Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റീഫൻ ഫ്‌ളെമിങ് അതിമനോഹരമായ ഒരു പന്തിൽ ഔട്ട്! രാഹുൽ ദ്രാവിഡിന് ഒപ്പം മലയാളി പയ്യന്റെ സെഞ്ചുറി കൂട്ടുകെട്ട്; 90 കളെ ത്രസിപ്പിച്ച കേരളത്തിന്റെ വിസ്മയ ക്രിക്കറ്റർ എം.സുരേഷ് കുമാർ; കൂട്ടുകാരുടെ പ്രിയപ്പെട്ട ഉംബ്രി: വാഴ്‌ത്തപ്പെടാതെ പോയ കേരള ക്രിക്കറ്റ് പ്രതിഭകൾ: ഒന്നാം ഭാഗം

സ്റ്റീഫൻ ഫ്‌ളെമിങ് അതിമനോഹരമായ ഒരു പന്തിൽ ഔട്ട്! രാഹുൽ ദ്രാവിഡിന് ഒപ്പം മലയാളി പയ്യന്റെ സെഞ്ചുറി കൂട്ടുകെട്ട്; 90 കളെ ത്രസിപ്പിച്ച കേരളത്തിന്റെ വിസ്മയ ക്രിക്കറ്റർ എം.സുരേഷ് കുമാർ; കൂട്ടുകാരുടെ പ്രിയപ്പെട്ട ഉംബ്രി: വാഴ്‌ത്തപ്പെടാതെ പോയ കേരള ക്രിക്കറ്റ് പ്രതിഭകൾ: ഒന്നാം ഭാഗം

മറുനാടൻ ഡെസ്‌ക്‌

വാഴും മുമ്പേ വീണ ക്രിക്കറ്റ് പ്രതിഭകൾ

1973 April 19 ന് ആലപ്പുഴയിൽ ജനിച്ച മണി സുരേഷ് കുമാർ എന്ന പയ്യൻ തന്റെ 16ആം വയസ്സിൽ പാഡു കെട്ടിയിറങ്ങിയത്, ഇന്നും ഒരു മലയാളി ബാലന് അപ്രാപ്യമായ ഒരു അന്താരാഷ്ട്ര മത്സര രംഗത്തേക്കായിരുന്നു. രാഹുൽ ദ്രാവിഡ് എന്ന പിൽക്കാലത്തെ ഇന്ത്യൻ വന്മതിലിന്റെ നായകത്വത്തിൽ ഇന്ത്യാ അണ്ടർ 19 ടീമിൽ, സ്റ്റീഫൻ ഫ്‌ളെമിങ്ങ് എന്ന പിന്നീട് ഇതിഹാസ താരമായ ന്യൂസിലാന്റ് A കം ക്യാപ്റ്റന്റെ വിക്കറ്റ് എടുത്തു കൊണ്ടാണ് ആ ബാലൻ ക്രിക്കറ്റ് മൈതാനത്ത് തന്റെ വരവറിയിച്ചത്.......

ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്‌ളെമിങ്ങിനെ അതിമനോഹരമായ ഒരു പന്തിൽ പുറത്താക്കിയ, രാഹുൽ ദ്രാവിഡിനൊപ്പം ചേർന്ന് സെഞ്ച്വറി പാർട്ണർഷിപ്പ് ചെയ്ത ആ 17 വയസ്‌കാരനെതേടിയുള്ള ഒരു യാത്ര... കേരളത്തിന്റെ വിസ്മയ ക്രിക്കറ്റർ ആയിരുന്ന സുരേഷ് കുമാറിന്റെ ലോകത്തേക്ക്.

വാഴും മുൻപേ വീണ വന്മരങ്ങളുടെ നാട്ടിൽ, തുമ്പിയെ പോലെ ജനിച്ചു, പരുന്തിനെ പോലെ വളർന്നു, ഒരു പൂമ്പാറ്റയെ പോലെ കൊഴിഞ്ഞു പോയവന്റെ കഥയുമായി ക്രിക്കറ്റ് പ്രാന്തൻസ് നിങ്ങളോടൊപ്പം, അതെ കേരള ക്രിക്കറ്റിന്റെ പച്ച മുൽമൈതാനത്തെ കൂട്ടുകാർക്കിടയിൽ അവന് ഒരു വിളിപ്പേരുണ്ടായിരുന്നു ഉംബ്രി, സുരേഷ് കുമാർ......

താനെ വളർന്ന ഒരു മരം. കായും, പൂവും, ദലങ്ങളുമൊക്കെ അതിവേഗം വന്നിരുന്നു. പക്ഷെ ആരൊക്കെയോ ആ മരത്തിന്റെ തായ് വേരിൽ കോടാലി വെച്ചിലായിരുന്നുവെങ്കിൽ അബി കുരുവിളയും, ടിനു യോഹന്നാനും, ശാന്തകുമാരൻ ശ്രീശാന്തും, സഞ്ജുസാംസനെയും എല്ലാം മലയാള ജനത നെഞ്ചിലേറ്റിയപ്പോൾ, അവർക്ക് വേണ്ടി കൈകൾ അടിച്ചപ്പോൾ ഇവരോളം പ്രതിഭയുള്ള ഒരു പക്ഷെ ഇവരേക്കാൾ പ്രതിഭയുള്ള ചിലരും കപട രാഷ്ട്രീയത്തിന്റെ കരവലയത്തിൽ ഞെരിഞ്ഞമർന്നിരുന്നു. അവരിൽ ഒരാൾ നമ്മുടെ ഇന്നത്തെ കഥാനായകൻ, സുരേഷ് കുമാർ........

അഭിനന്ദിക്കപ്പെടേണ്ടവൻ ആയിരുന്നിട്ടും അവഗണിക്കപെട്ടുപോയവന്റെ കഥ.........

90 കളിലെ കേരളക്കരയെ, സോൺ ഡ്രസിങ് റൂമിന്റെ ചർച്ചകളിലൊക്കെ പലരുടെയും സംസാര വിഷയമായിരുന്ന, നമ്മളെ ത്രസിപ്പിച്ച ക്രിക്കറ്റെർ, ഇടം കയ്യൻ ആൾറൗണ്ടർ... അടുത്ത കാലത്തും രാഹുൽ ദ്രാവിഡ് പരാമർശിച്ച പ്രതിഭ...അദേഹത്തിന്റെ ഒരു കളിയിലൂടെ നമ്മൾക്ക് ഈ ജീവിത കഥ കൊണ്ട് പോകാം........

1990ലെ ഒരു ടൂർ മാച്ച്....സ്റ്റീഫൻ ഫ്‌ളെമിങ്ങും ഡിയോൺ നാഷുമടങ്ങിയ ന്യൂസിലാന്റ് A ടീമിനെ ആ ഏക അൺഒഫീഷ്യൽ ടെസ്റ്റിനുള്ള അണ്ടർ-19 ഇന്ത്യൻ ടീമിൽ ആലപ്പുഴക്കായി ജില്ലാ - അന്തർജില്ല, സോണൽ മത്സരങ്ങളിൽ മികച്ചു കളിച്ചിരുന്ന ഒരു 17 കാരൻ ഇടം കയ്യൻ ഓൾറൗണ്ടറും ഉൾപ്പെട്ടിരുന്നു!

സ്വന്തമായൊരു ക്രിക്കറ്റ് ഗിയർ ഇല്ലാത്തതിനാൽ കടം വാങ്ങിയ ബാറ്റു കൊണ്ട് സന്ദർശക ബൗളർമാരെ നേരിട്ട ആ പയ്യൻ, നിർണായക ഘട്ടത്തിൽ ടീമിന്റെ നമ്പർ വൺ ബാറ്റ്‌സ്മാൻ കൂടിയായ ക്യാപ്റ്റനോടൊത്ത് മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തി...ഈ ഇന്നിങ്‌സിൽ 40 റൺസ് ആയിരുന്നു ആ ആലപ്പുഴക്കാരന്റെ സംഭാവന, ടീം ഫീൽഡിലിറങ്ങിയപ്പോഴാവട്ടെ, സ്റ്റീഫൻ ഫ്‌ളെമിങ്ങിനെ അതിമനോഹരമായ ഒരു ബൗളിലൂടെ പുറത്താക്കി, ആ വിക്കറ്റിൽ തുടങ്ങി കിവീസ് ടീമിന്റെ 9 വിക്കറ്റുകളും പിഴുതത് ഈ ലെഫ്റ്റ് ആം സ്പിന്നറായിരുന്നു.....സുരേഷ് കുമാർ.

വർഷങ്ങൾ കഴിഞ്ഞു. അന്നത്തെ ടീമിൽ നമ്മുടെ മലയാളി പയ്യനോടൊത്ത് ബാറ്റ് ചെയ്ത ടീം ക്യാപ്റ്റൻ ഇന്ന് അറിയപ്പെടുന്നത് ഇന്ത്യയുടെ വൻ മതിൽ എന്നാണ്, സാക്ഷാൽ രാഹുൽ ദ്രാവിഡ്......

ഒരിക്കൽ രാഹുൽ ദ്രാവിഡ് പറഞ്ഞതായി ഓർക്കുന്നു 2011 ൽ ബ്രാഡ്മാൻ ഒറേഷനിൽ അദ്ദേഹം ഉദാഹരണമായി പറഞ്ഞത് പഴയ ആ മത്സരമായിരുന്നു.(LINK IN YOUTUBE)

'ക്രീസിൽ എനിക്ക് കൂട്ടായി വന്നത് കേരളത്തിൽ നിന്നുള്ള ഒരു പയ്യനായിരുന്നു. അയാൾക്ക് പക്ഷേ മലയാളമല്ലാതെ വേറെ ഭാഷയൊന്നും അറിയില്ല. ഓവറുകൾക്കിടയിലുള്ള ഇടവേളയിൽ ഞാൻ ഈ ഓവറിൽ ഇത്ര പന്തു നേരിടാമെന്ന് മാത്രം അയാളോട് പറയും. എന്നിട്ടും ഞങ്ങൾ സെഞ്ചുറി പാർട്ണർഷിപ്പ് ഉണ്ടാക്കി. അതെ ക്രിക്കറ്റിന് ഭാഷ ഒരു തടസ്സമെയല്ല '.....

പക്ഷെ ജീവിതത്തിൽ, ജനിച്ച സ്ഥലങ്ങളെ ഭാഷയുടെ രീതിയിൽ തരം തിരിച്ചപ്പോൾ, ഭാഷയും ദിക്കുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ കുപ്പായമണിയുവാൻ തടസമായി.....

അന്നത്തെ ആ പയ്യൻ, M സുരേഷ് കുമാർ, ദ്രാവിഡ് ഇതു പറയുമ്പോൾ റെയിൽവേയിൽ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ഓഫീസിൽ ജോലിയിൽ വ്യാപൃതനായിരുന്നിരിക്കണം. ഇന്ത്യൻ ക്രിക്കറ്റിൽ എന്നും അവഗണനയുടെ പടുകുഴിയിൽ കിടന്നിരുന്ന കേരള ക്രിക്കറ്റിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷ ഇല്ലാത്തതിനാലും, മുന്നോട്ടുള്ള ജീവിതത്തിൽ കൂടുതൽ മെച്ചപ്പെട്ട ജോലി ആവശ്യമുള്ളതിനാലും കേരള ക്രിക്കറ്റിന്റെ പ്രിയപ്പെട്ട 'ഉംബ്രി' തൊണ്ണൂറുകളുടെ പകുതിയോടെ റെയിൽവേ ടീമിലേക്ക് ചേക്കേറിയിരുന്നു......

വെങ്കട്പതി രാജുവിനും സുനിൽ ജോഷിക്കും ഇടയിലുള്ള ഒരു കാലത്ത്, ഉൽപ്പൽ ചാറ്റർജിയെയും രാഹുൽ സംഗ്വിയെയും മുരളി കാർത്തികിനെയും നിലേഷ് കുൽക്കർണിയെയുമൊക്കെ പരീക്ഷിച്ച് തളർന്ന ഇന്ത്യൻ സെലക്ടർമാരുടെ കണ്ണുകൾ ഒരു പക്ഷെ മനഃപൂർവം നമ്മുടെ സ്വന്തം ഉംബ്രിയിൽ ഉടക്കാത്തതായിരിക്കാം...........

ഉംബ്രി എന്ന വിളിപ്പേരിൽ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന ഇടം കൈയൻ സ്പിന്നർ സുരേഷ് കുമാർ എൺപതുകളുടെ രണ്ടാം പകുതിയിൽ കേരളത്തിലെ ജൂനിയർ ക്രിക്കറ്റ് ടീമുകളിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരുകളിൽ ഒന്നായി മാറിയത് സ്വത സിദ്ധമായ കഴിവുകൾ കൊണ്ടു തന്നെയായിരുന്നു. പരമ്പരാഗത രീതിയിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും പ്രേരിപ്പിക്കുന്ന പ്രാദേശിക ക്രിക്കറ്റ് പരിശീലനകരുടെ കളരികളിൽ സുരേഷ് കുമാർ എന്ന കൗമാരക്കാരൻ സ്പിന്നർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി തന്റെ ബൗളിംഗിൽ പരീക്ഷണങ്ങൾ നടത്താൻ ശ്രമിച്ച ധൈര്യശാലിയായ സ്പിന്നർ എന്ന നിലയിൽ ആയിരുന്നു...........

പഴക്കമേറിയ പുതുമയുള്ള ചില സ്വപ്നങ്ങൾ വിൽക്കുവാനുണ്ട്, ചില നഷ്ടങ്ങൾ നികത്തുവാൻ.... അടുത്ത ഭാഗങ്ങളിൽ കൂടുതൽ കരിയർ റെക്കോർഡ്സും, നല്ലതും, ഓർക്കാൻ ആഗ്രഹിക്കാത്ത വിശേഷങ്ങളുമായി വരാം...

കേരളത്തിന്റെ വാഴ്‌ത്തപെടാത്ത പോയ പ്രതിഭകളെ തേടിയുള്ള യാത്രയിൽ ഞാനും, നന്ദനും, സുരേഷ് ഏട്ടനും, ലിയോ അച്ചായനും.

തുടരും....

(തയ്യാറാക്കിയത് : റിയാസ് ബദറുദീൻ പോരുവഴി, സുരേഷ് വാരിയത്ത്, നന്ദൻ ആറ്റിങ്ങൽ, ലിയോ അച്ചായൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP