Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ അപകീർത്തികരമായ പരാമർശം; എം വി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ അപകീർത്തികരമായ പരാമർശം; എം വി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി

അനീഷ് കുമാർ

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു അപകീർത്തികരമായ പരസ്യപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുധീപ് ജയിംസ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് പരാതി നൽകി. പൊതുസമൂഹത്തിൽ എംപി കൂടിയായ കെ.സുധാകരന് അപകീർത്തികരമായ പ്രസ്താവന മാധ്യമങ്ങളിലൂടെ നടത്തുകയും കോൺഗ്രസ് പ്രവർത്തകരിൽ പ്രകോപനമുണ്ടാക്കാൻ പ്രസ്താവനയിലൂടെ ശ്രമിച്ചു വെന്നാണ് സുദീപ് ജയിംസ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

ഇതിനിടെ കെ.സുധാകരനെ ശക്തമായി പ്രതിരോധിച്ചുകൊണ്ടു കണ്ണൂർ ജില്ലാകോൺഗ്രസ് അധ്യക്ഷൻ മാർട്ടിൻ ജോർജും രംഗത്തെത്തി. ചങ്ങല പൊട്ടിച്ചോടുന്ന പട്ടിയെ പോലെയെന്ന ഉപമ സാന്ദർഭികമായി പ്രയോഗിച്ചതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ കേസെടുത്ത പൊലീസിന് പിണറായിയുടേയും, ജയരാജന്റേയും എംഎം മണിയുടെയുമൊക്കെ പേരിൽ കേസെടുക്കാനേ നേരം കാണുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ആ പ്രസ്താവന പിൻവലിക്കാമെന്ന് കെ സുധാകരൻ മാന്യമായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിനെതിരേ കേസെടുത്ത പൊലീസ് നടപടി ധിക്കാരപരമാണ്.ബിഷപ്പിനെ നികൃഷ്ടജീവിയെന്നും ജനപ്രതിനിധിയെ പരനാറിയെന്നും പാർട്ടി വിട്ടു പോയയാളെ കൊലപ്പെടുത്തിയ ശേഷം അയാളെ കുലംകുത്തിയെന്നുമൊക്കെ അധിക്ഷേപിച്ച് അതിൽ ഇന്നേവരെ ഖേദം പോലും പ്രകടിപ്പിക്കാൻ തയ്യാറാകാത്തയാളാണ് പിണറായി വിജയൻ. പൊതുവേദികളിൽ എത്രയോ ജനനേതാക്കളെ വ്യക്തിഹത്യ നടത്തുന്ന പരാമർശം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കെ സുധാകരനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നടത്തിയ പദപ്രയോഗത്തിന്റെ പേരിലും കേസെടുക്കേണ്ടതാണ്. പിണറായി വിജയനും കൂട്ടർക്കും ഒരു നിയമം കെ സുധാകരന് വേറൊരു നിയമം എന്ന രീതി പറ്റില്ല.

പിണറായിവിജയനും കൂട്ടാളികൾക്കും എന്തും പറയാം, മറ്റുള്ളവർ മിണ്ടിപ്പോയാൽ കേസ് എന്ന അവസ്ഥയാണ് കേരളത്തിൽ. ഏതെങ്കിലുമൊരു ഡിവൈഎഫ്‌ഐക്കാരനെഴുതി കൊടുക്കുന്ന പരാതിയിൽ മിനട്ടു വെച്ച് കേസെടുക്കാൻ തുനിയുന്ന പൊലീസുദ്യോഗസ്ഥർക്ക് ഇതൊരു കീഴ്‌വഴക്കമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ കേസെടുക്കാനേ നേരം കാണുള്ളൂവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒരു നിയമം മറ്റുള്ളവർക്ക് വേറൊരു നിയമം എന്നത് കേരളത്തിൽ നടക്കില്ല.

കിം ജോങ് ഉന്നിന്റെ ശൈലിയിൽ കേരളം ഭരിക്കാമെന്ന പിണറായി വിജയന്റെ ആഗ്രഹം നടക്കാൻ ഇതുകൊറിയയോ ചൈനയോ അല്ല. പൊലീസ് കേസിനെ ഭയന്ന് മുഖ്യമന്ത്രിക്കെതിരേ ആരും ഇനിയങ്ങോട്ട് പ്രതികരിക്കില്ലെന്നാണ് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ ആ മോഹം വിലപ്പോവില്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, വിമർശിക്കും. പൊലീസ് കേസെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ പിണറായി വിജയൻ നോക്കേണ്ടെന്ന് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ സി മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ ,രാജീവൻഎളയാവൂർ,പി മാധവൻ മാസ്റ്റർ,കൂക്കിരി രാഗേഷ്,രജിത്ത് നാറാത്ത്,എം പി വേലായുധൻ,സുദീപ് ജെയിംസ്, റഷീദ് വി പി,കല്ലിക്കോടൻ രാഗേഷ്,സുധീഷ് മുണ്ടേരി,ടി അജിത്ത് കുമാർ എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു . ഡിസിസിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP