Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌ഫോടനം പോലെ ഉഗ്രശബ്ദവും നിലവിളിയും; ഓടിയെത്തിയ നാട്ടുകാർ തീപ്പൊരി ചിതറുന്നത് കണ്ട് അന്തംവിട്ടു; നിയന്ത്രണം വിട്ട സ്‌കൂട്ടറും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ മൂന്നു യുവാക്കൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ വെമ്പായം

സ്‌ഫോടനം പോലെ ഉഗ്രശബ്ദവും നിലവിളിയും; ഓടിയെത്തിയ നാട്ടുകാർ തീപ്പൊരി ചിതറുന്നത് കണ്ട് അന്തംവിട്ടു; നിയന്ത്രണം വിട്ട സ്‌കൂട്ടറും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ മൂന്നു യുവാക്കൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ വെമ്പായം

സ്വന്തം ലേഖകൻ

പോത്തൻകോട്: സുഹൃത്തുക്കളായ മൂന്ന് യുവാക്കളുടെ മരണം നൽകിയ നടുക്കത്തിൽ നിന്നും വെമ്പായംകാർ ഇനിയും മോചിതരായിട്ടില്ല. അത്രമേൽ ഭയാനകമായിരുന്നു ആ രംഗം. വെമ്പായം പെരുംകൂറിൽ നിയന്ത്രണം വിട്ട സ്‌കൂട്ടറും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ചായിരുന്നു മൂവരുടെയും മരണം. വെമ്പായം മൊട്ടമൂട് പാളയംകെട്ടി തടത്തരികത്തു വീട്ടിൽ വേണുവിന്റെയും ഷീലയുടെയും മകൻ മനു (26), വട്ടപ്പാറ കണക്കോട് കല്ലുവാക്കുഴി വിഷ്ണുഭവനിൽ കൃഷ്ണൻ കുട്ടിയുടെയും കുമാരിയുടെയും മകൻ വിഷ്ണു (27), വട്ടപ്പാറ വേറ്റിനാട് കല്ലുവാക്കുഴി വീട്ടിൽ വാസുവിന്റെയും കമലമ്മയുടെയും മകൻ ഉണ്ണി (35) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9.45 മണിയോടെ പെരുംകൂറിൽ അടുത്തടുത്ത രണ്ടു വളവുകൾക്കിടക്കാണ് അപകടം. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ മധ്യത്തെ വരയും കടന്നു മറു വശത്തേക്കു പോകുന്നതായി തോന്നിയതോടെ ബസും എതിർ ഭാഗത്തേക്കു വെട്ടിത്തിരിക്കുകയായിരുന്നു. ബസിന്റെ ഇടതുവശത്താണ് സ്‌കൂട്ടർ ഇടിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്ത രണ്ടു പേർ ബസിനടിയിലും മറ്റൊരാൾ ദൂരേക്കും തെറിച്ചു വീണു. മൂന്നു പേർക്കും തലയ്ക്ക് ഗുരുതര പരുക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും 10 മിനിറ്റിനു ശേഷം എത്തിയ വട്ടപ്പാറ പൊലീസാണ് രണ്ടു പേരെ തങ്ങളുടെ വാഹനത്തിലും ഒരാളെ മറ്റൊരു കാറിലും മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചത്.

രാത്രിയിൽ തീപ്പൊരി ചിതറുന്നതും സ്‌ഫോടനം പോലെ ഉഗ്രശബ്ദവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.കെഎസ്ആർടിസി ബസ് വലിയ ശബ്ദത്തോടെ നിർത്തി. ബസിനടിയിൽ രണ്ടു പേരും അൽപം അകലെയായി ഒരാളും രക്തത്തിൽ കുളിച്ചു കിടക്കുന്നുണ്ട്. സമീപത്ത് തകർന്ന സ്‌കൂട്ടറുമുണ്ട്. ബസും സ്‌കൂട്ടറും അമിതവേഗത്തിലായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. അറുപതോളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നു മല്ലപ്പള്ളിയിലേക്കു പോകുകയായിരുന്നു ബസ്.

ബസിനടിയിൽ വീണു കിടന്ന രണ്ടു പേർക്ക് ചെറിയ അനക്കം മാത്രം. ദാരുണ കാഴ്ച കണ്ട് പെരുംകൂർ നിവാസികളും അതുവഴി വന്ന യാത്രക്കാരും നടുങ്ങി. കാറിലെത്തിയ യുവതി കാഴ്ച കാണാൻ കഴിയാതെ സമീപകടയിലേക്ക് ഓടിക്കയറി പതുങ്ങി. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വാഹനം തിരക്കുന്നതിനിടെ വട്ടപ്പാറ പൊലീസെത്തി പരുക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു.

ബസ് റോഡിനു കുറുകെ ആയതിനാൽ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നു പോകാനാകാത്ത അവസ്ഥയായിരുന്നു. ഗതാഗത സ്തംഭനം ഒരു മണിക്കൂറോളം നീണ്ടു. സ്‌കൂട്ടറിൽ എത്തിയവർ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ പരുക്കിന്റെ ആഴം കുറഞ്ഞേനെ. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് സുഹൃത്തുക്കളായ വിഷ്ണുവിന്റെയും മനുവിന്റെയും ഉണ്ണിയുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.

വിഷ്ണുവിന് ടൈൽസിന്റെയും ഉണ്ണിക്കും മനുവിനും തട്ടിന്റെയും പണിയാണ് . രണ്ടു മാസം മുൻപായിരുന്നു മനുവിന്റെ വിവാഹം നടന്നത് : നാലു മാസം മുൻപു വിഷ്ണുവിന്റെയും. മരിച്ച ഉണ്ണിയുടെ ഭാര്യ ശാലിനി. ആദിത്യൻ, ആദർശ്, 8 മാസം പ്രായമുള്ള അവന്തികയും മക്കളാണ്. സഹോദരി ശുഭ .മനുവിന്റെ ഭാര്യ സിന്ദൂരി , സഹോദരി രേണുക. വിഷ്ണുവിന്റെ ഭാര്യ അർച്ചന , സഹോദരി അശ്വതി. വട്ടപ്പാറ പൊലീസ് യാദൃശ്ഛിക സംഭവത്തിനു കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP