Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർപിന്തുണാ പദ്ധതി: മന്ത്രി വീണാ ജോർജ്

ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർപിന്തുണാ പദ്ധതി: മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആർബിഎസ്‌കെ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തി ഡിസ്ട്രിക് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ശിശുഹൃദയ വിഭാഗം സംഘടിപ്പിച്ച ലോക ഹൃദയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും സാധാരണ കുഞ്ഞുങ്ങളെപ്പോലെ ജീവിതം ഏറ്റവും മനോഹരമായി കൊണ്ടുപോകാൻ കഴിയുന്ന തുടർ പിന്തുണയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജന്മനാ ഗുരുതര ഹൃദയ വൈകല്യമുള്ള 100 കുട്ടികൾക്കും തുടർന്ന് ഹൃദ്യം പദ്ധതിയുടെ കീഴിൽ വരുന്ന എല്ലാ കുട്ടികൾക്കും ഈ സേവനം ലഭ്യമാകും.

വളരെ വലിയ സേവനം നൽകുന്ന വിഭാഗമാണ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം. ഈ സർക്കാരിന്റെ കാലത്താണ് പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചത്. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന് ഒരു സമർപ്പിത പീഡിയാട്രിക് കാത്ത് ലാബും പൂർണമായും പ്രവർത്തനക്ഷമമായ പീഡിയാട്രിക് കാർഡിയാക് ഓപ്പറേഷൻ തിയേറ്ററുമുണ്ട്. ഈ സൗകര്യങ്ങളുള്ള ഏക സർക്കാർ മെഡിക്കൽ കോളേജാണിത്. ഇതുവരെ ജന്മനാ ഹൃദ്രോഗമുള്ള 300ലധികം കുട്ടികൾക്ക് കാത്ത്ലാബ് ചികിത്സ നൽകിയിട്ടുണ്ട്. ജന്മനാ ഹൃദ്രോഗമുള്ള 50ലധികം കുട്ടികൾക്ക് വിജയകരമായി സർജറി നടത്തിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ മുഖേന എല്ലാ ചികിത്സകളും സൗജന്യമാണ്. ചൊവ്വ, ശനി, ദിവസങ്ങളിൽ ആഴ്ചയിൽ 2 തവണ കാർഡിയോളജി ഒ.പി വിഭാഗം പ്രവർത്തിക്കുന്നു.

ഗർഭസ്ഥ ശിശു, നവജാത ശിശു, കുട്ടികളുടെ എക്കോ കാർഡിയോഗ്രഫി എന്നിവ കൃത്യമായി നടന്നു വരുന്നു. ഓരോ മാസവും ശരാശരി 350 കുട്ടികളുടെ എക്കോ കാർഡിയോഗ്രഫിയും 200 ഗർഭസ്ഥ ശിശുക്കളുടെ എക്കോ കാർഡിയോഗ്രഫിയും നടത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്. ലക്ഷ്മി, കാർഡിയോ തൊറാസിക് വിഭാഗം പ്രൊഫസർ ഡോ. സി.വി. വിനു എന്നിവർ പങ്കെടുത്തു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ കൂട്ടായ്മയിലും മന്ത്രി പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP