുഹൃത്ത് ജുബൈർ ഉമ്മറും പറഞ്ഞു. സജീവനെയും തന്നെയും മർദ്ദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും ജുബൈർ ആരോപിച്ചു.

സ്റ്റേഷനിലെത്തിയപ്പോൾ കാരണമില്ലാതെയാണ് പൊലീസ് മർദ്ദിച്ചതെന്ന് സജീവന്റെ ബന്ധു അർജുൻ പറഞ്ഞു. സജീവന്റെ മരണത്തിൽ പ്രദേശത്ത് പ്രതിഷേധം ഇരമ്പുകയാ്ണ്. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സറ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP