Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തി; ഇത്തരം കേസുകളിൽ മൃദുസമീപനം സ്വീകരിക്കരുത്; അടുത്തകാലത്ത് ഇത്തരം നിലപാടാണെന്നും പൊലീസിനെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മിഷൻ

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തി; ഇത്തരം കേസുകളിൽ മൃദുസമീപനം സ്വീകരിക്കരുത്; അടുത്തകാലത്ത് ഇത്തരം നിലപാടാണെന്നും പൊലീസിനെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം: കോട്ടയം മുക്കൂട്ട്തറ സ്വദേശി ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷൻ. അന്വേഷണത്തിൽ പൊലീസിന് വലിയ പോരായ്മകൾ വന്നെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക അന്വേഷ സംഘത്തെ അന്വേഷണ ചുമതല ഏൽപിച്ചിരിക്കുകയാണ് ഇപ്പോൾ.

ഇതിനിടയിലാണ് വനിതാ കമ്മിഷനും പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. അടുത്തകാലത്തായി പൊലീസിനെതിരെ ഇത്തരം ചില വിമർശനങ്ങൾ ഉയരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ജോസഫൈൻ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിലും മറ്റും പൊലീസ് മൃദുസമീപനം സ്വീകരിക്കരുതെന്നും അഭിപ്രായപ്പെട്ടു.

കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യമായി മുന്നോട്ടു പോകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്നയെ കാണാതായതു കഴിഞ്ഞ മാർച്ച് 22നാണ്. ഐജിയുടെ നിർദ്ദേശത്തിൽ ലോക്കൽ പൊലീസ് രണ്ടാഴ്ച അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നീടു മറ്റൊരു സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം വഴിമുട്ടാൻ കാരണം പൊലീസിന്റെ ഗുരുതര അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. പെൺകുട്ടിയെ കാണാതായി മൂന്നാം നാൾ മാത്രം അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങൾ കൈമാറിയ നിർണായക വിവരങ്ങളും അവഗണിച്ചു. ജെസ്നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു പോലും പൊലീസ് അന്വേഷിച്ചില്ല.

കോവളത്ത് വിദേശവനിതയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പൊലീസിനുണ്ടായ അതേ ജാഗ്രതകുറവ് ജെസ്ന കേസിലും പ്രകടമായെന്നാണ് ആക്ഷേപം. പരാതി നൽകി മൂന്നാം നാൾ മാത്രമാണ് വെച്ചൂച്ചിറ പൊലീസ് സംഭവം അന്വേഷിച്ചത്. നാടെങ്ങും അലഞ്ഞ് എട്ടാം നാൾ കുടുംബാംഗങ്ങൾ ജെസ്ന സഞ്ചരിച്ച ദിശ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിച്ചു. ഇക്കാലയളവിലൊന്നും കേരള പൊലീസിന്റെ ബുദ്ധിയിൽ ഒന്നും തെളിഞ്ഞില്ല. ജെസ്നയെ കാണാതായി മൂന്നാംനാളാണ് ദുരൂഹത വർധിപ്പിച്ച് സഹോദരിക്ക് അജ്ഞാത കോളുകൾ വന്നത്. ഈ ഫോൺനമ്പറുകളെ പിന്തുടർന്നാൽ ജെസ്നയിലേക്ക് എത്താനാകുമെന്ന് കുടുംബം ഇന്നും ഉറച്ച് വിശ്വസിക്കുന്നു. പക്ഷെ തടസം കേരള പൊലീസാണ്. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സർക്കാരിന് വൈകിവന്ന വിവേകമാണ്. എങ്കിലും ജസ്നയുടെ കുടുംബം പ്രതീക്ഷയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP