Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് മാറഞ്ചേരിയിൽ വെസ്റ്റ്നൈൽ ഫീവർ സ്ഥീകരിച്ച പ്രദേശത്തെ കൊതുകുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക്; ജില്ലാ വെക്ടർ കൺട്രോൾ അധികൃതർ ശേഖരിച്ചത് വെസ്റ്റ് നൈലിന് ഇടയാക്കുന്ന ക്യൂലക്‌സ് കൊതുകുകളെ; പരിശോധന നടത്തുന്നത് കോട്ടയത്തെ ലാബിൽ; ബോധവത്കരണ ക്ലാസുമായി ആരോഗ്യ വകുപ്പും

മലപ്പുറത്ത് മാറഞ്ചേരിയിൽ വെസ്റ്റ്നൈൽ ഫീവർ സ്ഥീകരിച്ച പ്രദേശത്തെ കൊതുകുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക്; ജില്ലാ വെക്ടർ കൺട്രോൾ അധികൃതർ ശേഖരിച്ചത് വെസ്റ്റ് നൈലിന് ഇടയാക്കുന്ന ക്യൂലക്‌സ് കൊതുകുകളെ; പരിശോധന നടത്തുന്നത് കോട്ടയത്തെ ലാബിൽ;  ബോധവത്കരണ ക്ലാസുമായി ആരോഗ്യ വകുപ്പും

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഒരാൾക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊതുകുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. പരിസരത്തെ വീടുകളിൽ നിന്നും ശേഖരിച്ചയാണ് പരിശോധനക്കയച്ചത്. വെസ്റ്റ് നൈൽ ഫീവറിന് ഇടയാക്കുന്ന ക്യൂലക്സ് വർഗത്തിൽപ്പെട്ട കൊതുകുകളാണ് മലപ്പുറത്ത് നിന്നെത്തിയ ജില്ലാ വെക്ടർ കൺട്രോൾ അധികൃതർ ശേഖരിച്ചത്. ഇത് കോട്ടയത്തെ ലാബിലേക്കാണ് പരിശോധനക്ക് അയക്കുക .കൂടാതെ പ്രദേശത്ത് മലിനമായ കുളങ്ങൾ അടിയന്തരമായി ശുചീകരിക്കാൻ ശനിയാഴ്ച ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.

രോഗം പടർന്ന് പിടിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ബോധവല്ക്കരണ ക്ലാസും നൽകി. കുളങ്ങൾ ശുചീകരിക്കുന്നതിന് പുറമെ വീടുകളിൽ നിന്നുള്ള മലിന ജലം പൊതുതോടുകളിലേക്ക് ഒഴുക്കിവിടുന്നത് നിർത്തലാക്കാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇവർക്ക് നോട്ടീസ് നൽകും.അതേസമയം, ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. കൊതുകുകടി മൂലം പകരുന്ന ഈ രോഗം മലപ്പുറം ജില്ലയിൽ മൂന്നാമതാണ്.

ഇതിനുമുമ്പ് കോട്ടക്കൽ, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന ക്യൂലക്സ് വർഗത്തിൽപ്പെട്ട കൊതുകുകളാണ് അസുഖം പരത്തുന്നത്. മനുഷ്യരിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് പകരില്ല. പനി, സന്ധിവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.ശനിയാഴ്ച നടന്ന ബോധവല്ക്കരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന മുഹമ്മദലി, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹംസ, ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിതാ ജയരാജൻ, മാറഞ്ചേരി സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഇ. പ്രദീപ്, ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർ കെ പി രാജേഷ്, ഹിമ, ആശാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു

ജില്ലയിൽ വെസ്റ്റ്നൈൽ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിന് ഊന്നൽ നൽകി ആരോഗ്യസേനയെ ശാക്തീകരിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, വിരമിച്ച ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ കൂടി ഉൾപ്പെടുത്തി ആരോഗ്യസേനയുടെ പ്രവർത്തനം വാർഡ് അടിസ്ഥാനത്തിൽ വിപുലീകരിക്കാനാണ് തീരുമാനം. ജില്ലയിൽ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ രോഗപ്രതിരോധ ബോധവത്ക്കരണ പ്രവർത്തനം വിലയിരുത്താൻ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ തല സർവെലൻസ് ഓഫീസറുമായ ഡോ: കെ. മുഹമ്മദ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യജാഗ്രതാ യോഗത്തിലാണ് തീരുമാനം.

ഹോട്ടൽ റെസ്റ്റോറന്റുകൾ, ക്വാർട്ടേഴ്സ് ഉടമകൾ, തോട്ടം ഉടമകൾ, ആക്രിക്കട ഉടമകൾ എന്നിവരെ പങ്കെടുപ്പിച്ച് രോഗപ്രതിരോധ മുൻകരുതൽ ബോധവത്ക്കരണ പ്രവർത്തനൾ സംഘടിപ്പിക്കും. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും ബ്ലോക്ക് തല മെഡിക്കൽ ഓഫീസർമാർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് ബ്ലോക്ക് തല മെഡിക്കൽ ഓഫീസർമാർ അവലോകന യോഗത്തിൽ വിശദീകരിച്ചു.

ചില മേഖലകളിൽ ആരോഗ്യസേന പ്രവർത്തനം കാര്യക്ഷമമല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് ശാക്തീകരിക്കാനാവശ്യമായ നടപടികൾക്ക് നിർദ്ദേശം നൽകി. 250 മുതൽ മുതൽ 50 വരെ വീടുകളുള്ള പരിധിയിൽ ചുരുങ്ങിയത് മൂന്നു പേരെങ്കിലുമുള്ള ആരോഗ്യസേനയുടെ സേവനം ഉറപ്പുവരുത്താനാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP