Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശീല ഭട്ട് വിഷയത്തിൽ വിഎസും രംഗത്ത്; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മൂർച്ച കൂടും; റവന്യൂ കേസുകൾ അട്ടിമറിക്കുന്നത് ഒഴിവാക്കാൻ സർക്കാരും നയം തിരുത്തേണ്ടി വരുമോ?

സുശീല ഭട്ട് വിഷയത്തിൽ വിഎസും രംഗത്ത്; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മൂർച്ച കൂടും; റവന്യൂ കേസുകൾ അട്ടിമറിക്കുന്നത് ഒഴിവാക്കാൻ സർക്കാരും നയം തിരുത്തേണ്ടി വരുമോ?

തിരുവനന്തപുരം: ഹാരിസൺ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ഇനി ശക്തി കൂടും. ചിലപ്പോൾ സർക്കാർ തീരുമാനം മാറ്റുകയും ചെയ്യും. സുശീല ഭട്ടിനെ സർക്കാർ പ്ലീഡർ സ്ഥാനത്തുനിന്നു മാറ്റരുതെന്ന് മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടത് പിണറായി സർക്കാരിന് തിരിച്ചടിയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. സുശീല ഭട്ടിനെ മറ്റുന്നതു റവന്യു കേസുകളെ ബാധിക്കുമെന്നും വി എസ് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അതിനിടെ സുശീല ഭട്ടിനെ മാറ്റിയത് റവന്യൂവകുപ്പാണെന്ന സൂചനയും ഉണ്ട്. വി എസ് അച്യുതാനന്ദന്റെ കത്ത് മുൻനിർത്തി പുനപരിശോധനയും വന്നേക്കും.

സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയുള്ള ഹൈക്കോടതിയിലെ റവന്യു സ്‌പെഷൽ ഗവ.പ്ലീഡർ സുശീല ഭട്ടിനെ മാറ്റിയതിനു പിന്നിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെന്നാണ് ആരോപണം. ഹാരിസൺ ഉൾപ്പെടെയുള്ള കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ, സ്ഥാനനഷ്ടത്തിൽ ആശങ്കയുണ്ടെന്ന് അഡ്വ.സുശീല ഭട്ട് പരസ്യമായി പ്രതികരിച്ചതോടെ സംഭവം വിവാദമായി. കോൺഗ്രസിലെ സുധീരൻ വിഭാഗം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഹാരിസൺ പോലുള്ള തോട്ടം ഉടമകൾക്ക് വേണ്ടിയാണ് തീരുമാനമെന്ന് വാദിച്ചു. സർക്കാർ മാറുമ്പോൾ അഭിഭാഷകർക്ക് മാറേണ്ടി വരുമെന്ന ന്യായം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഉയർത്തി. ഇതിനിടെയാണ് ആവശ്യവുമായി വി എസ് അച്യുതാനന്ദൻ എത്തുന്നത്.

അതേസമയം, വിവിധ ജില്ലകളിലായി 40,000 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ഹാരിസൺ കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. ടാറ്റയുടെ കൈവശമുള്ള എസ്റ്റേറ്റുകളിലെ ബംഗ്ലാവുകൾ വിനോദസഞ്ചാര ആവശ്യങ്ങൾക്കു വിനിയോഗിക്കുന്നതു സംബന്ധിച്ച കേസും പരിഗണനയിലാണ്. വൻ കോർപറേറ്റുകൾ കയ്യേറിയ അഞ്ചു ലക്ഷം ഏക്കർ സർക്കാർ ഭൂമിയുടെ കേസ് നടത്തുന്നതിനിടെയാണു ഗവ.പ്ലീഡറുടെ സ്ഥാനമാറ്റം. അച്യുതാനന്ദന്റെ എതിർപ്പ് പരിഗണിച്ച് സിപിഐയ്ക്ക് തന്നെ തീരുമാനം മാറ്റേണ്ടി വരുമെന്നാണ് സൂചന. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ് സുശീല ഭട്ടിനെ മാറ്റിയതിന് പിന്നിലെന്നും ആരോപണം ഉയർന്നു കഴിഞ്ഞു.

സുശീല ഭട്ടിനെ ഗവ.പ്ലീഡർ സ്ഥാനത്ത് ആദ്യം നിയമിക്കുന്നതു 2004ലാണ്. 2006ൽ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ പരിസ്ഥിതി കേസുകളുടെ നടത്തിപ്പിനായി ഒരു വർഷം കൂടി നൽകി. 2011ലാണു യുഡിഎഫ് സർക്കാർ റവന്യു സ്‌പെഷൽ ജിപിയായി നിയമിച്ചത്. കരുണ എസ്റ്റേറ്റ് കേസിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായവ്യത്യാസമാണു സ്ഥാനനഷ്ടത്തിനു കാരണമായി സുശീല പറയുന്നത്. എന്നാൽ, സർക്കാർ മാറുമ്പോൾ അഡ്വക്കറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അടക്കം മുഴുവൻ സർക്കാർ അഭിഭാഷകരും മാറുന്നതു കീഴ്‌വഴക്കമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

ഹാരിസൺ കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ റവന്യൂ പ്ലീഡർ സ്ഥാനത്തു നിന്നും തന്നെ മാറ്റിയ സർക്കാർ നടപടിയിൽ ദുരൂഹതയുണ്ടെന്ന് അഡ്വ.സുശീല ഭട്ട് ആരോപിച്ചിരുന്നു. ഭൂമാഫിയക്കെതിരെ പോരാട്ടം നടത്തുന്ന തന്നെ സ്വാധീനിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ശ്രമങ്ങൾ നടന്നിരുന്നതായി അവർ വെളിപ്പെടുത്തി. പുതിയ സർക്കാരുകൾ അധികാരത്തിൽ വരുന്ന സാഹചര്യങ്ങളിൽ ഗവണ്മെന്റ് പ്ലീഡർമാരെ മാറ്റുന്ന പതിവുണ്ടെങ്കിലും സർക്കാരിന്റെ പെട്ടന്നുള്ള നടപടി കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നും തന്റെ നീക്കത്തിനു പിന്നിൽ ഭൂമാഫിയയാണെന്നും സുശീല ഭട്ട് ആരോപിച്ചു.

ഹാരിസൺ, ടാറ്റ തുടങ്ങിയ കുത്തക കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സ്‌പെഷൽ സർക്കാർ പ്ലീഡർ സുശീല ആർ. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതെന്ന് കെപിസിസി അധ്യക്ഷൻ വി എം.സുധീരനും വ്യക്തമാക്കിയിരുന്നു. ഹാരിസൺ, ടാറ്റ കമ്പനികളുമായിട്ടുള്ള സർക്കാരിന്റെ കേസ് നിർണായക ഘട്ടത്തിലെത്തിനിൽക്കെ ഫലപ്രദവും വിജയകരവുമായി സർക്കാരിനു വേണ്ടി കേസ് നടത്തിയ സുശീലാ ഭട്ടിനെ മാറ്റിയത് കേസ് മനഃപൂർവം തോറ്റുകൊടുക്കുന്നതിന് വേണ്ടിയാണ്. നഗ്‌നമായി കമ്പനികളെ സഹായിക്കാനുള്ള സർക്കാരിന്റെ നീക്കം ജനങ്ങളുടെ താത്പര്യങ്ങൾ ബലികഴിച്ചുള്ളതാണെന്നും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുശീലയെ മാറ്റാനുള്ള തീരുമാനം പിൻവലിച്ച് ഉത്തരവ് റദ്ദാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP