Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ലെന്ന് മുഖ്യമന്ത്രി; ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരുന്നതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി; ഘർവാപ്പസിക്ക് പിന്തുണയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി

കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ലെന്ന് മുഖ്യമന്ത്രി; ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരുന്നതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി; ഘർവാപ്പസിക്ക് പിന്തുണയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അത് നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിഎച്ച്പിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തന ചടങ്ങായ ഘർവാപ്പസിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ഇടപെടലിന്റെ ആവശ്യം ഇപ്പോഴില്ല. അത് വേണ്ടി വന്നാൽ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഘർവാപ്പസിയിൽ അഭിപ്രായം പറഞ്ഞത്. ഇത്തരം വിവാദങ്ങളിൽ നിന്ന് കേരളം എന്നും അകന്നു നിന്നു. എല്ലാ വിഭാഗം ആളുകളും ഉയർന്ന ചിന്താഗതിക്കാരാണ്. നിർബന്ധിത മതപരിവർത്തനം ഒരു കാലത്തും കേരളത്തിൽ നടന്നിട്ടില്ല. ഇപ്പോഴും അത് നടക്കുന്നില്ല. കേരളത്തിലെ നല്ല സാമൂഹികാന്തരീക്ഷം തുടരണം. അത് തുടരുമെന്ന് ഉറപ്പുമുണ്ട്. സർക്കാർ ഇടപെടേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതിനിടെ ഘർ വാപ്പസിയെ അനുകൂലിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശക്തമായി രംഗത്തുവന്നു. ഹിന്ദുമതത്തിൽ നിന്ന് മടങ്ങിപ്പോയവർ സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ടിപ്പു സുൽത്താന്റെ കാലം മുതൽ രാജ്യത്ത് മതപരിവർത്തനമുണ്ടെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ മതപുനർ പരിവർത്തനമെന്ന പേരിൽ ഘർ വാപ്പസി വ്യാപകമായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വിഎച്ച്പിയുടെ നേതൃത്വത്തിൽ ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയവർ തിരിച്ചു വരുന്നതിൽ ഒരു തെറ്റുമില്ലെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കേരളത്തിലെ പ്രധാന വ്യക്തി ഘർ വാപ്പസിയെ പിന്തുണച്ച് രംഗത്ത് വരുന്നത് ആദ്യമായാണ്. ആലപ്പുഴയിലെ ഒരു ഗ്രാമത്തിലെ മുപ്പതോളം പേർ കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ക്രിസ്മസ് ദിനത്തിൽ കൂടുതൽ പേരെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വരുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുമുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഘർ വാപ്പസിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ സംഘടിപ്പിക്കും. ഹിന്ദു ഹെൽപ്പ് ലൈനിന്റെ കീഴിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ വിഎച്ച്പി ഏകോപിപ്പിക്കുന്നത്.

ഹിന്ദുമതം വിട്ടുപോയവരെ തിരിച്ചുകൊണ്ടു വരാൻ സംഘപരിവാർ ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മതപരിവർത്തന ചടങ്ങുകൾ ഏറെ വിവാദവുമായി. പാർലമെന്റ് വരെ പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തിൽ ഡിസംബർ 25 അലിഗഡിൽ സംഘടിപ്പിക്കാനിരുന്ന ഘർ വാപ്പസി ചടങ്ങ് ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ കേരളമടക്കമുള്ള ഇടങ്ങളിൽ ഘർവാപ്പസിയുമായി മുന്നോട്ട് പോകാനാണ് ആർഎസ്എസ് തീരുമാനം. ഇതിനെയാണ് എസ്എൻഡിപി പിന്തുണയ്ക്കുന്നത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ചർച്ചകൾക്കും വഴിവയ്ക്കും.

കേരളത്തിൽ ഘർവാപ്പസി ചടങ്ങ് നടന്നത് കേന്ദ്ര സർക്കാരും സമ്മതിച്ചിട്ടുണ്ട്. പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ മത പരിവർത്തനത്തിന് എതിരെ പരാതിയുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് കേന്ദ്രം വിശദീകരിച്ചത്. അതിനിടെ മതപരിവർത്തനം നിയമം മൂലം നിരോധിച്ചിട്ടില്ലാത്തതിനാൽ ഘർ വാപ്പസിക്കെതിരെ സംസ്ഥാന സർക്കാരിന് നടപടി എടുക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മതപരിവർത്തന നിരോധന നിയം വരാത്തിടത്തോളം കാലം ഘർ വാപ്പസി കേരളത്തിൽ സജീവമാക്കാനാണ് ഹിന്ദു ഹെൽപ്പ് ലൈനിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി ആലപ്പുഴ കളിച്ചനെല്ലൂർ ഗ്രാമത്തിൽനിന്നുമാത്രം എട്ട് കുടുംബങ്ങളിൽ നിന്നായി മുപ്പതുപേരാണ് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്. ക്രിസ്ത്യൻ മതവിശ്വാസികളായിരുന്ന ഇവർക്ക് കളിച്ചനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽവച്ചാണ് ഹിന്ദു ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തന്നെയാണ് സംസ്ഥാനത്തും മതപരിവർത്തന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിഎച്ച്പിയുടെ ധർമ്മ പ്രചാർ എന്ന ഘടകമാണ് ഇതിന് പിന്നിൽ. ഇതിന്റെ പ്രവർത്തനങ്ങളെ ഹിന്ദു ഹെൽപ്പ് ലൈനാണ് ഏകോപിപ്പിക്കുന്നത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇതിന്റെ വൈബ് സൈറ്റിലുണ്ട്. അതിനിടെ, ആലപ്പുഴ ജില്ലയിൽ ഇന്നും ഘർവാപ്പസി നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കായംകുളത്താണ് ഇന്ന് ചടങ്ങുകൾ നടന്നത്. മൂന്നു കുടുംബങ്ങളിലെ 11 പേരെയാണ് മതം മാറ്റിയത്. ബുധനാഴ്ച രാവിലെ കായംകുളം വാരണപ്പള്ളി ഇഴവൂർ യക്ഷിയമ്മൻ ക്ഷേത്രത്തിൽ വച്ചായിരുന്നു മതംമാറ്റ ചടങ്ങ്.

നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഹിന്ദു ധർമ്മത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട എല്ലാവർക്കും തിരിച്ച് ഹിന്ദു ധർമ്മത്തിലേക്ക് വരുവാനുള്ള അവസരമാണ് ഇതെന്നാണ് ഹിന്ദു ഹെൽപ് ലൈൻ പറയുന്നത്. വാട്‌സ് അപ്പ് പോലുള്ള സോഷ്യൽ മീഡിയ വഴിയും കേരളത്തിൽ ഘർ വാപ്പസിയുടെ പ്രചാരണം നടക്കുന്നുണ്ട്. സ്ഥിരമായി നടത്തുന്ന പരിപാടിയാണ് ഘർ വാപ്പസി എന്നാണ് സംഘ പരിവാർ നേതൃത്വം പറയുന്നത്. ആരേയും മതം മാറ്റുന്നില്ലെന്നും തെറ്റിദ്ധാരണകളുടേയും പ്രലോഭനങ്ങളുടേയും ഭാഗമായി പിരിഞ്ഞു പോയ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരലാണ് ഇതെന്നും നേതൃത്വം പറയുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചത്.

അതിനിടെ കേരളത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന വാർത്ത ഗൗരവമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാനുസൃതമായി ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.എന്നാൽ അതേസമയം, ആലപ്പുഴയിലും കൊല്ലത്തും നടന്നത് നിർബന്ധിത മതപരിവർത്തനം അല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും വിശദീകരിച്ചിട്ടുണ്ട്.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP