Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഴിഞ്ഞം അദാനിക്ക് കൊടുത്തില്ലെങ്കിൽ പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് മുഖ്യമന്ത്രി; തുറമുഖ പദ്ധതിയിൽ 300 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്: സ്വപ്‌ന പദ്ധതിയെ ചൊല്ലി രാഷ്ട്രീയവിവാദം തുടരുന്നു

വിഴിഞ്ഞം അദാനിക്ക് കൊടുത്തില്ലെങ്കിൽ പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് മുഖ്യമന്ത്രി; തുറമുഖ പദ്ധതിയിൽ 300 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്: സ്വപ്‌ന പദ്ധതിയെ ചൊല്ലി രാഷ്ട്രീയവിവാദം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള അവസാന അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളതെന്നും അവസരം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതി നടത്തിപ്പും നിർമ്മാണവും അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ലെങ്കിൽ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

അതിനിടെ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിന് പിന്നിൽ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. അദാനിയുമായി നേരത്തെ ഉറപ്പിച്ച കച്ചവടമാണിത്. കരാറിൽ അദാനിക്ക് കൊള്ളലാഭം കൊയ്യാൻ ആനുകൂല്യങ്ങൾ ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. കെ.വി തോമസിന്റെ ചർച്ചയിലാണ് അഴിമതിക്ക് ധാരണയായതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ വിഴിഞ്ഞം പദ്ധതിക്ക് ഇടതുമുന്നണി എതിരല്ലെന്നും വി എസ് കൂട്ടിച്ചേർത്തു.

എന്നാൽ വിമർശനം എന്തുണ്ടായാലും പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ നിലപാട്. വിഴിഞ്ഞം പദ്ധതിക്കെതിരെ സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറി 6,000 കോടി രൂപയുടെ അഴിമിതിയാരോപണമാണ് ഉന്നയിച്ചത്. എന്നാൽ പദ്ധതിയുടെ ആകെ ചെലവ് 7700 കോടിയാണ്. ജനങ്ങളോട് നീതി പുലർത്തുന്ന തീരുമാനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. വിഴിഞ്ഞം സംബന്ധിച്ച ഏതു തരത്തിലുമുള്ള പഴികൾ കേൾക്കാൻ താൻ തയാറാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

വിഴിഞ്ഞത്തിനായി 206.87 ഏക്കർ സ്ഥലം വാങ്ങിയതിന് 524 കോടി രൂപയാണ് ചെലവഴിച്ചത്. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി പാട്ടത്തിന് കൊടുക്കുന്നില്ല. പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് നൽകുന്നത്. ഭൂമി കച്ചവടം നടത്തുന്നുവെന്ന ആരോപണം വെറും പ്രചരണം മാത്രമാണ്. വിഴിഞ്ഞം പാട്ടത്തിന് കൊടുക്കാൻ എൽ.ഡി.എഫാണ് ശ്രമിച്ചത്. പി.പി.പി മോഡലിലാണ് പദ്ധതി നടപ്പാക്കുന്നത്. വാണിജ്യ മേഖലയിൽ നിന്നുള്ള വരുമാനം ഏഴാം വർഷം മുതൽ സംസ്ഥാനത്തിന് ലഭിക്കും. 15ാം വർഷം മുതൽ വാണിജ്യ രഹിതമേഖലയിൽ നിന്നുള്ള വരുമാനം ഒരു വർഷം ഒരു ശതമാനം വർധനയോടെ ലഭിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി രഹസ്യമായി നടപ്പാക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, രഹസ്യ ടെണ്ടർ വിളിച്ചിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി മുംബൈയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ലക്ഷങ്ങൾ മുടക്കി രാജ്യത്തെയും വിദേശത്തെയും എട്ടു പത്രങ്ങളിൽ പരസ്യം നൽകി. ആദ്യ ടെണ്ടറിൽ ആരും പങ്കെടുത്തില്ല. രണ്ടാമത്തെ ടെണ്ടറിൽ അദാനി ഗ്രൂപ്പ് മാത്രമാണ് പങ്കെടുത്തത്. നിരവധി തുറമുഖങ്ങൾ നിർമ്മിച്ചും നടത്തിയും പരിചയമുള്ള കമ്പനിയാണിത്. എൽ.ഡി.എഫ് ഉന്നയിച്ച എല്ലാ തരത്തിലുമുള്ള ആരോപണങ്ങളും സർക്കാർ വിശദമായി പരിശോധിച്ചിരുന്നു.

ജനങ്ങൾ ആഗ്രഹിക്കുന്നത് വികസനമാണ്. പുതിയ തലമുറയോട് നീതി പുലർത്തേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാറിന് നടപ്പാക്കാൻ സാധിക്കാത്ത വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് യു.ഡി.എഫ് യാഥാർഥ്യമാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടതു സർക്കാറിന്റെ കാലത്ത് തുറമുഖ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയാണ് ഇപ്പോൾ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ എം. വിജയകുമാർ. അദ്ദേഹത്തിനോ ഇടതു സർക്കാറിനോ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല. ഇതു കൊണ്ടാണ് എൽ.ഡി.എഫ് പദ്ധതിക്കെതിരെ രംഗത്തു വരുന്നതെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വിഴിഞ്ഞം അദാനിക്ക് നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി : വി എസ്

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനിച്ചതിനു പിന്നിൽ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

കേരളത്തിന്റെയും, രാജ്യത്തിന്റെയും താൽപര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോർഡ് പോർട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി നരേന്ദ്രമോദിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോർപ്പറേറ്റുകളിൽ ഒരാളുമായ അദാനിക്ക് നൽകിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി എസ്.

7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതിൽ തന്നെ 1635 കോടി അദാനിക്ക് സർക്കാർ ഗ്രാന്റായി നൽകുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതൽമുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നിൽ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എൽഡിഎഫ് സർക്കാർ ബാങ്കുകളുടെ കൺസോർഷ്യം വഴി സമാഹരിക്കാൻ തീരുമാനിച്ച 2500 കോടിയിലേതിനേക്കാൾ കുറവുമാണ്.

കോൺഗ്രസ് നേതാവ് കെവി തോമസ് എംപിയുടെ വസതിയിൽ വച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ച നടത്തിയതും ആ ചർച്ചയിൽ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാർത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ് ആണെങ്കിൽ അതിന് മിനുട്‌സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനുട്‌സ് ഈ മീറ്റിംഗിൽ ഇല്ലാ എന്നാണ് തുറമുഖ മന്ത്രി നിയമസഭയിൽ പറഞ്ഞിരിക്കുന്നത്. ഇതിനർത്ഥം അദാനിയുമായി നടത്തിയ ചർച്ച ഒരു ഡീൽ തന്നെയാണെന്ന് വ്യക്തമാണ്.

എൽഡിഎഫ് സർക്കാർ ലാന്റ് പോർട്ടായി നിർമ്മിക്കുന്നതിനും, അതിന്റെ പ്രവർത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിനുമാണ് ടെണ്ടർ വിളിച്ചത്. ആ ടെണ്ടറിൽ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണ്. കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽ സാധ്യതയും, വരുമാനവും വർദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോർഡ് പോർട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോൾ യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നിൽ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരൽചൂണ്ടുന്നതാണ്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടർ ഡോക്യുമെന്റും യുഡിഎഫ് സർക്കാർ ഇപ്പോൾ അദാനിക്ക് നൽകിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടർ ഡോക്യുമെന്റും, കൺസഷൻ എഗ്രിമെന്റും തമ്മിൽ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തിക്കണമെന്ന് ഞാൻ മാദ്ധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എൽഡിഎഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതൽമുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോൾ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു.

കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പിഴിഞ്ഞം പദ്ധതിയായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാർ നരേന്ദ്ര മോദിയും, ഉമ്മൻ ചാണ്ടിയുമാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവർക്ക് ചുട്ട മറുപടി നൽകും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താൽപര്യത്തിന് പുല്ലുവില കൽപ്പിക്കുന്ന ഒരു സർക്കാരിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാൻ കഴിയുകയില്ലെന്ന് വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP