Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിള്ളയുടെ മൊഴിയും വിജിലൻസ് എടുക്കും; ബാർ കോഴയിൽ ബിജു രമേശിനോട് ഫോണിൽ പറഞ്ഞതും അന്വേഷണ സംഘം പരിശോധിക്കും; മുഖ്യമന്ത്രിയോട് അച്ഛൻ മാണിയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ടെന്ന് ഗണേശനും

പിള്ളയുടെ മൊഴിയും വിജിലൻസ് എടുക്കും; ബാർ കോഴയിൽ ബിജു രമേശിനോട് ഫോണിൽ പറഞ്ഞതും അന്വേഷണ സംഘം പരിശോധിക്കും; മുഖ്യമന്ത്രിയോട് അച്ഛൻ മാണിയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ടെന്ന് ഗണേശനും

തിരുവനന്തപുരം: ബാർ കോഴയിൽ കേരളാ കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയിൽ നിന്നും വിജിലൻസ് മൊഴിയെടുക്കാൻ സാധ്യത. ബാറുടമാ നേതാവ് ബിജു രമേശിനോട് പിള്ള വെളിപ്പെടുത്തിയ അഴിമതി ആരോപണങ്ങളിലാകും മൊഴിയെടുക്കൽ. ഈ വിഷയം അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ വിജിലൻസ് തീരുമാനിച്ചു കഴിഞ്ഞു. ബിജു രമേശുമായി ബാലകൃഷ്ണ പിള്ള നടത്തിയ ആരോപണങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഈ ശബ്ദ രേഖ ബിജു രമേശ് വിജിലൻസിന് കൈമാറുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പിള്ളയേയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ വിജിലൻസ് തീരുമാനമെടുത്തത്.

മാണി കോഴ വാങ്ങിയതിനെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി ആർ ബാലകൃഷ്ണ പിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. ഗണേശ് കുമാറിനൊപ്പം ക്ലിഫ് ഹൗസിൽ ചെന്നാണ് മുഖ്യമന്ത്രിയെ കണ്ടത്. ബിജു ആരോപണമുന്നയിക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. എന്നാൽ ബാലകൃഷ്ണ പിള്ള മാണിയെ കുറിച്ച് തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിവാദങ്ങൾ തുടങ്ങിയതിന് ശേഷം ബാലകൃഷ്ണ പിള്ളയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജു രമേശ് പിസി ജോർജും ബാലകൃഷ്ണ പിള്ളയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സംസാരത്തിൽ മാണിയെ വിടരുതെന്നും കോടതിയെ സമീപിക്കണമെന്നും ബാലകൃഷ്ണ പിള്ള പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടണം. ബേക്കറി ഉടമകളിൽ നിന്നും സ്വർണകടക്കാരിൽ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയതായും ബാലകൃഷ്ണ പിള്ള പറയുന്നു. വിഷയത്തിൽ വെള്ളാപ്പള്ളിയുടെ നിലപാടിനേയും ബാലകൃഷ്ണ പിള്ള വിമർശിക്കുന്നുണ്ട്. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിടരുതെന്നും സംസാരത്തിൽ പറയുന്നു.

ബാറുകാർ 15 കോടി പിരിച്ചതായും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുന്നെന്നും ബാലൃഷ്ണ പിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. കൊട്ടരക്കാരയിലെ ബാറുടമകളും പണം നൽകിയെന്നും വെളിപ്പെടുത്തുന്നു. സിബിഐ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടണമെന്നും ബാലകൃഷ്ണ പിള്ള ഉപദേശം നല്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിള്ളയുടെ മൊഴിയെടുക്കുന്നത്. ശബ്ദ രേഖ പുറത്തുവന്ന ശേഷം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പിള്ള വ്യക്തമാക്കി. അതുകൊണ്ട് കൂടിയാണ് പിള്ളയുടെ ആക്ഷേപങ്ങളും വിജിലൻസ് പരിശോധിക്കുന്നത്.

ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ കണ്ടപ്പോൾ താനും കൂടെ ഉണ്ടായിരുന്നുവെന്ന് ഗണേശ്‌കുമാറും വ്യക്തമാക്കിയിട്ടുണ്ട്. ക്ലിഫ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. കെഎം മാണിക്കെതിരെ ബിജു രേമേശ് അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഒക്ടോബർ മാസം അവസാനം രാത്രി പത്ത് മണിക്കുശേഷം ക്ലിഫ്ഹൗസിൽ വച്ചാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഗണേശ് കുമാർ പറഞ്ഞു. ചില മന്ത്രിമാർ നടത്തുന്ന അഴിമതിയെപറ്റി തനിക്കും വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാണിയെകൂടാതെ മറ്റു രണ്ടുമന്ത്രിമാരുടെ അഴിമതി കൂടി ബാലകൃഷ്ണപിള്ള അന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഗണേശ്‌കുമാർ പറയുന്നു. സർക്കാരിലെ അഴിമതി ശ്രദ്ധയിൽപ്പെടുത്തിയതിന്റെ പേരിൽ യുഡിഎഫിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ കേരളകോൺഗ്രസ് ബി അതിനെ സ്വാഗതം ചെയ്യുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന് ഭരണം തുടരാൻ ഭൂരിപക്ഷമുണ്ടെങ്കിലും ജനപിന്തുണയുണ്ടോ എന്നുള്ളകാര്യം തെരഞ്ഞെടുപ്പ് നടത്തിയാൽ മാത്രമേ വ്യക്തമാകൂവെന്നും ഗണേശ് കുമാർ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP