Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളുകൾ ഹൈടെക്ക് ക്ലാസ് മുറികളാക്കിയിട്ടും അദ്ധ്യാപകർ ശമ്പളം കിട്ടാതെ തെരുവിൽ; കൊല്ലത്ത് തെരുവ് കച്ചവടവുമായി അദ്ധ്യാപക സംഘടന

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: അഞ്ചു വർഷമായിട്ടും ശമ്പളവും നിയമനാംഗീകാരവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം കളക്റ്റ്രേറ്റിനു മുൻപിൽ പ്രതീകാത്മക തെരുവ് കച്ചവടം നടത്തി അദ്ധ്യാപകർ. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും ഹൈടക് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന ഒക്ടോബർ 12 ന് തന്നെയാണ് അദ്ധ്യാപകർ തെരുവുകളിൽ പ്രതിഷേധാത്മക കച്ചവടം നടത്തിയത്.

എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ചിട്ടും സർക്കാരിന്റെ അനാസ്ഥമൂലം സ്ഥിരനിയമനം ലഭിക്കാതെ അദ്ധ്യാപകവൃത്തി ചെയ്യുന്നവരുടെ സംഘടനയായ കേരള നോൺ അപ്രൂവൽ ടീച്ചേഴ്‌സ് അസോസിയേഷൻ ആണ് സമരം സംഘടിപ്പിച്ചത്.ഒക്ടോബർ 12 മുതൽ 20 വരെ കളക്റ്റ്രേറ്റ് പരിസരത്തും ഗടഞഠഇ പരിസരത്തും തെരുവുകച്ചവടം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഞ്ചു വർഷമായി പലരുടെയും മുമ്പിൽ കൈനീട്ടി ജീവിക്കേണ്ടിവന്ന കേരളത്തിലെ എയിഡഡ് സ്‌കൂളുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ ദയനീയ അവസ്ഥ സർക്കാറിനേയും പൊതുജനങ്ങളേയും ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു സമരരംഗത്തേക്ക് ഇറങ്ങുന്നതെന്ന്അയ്യായിരത്തോളം വരുന്ന ജീവനക്കാരുടെ കൂട്ടായ്മ വ്യക്തമാക്കി.

2016 ൽ സർക്കാർ കൊണ്ടുവന്ന കെഇആർ ഭേദഗതിയാണ് തങ്ങളുടെ ജീവിതത്തെ 5 വർഷമായി കണ്ണീരിലാഴ്‌ത്തിയത്. പലതവണ വിദ്യാഭ്യാസമന്ത്രി അടക്കം നിരവധി സർക്കാർ വൃത്തങ്ങളെയും എംഎൽഎമാരെയും പ്രശ്നപരിഹാരത്തിനായി സമീപിച്ചിരുന്നു. എല്ലാ അദ്ധ്യാപക സംഘടനാ നേതാക്കളെയും ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയം നീട്ടിക്കൊണ്ടുപോയി അദ്ധ്യാപകസമൂഹത്തിനെയും പൊതുവിദ്യാഭ്യാസത്തെയും ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉചിതമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ സമരം ശക്തമാക്കും.

വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന അദ്ധ്യാപകരെകൊണ്ട് തെരുവുകച്ചവടം ചെയ്യിക്കുന്ന പിണറായി സർക്കാർ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അഭിപ്രായപ്പെട്ടു.

കേരള നോൺ അപ്രൂവൽ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷജീർ ഖാൻ വയ്യാനം അധ്യക്ഷത വഹിച്ചു. നവാസ് റഷാദി, വിഷ്ണു വിജയൻ, കൗശിക് എം.ദാസ്, ശരത് മോഹൻ, അമീൻ കണ്ണനല്ലുർ, ജയദീഷ് ആർ നായർ കരവാളൂർ, പ്രനീത് പന്തീരങ്കാവ്, മനോജ് തിരുവനന്തപുരം, ഹൻസീർ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ: സ്ഥിര നിയമനവും ശമ്പളവും ആവശ്യപ്പെട്ട് കേരള നോൺ അപ്രൂവൽ ടീച്ചേഴ്‌സ് അസോസിയേഷൻ
കൊല്ലം കളക്റ്റ്രേറ്റിനു മുൻപിൽ നടത്തിയ പ്രതീകാത്മക തെരുവ് കച്ചവട സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP