Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അദ്ധ്യാപികയെ സ്‌കൂൾ മാനേജർ പുറത്താക്കി; വനിതാ കമ്മീഷൻ ഇടപെട്ടിട്ടും കുലുക്കമില്ല; അദ്ധ്യാപികയെ തിരികെ പ്രവേശിപ്പിക്കാത്ത മാനേജ്‌മെന്റിനെതിരെ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കമ്മീഷൻ

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അദ്ധ്യാപികയെ സ്‌കൂൾ മാനേജർ പുറത്താക്കി; വനിതാ കമ്മീഷൻ ഇടപെട്ടിട്ടും കുലുക്കമില്ല; അദ്ധ്യാപികയെ തിരികെ പ്രവേശിപ്പിക്കാത്ത മാനേജ്‌മെന്റിനെതിരെ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സ്വകാര്യ സ്‌കൂൾ മാനേജർ പുറത്താക്കിയ അദ്ധ്യാപികയെ വനിതാ കമ്മീഷൻ ഇടപെട്ടിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിച്ചില്ല. കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ സിറ്റിംഗിൽ അദ്ധ്യാപികയെ ജോലിയിൽ തിരികെ എടുക്കാമെന്നും മുമ്പ് ജോലി ചെയ്ത വകയിൽ ലഭിക്കുവാനുള്ള മുഴുവൻ തുകയും നൽകാമെന്നും സ്‌കൂൾ ചെയർമാൻ കമ്മീഷനോട് സമ്മതിച്ചതു വെറുംവാക്കായി.

ഇതോടെ അദ്ധ്യാപികയ്ക്ക് നീതി ലഭിക്കുവാൻ സ്‌കൂൾ മാനേജ്മെന്റിനെതിരെ സർക്കാരിന് റിപ്പോർട്ട് നൽകുവാൻ ഒരുങ്ങുകയാണ് വനിതാ കമ്മീഷൻ. മാനേജ്മെന്റിന്റെ നടപടി വളരെ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നതെന്നും അദ്ധ്യാപികയ്ക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇന്നലെ കാസർകോട് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ കുമ്പള പെർവാഡിലെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയോടും ചെയർമാനോടും ഹാജരാകുവാൻ കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും അദ്ധ്യാപിക മാത്രമാണ് എത്തിയത്. കഴിഞ്ഞ അദാലത്തിൽ ചെയമാൻ പറഞ്ഞതനുസരിച്ച് അദ്ധ്യാപിക ജോലിയിൽ പ്രവേശിക്കുവാൻ എത്തിയപ്പോൾ ചെയർമാൻ, മാനേജർ, സെക്രട്ടറി ഉൾപ്പെടെയുള്ളവർ ലീവിൽപോയി. അദ്ധ്യാപിക പഞ്ച് ചെയ്ത് ഓഫീസിൽ പ്രവേശിച്ചെങ്കിലും താൽക്കാലിക ചുമതലയുണ്ടായിരുന്നയാൾ ഇവരെ ജോലി പ്രവേശിക്കുവാൻ അനുവദിച്ചില്ല. തനിക്ക് അതിന് അധികാരമില്ലെന്ന് പറഞ്ഞു അയാൾ ഒഴിയുകയായിരുന്നു.

തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ചെങ്കിലും അനുകൂലമായ നിലപാടല്ല അവരിൽ നിന്നുണ്ടായതെന്നും ലഭിക്കാനുണ്ടായ ശമ്പളത്തിന്റെ ബാക്കി തുകയും നൽകിയില്ലെന്നും അദ്ധ്യാപിക കമ്മീഷനു മുമ്പാകെ വ്യക്തമാക്കി. ഇതോടെ ചെയർമാനെയും മാനേജരെയും സെക്രട്ടറിയെയും ആർഡിഒ സി.ബിജുവിന്റെ സാന്നിധ്യത്തിൽ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഫോണിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഇതോടെയാണ് കമ്മീഷൻ കർശന നിലപാടുമായി മുന്നോട്ടുപോകുവാൻ തീരുമാനിച്ചത്.

ചായ്യോത്ത് സർക്കാർ ഹൈസ്‌കൂളിലെ അദ്ധ്യാപികയെ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽവച്ച് മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നേരിട്ടു ഹാജരാകുവാൻ കമ്മീഷൻ നിർദ്ദേശിച്ചു. അദ്ധ്യാപികയുടെ പരാതിയിൽ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിലെ ക്ലാർക്കാണ് അദാലത്തിലെത്തിയത്. എന്നാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ വ്യക്തിപരമായ അധിക്ഷേപത്തിനാണ് അദ്ധ്യാപിക പരാതി നൽകിയിരിക്കുന്നതെന്നും ഓഫീസർതന്നെ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

മറ്റൊരു കേസിൽ ഡെപ്യൂട്ടി ഡയറക്ടർ ഫോണിലൂടെ മറ്റൊരാളോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന ജോയിന്റ് ആർടിഒയുടെ പരാതി പിൻവലിച്ചു. തന്റെ മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ കമ്മീഷനുമുന്നിൽ കുറ്റം സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരാതി പിൻവലിച്ചത്. ഉദ്യോസ്ഥനെതിരെ നിയമ നടപടികളുമായി കമ്മീഷൻ മുന്നോട്ടുപോകുവാൻ തീരുമാനിച്ചെങ്കിലും പരാതിക്കാരി പരാതി പിൻവലിച്ചതിനാൽ ശക്തമായി താക്കീത് ചെയ്യുകയായിരുന്നു.

എട്ടുമാസം ഗർഭിണിയായ യുവതുയുമായി ആശുപത്രിയിലേക്ക് അടിയന്തരമായി പോയ വാൻ തടഞ്ഞുനിർത്തി ഭർത്താവിനെ കൈയേറ്റം ചെയ്ത് കേസ് എടുത്ത ആദൂർ എസ്ഐക്കും പൊലീസുകാരനുമെതിരെ പരാതി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്ക് കൈമാറുവാൻ കമ്മീഷൻ തീരുമാനിച്ചു.

തോട്ടത്തിൽ ജോലിയിലായിരുന്ന ഭർത്താവ് ഗർഭിണിയായ തനിക്ക് വയ്യാതായതോടെ വാനിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കൈകാണിച്ചിട്ടും വണ്ടി നിർത്തിയില്ലെന്നും മുള്ളേരിയ ടൗണിൽ എസ് ഐ ജീപ്പിന് മുന്നിലെത്തി തടഞ്ഞുനിർത്തി ഭർത്താവിനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഈ സംഭവത്തിന്റെ വീഡിയോ സിഡിയും കമ്മീഷനു കൈമാറി. ഈ സാഹചര്യത്തിലാണ് കേസ് പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്ക് വിട്ടത്.

എക്സൈസ് എസ്ഐ അറസ്റ്റ് ചെയ്ത് ചാരായം വിറ്റുവെന്ന് കള്ളക്കേസിൽ കുടുക്കിയെന്ന യുവതിയുടെ പരാതിയിൽ എസ്‌പിയോട് റിപ്പോർട്ട് തേടി. ബേക്കൽ പൊലീസ് അടുത്ത അദാലത്തിൽ സംഭവത്തിന്റെ നിജസ്ഥതി അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചേച്ചിയുടെ മകന് 12 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് കടം നൽകിയ തുക തിരികെ ലഭിക്കണമെന്ന ആവശ്യവുമായെ്ത്തിയ യുവതിയുടെ പരാതി വനിതാ സെല്ലിന് കൈമാറുവാനും കമ്മീഷൻ തീരുമാനിച്ചു. വായ്പയായി വാങ്ങിയ 33,000 രൂപ സഹോദരിക്ക് കമ്മീഷനുമുമ്പാകെ സഹോദരൻ തിരിച്ചു നൽകി. യുവാവിനെതിരെ സഹോദരി നൽകിയ പരാതിയിൽ കഴിഞ്ഞ അദാലത്തിൽ തുകയും തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP