Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണാതായ വയനാട് ഡിഎംഒ പി വി ശശിധരൻ വീടിന് സമീപത്തെ ക്ലിനിക്കിൽ തൂങ്ങിമരിച്ച നിലയിൽ; 'താൻ മരിച്ചു കഴിഞ്ഞാൽ ഫോട്ടോ ഡിഎംഒ ഓഫീസിൽ ഫ്രെയിം ചെയ്ത് വെയ്ക്കണ'മെന്ന് ആത്മഹത്യാ കുറിപ്പ്: ദുരൂഹതകൾ അവശേഷിപ്പിച്ച് ഡോക്ടറുടെ മരണം

കാണാതായ വയനാട് ഡിഎംഒ പി വി ശശിധരൻ വീടിന് സമീപത്തെ ക്ലിനിക്കിൽ തൂങ്ങിമരിച്ച നിലയിൽ; 'താൻ മരിച്ചു കഴിഞ്ഞാൽ ഫോട്ടോ ഡിഎംഒ ഓഫീസിൽ ഫ്രെയിം ചെയ്ത് വെയ്ക്കണ'മെന്ന് ആത്മഹത്യാ കുറിപ്പ്: ദുരൂഹതകൾ അവശേഷിപ്പിച്ച് ഡോക്ടറുടെ മരണം

കൽപ്പറ്റ: ഇന്നലെ കാണാതായ വയനാട് ഡിഎംഒ പി വി ശശിധൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ക്ലിനിക്കിൽ വച്ചാണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിൽ കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. 'താൻ മരിച്ചു കഴിഞ്ഞാൽ ഫോട്ടോ ഡി.എം.ഒ ഓഫീസിൽ ഫ്രെയിം ചെയ്ത് വയ്ക്കണം' എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്.

ഇന്നലെ രാവിലെയോടെയാണ് ഡോക്ടർ പി.വി.ശശിധരനെ കാണാതായത്. മലപ്പുറം മഞ്ചേരിയിലെ വീട്ടിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടെന്നായിരുന്നു വിവരം. എന്നാൽ മാനന്തവാടിയിലെ ഓഫിസിലോ ക്വാർട്ടേഴ്‌സിലോ രാത്രി വൈകിയും എത്തിയില്ല. തുടർന്ന് ഡപ്യൂട്ടി ഡിഎംഒ ഡോക്ടർ സന്തോഷ്‌കുമാർ മാനന്തവാടി പൊലീസിൽ പരാതിനൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി പത്ത് മണിവരെ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇന്നലെ കാലത്ത് മഞ്ചേരിയിൽ നിന്ന് ഇദ്ദേഹം കൽപ്പറ്റയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറിയതായി ആദ്യം വിവരം ഉണ്ടായിരുന്നു. എന്നാൽ വാട്‌സ് ആപ്പ് വഴി ഡി.എം.ഒയുടെ പടം കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അയച്ച് കൊടുത്തപ്പോൾ ഇദ്ദേഹമല്ല ബസിൽ കയറിയതെന്ന് കണ്ടക്ടർ പൊലീസിനോട് വ്യക്തമാക്കി.

മാനന്തവാടി ഡി.എം.ഒ ഓഫീസിൽ നിന്ന് വാഹനവുമായി ഡ്രൈവർ കുഞ്ഞ് കൽപ്പറ്റയിൽ പോയി പതിവ് പോലെ കാത്ത് നിന്നു. പതിനൊന്നര മണിയായിട്ടും കാണാതായതിനെ തുടർന്നാണ് ഡ്രൈവർ വിവരം ഡി.എം.ഒ ഓഫീസിൽ അറിയിക്കുന്നത്. തുടർന്ന് രാത്രിയോടെ ഡെപ്യൂട്ടി ഡി.എം.ഒ വിവരം പൊലീസിനെ അറിയിച്ചു. ഇന്നലെ ആരോഗ്യ വകുപ്പിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. അതിന് കൃത്യസമയത്ത് തന്നെ എത്തുമെന്നും അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹം പന്തല്ലൂരിലെ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച കാലത്ത് എത്താമെന്നാണ് പറഞ്ഞത്. സാധാരണ നാട്ടിൽ നിന്ന് കൽപ്പറ്റയിൽ എത്തുന്ന ഡി.എം.ഒയെ ഡ്രൈവർ വാഹനത്തിൽ മാനന്തവാടി ഡി.എം.ഒ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു പതിവ്. ഇടുക്കിയിൽ നിന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആയി വയനാട്ടിൽ എത്തിയ പി.വി. ശശിധരൻ ഇവിടെ വച്ച് തന്നെയാണ് പ്രമോഷനായി ഡി.എം.ഒ ആയത്. വയനാട്ടിൽ നിയമനം കിട്ടിയിട്ട്ഒരു വർഷമേ ആയിട്ടുള്ളൂ.

അതേസമയം ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ചാണ് പി വി ശശിധരൻ മരണപ്പെട്ടിരിക്കുന്നത്. ആത്മഹത്യാ കുറിപ്പിൽ കൂടുതലായി ഒന്നും പറയുന്നില്ലെന്നതും അന്വേഷണ വിധേയമാക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP