Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീൻ പിടിക്കാൻ പോയ യുവാവ് പാടശേഖരത്തിലെ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് അങ്കമാലി സ്വദേശി സോണറ്റ് മാത്യു; ഷോക്കേറ്റത് കാട്ടുപന്നികളെ ഓടിക്കാനായി സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഷോക്കേറ്റു; നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ ഡെസ്‌ക്‌

അങ്കമാലി: മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റു മരിച്ചു. പൂതംകുറ്റിയിൽ മീൻപിടിക്കാൻ പോയ യുവാവാണ് പാടശേഖരത്തിലെ വേലിയിൽനിന്നു ഷോക്കേറ്റ് മരിച്ചത്. മൂക്കന്നൂർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെയും ആനിയുടെയും മകൻ സോണറ്റ് മാത്യുവാണ് (32) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താബോർ പാലയ്ക്കാപ്പിള്ളി ജോസഫിന്റെ (ബേബി) മകൻ റോബിൻ പി.ജോസഫ് (34) ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രിയിലാണു സംഭവം. കാട്ടുപന്നികളിൽനിന്നു കപ്പക്കൃഷി സംരക്ഷിക്കാനായി വേലിയിൽ ഇട്ടിരുന്ന വൈദ്യുതകമ്പിയിൽ നിന്നാണു ഷോക്കേറ്റതെന്നു പൊലീസ് പറഞ്ഞു. പാടശേഖരത്തിനു സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോകവെ മുന്നിൽ നടന്ന സോണറ്റ് ഷോക്കേറ്റ് കമിഴ്ന്നടിച്ചു വീണു. പിന്നിൽ വന്ന റോബിൻ ഷോക്കേറ്റു തെറിച്ചുവീണു. ബഹളംവച്ച് റോബിൻ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

പാടത്തു വൈദ്യുതിയുണ്ടെന്നും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും റോബിൻ വിളിച്ചു പറഞ്ഞു. നാട്ടുകാർ ട്രാൻസ്‌ഫോമറിൽനിന്നു വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും മൂക്കന്നൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും സോണറ്റ് ഇതിനോടകം മരിച്ചിരുന്നു. കൃഷിയിടത്തിലെ വേലിയിലേക്ക് എവിടെ നിന്നാണു വൈദ്യുതി എത്തിച്ചതെന്ന് അറിവായിട്ടില്ല.

കൃഷിയിടത്തിലെ വേലിക്കു സമീപത്തേക്കു വൈദ്യുതി ബന്ധിപ്പിച്ച കമ്പികളോ മറ്റു തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നു മൂക്കന്നൂർ ഇലക്ട്രിക് സെക്ഷൻ അധികൃതർ അറിയിച്ചു. ഒന്നര മീറ്ററോളം ഉയരത്തിലുള്ള മരത്തിന്റെ കുറ്റികളിൽ അലുമിനിയം കമ്പികൾ വലിച്ചുകെട്ടിയാണു കൃഷിയിടത്തിൽ വേലി നിർമ്മിച്ചിരിക്കുന്നത്.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേസന്വേഷണം നടത്തുകയെന്നു പൊലീസ് പറഞ്ഞു. സോണറ്റിന് അങ്കമാലിയിൽ ബേക്കറി ബിസിനസാണ്. ഭാര്യ: എടലക്കാട് മഞ്ഞളി അഞ്ജു. മക്കൾ: സിയോൺ, സിമിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP