Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിങ് ഒരു കോടി കഴിഞ്ഞു; രാജ്യത്തിന് മാതൃകയായി കേരളം

ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിങ് ഒരു കോടി കഴിഞ്ഞു; രാജ്യത്തിന് മാതൃകയായി കേരളം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാർഷിക പരിശോധനാ പദ്ധതിയായ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' വഴി 30 വയസിന് മുകളിൽ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിങ് പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിൻ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ ഇത് അടുത്തിടെ അവതരിപ്പിച്ചു. രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ഈ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചത്. ഇതിലൂടെ ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാകും. എല്ലാ ആരോഗ്യ പ്രവർത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.

നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രക്താതിമർദ്ദം, പ്രമേഹം, കാൻസർ, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്. ഇതിനായുള്ള പരിശീലനം എല്ലാ ജില്ലകളിലേയും ആശമാർക്ക് നൽകിയിട്ടുണ്ട്.

സ്‌ക്രീനിങ് വഴി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്താനുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടന്നു വരുന്നു. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതോടൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ഇതിനായി കാമ്പയിനുകളും ആവിഷ്‌കരിച്ച് വരുന്നു.

ഇതുവരെ ആകെ 1,00,00,475 പേരുടെ സ്‌ക്രീനിങ് പൂർത്തിയാക്കി. ഇതിൽ നിലവിൽ ഇതിൽ 19.86 ശതമാനം (19,86,398) പേർക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാൻസർ സ്‌ക്രീനിംഗിലൂടെ 6.38 ശതമാനം പേരെ (6,38,882) കാൻസർ സാധ്യത കണ്ടെത്തി കൂടുതൽ പരിശോധനക്കായി റഫർ ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ കിടപ്പ് രോഗികളായ 72,949 (0.7%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത 1,30,175 (1.3%) വ്യക്തികളുടേയും 30,14,538 (30%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവർക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്രമേഹം, രക്താതിമർദ സാധ്യതയുള്ള വ്യക്തികളുടെ സബ്സെന്റർതല സ്‌ക്രീനിങ് നടത്തി പ്രമേഹത്തിന്റെ അളവും രക്തസമ്മർദവും രേഖപ്പെടുത്തുവാനുള്ള സംവിധാനവും ശൈലി ആപ്പിൽ പ്രവർത്തന ക്ഷമമായിട്ടുണ്ട്. കാൻസർ സാധ്യത കണ്ടെത്തി റെഫർ ചെയ്ത വ്യക്തികളുടെ കാൻസർ രോഗനിർണയവും ചികിത്സയും കാര്യക്ഷമമാക്കുന്നതിനായി കാൻസർ സ്‌ക്രീനിങ് പദ്ധതിയുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ജില്ലകളിൽ നടന്നു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP