Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് പോസ്റ്റിട്ടു; യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് പോസ്റ്റിട്ടു; യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

കെ വി നിരഞ്ജൻ

കോഴിക്കോട്: ഡിവൈഎഫ്യുടെ പൊതിച്ചോർ വിതരണത്തെ പുകഴ്‌ത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ മാതൃകയാക്കണമെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. ഇതിനെതിരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ രംഗത്തെത്തിയത്.

തുടർന്നാണ് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് ഇദ്ദേഹം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയെ മോശപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി പി ദുൽഖിഫിലിനെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.

'പൊതിച്ചോറിന്റെ രാഷ്ട്രീയം '- കൊന്നു തള്ളിയവരുടെ അന്നം വിളമ്പൽ, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. ശരത്ത് ലാൽ , കൃപേഷ് ഷുഹൈബ് ഈ കൊലപാതകകേസുകളിൽ ഒക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ഉള്ളവരോ ഡിവൈഎഫ്‌ഐ മെമ്പർഷിപ്പ് ഉള്ളവരോ ഉണ്ട്. ഈ ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസും കോൺഗ്രസും എന്താണ് പഠിക്കേണ്ടത്?. കൃപേഷ്, ശരത്ത് ലാൽ വധക്കേസിലെ പാർട്ടിക്കാരായ പ്രതികളെയോ ഷുഹൈബ് വധക്കേസിലെ പ്രതികളെയോ ഈ സമയം വരെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞിട്ടില്ല.

ഇതേ ഡിവൈഎഫ്ഐ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വലിയ മാർക്കറ്റിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാപക പ്രചരണം നൽകി നടത്തുന്ന ഭക്ഷണ വിതരണത്തെ മാതൃകയാക്കാൻ പറയുന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളോട് യോജിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

സി.എച്ച് സെന്റർ ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ വർഷങ്ങളായി യാതൊരു പ്രചാരണവും നൽകാതെ അനേകായിരം രോഗികൾക്ക് ദിവസേന മരുന്നും ഭക്ഷണവും നൽകി കരുതലേകുന്നുണ്ട് നമ്മുടെ കേരളത്തിൽ. അവിടെയാണ് കേരളത്തിൽ വ്യാപക അക്രമങ്ങൾക്കും ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും സ്വർണക്കടത്തുകാരെയും ലഹരി മാഫിയക്കാരെയും സംരക്ഷിക്കുകയും ചെയ്യുന്ന ഡിവൈഎഫ്ഐ അത്തരം പ്രവർത്തനങ്ങൾക്ക് മറയായി പബ്ലിസിറ്റി സ്റ്റണ്ട് എന്നോണം നടത്തുന്ന പൊതിച്ചോറിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പുകഴ്‌ത്തി പാടുമ്പോൾ അതിനോട് ശക്തമായി വിയോജിക്കേണ്ടി വരുന്നത്.

ഇതിനെ വലിയ കാര്യം ആയി ചിത്രീകരിച്ച നേതാക്കന്മാരോട് ഞങ്ങൾക്ക് ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ. ഡിവൈഎഫ്‌ഐ ലക്ഷക്കണക്കിന് പൊതിച്ചോറ് കൊടുത്താൽ കേരളത്തിലെ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ക്രിമിനലുകൾ പാർട്ടി നേതൃത്വത്തെ അറിയിച്ചുകൊണ്ട് ഗൂഢാലോചന നടത്തി കൊന്ന ചെറുപ്പക്കാരുടെ ജീവൻ തിരിച്ചു കൊടുക്കാൻ സാധിക്കുമോ?, അമ്മമാർക്ക് ഉമ്മമാർക്ക് അവരുടെ മക്കളെ തിരിച്ചു കൊടുക്കാൻ സാധിക്കുമോ?

രാഷ്ട്രീയ പ്രവർത്തനത്തിലും അച്ചടക്കം വേണം. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നവർ യൂണിറ്റ് കമ്മിറ്റിയുടെ നിലവാരമെങ്കിലും പ്രസ്താവന ഇറക്കുമ്പോൾ ശ്രദ്ധിച്ചാൽ നല്ലത്. ഈ വിഷയത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായം എന്താണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്.

ആർ.എസ്.എസ്സും, എസ്.ഡി.പി.ഐ യും പോലെയുള്ള സംഘടനകൾ കാല കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. സന്നദ്ധ സേവനത്തിന്റെ മറപിടിച്ചുള്ള അക്രമങ്ങൾ. ഈ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി മാനവികതയുടെ മുഖം നൽകി ഡിവൈഎഫ്ഐ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഡിവൈഎഫ്ഐ നടത്തുന്ന എല്ലാ അക്രമ പ്രവർത്തനങ്ങളും മറച്ച് പിടിക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തിയായി മാത്രമേ പൊതിച്ചോർ വിതരണത്തെ കാണാൻ സാധിക്കൂ.

ഒരു കാര്യം നേതാക്കന്മാരോട് സൂചിപ്പിക്കുന്നു. കേരളത്തിലെ ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളം ഭരിച്ച കാലത്ത് ഒരു കാലഘട്ടത്തിലും കാണാൻ സാധിക്കാത്ത രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നടന്നിട്ടുണ്ട്. കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും അതിന്റെ ഗുണ ഫലം അനുഭവിച്ചവരുമാണ്. അന്ന് അതിനെയൊക്ക രാഷ്ട്രീയമായി ആക്രമിക്കുകയും അപഹസിക്കുകയും ചെയ്തവരാണ് കേരളത്തിലെ ഇടതുപക്ഷം.

അത്രയൊക്കെ ചെയ്തിട്ടും ആ തിരഞ്ഞെടുപ്പിൽ നമ്മൾ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. രാഷ്ട്രീയം ആണ് എപ്പോഴും എവിടെയും ചർച്ചയാവുന്നത്. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളെ മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന നന്മയായാണ് ഭൂരിപക്ഷവും കണക്കാക്കുന്നത്. അതുകൊണ്ട് ചാരിറ്റി വേറെ രാഷ്ട്രീയ പ്രവർത്തനം വേറേ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

ഡി.വൈ.എഫ്. ഐ പോലുള്ള സംഘടനയെ പുകഴ്‌ത്തുന്നതിനു മുൻപ് അതിനുള്ളിലൊളിഞ്ഞിരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തുറന്ന് കാണിക്കാനാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് ചെയ്യേണ്ടത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ സർക്കാർ സ്ഥാപങ്ങളെ രാഷ്ട്രിയ പ്രചരണത്തിന്റെ വേദികളാക്കാൻ ശ്രമിക്കുന്നത്തിനെതിരെ കെപിസിസി നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

കെ റെയിലിനു അറുപത്തിനാലായിരം കോടി വകയിരുത്തുന്ന സർക്കാർ അതിൽ നിന്ന് ഒരു ആയിരം കോടി മാറ്റി വെച്ച് ഫിക്‌സിഡ് ഡെപ്പോസിറ്റ് ഇട്ടാൽ അതിന്റെ പലിശകൊണ്ട് കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും സർക്കാർ തലത്തിൽ സൗജന്യ ഭക്ഷണ വിതരണം നടത്താമെന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP